ഏതു ആദര്‍ശത്തോടും സംവദിക്കാന്‍ ജമാ‍‌അത്ത് തയ്യാര്‍


          ഏതു ആദര്‍ശത്തോടും ചിന്താഗതിക്കാരോടും സംവദിക്കാന്‍ തയ്യാറുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നു മോങ്ങത്തു സംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സലീം മമ്പാട്‌ പ്രസ്താവിച്ചു. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് കൊണ്ട് ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നീതിയുക്തവും സുതാര്യവുമായ പരിഹാരം നിര്‍ദേശിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമത തെളിയിച്ചു കൊടുക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്തു കൊണ്ടിരിക്കുന്നത്.
              എന്നാല്‍ നമ്മുടെ രാജ്യത്തും രാഷ്ട്രാന്തരീയ തലത്തിലും അഴിമതിയും അധാര്മികതയും അനീതിയും പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് അടുത്ത കാലത്ത് നടന്ന വമ്പന്‍ അഴിമതി ഇടപാടുകള്‍ ഇന്ത്യയെ ലോകത്ത് തന്നെ ഒന്നാം കിട അഴിമതി രാജ്യമായി മാറ്റിയിരിക്കുകയാണ്. നമ്മുടെ രാജ്യം രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത മാര്‍ഗത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കുകയും നേരെ വിപരീത ദിശയില്‍ കുറെ ദൂരം മുന്നോട്ടു പോവുകയും ചെയ്തിരിക്കുന്നു. ഗാന്ധിജി തള്ളിപ്പറഞ്ഞ ഇസ്രായേല്‍ നമുക്കിന്നു ഉറ്റ സുഹൃത്തും സഹകാരിയുമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി നമ്മുടെ സര്‍ക്കാര്‍ ഇസ്രയേലുമായി ഉണ്ടാക്കിയെടുത്ത ചങ്ങാത്തം മനുഷ്യ വിരുദ്ധവും അധാര്മികവുമാണ്.
രണ്ടു മണിക്കൂറുകളോളം നീണ്ടു നിന്ന തന്റെ ഉജ്ജ്വല പ്രസംഗത്തില്‍ അദ്ദേഹം ഏതാണ്ടെല്ലാ ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുകയും ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
എന്‍. ഇബ്രാഹിം അധ്യക്ഷത വഹിച്ചു, കെ. ജലീല്‍ സ്വാഗതം പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment