മോങ്ങം പെരുന്നാള്‍ ആഘോഷിച്ചു

    മോങ്ങം:ശക്തമായ മഴ പെരുന്നാളിന്റെ പൊലിമ അല്പം കുറച്ചെങ്കിലും മോങ്ങത്ത്ക്കാര്‍ ആഹ്ലാദപൂര്‍വ്വം തന്നെ പെരുന്നാള്‍ ആഘോഷിച്ചു. കാലത്ത് നടന്ന പെരുന്നാള്‍ നിസ്കാരത്തിന് വലിയ ജുമു‌അത്ത് പള്ളിയില്‍ മഹല്ല് ഖാളി അഹമ്മദ് കുട്ടി ബാഖവിയും, ഉമ്മുല്‍ഖുറാ മസ്ജിദില്‍ മുദരിസ് ഇബ്രാഹിം സഖാഫി കോട്ടൂരും, സലഫി മസ്ജിദില്‍ അബ്ദുസ്സലാം മോങ്ങവും നേതൃത്വം നല്‍കി. നോമ്പിലൂടെ നേടിയെടുത്ത പവിത്രത ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്ന് ഖത്തീബുമാര്‍ ജനങ്ങളെ ഉത്ബോധിപ്പിച്ചു. ആശംസകള്‍ കൈമാറിയും ബന്ധുക്കളുടെയും കുടുംബങ്ങളുടെയും സുഹ്ര്ര്ത്തുക്കളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ചും വിശ്വാസികള്‍ പെരുന്നാള്‍ ദിനം കഴിച്ചുകൂട്ടി. പെരുന്നാള്‍ ദിനത്തില്‍ വട്ടോളി മുക്കിലെ യൂത്ത്ലീഗ് പ്രവര്‍ത്തകള്‍ മിഠായി വിതരണം നടത്തി. 
         പെരുന്നാളിനോടനുബന്ധിച്ച് മോങ്ങത്തെ കച്ചവട സ്ഥാപങ്ങളിലൊക്കെ നല്ല തിരക്കായിരുന്നു.  മോങ്ങത്തെ ടെക്സ്റ്റയില്‍ ഷോപ്പുകളിലും ഫാന്‍സി ഫൂട്ട്‌വെയര്‍ ഷോപ്പുകളിലും സാമാന്യം നല്ല തിരക്കനുഭവപെട്ടു. റമദാന്‍ 30 പൂര്‍ത്തികരിച്ചതിനു ശേഷമാണ് ഈ വര്‍ഷത്തെ പെരുന്നാളെന്നതിനാല്‍ ഇറച്ചി കോഴി കടകളിലെ പെരുന്നാള്‍ കച്ചവടം തലേ ദിവസം ഉച്ച മുതല്‍ തന്നെ ആരംഭിച്ചിരുന്നു. പെരുന്നാള്‍ തലേന്ന് നോമ്പ് തുറന്ന് ഏതാണ്ട് അര്‍ദ്ധ രാത്രി വരെ മോങ്ങം മാര്‍ക്കറ്റ് റോഡില്‍ കനത്ത തിരക്കായിരുന്നു അനുഭവപെട്ടത്. പഴവും പച്ചക്കറികളും കോഴിയും ആടും വാങ്ങാന്‍ മോങ്ങത്തിന്റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ മോങ്ങത്തേക്കൊഴുകിയപ്പോള്‍ ഇളയ കുട്ടന്റെ ഇറച്ചിയും തേടി മോങ്ങത്തുകാര്‍ പലരും വാലഞ്ചേരിയിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു.