ദര്‍ശനയെ വിമര്‍ശിക്കുന്നവരോട്

   

                    മോങ്ങം ദര്‍ശന ക്ലബ്ബിനെയും അതിന്റെ ഭാരവാഹികളേയും വിമര്‍ശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഈ സൈറ്റിലൊരു ലേഖനം കാണുകയുണ്ടായി. പരസ്യമായ വിഴുപ്പലക്കലിനുള്ള ഒരു വേദിയല്ലെന്നറിയാമെങ്കിലും സംഘടനയുടെ ഉത്തരവാധിത്വപ്പെട്ട ഒരു ഭാരവാഹി എന്ന നിലക്ക് മറുപടി പറയാതിരുന്നാല്‍ പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതിനൊരു മറു കുറിപ്പെഴുതുന്നത്.
         ദര്‍ശനക്കെതിരെ ലേഖകന്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മെമ്പര്‍മാരുടെ കുറവും പ്രവര്‍ത്തനമില്ലായ്‌മയുമാണ്. അംഗങ്ങളെ വലിച്ചുകയറ്റി സംഘടന വലുതാക്കുവാന്‍ ദര്‍ശന ക്ലബ്ബ് ഇലക്‍ഷനില്‍ മത്സരിക്കാനൊന്നും പോകുന്നില്ലല്ലോ...? ദര്‍ശനയുടെ കര്‍ശനമായ നിയമാവലികളും ചട്ടങ്ങളും പാലിക്കാന്‍ തെയ്യാറുള്ളവര്‍ മാത്രം അംഗത്വം എടുത്താല്‍ മതി എന്ന തീരുമാനത്തിന് തന്റേടിത്വത്തിന്റെ ഒരു മറുവശം കൂടിയുണ്ട്.
              ദര്‍ശനയെന്നാല്‍ മറ്റു ക്ലബ്ബുകളെപ്പോലെ വെറും സ്പോട്സില്‍ മാത്രം ശ്രദ്ധയൂന്നുന്ന ഒരു സംഘടനയല്ല. സാമൂഹ്യ സേവനം ജീവിത ദൌത്യമായി കാണുന്ന ഒരു കൂട്ടായ്മയാണ്. ചുണ്ടിനടിയില്‍ ഹാന്‍സും ചുണ്ടിനിടയില്‍ പുകയുന്ന സിഗറെറ്റുമായി കേരംസും കട്ടക്കളിയും ശീട്ടും കളിച്ച് സിനിമാ നടീ നടന്മാരുടെയും ക്രിക്കറ്റ് കളിക്കാരുടെ ഫോട്ടോയും വെച്ച് പൂജിച്ച് നടക്കുന്ന ക്ലബ്ബുകളും ദര്‍ശനയും തമ്മില്‍ അജ ഗജാന്തര വെത്യാസമുണ്ട് എന്ന് ലേഖകന്‍ കാണാതെ പോയി.
            ക്ലബ്ബിനു അംഗത്വത്തില്‍ കുറവ് വന്നിട്ടുണ്ട് എന്ന് ആരോപിക്കുന്നവര്‍ ചില വസ്തുതകള്‍ മനസ്സിലാക്കണം. അംഗത്വമെടുക്കാനും പുതുക്കാനുമുള്ള അപേക്ഷയുടെ കൂടെ ഞാന്‍ പുകവലി, മദ്യപാനം, ഹാന്‍സ്,പാന്‍പരാഗ് തുടങ്ങിയ യാതൊരു ലഹരിയും ഉപയോഗിക്കില്ലെന്ന് സത്യപ്രസ്താവന ഒപ്പിട്ടു നല്‍കണം. ദര്‍ശനയില്‍ ഓഫീസ് ഫുള്‍ടൈം തുറന്നിടാതെ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി ഒമ്പതെ മുക്കാല്‍ വരെ ക്രിത്യമായ സമയ ക്രമവും ചാനല്‍ നിയന്ത്രണവും ഒഫീസിനകത്ത് ചെസ്സല്ലാതെ മറ്റൊരു കളിയും അനിവദിക്കാത്തതും കൃത്യമായ വരിസംഖ്യാ പിരിവും യോഗത്തില്‍ പങ്കെടുക്കാത്തതിന്ന് ശക്തമായ നടപടികള്‍ എടുക്കുന്നതും മറ്റും കാരണം ക്ലബ്ബിലേക്ക് ഈ നിയമങ്ങളും ചട്ടങ്ങളും നടപടി ക്രമങ്ങളും പാലിക്കാന്‍ തയ്യാറെല്ലാത്തവര്‍ക്ക് അംഗത്വം കൊടുത്തില്ല അല്ലെങ്കില്‍ എടുത്തില്ല എന്നു വന്നേക്കാം. അത് ക്ലബ്ബിന്റെ പോരായ്‌മയല്ല മറിച്ച് മേന്മയാണ് വിളിച്ചോതുന്നത്. പുതിയ ട്രന്റിനൊപ്പം ഓടാന്‍ താല്പര്യമില്ലാതെ സമൂഹത്തിന് ഗുണകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ് ദര്‍ശന എന്നും ശ്രമിച്ചിട്ടുള്ളത്. അതു തന്നേയാണ് കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഞങ്ങളുടെ ബാക്കി പത്രവും. 
               ദര്‍ശന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചു എന്നു പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയോ അതെല്ലെങ്കില്‍ ആടിനെ പട്ടിയാക്കുകയോയാണു ചെയ്യുന്നത്. മുന്‍ കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ തന്നെ രണ്ടായിരത്തിപത്തിലും ഞങ്ങള്‍ പരിപാടികള്‍ സഘടിപ്പിച്ചത് ഈ മോങ്ങത്തു വെച്ചുതന്നെയാണ്. മോങ്ങം എ എം യുപി സ്കൂളില്‍ വെച്ച് പ്രസംഗ പരിശീലനക്ലാസും പ്രസംഗ മത്സരവും, സാഹിത്യമത്സരവും എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി കെയര്‍ കോളേജില്‍ വെച്ച് നടത്തിയ കെരിയര്‍ ഗൈഡന്‍സ് ക്ലാസ്, മോങ്ങം എ എം ഉപി സ്കൂള്‍ ജില്ലാ കലാ-കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകള്‍ക്ക് കൂനേങ്ങല്‍ സകീര്‍ മെമ്മോറിയല്‍ മെഡല്‍ നല്‍കി ആദരിച്ചു, ഫ്ലഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് തുടങ്ങി എന്തിനതികം ലേഖകന്റെ മൂക്കിനു താഴെ അരിമ്പ്ര റോഡിന്റെ തുടക്കത്തില്‍ കനത്ത മഴയില്‍ ഒലിച്ച് വന്ന് അടിഞ്ഞുകൂടിയ മണ്ണുകാരണം ഇരു ചക്രവാഹനങ്ങള്‍ക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ പഞ്ചായത്തൊ, കച്ചവടക്കാരോ, അവിടെ നിര്‍ത്തിയിടുന്ന ഓട്ടോകാരോ ആരും അത് കോരിമാറ്റാന്‍ ശ്രമിക്കാത്ത സമയത്ത് ഇക്കഴിഞ്ഞ സെപ്‌തംബറില്‍ രാത്രി 4 മണിക്കൂറോളം 22 മെമ്പര്‍മാര്‍ പിക്കാസിട്ട് കിളച്ച് മണ്ണ് കോരി ദൂരെ കളഞ്ഞ് അവിടെ വൃത്തിയാക്കിയപ്പോള്‍ ദര്‍ശനയുടെ നാഡി പിടിച്ച് മരവിപ്പും നോക്കി നിന്ന ഒരു വിമര്‍ശകരെയും കണ്ടില്ലല്ലോ അവിടെ ആ പരിസരത്തെങ്ങും..?
            ദര്‍ശനയുടെ വെബ് സൈറ്റ് പ്രാവര്‍ത്തികമാക്കിയില്ല എന്ന പരാമര്‍ശവും കണ്ടു.  അന്ന് ദര്‍ശന പ്രഖ്യാപിച്ച അഡ്രസില്‍ മോങ്ങത്തിനൊരു പൊതു വെബ്സൈറ്റ് എന്ന ആശയം സാങ്കേതികമായി ഉണ്ടായ ചില പ്രയാസങ്ങള്‍ കാരണം മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ല എന്നത് സത്യം തന്നെയാണ്. എന്നാല്‍ അന്ന് ആ വെബ് സൈറ്റ് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയ സി.ടി.അലവിക്കുട്ടി, ബി.ബാബു, ഷാജഹാന്‍ ഫൈസല്‍ ഉസ്‌മാന്‍ ഉമ്മര്‍ സി.കെ.ബാപ്പുട്ടി തുടങ്ങിയ ദര്‍ശന ക്ലബ്ബിന്റെ നാട്ടിലും വിദേശത്തുമുള്ള പ്രവര്‍ത്തകന്‍‌മാര്‍ ഒരുക്കിയ "എന്റെ മോങ്ങം ന്യൂസ് ബോക്സ്" എന്ന ഞാനും താങ്കളും പ്രതികരിച്ച ഈ സൈറ്റ് ഇന്നു സജീവമായി നാടിന്റെ സ്പന്ദനങ്ങള്‍ വെബ് ലോകത്തെത്തിക്കുമ്പോള്‍ ഈ സൈറ്റിന്റെ പിതൃത്വം ദര്‍ശന ക്ലബ്ബ് അവകാശപെടുന്നില്ലങ്കിലും ദര്‍ശന ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം ഞങ്ങളുടെ പ്രവര്‍ത്തകരിലൂടെയെങ്കിലും നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞിട്ടുണ്ട് എന്ന് അഭിമാന പൂര്‍വ്വം ഞങ്ങള്‍ക്ക് പറയാന്‍ കഴിയും.
    ഇന്ത്യയിലെ ലക്ഷകണക്കിനു യുവജന സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ഇടക്ക് പരിശോദന നടത്തുകയും ചെയ്യുന്ന നഹ്‌റു യുവകേന്ദ്രക്ക് കീഴില്‍ രജിസ്റ്റ്‌ര്‍ ചെ‌യ്‌ത് പ്രവര്‍ത്തിക്കുന്ന ദര്‍ശന ക്ലബ്ബ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരമുള്ള യൂത്ത് ഡവലപ്പ്മെന്റ് സെന്റര്‍ എന്ന പദവി ലഭിച്ച മലപ്പുറം ജില്ലയിലെ ആദ്യ അഞ്ച് ക്ലബ്ബുകളില്‍ പെട്ടതും മൊറയൂര്‍ പഞ്ചായത്തിലെ പ്രധമ ക്ലബ്ബുമാണ്. അതിനാല്‍ തന്നെ ദര്‍ശനയുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ത്രൈമാസങ്ങളിലും നിരീക്ഷണത്തിനും വര്‍ഷാന്ത ഓഡിറ്റിങ്ങിനും വിധേയമാണെന്നതിനാല്‍ തന്നെ മരവിപ്പ് എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ് സുഹൃത്തെ.  
       ദര്‍ശനയുമായി ചിലരൊക്കെ പിണങ്ങി പോയി എന്ന പരാമര്‍ശം കണ്ടു. സംഘടനയില്‍ നിന്നു അഭിപ്രായ വെത്യാസത്തിന്റെ പേരില്‍ ആരെങ്കിലും പോയിട്ടുണ്ടാവും. അങ്ങിനെ പോവുന്നവര്‍ക്കു പോവാം എന്നല്ലാതെ അവരുടെ പിറകെ പോകാന്‍ ക്ലബ്ബിനു താല്‍‌പര്യമില്ല. എന്നിട്ട് ഈ പോയി എന്നു പറയുന്നവരൊക്കെ എവിടെ..? ദര്‍ശന ക്ലബ്ബിന്റെ നിയമാവലിയിലോ ഭാരവാഹികളുടെ തീരുമാനത്തിലോ തെറ്റ് കണ്ട് എതിര്‍പ്പ് കൊണ്ടാണ് മാറിയതെങ്കില്‍ ലേഖകനടക്കമുള്ള വിമര്‍ശകര്‍ ദര്‍ശന ക്ലബ്ബിനു ബദലായി മറ്റൊരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കി “അങ്ങിനെയെല്ല ദാ ഇങ്ങിനെ” എന്ന് കാണിച്ച് തരണമായിരുന്നു. വായിക്ക് തോന്നുന്നതൊക്കെ കോതക്ക പാട്ട് എന്ന രീതിയില്‍ വിമശനം ഉന്നയിക്കുന്നതിനു പകരം ഒരു പുതിയ സംഘടനാ സംവിധാനമെരുക്കാന്‍ വിമര്‍ശിക്കുന്നവര്‍ തയ്യാറാവണം. ദര്‍ശനയില്‍ ചേരാതെ മാറിനില്‍ക്കുന്നുവെന്ന് പറയുന്ന “മഹാ ഭൂരിപക്ഷം” വരുന്നവരെ കൂട്ടി ഒരു ക്ലബ്ബ് രൂപീകരിച്ച് ഹാന്‍സും പാന്‍പരാഗും മദ്യവും സിഗരറ്റും സമയം കൊല്ലി കളികളുമില്ലാതെ ഒരു നല്ല കൂട്ടായ്‌മയുണ്ടാക്കി “ദര്‍ശനയുടെ ഒരുപടി” മുകളില്‍ നിന്നു ഞങ്ങളെ വിളിക്കൂ. അന്ന് ഞങ്ങള്‍ളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ദര്‍ശന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബെന്ന ഈ കൂട്ടായ്‌മ പിരിച്ച് വിട്ട് വരാം ഞങ്ങള്‍ നിങ്ങളുടെ കൂടെ.

വാല്‍ക്ഷണം: മാങ്ങയുള്ള മാവിനേ ഏറ് കിട്ടൂ.......        

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment