ക്ലാസ്മേറ്റ്സ് സംഗമം നവ്യാനുഭവമായി

    മോങ്ങം: ഒരു പതിറ്റാണ്ടിനു ശേഷം പഴയ ക്ലാസ്മേറ്റ്സുകള്‍ വീണ്ടും ഒത്ത് കൂടിയപ്പോള്‍ അതൊരു നവ്യാനുഭവമായിരുന്നു അവര്‍ക്ക്. പഠിച്ചും കളിച്ചും കലഹിച്ചും നടന്ന ആ പഴയ സ്കൂള്‍ മുറ്റത്തെത്തിയപ്പോള്‍ കാലവും പ്രായവും മറന്ന് പാരകളും തമാശയുമായി അവര്‍ ആ പഴയ ഏഴാം ക്ലാസുകാരായി. മോങ്ങം എ.എം.യു.പി.സ്കൂളില്‍ നിന്ന് 2000-2001 വര്‍ഷം ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന പഴയ കൂട്ടുകാരാണ് ജീവിത തിരക്കുകളും ചുറ്റുപാടുകളും മാറ്റിവെച്ച് ഏതാനും മണിക്കൂര്‍ തങ്ങളുടെ ക്ലാസ് മുറിയില്‍ ഒത്ത് ചേര്‍ന്ന് അനുഭവങ്ങളും ഓര്‍മകളും പങ്ക് വെച്ചത്.
     കഴിഞ്ഞ ജൂലൈ 31നു ഞാറാഴ്ച്ച നടന്ന അലുംനി മീറ്റില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും പത്ത് വര്‍ഷം കൊണ്ട് വന്ന മാറ്റങ്ങള്‍ പലതായിരുന്നു. 32 ആണ്‍ കുട്ടികളും ആറ് പെണ്‍ കുട്ടികളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. ആണ്‍ കുട്ടികള്‍ പലരും വിദേശത്തായതിനാലും പെണ്‍ കുട്ടികള്‍ വിവാഹം കഴിഞ്ഞ് പല ദിക്കുകളിലായതിനാലും പലര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. പങ്കെടുത്ത പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് വിവാഹിതയായിട്ടുള്ളത്. രണ്ട് പേരുടെ വിവാഹം അടുത്തമാസം നടക്കുന്നതിനാല്‍ അവര്‍ക്ക് ഇത് വിവാഹ ക്ഷണനത്തിനുള്ള വേദികൂടിയായി. രണ്ട് സൈക്കോളജി വിദ്യാര്‍ത്ഥിനികള്‍ അടക്കം ഉന്നത് ബിരുദധാരികളാണ് പെണ്‍കുട്ടികളെല്ലാം.
     എന്നാല്‍ ആണ്‍ കുട്ടികള്‍ ഓട്ടോ, ബസ് മുതല്‍ ജെ.സി.ബി വരെ ഓടിക്കുന്ന ഡ്രൈവര്‍മാരും നാട്ടിലും വിദേശങ്ങളിലുമായി വിവിധ ജോലികളും ബിസ്‌നസുകളുമായി കഴിയുന്നവരും ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്ന വിദ്ധ്യാര്‍ത്ഥികളും തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവരുണ്ടായിരുന്നു. വയസ്സ് ഇരുപത്തിരണ്ട് ആയിട്ടൊള്ളുവെങ്കിലും ആണ്‍ കുട്ടികള്‍ പലരും വിവാഹിതരും ഒന്നോ രണ്ടോ കുട്ടികളുള്ളവരുമായിരുന്നു എന്നത് കൌതുകമുളവാക്കി. സുഫൈര്‍ഖാന്റെയും സാജിദിന്റെയുമൊക്കെ പഴയകാല വികൃതികളും മറ്റും ഉഷ ടീ‍ച്ചര്‍ ഓര്‍മപെടുത്തിയപ്പോള്‍ ഓര്‍ത്തു ചിരിക്കുകയായിരുന്നു പഴയ കളിക്കൂട്ടുകാര്‍.  
    സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മുതല്‍ തീ കണ്ടാല്‍ പേടിക്കുന്ന ഫെയര്‍ ആന്റ് സേഫ്റ്റി കഴിഞ്ഞവരും, അദ്ധ്യാപന ജോലിയില്‍ ഏര്‍പെട്ടവരും, പ്രമുഖ കമ്പനിയുടെ സെയില്‍‌സ് എക്സിക്യൂട്ടീവും, സെന്‍ഡ്രിങ്ങ് പണി നിര്‍ത്തി എന്‍ഡ്രന്‍സ് കോച്ചിങ്ങിനു പോകുന്നവനും, ലാബ് ടെക്നീഷനും, ആര്‍ക്കും അറിയാത്ത ഓരോ കോഴ്സിനു പഠിക്കുന്നവരും തുടങ്ങി ഗള്‍ഫിലെ ആക്രി കച്ചവടക്കാരന്‍ വരെ എല്ലാ ജാഡകളും അഴിച്ചവെച്ച് ഒത്ത് ചേര്‍ന്നപ്പോള്‍ ചിലരൊക്കെ ക്യാമറക്ക് മുന്നില്‍ വരാന്‍ മടികാണിച്ച് നിന്നു.  കോഴിക്കോട് ഡാന്‍സ് ക്ലബ്ബ് നടത്തുന്ന വിനീഷ് തന്റെ കൂട്ടൂകാര്‍ക്ക് മുന്നില്‍ രണ്ട് സ്റ്റെപ്പ് ഡാന്‍സ് കളിച്ചപ്പോള്‍ ഗായകരല്ലങ്കിലും സാജിദും, ഷിബുവും, സഹീറയും, ജൌഹറും, ഷിദുവും ഒരോ പാട്ട് പാടി സംഗമത്തിനു കൊഴുപ്പേകി. ഔപചാരികതകളൊന്നും ഇല്ലാതെ നടന്ന പരിപാടിയില്‍ ഉഷാ ടീച്ചര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയും പരിപാടി നിയന്ത്രിക്കുകയും ചെയ്തു. സാജിദ് ചേങ്ങോടന്‍ സ്വാഗതവും യാജിഷ് ചെമ്പന്‍ നന്ദിയും പറഞ്ഞു.
      സാജിദ് ചേങ്ങോടന്‍ ഷബീബ് ഗഫൂര്‍ യാജിഷ് ചെമ്പന്‍ ലത്തീഫ് സിദ്ധീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കിയപ്പോള്‍ വിദേശത്ത് നിന്ന് സലീല്‍ കൊല്ലൊടികയുടെ നേതൃത്വത്തില്‍ എല്ലാവിധ സഹകരണങ്ങളും ചെയ്ത് ഗള്‍ഫുകാരും സഹകരിച്ചു. ജിദ്ദയിലും പരിസരങ്ങളിലും ഉള്ള  2000-2001 ബാച്ച് ഏഴാം ക്ലാസുകാര്‍ക്ക് ഈ പരിപാടിയുടെ വീഡിയോ ഡിസ്ക് ആവിശ്യമുണ്ടങ്കില്‍ 0545164983 എന്ന നമ്പറില്‍ സലീല്‍ കൊല്ലൊടികയുമായി ബന്ധപെടാവുന്നതാണ്.   
     

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

thank u for the person/s hu stands behind dis NEWS...

സെന്‍ഡ്രിങ്ങ് പണി നിര്‍ത്തി എന്‍ഡ്രന്‍സ് കോച്ചിങ്ങിനു പോകുന്നവനും.... ആര്‍ക്കും അറിയാത്ത ഓരോ കോഴ്സിനു പഠിക്കുന്നവരും തുടങ്ങി ഗള്‍ഫിലെ ആക്രി കച്ചവടക്കാരന്‍ വരെ..................... വിവരണം ഇഷ്ടപെട്ടു

Post a Comment