ഉമ്മുല്‍ ഖുറാ ദ‌അവാ സെല്ലിന്റെ റമദാന്‍ പഠന വേദിക്ക് തുടക്കമായി

    മോങ്ങം:പരിശുദ്ദ റമളാനിന്റെ ദിനരാത്രങ്ങളെ കര്‍മ്മ ധന്യമാക്കാന്‍ ഉമ്മുല്‍ഖുറാ ദ‌അവാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന റമളാന്‍ പഠനവേദിക്ക് നജീബ് അഹ്‌സനി വീമ്പൂരിന്റെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. “ റമളാന്‍ “ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. തെറ്റ് കുറ്റങ്ങളില്‍ നിന്ന് അകന്ന് നിന്ന് നോമ്പിന്റെ ആത്മസത്ത ഉള്‍കൊള്ളാനും റമളാന്റെ പവിത്രത കാത്ത് സൂക്ഷിക്കാനും സത്യ വിശ്വാസികല്‍ തയ്യാറാവണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.അനിര്‍വ്വചനീയ അനുഗ്രഹങ്ങളുടേയും പാപ നരക മോചനങ്ങളുടേയും സവിശേഷ ദിനരാത്രങ്ങള്‍ അനുകൂലമാക്കി മാറ്റി പുണ്യം കൊയ്തു ഉന്നതിയിലെത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ഉണര്‍ത്തി.
   ത്യാഗി വര്യന്മാരായ മഹാരഥന്‍‌മാര്‍,കുടും‌ബം, അയല്‍വാസി എന്നീ വിഷയങ്ങളില്‍ നജീബ് അഹ്സനിയുടെ ക്ലാസിന് ശേഷം റംസാ‍ന്‍  7‌,8‌,9‌ എന്നീ തിയ്യതികളില്‍ “അന്ത്യ ദിനം- മുന്നറിയിപ്പുകള്‍, അടയാളങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദു ലത്തീഫ് സഖാഫി ചെറുമുക്ക് പ്രഭാഷണം നടത്തും.  10‌,11‌,13‌ എന്നീ തിയ്യതികളില്‍ റഫീഖ് അഹ്‌സനി ചേളാരിയാണ് പ്രഭാഷകന്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍,മതാപിതാക്കള്‍ എന്നതാണ് വിഷയം. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ (റംസാ‍ന്‍ 14-15) തിയ്യതികളില്‍ ഹൃദ്‌രോഗത്തിന്റെ പഞ്ച ചികിത്സകള്‍, ഭൂമി കുലുക്കം എന്നീ വിശയങ്ങളില്‍ ഇബ്രാഹിം സഖാഫി കോട്ടൂര്‍ പ്രഭാഷണം നടത്തും. 16-17-18 തിയ്യതികളില്‍  മസ്‌ഹൂദ് സഖാഫി ഗൂഡല്ലൂര്‍ മഹ്ഷറ, സ്വിറാത്ത്, നരകം, സ്വര്‍ഗം എന്നീ വിഷയങ്ങളെ അതികരിച്ച് സംസാരിക്കുന്നു.
     രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് മണി വരെയാണ് പ്രഭാഷണ സമയം. വെള്ളിയാഴ്ച്ചകളില്‍ ജുമുഅക്ക് ശേഷം യഥാക്രമം, സൈത് മുഹമ്മദ് സഖാഫി ചുങ്കത്തറ, ഹംസ സഖാഫി പൂക്കോട്ടൂര്‍, ഇബ്രാഹിം സഖാഫി കോട്ടൂര്‍ എന്നിവരുടെ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. റമദാന്‍ 26ന് സയ്യിദ് ഹബീബ് കോയ  അല്‍ ബുഖാരി  തങ്ങള്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനാ സംഗമത്തോടെ റമദാന്‍ പരിപാടികള്‍ക്ക് സമാപനം കുറിക്കും. പുരുഷന്‍‌മാര്‍ക്ക് ഉമ്മുല്‍ഖുറാ മസ്ജിദിലും സ്ത്രീകള്‍ക്ക് തൊട്ടടുത്ത സ്റ്റാര്‍ ബില്‍ഡിങ്ങിലുമാണ് പരിപാടി ശ്രവിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment