വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം ഭാഗം 1

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
                
             മോങ്ങം:ബസ്റ്റോപ്പിനെ നോക്കു കുത്തിയാക്കി ചില ബസ്സുകള്‍ തോന്നിയ സ്ഥലത്ത് നിറുത്തി ആളെ ഇറക്കി പോവുന്നത് കൊണ്ട് മോങ്ങത്തെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം രൂക്ഷമാവുന്നു.യൂണിഫോമണിഞ്ഞ കുട്ടികള്‍ സ്കൂള്‍ ബാഗും തൂക്കി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കാഴ്ച്ച ഇന്നു മോങ്ങത്ത് രാവിലെത്തെ നിത്യകാഴ്ച്ചയില്‍ ഒന്നാണ്. മൊറയൂര്‍ കൊട്ടുക്കര പുല്ലാനൂര്‍ അറവങ്കര എന്നീ സ്കൂളുകളിലെയും മലപ്പുറം മഞ്ചേരി കൊണ്ടോട്ടി എന്നിവിടങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത സ്കൂള്‍ കോളേജ് പാരലല്‍ കോളേജുകള്‍ എന്നിവയിലൊക്കെ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ യാത്രക്ക് വേണ്ടി കാത്ത് നില്‍ക്കുമ്പോഴാണ് ചില ബസ്സുകള്‍ ഈ കളി തുടരുന്നത്.
   രാവിലെ എട്ട് മണിമുതല്‍ ഒമ്പതരെ വരെ കുട്ടികളെ കയറ്റാന്‍ മടിക്കുന്ന ബസ്സുകള്‍ പലയിടങ്ങിളിലായി നിര്‍ത്തി പോവുന്നത് യാത്രക്കൊരുങ്ങി നില്‍ക്കുന്ന മറ്റുള്ളവര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സ്ത്രീകളും പ്രായമായവരും പലപ്പോഴും ദൂരയാത്രക്ക് പോലും ഈ സമയത്ത് മിനി ബസ്സുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്താന്‍ പലപ്പോഴും വൈകുക പതിവാണ്. എല്ലാ സ്ഥലങ്ങളിലും ഈ സമയത്ത് പോലീസ് കൃത്ത്യമായി സ്റ്റോപ്പില്‍ ബസ്സ് നിറുത്തിച്ച് കുട്ടികളെ കയറ്റി വിടുമ്പോള്‍ മോങ്ങത്ത് പോലീസ് സാനിദ്ധ്യവും ഇല്ല. 
  ചില സ്കൂളുകള്‍ക്കൊക്കെ സ്വന്തമായി ബസ്സ് ഉണ്ടങ്കിലും അതിലൊന്നും ഉള്‍കൊള്ളാവുന്നതിനപ്പുറമാണ് മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ എന്നതിനാല്‍ കുട്ടികളുടെ യാത്രാ ക്ലേശം വളരെ ഗുരുതരമായി തുടരുകയാണ്.   
    മോങ്ങത്തിനു പുറമെ ചെറുപുത്തൂര്‍ ഒളമതില്‍ പാറക്കാട് പാലക്കാട് എന്നിവിടങ്ങളിലുമുള്ള കുട്ടികള്‍ യാത്രാവിശ്യത്തിനു മോങ്ങത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ ഇത് ഒരു പ്രദേശത്തിന്റെ മൊത്തം പ്രശ്‌നമാണ്. എന്നാല്‍ കാക്കത്തൊള്ളായിരം രാഷ്ട്രീയ മത സാംസ്കാരിക സംഘടനകളും അവരുടെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങളുമുള്ള മോങ്ങത്ത് ഈ വിഷയത്തില്‍ സജീവമായി ഇടപെടാനോ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒരു പരാതി സമര്‍പ്പിക്കാനോ പോലും ഇതുവരെ ആരും തയ്യാറയിട്ടില്ല.
   (തുടരും)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment