ആലിന്‍ ചുവട് നിരാശരാക്കി


ആസിഫ് സൈബക്ക് പറാഞ്ചീരി
     മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ ഫിഫ മഞ്ചേരി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കെ സി എ ആലിഞ്ചുവടിനെ പരാജയപ്പെടുത്തി. വളരെ ശാന്തതയോടെ തുടങ്ങിയ കളി ഏതാണ്ട് എട്ടാം മിനിറ്റോടെ ആലിഞ്ചുവട് ചില ആക്രമണ ശൈലി പുറത്തെടുത്തെങ്കിലും വെടിയുണ്ട കണക്കെ ചീറിപ്പാഞ്ഞടുത്ത ഷോട്ടുകള്‍ ഫിഫ മഞ്ചേരിയുടെ ഗോള്‍ കീപ്പര്‍ വെറും തുമ്പിയെ പിടിക്കുന്ന ലാഘവത്തോടെ അദ്ദേഹത്തിന്റെ കൈകളിലൊതുക്കി. കളിയുടെ പത്താം മിനുട്ടില്‍ മഞ്ചേരിയുടെ സ്റ്റോപര്‍ ബാക്ക് റഹൂഫിന് മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്നും ആലിഞ്ചുവട് വിഫലമായ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പതിനഞ്ചാം മിനിറ്റോടെ കളിയുടെ നിയന്ത്രണം ഫിഫ മഞ്ചേരിയുടെ കൈകളിലായി. ഇരുപത്തൊന്നാം മിനുട്ടില്‍ ഫൌളിനു കിട്ടിയ ഫ്രീകിക്ക് ലെഫ്റ്റ് ഔട്ട് ലൈബീരിയന്‍ താരം എറിക്ക് തൊടുത്തുവിട്ട ശരം അതിമനോഹരമായ സേവിങ്ങിലൂടെ ഗോള്‍കീപ്പര്‍ രക്ഷപ്പെടിത്തി. ഇരുപത്ത്ഞ്ചാം മിനുട്ടില്‍ സ്റ്റോപ്പര്‍ ബാക്ക് റഹൂഫിന്റെ അത്ത്യു‌ഗ്രന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ എം എ ഡബിള്‍ സേവിങ്ങിലൂടെ ഗോള്‍ വല കാത്ത് കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിച്ചു. ഇരുപത്തി ഏഴാം മിനുട്ടില്‍ റൈറ്റ് ഔട്ട് നൈജീരിയന്‍ താരം ആല്‍ഫ്രെഡ് നല്‍കിയ ക്രോസ് പാസ്സ് സെന്റര്‍ ഫോര്‍വേഡ് മുഹമ്മെദ് മാലിക്ക് ലക്ഷ്യ സ്ഥാനത്തെത്തിച്ചു. കളിയുടെ ആദ്യ പകുതി അവസാനിക്കും വരേ 1-0 ന് ഫിഫ മഞ്ചേരി ലീഡ് ചെയ്തു.
        കളിയുടെ രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലെ പതിനെട്ടാം മിനുട്ടില്‍ ഫിഫയുടെ എറിക്കിന്റെ ഷോട്ടിലൂടെ സ്‌കോര്‍ ബോര്‍ഡില്‍ ഫിഫ മഞ്ചേരിക്ക് വേണ്ടി ഒരു ഗോള്‍ കൂടി എഴുതിച്ചേര്‍ക്കേണ്ടി വന്നു. ഇതോടെ 2-0 ന് പിന്നിലായ ആലിഞ്ചുവട് ഒന്നുകൂടി ഉണര്‍ന്ന് കളിച്ചെങ്കിലും ഫോര്‍വേഡുകളായ മുനവ്വറിനും സോമാലിയന്‍ താരം സാമ്പക്കിനും ലക്ഷ്യത്തിലെത്തിക്കുവാന്‍ സാധിച്ചില്ല. ഈ സീസണിലെ മൂന്നു ടൂര്‍ണമെന്റുകളില്‍ ജേതാക്കളായ എ വൈ സി ഉച്ചാരക്കടവിന്റെ ടീമുമായെത്തിയ ആലിഞ്ചുവട് അക്ഷരാര്‍ത്തത്തില്‍ കാണികളെ നിരാശപ്പെടുത്തിയെന്ന് പറയാതെ വയ്യ.  മലപ്പുറം എ.എസ്.പി കപ്പ് ജേതക്കളായ ആലുക്കാസ് തൃശൂരിന്റെ ടീമുമായി ഇറങ്ങുന്ന ന്യൂ ഫ്രന്‍ണ്ട്സ് പൂക്കോട്ടൂര്‍ കെ.എഫ്.സി.കാളികാവിനെ ഇന്ന് നേരിടും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment