അരിമ്പ്രയെ ഇളക്കിമറിച്ച് കാളപ്പൂട്ട് മത്സരം



                              മോങ്ങം: അരിമ്പ്രയെ ഇളക്കിമറിച്ചു രണ്ടാമത് കലന്തന്‍ സ്‌മാരക കാളപ്പൂട്ട് മത്സരം ആവേശകരമായി. ജില്ലക്കകത്തും പുറത്തും നിന്നും ആയിരകണക്കിനാളുകളാണ് മത്സരം വീക്ഷിക്കാന്‍ അരിമ്പ്ര സ്‌കൂള്‍ പടിക്ക് സമീപമുള്ള പാടത്ത് തടിച്ച് കൂടിയത്. പാടശേഖരങ്ങള്‍ അന്ന്യമാകുന്ന പുതിയ യുഗത്തില്‍ കാര്‍ഷികവൃത്തിയെ ഇന്നും കൈവിടാത്ത അരിമ്പ്രയുടെ പാടശേഖരങ്ങളില്‍ പുത്തനുണര്‍വ്വ് നല്‍കികൊണ്ട് നടന്ന കാളപ്പൂട്ട് മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍‌‌പ്പത്തിയെട്ട് ജോഡി കാളകളാണ് പങ്കെടുത്തത്. കാലത്ത് എട്ട് മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്.  
              ആവേശത്തിന്റെ കൊടുമുടി കയറിയ മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് വാശിയേറിയ ഓട്ടമായിരുന്നു കാളകള്‍ കാഴ്ച്ചവെച്ചത്. വീറുറ്റ മത്സരത്തിനൊടുവില്‍ പുളിയംപറമ്പിലെ ചെമ്പാന്‍ വീരാന്‍ഹാജിയുടെ കന്നുകളാണ് ഒന്നാം സ്ഥാനം നേടിയത്. അയിലക്കാടന്‍ കെ വി മുഹമ്മദാജിയുടെ രണ്ട് ജോടിയുടെ കന്നുകള്‍ രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ എന്‍ സി ഗ്രൂപ് വളാഞ്ചേരി നാലാം സ്ഥാനവും, കെ പി എം ബ്രദേര്‍സ് കപൂര്‍ അഞ്ചാം സ്ഥാനവും നേടി. വിജയികള്‍ക്ക് അരിമ്പ്ര ലീഡേര്‍സ് ക്ലബ്ബും, ഐടെക്ക് മെറ്റല്‍സും സ്പോണ്‍സര്‍ ചെയ്‌ത ട്രോഫികള്‍ സമ്മാനിച്ചു. പ്രശസ്‌ത കാളപൂട്ട്കാരന്‍ കല്ല മുഹമ്മത് തന്റെ കന്നുകളുമായി എയര്‍ കണ്ടീഷന്‍ ലക്ഷ്വറി ബസില്‍ എത്തിയത് കാണികളില്‍ കൌതുകമുളവാക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment