ഈ ശീത സമരം അവസാനിപ്പിക്കണം


  മോങ്ങം എ.എം.യു.പി സ്‌കൂളില്‍ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ചില അപസ്വരങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു.കഴിഞ്ഞ കുറേ ദിവസങ്ങളായി അകത്തളങ്ങളില്‍ മാത്രം ചര്‍ച്ചയായിരുന്ന പി.ടി എ, ഹെഡ്‌മിസ്‌ട്രസ് പോര് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഹെഡ്‌മിസ്‌ട്രസ് ദേവകി ടീച്ചറും പി ടി എ ഭാരവാഹികളും തമ്മില്‍ പല വിഷയങ്ങളിലും വ്യക്തമായ അഭിപ്രായ വിത്യാസത്തിലാണ്. മാത്രമല്ല അത് അവിടെ ഒരു വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് വഴി മാറുന്നു എന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു.പി.ടി.എയും മാനേജ്മെന്റും ചില അദ്ധ്യാപകരും ഒരു ഭാഗത്തും എച്ച് എമ്മും സ്റ്റാഫ് സെക്രട്ടറിയും ചില അദ്ധ്യാപകരും മറുഭാഗത്തും ആയി ചേരി തിരിഞ്ഞ് നില്‍ക്കുന്ന കാഴ്‌ച്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് അശ്വാസ്യമല്ല, നിങ്ങള്‍ക്ക് തൊഴുത്തില്‍കുത്ത് നടത്താനുള്ള സ്ഥാപനമല്ല മോങ്ങം എ.എം.യു.പി സ്‌കൂള്‍ . ഇത് ഒരു നാടിന്റെ തണലാവേണ്ട സമൂഹത്തിന് വെള്ളവും വളവും കൊടുത്ത് നാടിനെ പരിപാലിക്കേണ്ട ഒരു വിദ്ധ്യഭ്യാസ സ്ഥാപനമാണ്. ഉടമസ്താവകാശം മാനേജ്മെന്റിനും ഉത്തരവാധിത്വം പി ടി എക്കും എച്ച് എമ്മിനും ആണെങ്കിലും ഒരു നാടിന്റെ പൊതു സ്വത്തും പ്രതീക്ഷയുമാണ് ഈ സ്ഥാപനം എന്നു നിങ്ങള്‍ മറന്ന് കളിക്കരുത്.
          അവിടെയിപ്പോള്‍ നടക്കുന്ന അന്തര്‍ നാടകങ്ങള്‍ വിലയിരുത്തുമ്പോള്‍ ഉച്ചക്കഞ്ഞി,മുട്ട,പാല്‍ തുടങ്ങിയ നിസ്സാര പ്രശ്നങ്ങള്‍ക്കാണ് ഇരുവിഭാഗവും ഉടക്കി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കാം. ഉച്ചക്കഞ്ഞി വിഷയത്തില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കണമെന്ന പി.ടി.എയുടെ തീരുമാനത്തെ ടീച്ചര്‍ എതിര്‍ക്കേണ്ട ആവശ്യം ഇല്ല. ഒരു വെക്തി എന്ന നിലക്ക് ഒറ്റക്ക് നടത്താന്‍ ബുദ്ധിമുട്ടുള്ള ഇത്തരം കാര്യങ്ങള്‍ സബ് കമ്മറ്റിക്ക് കൊടുത്ത് അതിനാവിശ്യമായ സഹായങ്ങള്‍ ചെ‌യ്‌ത് കൊടുക്കുകയാണ് എച്ച്.എം ചെയ്യേണ്ടത്. എന്നും ഒരു ചെറുപയര്‍ പുഴുക്ക് (പോഷകാഹാരം) തന്നെ കൊടുക്കാനാണ് സര്‍ക്കാര്‍ പറയുന്നത് എന്ന എച്ച്.എമ്മിന്റെ വാദം ബാലിശമാണ്.ഒരു കുട്ടിക്ക് 45 പൈസ വെച്ച് 1100 കുട്ടികള്‍ക്കു എതാണ്ട് 500 രൂപ യോളം പലവ്യഞ്ജനത്തിനും,150 രൂ‍പ വീതം രണ്ട് പാചകക്കാര്‍ക്കും സര്‍ക്കാര്‍ അനുവധിക്കുന്നുണ്ട്. ദിവസവും കറിവെക്കാനുള്ള ഫണ്ട് ഈ ഇനത്തില്‍ തന്നെ കിട്ടുമെന്നിരിക്കെ 20 രൂപയുടെ ഒരു പാക്കറ്റ് മുളക് പൊടിയും 5 രൂപയുടെ ഉപ്പും ഇട്ട് എന്നും ചെറുപയര്‍ പുഴുങ്ങി നല്‍കുന്നത് നീതീകരിക്കനാവില്ല.
      കോഴി മുട്ട എണ്ണത്തില്‍ കുറവ് വന്നതുമായി ബന്ധെപ്പെട്ട് പി.ടി.എ പ്രസിഡന്റ് ഹംസ എച്ച് എമ്മിനെ കുട്ടികളുടെ മുമ്പിലിട്ട് പരസ്യമായി വിമര്‍ശിച്ച നടപടി അപലപനീയമാണ്.ആയിരത്തില്‍ പരം മുട്ട ഒന്നിച്ച് പുഴുങ്ങുമ്പോള്‍ അതില്‍ പത്ത് നാല്‍‌പതെണ്ണം പൊട്ടി പോകാന്‍ സാധ്യതയുണ്ടെന്ന് ആര്‍ക്കും അറിയാവുന്ന വസ്ഥുതയാണ്.എന്നിരിക്കെ ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. 
       സ്‌കൂളിന്റെ ദൈനം ദിന കാ‍ര്യങ്ങളില്‍ പി.ടി.എ ഇടപെടുന്നതിനെ എച്ച്.എം എതിര്‍ക്കേണ്ട കാര്യമില്ല. സാധാരണ ചില സ്‌കൂളുകളിലൊക്കെ കാണുന്ന പോലെ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ യോഗത്തിനു മാത്രം സ്‌കൂളില്‍ വരുന്ന പി.ടി.എ ഭാരവാഹികള്‍ അല്ല നമ്മുടെ സ്‌കൂളിന് എന്ന് നമുക്ക് അഭിമാനിക്കാം.അവര്‍ അവരുടെ തൊഴിലും,ബിസിനസും മറ്റും മാറ്റിവെച്ച് ഏറ്റെടുത്ത ഉത്തരവാധിത്വം ഭംഗിയായി നടത്താന്‍ നിത്യവും സ്‌കൂളില്‍ വന്നു കാര്യങ്ങള്‍ അന്യേഷിക്കുമ്പോള്‍ അതിനെ പോസിറ്റീവയി കാണാനും ഉപയോഗിക്കാനുമാണ് ഹെഡ്‌മിസ്‌ട്രസ് ശ്രമിക്കേണ്ടത്. രക്ഷിതാക്കളും അദ്ധ്യാപകരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ ചട്ടങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രൂപീകരിക്കുന്ന പി.ടി.എ.കമ്മിറ്റിയെയും അതിന്റെ ഭാരവാഹികളെയും അര്‍ഹമായ പരിഗണനയോടെ അംഗീകരിക്കാനും അവരെ വിശ്വാസത്തിലെടുക്കാനും എച്ച്.എമ്മിന് ബാധ്യതയുണ്ട്.  
          അതേസമയം സ്‌കൂളിന്റെ നല്ല രീതിയിലുള്ള ഗമനത്തിനു എച്ച്.എമ്മിനെ സഹായിക്കുകയും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തികുകയുമാണു പി.ടി.എ ചെയ്യേണ്ടത്. ഒരിക്കലും അതൊരു അധികാര വടംവലിയായി മാറാന്‍ പാടില്ലാത്തതാണ്. എച്ച്.എമ്മിന്റെ പ്രവര്‍ത്തനത്തില്‍ സംശയമോ അഭിപ്രായ വെത്യാസമോ ഉണ്ടങ്കില്‍ അത് അവര്‍ക്ക് മുകളിലുള്ളവരെ സമീപിച്ച് പരിഹാരം തേടുകയാണ് വേണ്ടത്.
        “അവനവര്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലങ്കില്‍ .....” എന്നു തുടങ്ങുന്ന ഒരു ച്ചൊല്ലുണ്ട് നമ്മുടെ നാട്ടിലൊക്കെ. ഇന്നലെ സ്‌കൂളില്‍ സത്യത്തില്‍ സംഭവിച്ചത് അതാണ്. അനുമോദന ചടങ്ങില്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ മോങ്ങത്തെ ഒരു പ്രധാന സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ പി.ടി.എ.യുടെ ക്ഷണപ്രകാരം എത്തിയപ്പോള്‍ സമ്മാനം നല്‍കാന്‍ വിജയ ദിനം ബഹിഷ്‌കരിച്ച ഹെഡ്‌മിസ്‌ട്രസിന്റെ അനുവാദം വേണമെന്ന് സ്റ്റാഫ് സെക്രട്ടറി വാശിപിടിച്ചതിനാല്‍ ഒന്നര മണിക്കൂര്‍ അവര്‍ക്ക് പുറത്തിരിക്കേണ്ടി വന്നുവത്രെ. 
        ബഹുമാന്യനായ സ്റ്റാഫ് സെക്രട്ടറി ചില കാര്യങ്ങള്‍ മനസ്സിലാക്കണം. മോങ്ങം സ്‌കൂളിലെ കുട്ടികളെ എട്ടാം ക്ലാസില്‍ എടുക്കാന്‍ മൊറയൂരും കൊട്ടുകരയും സ്‌കൂളുകള്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ കൊടുത്തിരുന്ന ഒരു ക്ലബ്ബ് മോങ്ങത്തുണ്ടായിരുന്നു. യൂണിഫോം വങ്ങാന്‍ പ്രാപ്‌തി‌യില്ലാത്ത കുട്ടികളെ തിരഞ്ഞ് ഇതേ സ്‌ക്കൂളിന്റെ ക്ലാസ് റുമുകളില്‍ കയറി ഇറങ്ങി അതെത്തിച്ച് കൊടുത്ത കുറച്ച് ചെറുപ്പക്കാരുണ്ടായിരു ഈ മോങ്ങത്ത്. അവരെയാണ് നിങ്ങള്‍ ക്ഷണിച്ചു വരുത്തി അപമാനിക്കാന്‍ ശ്രമിച്ചത്. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിനു ഇങ്ങിനെയും ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്. അതറിയണമെങ്കില്‍ എറ്റവും ചുരുങ്ങിയത് ഇവിടെ നിന്നു പ്രധാന അദ്ധ്യാപകരായി വിരമിച്ച കുഞ്ഞിമുഹദ് മാഷോടോ അബ്ദു‌റഹ്‌മാന്‍ മാഷോടോ ഒന്നു ചോദിച്ചാല്‍ നന്നായിരിക്കും. അല്ലാതെ നിങ്ങള്‍ വിജയിച്ചപ്പോള്‍ ആകാശത്തിനിന്നു വന്നവര്‍ ഒന്നും അല്ല ആ കുട്ടികള്‍ .
        ഞങ്ങള്‍ക്കൊന്നേ പറയാനൊള്ളൂ. ഒരു കാലത്ത് മാനേജ്മെന്റിന്റെ അവഗണനയാല്‍ ചക്രശ്വാസം വലിച്ചിരുന്ന സ്‌കൂള്‍ ഇന്നു ശക്തമായ ഒരു മാനേജ്മെന്റിന്റെ കയ്യില്‍ എത്തിയപ്പോള്‍ അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി സ്ഥാപനങ്ങള്‍ ചുറ്റുഭാഗത്തും ഉയര്‍ന്നു നില്‍ക്കുമ്പോഴും എല്ലാ ആധുനിക സൗകര്യങ്ങളോടെ ഇന്ന് എല്ലാ മേഖലയിലും നല്ല നിലവാരത്തോടെയുള്ള വിജയ മുന്നേറ്റത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുന്ന ഈ വേളയില്‍ സ്‌കൂളില്‍ ഇത്തരത്തിലുള്ള പിടല പിണക്കവും തൊഴുത്തില്‍ കുത്തും ആശ്വാസമല്ല. അതിനാല്‍ ഹെഡ്‌മിസ്‌ട്രസും പി.ടി.എ യും തമ്മിലുള്ള ഈ ശീത സമരം അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപെട്ടവര്‍ തയ്യാറാവണം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment