കല്ല് കടത്തി കൊണ്ട് പോയി

സ്വന്തം ലേഖകന്‍
       മോങ്ങം: പൊട്ടി പൊളിഞ്ഞ അരിമ്പ്ര റോഡിന്റെ സ്ഥിതി ശോചനീയാവസ്ഥയില്‍ തുടരുമ്പോള്‍ റോഡു പണിക്കു ഇറക്കിയ കല്ലുകള്‍ കരാറുകാരന്‍ അവിടെ നിന്നും കടത്തി കൊണ്ട് പോയി. പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ഏതാണ്ട് ഒരു മാസം മുമ്പാണ് അരിമ്പ്ര റോഡില്‍ ചെരിക്കകാട് മുതല്‍ കുരുത്തംകാട് വരെ നീളുന്ന ഏതാണ്ട് എണ്ണൂറു മീറ്ററില്‍ലധികം വരുന്ന സ്ഥലങ്ങളില്‍ റോഡിന്റെ ഇരു വശങ്ങളും വീതി കൂട്ടാനും കുഴികള്‍ അടക്കാ‍നുമായി ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് അനുവധിച്ചിട്ടുണ്ട് എന്ന പ്രചാരണത്തോടെ  ചെരിക്കക്കാട് എന്‍ പി അഹമ്മദാജിയുടെ വീടു പടിക്കല്‍ മുതല്‍ മണ്ണാത്തികല്ലില്‍ അലവിയുടെ വീട് വരെ പല ഇടങ്ങളിലായി ഏതണ്ട് ഇരുപതോളം ലോഡ് ഒന്നര ഇഞ്ച് കല്ലുകള്‍ ഇറക്കിയത്. എന്നാല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍‌വീനറുടെ വീട്ടു ഉള്‍കൊള്ളുന്ന സ്റ്റാര്‍ട്ടിങ്ങ് പോയിന്റ് മുതല്‍ കഷ്ടിച്ച് നൂറ് മീറ്റര്‍ സി.കെ.കരീമിന്റെ വീടുവരെ ഒറ്റ ദിവസം കൊണ്ട് സൈഡ് നന്നാക്കി പണി നിര്‍ത്തുകയായിരുന്നു. പിന്നീട് ഒരു ദിവസം രാത്രി ജെ.സി.ബിയും ടിപ്പറുമായി വന്ന് കല്ല് ഇവിടെ നിന്നു കടത്തി കൊണ്ട് പോവുകയായിരുന്നുവത്രെ. ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതു വോട്ട് ചെയ്‌ത ജനങ്ങളോട് ജനപ്രധിനിതികള്‍ ചെയ്‌ത വിശ്വാസ വഞ്ചനയാണ് എന്നും ആരോപണം ഉണ്ട്.
           ചെരിക്കക്കാട് പനപ്പടി തടപറമ്പ് അരിമ്പ്ര എന്നിവിടങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിനു വീട്ടുകാര്‍ ദിനം പ്രതി യത്രചെയ്യുന്ന ഈ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇവിടത്തെ താമസക്കാര്‍ക്ക് പുറമെ ആയിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്ന രണ്ട് സ്കൂളുകള്‍ അടക്കം മൂന്ന് വിദ്യാഭാസ സ്ഥാപനങ്ങളും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
           തടപറമ്പില്‍ സ്ഥിതി ചെയ്യുന്ന രണ്ട് സ്‌കൂളുകളുടെ വാഹനങ്ങള്‍ കുട്ടികളെയും കൊണ്ട് അരിമ്പ്ര റോഡിലൂടെ കുണ്ടുകളും കുഴികളും കയറി ഇറങ്ങി കുത്തികുലുങ്ങി സ്‌കൂളില്‍ എത്തുമ്പോഴേക്കും പല കുട്ടികളും വീട്ടില്‍ നിന്നു കഴിച്ച പ്രാതല്‍ വഴിയിലോ സ്‌കൂളിലോ ചര്‍ദിക്കല്‍ ഒരു നിത്യ സംഭവമാണ്.
        ഒരു റോഡിനു വേണ്ടി കല്ലും മറ്റും ഇറക്കുകയും അതു കാണിച്ചു ബില്ല് പാസ്സാക്കുകയും ചെ‌യതതിനു ശേഷം അതവിടെ നിന്നു കോരികൊണ്ട് പോകുന്നതു അഴിമതിയണെന്നും, ഇക്കാര്യത്തില്‍ ജനപ്രധിനിതികളും നിര്‍മാണ കമ്മിറ്റി കണ്‍‌വീനറും കരാറുകാരോടൊപ്പം ഒത്തു കളിച്ച് വന്‍ അഴിമതിക്ക് കളമൊരുക്കുകയാണെന്നും പ്രദേശത്തെ പ്രമുഖ ഇടത് പക്ഷ പ്രവര്‍ത്തകനായ എന്‍ പി ഹമീദ് ആരോപിച്ചു. അഞ്ച് ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് ഫണ്ട് ഉണ്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പിനു മുന്‍പ് റോഡില്‍ കല്ല് ഇറക്കി വോട്ട് കിട്ടി കഴിഞ്ഞതിനു ശേഷം അതവിടെ നിന്നു മാറ്റിയ നടപടി മുസ്ലിം ലീഗിന്റെ നെറികെട്ട രാഷ്ട്രീയ സമീപനമാണ് വെക്തമക്കുന്നതെന്നും ഈ വിഷയത്തില്‍ ജനപ്രധിനിതികളും കണ്‍‌വീനറും അടക്ക മുള്ളവര്‍ മറുപടി പറയണമെന്നും ഹമീദ് ആവിശ്യപെട്ടു. ഇത്തരം വിഷയങ്ങളില്‍ യഥാസമയം പ്രതികരിക്കാതിരുന്ന ദര്‍ശന ക്ലബ്ബ് പോലുള്ള സംഘടനകളുടെ സമീപനവും പ്രതിഷേതാര്‍ഹമണെന്നും ഹമീദ് കൂട്ടി ചേര്‍ത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment