കത്ത് കൊള്ളാം പക്ഷെ....



കത്ത് കൊള്ളാം പക്ഷേ.....!

           സ്‌ത്രീധനത്തിനെതിരെ മോങ്ങം മഹല്ലില്‍ ഒരു പ്രാവര്‍ത്തിക കൂട്ടായ്‌മക്ക് മുന്നിട്ടിറങ്ങണമെന്ന് ഉപദേശിച്ച് കൊണ്ട് നിയാസ് വെണ്ണക്കോടന്‍ മഹല്ല് ഖാദിക്ക് എഴുതിയ കത്തും അതിനനുകൂലിച്ചും അല്ലാതെയും ഉള്ള പ്രതികരണങ്ങള്‍ കാണാന്‍ ഇടയായി. ഈ വിഷയവുമായി എനിക്കുണ്ടായ ചില അനുഭവങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത് 
  സ്ത്രീധനം എന്നത് സമൂഹത്തില്‍ നിന്നും പിഴുതെറിയേണ്ട തിന്മ തന്നെയാണ്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ കണ്ണീര്‍ കുടിക്കുന്ന അനേകം രക്ഷിതാക്കളും ദാമ്പത്ത്യജീവിതം സ്വപ്നം കാണുന്ന അനേകം യുവതികളും ഉണ്ട് നമ്മുടെ നാട്ടില്‍ . ധാര്‍മികതയും ആദര്‍ശവുമൊക്കെ എഴുതാനും പ്രസംഗിക്കുവാനും എളുപ്പമാണു സുഹൃത്തേ, പക്ഷേ കര്‍മ്മ പഥത്തില്‍ കൊണ്ടുവരാനാണു പ്രയാസം. താങ്കളുടെ വരികളില്‍ മഹല്ല് ഖാദിക്കെതിരേയുള്ള വിമര്‍ശനവും ഉപദേശവുമുണ്ട്.ഒരു വിഭാഗത്തെ മാത്രം അടച്ചാക്ഷേപിക്കുന്ന ധ്വനിയും; ഇതിനൊക്കെ മുമ്പ് താങ്കളുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരുടേയു കാരണവന്മാരുടെയും മക്കളുടെ വിവാഹത്തില്‍ അവര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നത് പുന:പ്പരിശോധിക്കുന്നത് നന്നായിരിക്കും.
          താങ്കള്‍ ഒരു പക്ഷേ സ്‌ത്രീധന രഹിത വിവാഹം കഴിച്ചിട്ടുണ്ടാവാം. പക്ഷേ, ഇത്തരത്തിലുള്ള എത്രപേരുണ്ട് താങ്കള്‍ക്കൊപ്പം ഖാദി നേതൃത്ത്വം നല്‍കുന്ന കൂട്ടായ്‌മയില്‍ അണിചേരാന്‍ . പലരും രാത്രിയുടെ മറവിലും കല്ല്യാണത്തലേന്നും പണക്കിഴി വാങ്ങുകയും കൊടുക്കുകയും ചെയ്‌തിട്ടല്ലേ സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നതും സ്ത്രീധനത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്നതും. വിവാഹത്തിനു പ്രായമായ ചെറുപ്പക്കാര്‍ പഠനം കഴിഞ്ഞ് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന പെണ്‍ കുട്ടികളെ കല്ല്യാണം ഉറപ്പിക്കുകയും അവര്‍ക്ക് ജോലിക്ക് വേണ്ടി കൊടുക്കേണ്ട കോഴപ്പണം പിതാവില്‍ നിന്നും സ്വീകരിക്കുന്നതും നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമല്ലേ....? ഇതിന് എന്ത് ഓമനപ്പേരാണ് നല്‍കേണ്ടത്....!! ആണ്‍ മക്കള്‍ ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നും കല്ല്യാണം കഴിക്കുകയും സ്ത്രീധനം കൊടുക്കില്ലെന്ന വാശിയില്‍ പെണ്മക്കളെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുകയും ചയ്യുന്ന ദുരവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാര്‍ഥ്യം താങ്കള്‍ അറിയാതിരിക്കാന്‍ നിര്‍വാഹമില്ല. എന്തേ...ആ വീട്ടിലെ പാവം പെണ്‍കുട്ടികള്‍ക്കൊരു ജീവിതം കൊടുക്കാന്‍ സമാനചിന്താഗതിയുള്ള ആദര്‍ശ വാദികള്‍ വരാതിരിക്കുന്നത്....? 
          നമ്മുടെ നാട്ടുകാരനും മരണം വരെ താങ്കളുടെ ആദര്‍ശത്തിനൊപ്പം നിലകൊണ്ടയാളും താങ്കളുടെ ഉമ്മയുടെ അയല്‍‌വാസിയുമായ ഒരാള്‍ കഴിഞ്ഞ വര്‍ഷം മരണപ്പെടുന്നതിന്നു മുമ്പ് രോഗ ശയ്യയില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന ജേഷ്ട പുത്രനോട് പറഞ്ഞ വാക്കുകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു.“മോനേ.... നീ ഈ കൂട്ടര്‍ക്കൊപ്പം ചേരരുത്. നിനക്കറിയില്ലേ എളാപ്പാന്റെ ആണ്‍കുട്ടികളൊക്കെ സാമ്പത്തികശേഷിയുള്ള വീടുകളില്‍ നിന്നും സ്‌ത്രീധനമില്ലാതെ കല്ല്യാണം കഴിച്ച് കൊണ്ട് വന്നു, എന്റെ നാല് പെണ്‍‌മക്കളെ സ്‌ത്രീധനമില്ലാതെ കെട്ടികൊണ്ട് പോവാന്‍ ഇതു വരെ ആരും വന്നില്ല. കണ്ണടക്കുന്നതിനു മുമ്പ് സ്വന്തം മക്കള്‍ക്ക് വിവാഹ ജീവിതം നല്‍കാന്‍ കഴിയാത്തതിലുള്ള ഒരു പിതാവിന്റെ മനോവേദനയാല്‍ ഇറ്റിറ്റ് വീഴുന്ന കണ്ണീരിന്റെ നനവുള്ള വാക്കുകള്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്..? എന്തേ തെരുവോരങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ സ്‌ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്യുന്ന ചെറുപ്പക്കാരൊന്നും ആ വീടിന്റെ ഉമ്മറപടി കയറാതിരുന്നത്..?
     മറ്റൊരു അനുഭവം കൂടി എനിക്ക് പറയാനുണ്ട് താങ്കളുടെ ബന്ധുവും താങ്കളുടെ ആദര്‍ശ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും നമ്മുടെ അയല്‍ നാട്ടുകാരനുമായ ഒരു ഹാജി തന്റെ മകളുടെ കല്ല്യാണത്തിന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ഹാജിയാരെ എങ്ങിനെയാണ് ഡിമാന്റുകളൊക്കെ ..? രണ്ടക്ക പവന്‍ സ്വര്‍ണ്ണവും പതിനായിരങ്ങള്‍ സ്‌ത്രീധനവും കൊടുക്കണമെന്നും പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. “പുതിയാപ്പിളക്ക് സ്‌ത്രീധനം വേണമെന്ന് പറഞ്ഞാല്‍ കൊടുക്കയല്ലാതെ ഞാനെന്ത് ചെയ്യും. അദ്ധേഹത്തിന്റെ വക്കുകള്‍ . എന്തേ സ്‌ത്രീധനം വാങ്ങാതെ കല്ല്യാണം കഴിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരൊന്നും നിങ്ങളുടെ മക്കളെ കെട്ടാന്‍ വന്നില്ലെ..? എന്റെ മറുചോദ്യം “അവരെ കാത്തു നില്‍ക്കുമ്പോഴേക്ക് എന്റെ കുട്ടി മൂത്ത് നെരച്ച് മൂലക്ക് ഇരിക്കേണ്ടി വരും”.
    പ്രസ്‌തുത കല്യാണത്തിനു കാര്‍മികത്വം വഹിച്ചതും എല്ലാ വിധ ഒത്താശകളും ചെയ്‌തു കൊടുത്തതും ആരായിരുന്നു...? (നിക്കാഹിന് മൗലവി കൈമടക്ക് വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യം) പ്രിയ സുഹൃത്തെ ഇവിടെ ഒരു കാപട്യത്തിന്റെ മുഖമില്ലെ? ഇന്നലെ വരെ പറഞ്ഞ നടന്ന ധാര്‍മികതയും ആദര്‍ശ്വും സ്വന്തം മക്കളുറ്റെ കല്യാണം വന്നപ്പോള്‍ കാറ്റില്‍ പറത്തിയത് അവനവന്റെ കാര്യം വന്നപ്പോള്‍ ശരിയും മറ്റുള്ളവര്‍ക്കാവുമ്പൊഓള്‍ തെറ്റും , കൊള്ളാം...!
            സ്‌ത്രീധനമെന്ന മഹാവിപത്ത് പല കാരണങ്ങളാലാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. തൊലി അല്‍‌പ്പം കറുത്തതിന്റെ പേരില്‍ അല്‍‌പം അംഗ വൈകല്യം സംഭവിച്ചതിന്റെ പേരില്‍ അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കമായതിന്റെ പേരില്‍ വിവാഹ ജീവിതം നിഷേധിക്കപ്പെട്ട് കണ്ണീരും കയ്യുമായി ധാമ്പത്ത്യ ജീവിതം സ്വപനം കണ്ട് കഴിയുന്ന നമ്മുടെ സഹോദരിമാര്‍ക്ക്, മക്കള്‍ക്ക് പിതാവോ സഹോദരനോ അല്ലങ്കില്‍ നാട്ടുകാരോ എന്തെങ്കിലും പാരിതോഷികം നല്‍‌കി ഒരു പുതു ജീവിതത്തിലേക്ക് വഴി തുറന്ന് കൊടുക്കുന്നത് ഇതിനേക്കാള്‍ വലിയ സാമൂഹ്യ ജീര്‍ണ്ണതകള്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ വലിയ പാതകമാണോ..?
      ഇത്രയുമായപ്പോള്‍ തങ്കള്‍ക്ക് തോന്നിയിട്ടുണ്ടാവും ഞാനൊരു സ്‌ത്രീധന വാദിയും അതിനെ ന്യായീകരിക്കുന്നവനുമാണെന്ന്. ഒരിക്കലുമല്ല. ഞാന്‍ പ്രധിനിതാനം ചെയ്യുന്ന പ്രസ്ഥാനം തന്നെ ഇതിനോടകം ഒട്ടേറെ സ്‌ത്രീധന രഹിത വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ കോഴിക്കോട്ട് വെച്ച് ഇത്തരത്തിലുള്ള മുപ്പതിലേറെ വിവാഹങ്ങള്‍ നടന്നു. ഇതൊന്നും സമുഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ലന്ന് ഇത്തരുണത്തില്‍ ഓര്‍മപെടുത്തുന്നു. താങ്കളുടെ കത്തില്‍ പരാമര്‍ശിച്ച നാല് പെണ്മക്കളും ഒരു ആണ്‍ തരിയുമുള്ള വീട്ടില്‍ നാലു പേരും പരിഭവങ്ങളൊന്നുമില്ലാതെ ഭര്‍ത്താക്കന്മാര്‍കൊപ്പം കുടുംബ ജീവിതം നയിക്കുന്നു. അല്‍ഹംദുലില്ലാഹ്. ആണ്‍‌തരി സ്ത്രീധനം കൊടുത്തിട്ടെങ്കിലും നാല് സഹോദരിമാര്‍ക്ക് ജീവിതം നല്‍കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അവന്‍ . പക്ഷെ തൊട്ടടുത്ത വീട്ടില്‍ താങ്കളുടെ അയല്‍പക്കത്ത് വിവാഹ പ്രായം കഴിഞ്ഞ് പുരനിറഞ്ഞ് നില്‍ക്കുന്ന നിധനരായ യുവതികളെ തേടി വിവാഹാലോചനക്ക് താങ്കളോ സമാന ചിന്താഗതിയുള്ളവരോ എത്തിനോക്കാതിരുന്നത് ധാര്‍മികതയുടെ മൂല്യച്യുതിയല്ലെ വിളിച്ചോതുന്നത്..?
       താങ്കള്‍ ചെറുപ്പമായത് കൊണ്ട് നാട്ടില്‍ കഴിഞ്ഞ് പോയ പല വിവാഹങ്ങളുടെയും പിന്നാന്‍പുറ കഥകള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. അല്ലങ്കില്‍ അറിവില്ലായ്‌മ നടിക്കുകയാവാം. നാലാള്‍ കൂടുന്നിടത്ത് പറയാതെ വിവാഹതലേന്നും മറ്റും പണകിഴി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന, പണത്തിനു പകരം സ്വര്‍ണത്തിന്റെ കനം കൂട്ടുന്ന, വധുവിനു ജോലിക്ക വേണ്ടി ലക്ഷങ്ങള്‍ ആവിശ്യപെടുന്ന “ആദര്‍ശ വാദികളുടെയും ധാര്‍മികതയുടെ വക്താക്കളുടെയും” കപട മുഖം ചീന്തിയെറിയ്യാനുള്ള ആര്‍ജവമാണ് ആദ്യം വേണ്ടത്. എന്നിട്ടാവം മഹല്ല് ഖാദിയുടെ മകളുടെ വിവാഹത്തിനു സമുദായ മധ്യത്തില്‍ കൈനീട്ടിയതിനെയും കൈമടക്ക് സ്വീകരിക്കുന്നതിനെയും വിമര്‍ശിക്കാന്‍ . ഒരു മഹല്ലിന്റെ ഭരണം നടത്താന്‍ ദീനി സേവന രംഗത്ത് താങ്കെളെക്കാള്‍ പാണ്ഡിത്യവും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവുമുള്ള ഖാദിയെ ഉപദേശിക്കാന്‍ മാത്രം ചെറുപ്രായക്കാരനായ താങ്കള്‍ ആയിട്ടുണ്ടോ എന്ന് കൂടി ഒരു ആത്മപരിശോധന നടത്തുക. താങ്കളുടെ വിശ്വാസ പ്രകാരം ശിര്‍ക്കിന്റെ പ്രചാരകനായ താങ്കള്‍ അംഗീകരിക്കാത്ത മഹല്ല് ഖാദിയെ സ്ത്രീധന വിരുദ്ധ കൂട്ടായ്‌മക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചത് വാര്‍ത്താ ശ്രദ്ധ നേടാനുള്ള വെറും ഒരു ജാടയല്ലേ...? മാന്യ സുഹൃത്തിന്റെ ഈ ഉദ്ധ്യമം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ തങ്കളോടൊപ്പമുള്ളവരെ ആദ്യം ഈ ദുരാചാരത്തിന്റെ കൈ പിടിയില്‍ നിന്നു മാറ്റി നിര്‍ത്തുക. എന്നിട്ടാവാം നാട് നന്നാക്കാനുള്ള കൂട്ടായ ശ്രമം. അല്ലാതെ ഞങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന മട്ടില്‍ ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തി മുഖം രക്ഷിക്കാനുള്ള ഈ ശ്രമം വിലപോവില്ല.


സി.കെ.ഹംസ മോങ്ങം
ജിദ്ധ.     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment