നീന്തി കുളിക്കാന്‍ കുളമില്ല: മോങ്ങത്തുകാര്‍ മറു നാട്ടിലേക്ക്

      മോങ്ങം: മഴക്കാലം തുടങ്ങിയതോടെ ഇതര നാട്ടുകാരെ പോലെ മോങ്ങത്തുകാര്‍ക്കൊന്ന് ചാടിക്കുളിക്കണമെന്ന മോഹം തോന്നിയാല്‍ രക്ഷയില്ല. നിരവധി കുളങ്ങളുള്ള മോങ്ങത്ത് മിക്കതും ഉപയോഗ ശൂന്യമായിപ്പോയതാണ് ഇതിനു കാരണം. പ്രാവസികളില്‍ ലീവിന് നാട്ടിലെത്തുന്നവരും നാട്ടിലുള്ള യുവാക്കളും അവരുടെ ആഗ്രഹ സഫലീകരണത്തിന്  ദേശാടനക്കിളികളെപ്പോലെ അയല്‍ പ്രദേശങ്ങളിലെ നീന്തല്‍ കുളങ്ങളെയാണിപ്പോള്‍ ആശ്രയിക്കുന്നത്. അരിമ്പ്ര, വെള്ളുവമ്പ്രം,മൈലാടിമ്മല്‍ കൊണ്ടോട്ടി, കുമ്മിണി പറമ്പ്  തുടങ്ങിയ സ്ഥലങ്ങളിലെ കുളങ്ങളാണ് മോങ്ങത്തുകാര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.
     ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് അരിമ്പ്ര പാലത്തിങ്ങല്‍ കലന്തന്‍ ഹാജിയുടെ കുളത്തിലാണ്. വെള്ളത്തിന്റെ ശുദ്ധിയും കുളത്തിന്റെയും പരിസര പ്രദേശത്തിന്റെയും വ്രിത്തിയും വെടിപ്പും തന്നെയാണ് ഇതിനു പ്രധാന കാരണമായി പറയപ്പെടുന്നത്. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ മോങ്ങത്തുള്ളവര്‍ മാത്രമല്ല പല ഭാഗങ്ങളില്‍ നിന്നും മഴക്കാലമായാല്‍ ഇവിടെ നിറയെ ആളുകള്‍ എത്താറുണ്ടെന്നും പരിസരവാസികള്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു.

          മോങ്ങത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി കൊള്ളുന്ന പള്ളിക്കുളത്തിന്റെ ഇന്നത്തെ ജീര്‍ണ്ണിച്ച അവസ്ഥ കണ്ടാല്‍ വേദന തോന്നിപ്പോകുമെന്നും നിരവധി സാംസ്കാരിക സംഘടനകളുള്ള നമ്മുടെ നാട്ടില്‍ ഈ കുളം ഇത്രത്തോളം നാശമായത് എങ്ങിനെ എന്നുള്ള ചോദ്യത്തിന് മറുപടിയില്ലെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. ദര്‍ശന ക്ലബ്ബിന്റെ നീന്തല്‍ മത്സരത്തിന്റെ മുന്നോടിയായി ക്ലബ്ബ് മെമ്പര്‍മാരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം പരിശ്രമിച്ച് കൊണ്ടായിരുന്നു ഇത് വൃത്തിയാക്കിയിരുന്നത്. ദര്‍ശന ക്ലബ്ബ് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന നീന്തല്‍ മത്സരം ഇടക്ക് വെച്ച് നിര്‍ത്തലാക്കിയതും  രാത്രി സമയങ്ങളില്‍ കുളത്തിന്റെ പരിസരം ചില സാമൂഹ്യ വിരുദ്ധര്‍ കയ്യേറുന്നതും കുളത്തിന്റെ നാശത്തിനു കാരണമായി എന്നാണ് വസ്തുത. ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ഈ കുളം അറ്റ കുറ്റ പണി നടത്തിയിരുന്നുവെങ്കിലും അതും  ഈ കുളത്തിന്റെ നാശത്തിനു ആക്കം കൂട്ടി. പള്ളികുളത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് എന്റെ മോങ്ങം ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  
       പള്ളി കുളത്തിനെ കൂടാതെ മോങ്ങത്തെ അറിയപെട്ട മറ്റു കുളങ്ങളായ മാട്ടകുളവും മാനേം കുളവും എല്ലാം ഇന്ന് നീന്തി കുളിക്കാന്‍ പറ്റാതയിരിക്കുകയാണ്. മാട്ടക്കുളം ആഴം കുറവായതിനാല്‍ പെട്ടന്ന് വെള്ളം കലങ്ങുന്നതിനാലും മുമ്പ് കാലം തൊട്ടേ അത് ഒരു വനിതാ സംവരണ കുളമായതിനാലും അത് യുവാക്കള്‍ ഉപയോഗിക്കാറില്ല.
     എന്നാല്‍ സ്ഫടികം കണക്കെ തെളിഞ്ഞ വെള്ളമുണ്ടായിരുന്ന ആലുങ്ങപൊറ്റ മാനേം കുളം നിരവധി പേര്‍ നീന്തല്‍ പടിച്ച നീന്തി കുളിച്ച കുളമായിരുന്നുവെങ്കിലും ഏതാനും വര്‍ഷം മുമ്പ് പള്ളി പുതിക്കി പണിതപ്പോള്‍ കുളത്തിന്റെ നല്ലൊരു ശതമാനവും ഉപയോഗിച്ചത്  കൊണ്ട് ഇപ്പോള്‍ കുളം ചുരുങ്ങിയതിനാല്‍ ആ കുളവും പുതു തലമുറക്ക് നഷ്‌ടമായി. 
       നിരവധി തലമുറകള്‍ക്ക് നീന്തല്‍ പഠിപ്പിച്ച മോങ്ങത്തിന്റെ പൈതൃക സ്വത്തുക്കളായ പള്ളിക്കുളവും മാട്ടകുളവും അടക്കമുള്ള കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് വരും തലമുറയോട് നമ്മള്‍ ചെയ്യേണ്ട കടമയാണ്. ഇക്കാര്യത്തില്‍ നാട്ടിലെ രാഷ്‌‌ട്രീയ സാംസ്കാരിക  പ്രവര്‍ത്തകരും നാട്ടുകാരും എല്ലാവരും സഹകരിച്ച് മുന്നിട്ടിറങ്ങേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

വെറുതെ അല്ല മോങ്ങതുള്ള എന്‍റെ കൂടുകാരന്‍ അസലമിന് (കാമുകന്‍)കുളിച്ചാല്‍ ജലദോഷം പിടിക്കും എന്ന് പറയുന്നത് ......

Post a Comment