നാഥനില്ലാത്ത മോങ്ങത്തെ ഇടതുപക്ഷം




         ടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടുമുള്ള പ്രദേശമായിരുന്നു ഒരു കാലത്ത് മോങ്ങമെങ്കില്‍ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് പറയാതെ വയ്യ. 1987 കാലഘട്ടങ്ങളിലൊക്കെ ശകതമായ ഇടതു മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞ മോങ്ങത്തിനു ഒരു വേള ഒരു പ്രബലനായ സംസ്ഥാന നേതാവിനെ സംഭാവന ചെയ്യാന്‍ പോലും സാധിച്ചിട്ടുണ്ട്. മഠത്തില്‍ മുഹമ്മദ് ഹാജിയുടെ കാല ഘട്ടത്തില്‍ മോങ്ങത്ത് ജനതാ ദളിനു കീഴില്‍ മുന്നണി സംവിധാനം സജീവമയിരുന്നുവെങ്കിലും അദ്ധേഹത്തിന്റെ മരണത്തോടെ മോങ്ങത്ത് ജനാദള്‍ പ്രസ്ഥാനം നിര്‍ജീവമാവുകയും സ്വാഭാവികമായും മുന്നിലേക്ക് വരേണ്ടിയിരുന്ന സി.പി.ഐ.എം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുവെ സജീവമല്ലാത്തതാണ് ഇന്നത്തെ മോങ്ങത്തെ ഇടതു പക്ഷ ദുരവസ്ഥക്ക് കാരണം. 
       ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം മുഴച്ചുകാണുന്ന മോങ്ങത്ത് ഇടതുപക്ഷത്തെ വോട്ടുകള്‍ക്ക് കാര്യമായ പോറലൊന്നും ഏറ്റിട്ടില്ല എന്നു തന്നെ പറയാം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില നോക്കിയാല്‍ താഴെ തട്ടില്‍ ഇപ്പോഴും അടിത്തറക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന കാര്യം മനസ്സിലാവും.
       ജനതാ ദളിലെ സജീവമായിരുന്ന ഒരു ചെറിയ വിഭാഗം വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയിലേക്ക് മാറിയെങ്കിലും മുസ്‌ലിം ലീഗുമായി യാതൊരു നിലക്കും മാനസികമായി പൊരുത്തപെടാന്‍ കഴിയാത്ത വലിയൊരു വിഭാഗം ഇപ്പോഴും സജീവമൊന്നുമല്ലങ്കിലും ഇടതു ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോങ്ങത്ത് ചേര്‍ന്ന ജനതാ ദള്‍ കണ്‍‌വന്‍ഷനിലെ ജന പങ്കാളിത്തം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതു ഫലപ്രദമായി ഉപയോഗിക്കാന്‍ നാട്ടിലെ ഇടത് പാര്‍ട്ടികള്‍ക്കാവുന്നില്ല എന്നതാണ് വാസ്ഥവം. മഠത്തില്‍ മുഹമ്മദാജിക്ക് ശേഷം മോങ്ങത്ത് പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായ ഒരു നേതൃത്വത്തെ കണ്ടെത്താത്തതാണ് മോങ്ങത്ത് ജനതാ ദളിന്റെ തകര്‍ച്ചക്ക് കാരണം.
          എന്നാല്‍ സി.പി.ഐ.എം നെ സംബന്തിച്ചിടത്തോളം പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ പിടിപാടുള്ള നേതൃത്വമൊക്കെയുണ്ടെങ്കിലു അവര്‍ക്കൊന്നും സാധാരണക്കാര്‍ക്കിടയില്‍ യാതൊരു സ്വാധീനവും ഇല്ല എന്നതാണ് വസ്‌തുത. വരട്ട് തത്ത്വവാദങ്ങളും നിശേദാത്മക സമീപനങ്ങളുമായി പാര്‍ട്ടിക്കാരല്ലാത്തവരെ മൊത്തം പുച്ചത്തോടെ കാണുന്ന ചില താപ്പാനകളുടെ ദുശ്ശാഠ്യങ്ങള്‍ മൂലം പല സജീവ പ്രവര്‍ത്തകരും ഇന്ന് സി.പി.ഐ.എമ്മില്‍ നിന്നു മാറിനില്‍ക്കുകയോ പുറത്താക്കപെടുകയോ മറ്റു പാര്‍ട്ടികളില്‍ സജീവമാവുകയോ ചെയ്‌തിട്ടുണ്ട്. എന്നാല്‍ പുതിയ ആളുകളെ പാര്‍ട്ടിയിലേക്കടുപ്പിക്കാനുള്ള യാതൊരു ശ്രമവും നടന്ന് വരുന്നില്ല.
          ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പോലുള്ള പോഷക സംഘടനകള്‍ക്ക് കമ്മിറ്റികളെല്ലാം ഇവിടെ ഉണ്ടെങ്കിലും അവരുടേതായ യാതൊരു പ്രവര്‍ത്തനവും മോങ്ങത്ത് നടന്നു കാണുന്നില്ല.  മോങ്ങത്ത് അരിമ്പ്ര റോഡിനു അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് അനുവധിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനു മുന്‍പ് കല്ല് ഇറക്കി ഒരു ലക്ഷത്തിന്റെ താ‍ഴെ ചില്ലറ ക്കാഷിനു കമ്മറ്റി കണ്‍‌വീനറുടെ വീടിന്റെ ഉമ്മറം നന്നാക്കി മൂന്നര ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നു വാങ്ങി ബാക്കി കമ്മറ്റിയും കോണ്‍‌ട്രാക്‍ടറും പാര്‍ട്ടിക്കാരും വട്ടം വിരിച്ച് നക്കി ഏമ്പക്കം വിട്ട് ബാക്കിയുള്ള കല്ല് അവിടെ നിന്നു വാരി പോയിട്ടും ജനകീയ പ്രശ്‌നങ്ങളിലും അഴിമതിക്കെതിരെയും ശക്തമായ ശബ്ദമുയര്‍ത്താറുള്ള ഇടത് യുവജന പ്രസ്ഥാനങ്ങളുടെ യൂണിറ്റൂകള്‍ പ്രവര്‍ത്തിക്കുന്ന മോങ്ങത്ത് ലീഗിനെതിരെ ഉപയോഗിക്കാനുള്ള ആയുധം കിട്ടിയിട്ടും ആരും ഒരു ചെറു വിരല്‍ പോലും അനക്കിയില്ല എന്നത് മോങ്ങത്തെ ഇടതു പക്ഷത്തിന്റെ മൊത്തത്തിലുള്ള ബലക്ഷയമാണ് സൂചിപ്പിക്കുന്നത്. 
        മോങ്ങത്ത് ഇതിനകം മുസ്ലിം ലീഗിന്റെയും ഐക്യമുന്നണിയുടേയും ഒരുപാട് പരിപാടികള്‍ നടന്നുവെങ്കിലും ഇതിന് ബദലായി ഒരു പൊതു യോഗം നടത്താന്‍ പോലും ഇടതു പക്ഷത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പാവുമ്പോള്‍ രണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ചാല്‍ എല്ലാമായി എന്നാണ് ഇവരുടെ നിര്‍ജീവാ‍വസ്ഥ കാണുമ്പോള്‍ തോന്നുന്നത്. ഒരു നാടിന്റെ സുഗമമായ വികസന മുന്നേറ്റത്തിനും അഴിമതി രഹിത രാഷ്‌ട്രിയത്തിനും ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ സംതുലിതാവസ്ഥ അനിവാര്യമാണ് എന്നതിനാല്‍ ഐക്യ മുന്നണി ശക്തമായി രംഗത്തുള്ള മോങ്ങത്ത് ഇടത്ത് പക്ഷവും ശക്തമാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ നിലവിലെ ഭാരവാഹികള്‍ പ്രവര്‍ത്തന സജ്ജമാവുകയോ അല്ലങ്കില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും ഇറങ്ങിചെല്ലാന്‍ കഴിയുന്ന നല്ല പ്രതിഛായയുള്ള പുതിയ നേതൃത്വത്തെ ചുമതലകളേള്‍‌പ്പിച്ച് അവര്‍ സ്വയം മാറി നില്‍ക്കാനെങ്കിലും ഇവര്‍ തയ്യാറാവണം.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment