മരുഭൂമിയില്‍ പടവലം വിളയിച്ച് മോങ്ങം കോയ

ഉമ്മര്‍ പൂഴിക്കോടന്‍
     ജിദ്ദ: കേരളത്തിന്റെ സ്പെഷല്‍ പച്ചക്കറി വിഭവമായ പടവലങ്ങ മരുഭൂമിയില്‍ വിളയിച്ച് കോയ ശ്രദ്ധേയനാവുന്നു. ജിദ്ധയിലെ തന്റെ താമസസ്ഥലത്ത് പിന്‍ഭാഗത്ത് ചെറിയ മുറ്റത്താണ് കര്‍ഷക പാരമ്പര്യമൊന്നുമില്ലങ്കിലും കൃഷി ചെയ്‌ത് കോയ നൂറുമേനി വിളവെടുത്തത്. നാട്ടില്‍ നിന്ന് കൊണ്ട്‌വന്ന കുടുംബശ്രീ വിത്ത് ഉപയോഗിച്ച് വിളവിറക്കിയ പടവലം മൂപ്പെത്തിയത് ഏതാണ്ട് മുപ്പതെണ്ണം ഇതിനകം പറിച്ചെടുത്തു. ഏകദേശം അത്രതന്നെ എണ്ണം ഇപ്പോള്‍ രണ്ടാം വിളവിനു പാകമായി വരികയാണ് കോയയുടെ ഈ അടുക്കള തോട്ടത്തില്‍ .
       ജിദ്ദയില്‍ ഒരു ബുക്ക് ഷോപ്പില്‍ ജോലിച്ചെയ്യൂന്ന കോയ പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ കൃഷി പരിപാലിക്കാന്‍ സമയം കണ്ടെത്തുകയും അതില്‍ സംതൃപ്‌തി കാണുകയും ചെയ്യുന്നു. വിളവെടുത്ത പടവലങ്ങകള്‍ തന്റെ റൂമിലെ ആവിശ്യത്തിനു എടുത്തതിനു ബാക്കിയെല്ലാം തന്റെ സുഹൃത്തുക്കള്‍ക്ക് കറിവെക്കാന്‍ കൊടുക്കുകയാണ് പതിവ്. ഏതാണ്ട് ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെ നീളമുള്ള പടവലങ്ങക്ക് ചിലതിനു രണ്ട് കിലോയിലധികം തൂക്കവുമുണ്ടാവാറുണ്ട്. റോഡില്‍ നിന്ന് വാരികൊണ്ട് വന്ന മണല്‍ ചേര്‍ന്ന മണ്ണില്‍ മുളപ്പിച്ച ഇതിനു ആകെ വളമായി കൊടുത്തത് തൊട്ടപ്പുറത്തെ മന്തി കടയില്‍ നിന്നു കൊണ്ട് വന്നിട്ട കുറച്ച് ആട്ടിന്‍ കാഷ്ടം മാത്രമാണ്. പടവലങ്ങ നിവര്‍ന്നു നില്‍ക്കാന്‍ “കേരളീയ ടെക്‍നിക്ക്” കല്ലു കെട്ടല്‍ കോയയും പരീക്ഷിച്ചു വിജയിക്കുന്നുണ്ട്.
     കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന കോയ  താഴേ മോങ്ങത്ത് പരേതനായ കോടിതൊടിക അയമു കാക്കാന്റെ മകനാണ്. നാട്ടില്‍ അവധിക്ക് പോവുമ്പോള്‍ ഭാര്യ ഹാരിസയുടെ അടുക്കള തോട്ട പരിപാലനമാണ് കോയയെ ഈ മേഖലയിലേക്ക് തല്‍പ്പരനാകിയത്. തൊട്ടപ്പുറത്ത് താമസിക്കുന്ന നാട്ടുക്കാരനും സുഹൃത്തും കൂടിയായ നൊട്ടന്‍ കരീം ഇടക്കിടെ തന്നെ കാണാതെ പടവലം അടിച്ച് മാറ്റുന്നുണ്ടെന്നാണ് കോയ പറയുന്നത്. മരുഭൂമിയില്‍ ഒരു മരുപച്ച വിളയിച്ച കോയയെ സഹായിക്കാന്‍ മോങ്ങത്ത് കുറെകാലം പള്ളി ദര്‍സില്‍ പഠിച്ച അരീക്കോട് വടക്കും മുറി സ്വദേശിയായ സഹ പ്രവര്‍ത്തകന്‍ സൈതലവി സഖാഫിയും കൂടെയുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment