മാരക രോഗവും ദുര്‍ഗന്ധവുമായി തെരുവു നായ: ജനം ദുരിതത്തില്‍

          മോങ്ങം: ദുര്‍ഗന്ധം വമിക്കുന്ന മാരക രോഗവുമായി ഒരു തെരുവ് നായ അലയുന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഭീതിയിലാണ് മോങ്ങത്തുകാര്‍. തല ഭാഗം ഏറെ കുറെ ചീഞ്ഞളിഞ്ഞ് വേധനകൊണ്ട് പുളയുന്ന നായ എവിടെയും നില്‍ക്കാതെ ലക്ഷ്യമില്ലാതെ അലയുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോങ്ങത്തെ ഏതാനും വീടിനകത്തും കയറിയത് കുറച്ചൊന്നുമല്ല പ്രയാസമുണ്ടാക്കിയത്. മോങ്ങം ചാടിക്കല്ല് ഒരപ്പുണ്ടിപാറ പ്രദേശങ്ങളിലെ ചില വീടുകളിലാണ് വേധന കൊണ്ട് പുളയുന്ന തെരുവ് നായ കയറിയത്.
     നായയുടെ ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ അസഹിനീയമാം വിധം ദുര്‍ഗന്ധം വമിക്കുന്നതായി അത് ശ്വസിക്കാന്‍ വിധിക്കപെട്ടവര്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സിനോട്” പറഞ്ഞു. ഒരു വീട്ടില്‍ കയറിയ നായ ബെഡില്‍ കയറി കിടന്നതിനാല്‍ ആ കിടക്കയും തലയണയും വിരിപ്പ് പുതപ്പ് എന്നിവയെല്ലാം കത്തിച്ച് കളയേണ്ടി വന്നു.  തുറന്നിട്ട വാതില്‍ കണ്ടാല്‍ അകത്തേക്ക് കയറുന്ന നായ എല്ലാ മുക്കുമൂലകളും പരതി ചിലപ്പോള്‍ ഏതെങ്കിലും റൂമുന്റെ മൂലയില്‍ ഇരിപ്പുറപ്പിക്കുന്നതിനാല്‍ അതിനെ വീട്ടില്‍ നിന്ന് ഒന്ന് പുറത്താക്കി കിട്ടാന്‍ ഏറെ പണിപെട്ടതായി വീട്ടുകാര്‍ പറഞ്ഞു. 
    രണ്ട് ദിവസം കോളേജ് റോഡ് ഭാഗത്ത് കണ്ടെന്ന് പറയുന്ന നായ ഇന്നലെ അരിമ്പ്ര റോഡില്‍ പാറമ്മല്‍ ഫൈസലിന്റെ വീട്ടുവളപ്പിലെത്തിയത് വീട്ടുകാരി കണ്ടതിനാല്‍ ആട്ടിയോടിക്കുകയായിരുന്നു. നായയുടെ തല പൂര്‍ണമായും തകര്‍ന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ്. ഒരു മാസം മുസ്ലിയാരങ്ങാടിയില്‍ ഈ നായയെ കണ്ടതായി പറയപെടുന്നു. ഏതായാലും സ്ത്രീകളും കുട്ടികളും ഈ നായയെ പേടിച്ച് വളരെ ഭീതിയോടെയാണ് കഴിയുന്നത്. പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും എത്രയും പെട്ടന്ന് ഈ വിഷയത്തില്‍ ഇടപെട്ട് നായയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റേണ്ടത് അത്യാവിശ്യമാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment