ഫെഡറല്‍ ബാങ്ക് എ.ടി.എം ദാരിദ്ര്യ രേഖക്ക് താഴെയോ...?

     മോങ്ങം: ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം ദാരിദ്ര്യ രേഖക്ക് താഴെയാണോ എന്നാണ് ഇപ്പോൾ ഇടപാടുകാരുടെ സംശയം . അവധി ദിവസങ്ങളിൽ ഉച്ചയാകുന്നതോടെ പണസഞ്ചി കാലിയായി ഇടപാട്കാരനെ നോക്കി പല്ലിളിക്കുന്ന എ.ടി.എം മോങ്ങം ഫെഡറൽ ബാങ്കിന്റെ സ്ഥിരം കാഴ്ച്ചയാണ്. മോങ്ങത്തെയും പരിസര പ്രദേശങ്ങളിലെയും സാധാരക്കാരും കച്ചവടക്കാരും പ്രവാസികളും അടങ്ങുന്ന ഒരു വലിയ ജന വിഭാഗം സാമ്പത്തിക ഇടപാടുകൾക്കായി ആശ്രയിക്കുന്നത് മോങ്ങത്തെ ആദ്യ ബാങ്ക് കൂടിയായ ഫെഡറൽ ബാങ്കിനെയാണ് എന്നത് കൊണ്ട് ഇടപാടുകാർക്ക് വൻ പ്രതീക്ഷയായിരുന്നു ബാങ്കിന്റെ മുന്നിലുള്ള എ.ടി.എം കൌണ്ടർ. 
    പ്രവർത്തി ദിവസങ്ങളിൽ ഇടപാടിന് ബാങ്കിനെ നേരിട്ടാശ്രയിക്കാമെന്നതിനാൽ അവധി ദിവസങ്ങളിലും പ്രവർത്തി സമയം കഴിഞ്ഞ് നടത്തേണ്ട ഇടപാടുകൾക്കും എല്ലാവരും ആശ്രയിച്ചിരുന്നത് എ.ടി.എം കൌണ്ടറിനെയായിരുന്നു. എന്നാൽ മിക്ക സമയങ്ങളിലും പ്രതേകിച്ചും അവധി ദിവസങ്ങളിൽ അത്യാവിശ്യത്തിന് പണമെടുക്കാനോ മറ്റോ ചെന്നാൽ ഉള്ളിലെ എയർ കണ്ടീഷന്റെ കുളിർമയേറ്റ് കുറച്ച് നേരം നിൽക്കാമെന്നല്ലാതെ “ഞമ്മളെർത്ത് കായില്ല്യാ...” എന്ന് എഴുതി കാണിക്കുന്നതും കണ്ട് മടങ്ങേണ്ടി വരും. അടച്ചിട്ട ഷട്ടറിനു പുറത്ത് ഉഭബോക്താക്കളോട് സമാധാനം പറഞ്ഞ് കുഴങ്ങുകയാണ് പാവം സ്ക്യൂരിറ്റിക്കാരന്‍‌ . തൊട്ടടുത്ത് സൌത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ പണം ഉണ്ടെങ്കിലും ഈ കാർഡ് ഉപയോഗിച്ച് അതിൽ നിന്നും പിൻ‍വലിക്കാമെന്നും അതിന് പ്രതേക സർവ്വീസ് ചാർജോ മറ്റോ നൽകേണ്ടതില്ല എന്നതും പലർക്കും അറിയില്ല. 
    ഈ വിഷയത്തിൽ ഞങ്ങൾ ബാങ്കുമായി ബന്ധപെട്ട് കാര്യങ്ങൾ തിരക്കിയപ്പോൾ  ഇടക്കിടെ എ.ടി.എമ്മിൽ പണമില്ലാതാവുന്നു എന്ന പരാതി ശരിയല്ലന്നും രണ്ട് അവധി ദിവസങ്ങളൊക്കെ ഒന്നിച്ച് വരും‍മ്പോൾ മാത്രമാണ് ഇത്തരത്തിൽ ഉണ്ടാവുന്നതെന്നും മാനേജർ ആന്റണിയും അഡ്മിനിസ്‍ട്രേഷൻ മാനേജർ അജിത്തും “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. എ.ടി.എമ്മിന്റെ ഹോൾഡിങ്ങ് കപ്പാസിറ്റി സ്ഥിരമായി ഫുൾ ലോഡ് ചെയ്യാറുണ്ടെന്നും അവധി ദിനങ്ങളിൽ എ.ടി.എമ്മിൽ പണം ഇടാൻ ബാങ്കിന്റെ റൂൾസ് അനുവധിക്കുന്നില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ കോഴിക്കോട് നിന്ന് വരെ പണം എത്തിച്ച് എ.ടി.എമ്മിൽ വെക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു. വെദ്യുതി ഇല്ലാത്തതിനാലോ നെറ്റ്വർക്കിനോ എ.ടി.മ്മിനോ ഉണ്ടാകുന്ന ടെക്നിക്കൽ തകരാർ മൂലമോ ചിലപ്പോൾ തടസ്സം നേരിടാറുണ്ടൻകിലും അത് മനപ്പൂർവ്വമോ ബന്ധപെട്ടവരുടെ അനാസ്ഥ കൊണ്ടോ അല്ലെന്നും ഇരുവരും പറഞ്ഞു.
    മോങ്ങത്തെ  കൌണ്ടറിൽ തിരക്ക് കുറക്കാൻ വേണ്ടി അറവങ്കരയിൽ ഒരു എ.ടി.എം സ്ഥാപിച്ചിട്ടുണ്ടങ്കിലും അവിടെ പൊതുവെ ഉപഭോക്താക്കൾ കുറവാണെന്നും അത് കൊണ്ടൊന്നും മോങ്ങത്തെ തിരക്ക് കുറക്കാനായിട്ടില്ലന്നും ഇരുവരും പറഞ്ഞു. വന്‍ മുതലാളിമാര്‍ വരെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള മോങ്ങത്തെ സമ്പന്തിച്ചിടത്തോളം എ.ടി.എമ്മും ആ ഗണത്തില്‍ പെടുന്നതിനെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാണത്രെ ഒരു രസികന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.