ഹജ്ജിന് ഇന്നു തുടക്കം

മുന്ന മോങ്ങം
മിനാ: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്‌തെത്തിയ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നതോടെ വിശുദ്ധ ഹജ്ജിന്റെ തിരുകര്‍മങ്ങള്‍ക്ക് ഇന്ന് തിരശ്ശീല ഉയര്‍ന്നു. പ്രവാചകചര്യ പിന്‍പറ്റി ശനിയാഴ്ച മിനായിലാണ് ഹാജിമാരുടെ രാപ്പാര്‍പ്പ്. ദുല്‍ഹജ്ജ് എട്ടാംദിവസമായ ഞായറാഴ്ചയാണ് 'യൗം തര്‍വിയ' (ദാഹം ശമിപ്പിക്കുന്ന ദിവസം). അറഫയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് മിനായില്‍ തങ്ങി വെള്ളവും മറ്റും സംഭരിക്കുകയാണ് നബിചര്യയുടെ പൊരുള്‍. കരിമ്പാറക്കുന്നുകള്‍ അതിരിടുന്ന മിനാ താഴ്‌വര ഏകനായ പ്രപഞ്ചനാഥനില്‍ സര്‍വതും സമര്‍പ്പിച്ച അവന്റെ അതിഥികളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഇത് തിങ്കളാഴ്ച പുലര്‍ച്ചയോളം തുടരും. പിന്നെ, പുലര്‍ച്ചയ്ക്ക് ശേഷം മഹാപ്രയാണമാണ്, അറഫായിലേക്ക്; ഹജ്ജിന്റെ ആത്മാവിലേക്ക്.ശനിയാഴ്ച രാത്രിയോടെ തന്നെ ഹാജിമാര്‍ മിനായിലേക്ക് ഒഴുകുകയായിരുന്നു.

വാഹനങ്ങളിലും കാല്‍നടയായും തല്ബിയത് മന്ത്രങ്ങള്‍ മുഴക്കി കൂടാരങ്ങളുടെ നഗരത്തെ ലക്ഷ്യമാക്കി നീങ്ങി. ഇന്ത്യന്‍ ഹാജിമാര്‍ ശനിയാഴ്ച ഇഷാ നിസ്‌കാരത്തിനു ശേഷം മിനായിലേക്ക് പോകാന്‍ തയ്യാറായിരുന്നു. മുത്വഫിന്റെ വാഹനം എത്തുന്ന മുറയ്ക്ക് അവര്‍ മക്ക വിട്ടു മിനായിലേക്ക് നീങ്ങി. സ്വകാര്യ ഗ്രൂപ്പുകാര്‍ മിനായുടെ അതിര്‍ത്തിയിലുള്ള അസീസിയ്യ ഏരിയയില്‍ തന്നെയായിരുന്നു താമസം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment