ബാങ്കുകള്‍ തഴച്ച് വളരുന്ന മോങ്ങം


എന്‍ .രാജേന്ദ്രന്‍
മോങ്ങം: നാടിന്റെ പുരോഗതിയുടെ അടയാളമായി മോങ്ങമെന്ന കൊച്ചു ഗ്രാമത്തില്‍ ബാങ്കുകളുടെ എണ്ണം അരഡസന്‍ തികഞ്ഞു. ഒരു കാലത്ത് മോങ്ങത്തുകാര്‍ക്ക് എല്ലാ ബാങ്കിങ്ങ് ഇടപാടുകള്‍ക്കും ആശ്രയിക്കാന്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നാടിന്റെ അഭിവൃതിക്കനുസരിച്ച് ബാങ്കുകളുടെ എണ്ണവും അടിക്കടി കൂടിവന്നു.                         ഈ മേഖലയില്‍ ഫെഡറല്‍ ബാങ്കിന്റെ കുത്തക തകര്‍ത്തുകൊണ്ട് ആദ്യമായി മോങ്ങത്തേക്ക് ചുവട് വെച്ചത് മലപ്പൂറം ജില്ലാ സഹകരണ (എം.ഡി.സി)  ബാങ്കായിരുന്നു. തുടര്‍ന്നു കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്കും,കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രെസസ് (കെ.എസ്.എഫ്.ഇ),മുത്തൂറ്റ് ഫിനാന്‍സ്,എന്നിവയെ പിന്തുടര്‍ന്ന് അവസാനമായി സൗത്ത് ഇന്ത്യന്‍ ബാങ്കും മോങ്ങത്തു കാലുറപ്പിച്ചു. തുടക്കം കുറിച്ച എല്ലാ ധനകാര്യസ്ഥാപനങ്ങളിലും മെച്ചപെട്ട ഇടപാട് നടന്ന് വരുന്നതിനാല്‍ ആര്‍ക്കും മോങ്ങത്ത്നിന്നു പിന്മാറേണ്ടി വന്നിട്ടില്ല. പിന്‍‌ഗാമികളായി പലരും വന്നെങ്കിലും ഈ മേഖലയിലെ മേധാവിത്വം ഇന്നും ഫെഡറല്‍ ബാങ്കിനു തന്നെയാണ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ മോങ്ങത്ത് കൊണ്ട്‌വരാനുള്ള പരിശ്രമങ്ങള്‍ ചില കെട്ടിട ഉടമകള്‍ നടത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതു വള്ളുവമ്പ്രത്തേക്ക് വഴുതി പോവുകയായിരുന്നു.                                                       മോങ്ങത്തും പരിസരപ്രദേശങ്ങളായ ചെറുപുത്തൂര്‍ പാറക്കാട് പാലക്കാട് തൃപനച്ചി പൂക്കൊളത്തൂര്‍ വളമംഗലം ഒളമതില്‍ രണ്ടത്താണി അരിമ്പ്ര വാലഞ്ചേരി മൊറയൂര്‍ എന്നിവിടങ്ങളിലായി ഏതാണ്ട് മുവ്വായിരത്തോളം ആളുകള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നതിനാല്‍ ഇവിടത്തെ ബാങ്കുകളുടെ പ്രധാന ഉന്നം എന്‍ .ആര്‍ .ഐ എക്കൗണ്ടുകളില്‍ തന്നെയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രവാസികളില്‍ വലിയൊരു വിഭാഗം ഇന്നും ഒരു എക്കൗണ്ട് പോലും തുറക്കാതെ പണവിനിമയത്തിനു മറ്റു സമാ‍ന്തര സംവിധാനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. വാഹന കച്ചവടത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജില്ലയില്‍ പൊതുവെ മെച്ചപെട്ട സ്ഥാനമുള്ള മോങ്ങത്തിന്റെ ഈ മുന്നേറ്റവും ബാങ്കുകളുടെ വരവിനു കാരണമായിട്ടുണ്ട്. ആറില്‍ രണ്ട് ബാങ്കുകള്‍ മാ‍ത്രമാണ് എ.ടി.എം. സൗകര്യം ഏര്‍പെടുത്തിയിട്ടുള്ളത്. ആദ്യം വന്ന ഫെഡറല്‍ ബാങ്കും അവസാനം വന്ന സൗത്ത് ഇന്ത്യന്‍ ബാങ്കും മാത്രമാണ് എ.ടി.എം.  സേവനം ഇടപാട്കാര്‍ക്ക് നല്‍കിവരുന്നത്.                                                  ബാങ്കുളുടെ വര്‍ധനവ് നിശ്ചേപത്തിനു പുറമെ ഭവന-കാര്‍ഷിക-വ്യക്തിഗത വായ്പ്പകള്‍ സ്വര്‍ണ്ണ പണയം തുടങ്ങി വിവിധ ആവിശ്യങ്ങള്‍ക്ക് നാട്ടുക്കാര്‍ക്ക് ഇപ്പോള്‍ വളരെ സുഗമമായിട്ടുണ്ട്. എന്നാല്‍ സഹകരണ ബാങ്കുകള്‍ ചില വ്യക്തികളുടെ താല്‍‌പരങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയിലുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment