ഹാജി സേവനത്തിന്റെ പതിറ്റാണ്ട് പിന്നിടുന്ന സുലൈമാന്‍ ഹാജി

     മോങ്ങം: കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരു പതിറ്റാണ്ടിലേറെ പിന്നിടുന്ന വളണ്ടിയര്‍ സേവനവുമായി സുലൈമാന്‍ ഹാജി കര്‍മ്മ നിരതനാണ്. മോങ്ങം കുയിലം കുന്ന് സി.ടി.സുലൈമാന്‍ ഹാജിക്ക് ഹജ്ജ് ക്യാമ്പിന്റെ ഈ ദിവസങ്ങള്‍ മറ്റ് സ്വകാര്യ തിരക്കുകള്‍ക്ക് അവധി നല്‍കി ഹാജിമാര്‍ക്ക് വേണ്ടി മാത്രം മാറ്റി വെച്ചതാണ്. നിസ്വാര്‍ത്ഥ സേവകനായി ഹജ്ജ് ക്യാമ്പില്‍ സജീവമായി ഓടി നടന്ന് രാപകലില്ലാതെ സുലൈമാനാജി ഹാജിമാര്‍ക്ക് വേണ്ട ഖിദ്‌മത്ത് ചെയ്യാനാരംഭിച്ചിട്ട് ഇത് പതിനൊന്നാം വര്‍ഷമാണ്. ടി.ഒ.സൂരജ് കോഴിക്കോട് ജില്ലാ കളക്ടറായി ഹജ്ജ് ചുമതല വഹിച്ചിരുന്ന കാലത്താണ് ആദ്യമായി സുലൈമാന്‍ ഹാജിയെ ഹാജിമാരെ സേവിക്കാനായി വളണ്ടിയറായി തിരഞ്ഞെടുക്കുന്നത്. ഹാജിമാരുടെ ബാഗേജുകള്‍ ക്ലിയര്‍ ചെയ്യുന്ന വിഭാഗത്തിലാണ് ഇദ്ധേഹത്തിന്റെ സേവന ചുമതലയെങ്കിലും ക്യാമ്പിലും എയര്‍ പോര്‍ട്ടിലും എല്ലാ സ്ഥലത്തും ഓടിയെത്തി  സജീവമാണ് ഈ മോങ്ങത്തുകാരന്‍ . 
    ഹാജിമാരെ യാത്രയയക്കുന്നതോടെ  പല വളണ്ടിയേഴ്സിന്റെയും ചുമതല തീരുമങ്കിലും സുലൈമാന്‍ ഹാജിക്ക് ഹാജിമാര്‍ മടങ്ങുമ്പോഴും തിരക്കോട് തിരക്കാണ്. ആരോഗ്യം അനുവധിക്കുന്നില്ലങ്കിലും ഹാജിമാരുടെ ഭാരമേറിയ ലഗേജുകളും വഹിച്ചുള്ള ട്രോളി ഉന്തി നീങ്ങുന്ന കഴുത്തില്‍ ബാഡ്ജും തൂക്കിയ ഈ മദ്ധ്യവയസ്ക്കനെ ഹാജിമാരെ സ്വീകരിക്കാനെത്തുന്നവര്‍ കാണാത്തവരുണ്ടാവില്ല. എത്ര ഭാരമുള്ള ലഗേജാണങ്കിലും ഹാജിമാരെ കൊണ്ട് തൊടീക്കാതെ വണ്ടിയില്‍ എത്തിച്ച് കൊടുക്കണമെന്ന് സുലൈമാന്‍ ഹാജിക്ക് നിര്‍ബന്ധമാണ്. ഹജ്ജ് ക്യാമ്പ് തുടങ്ങിയാല്‍ പിന്നെ രാപ്പകലില്ലാതെ തിരക്കോട് തിരക്കായതിനാല്‍ ഈ സമയത്ത് ക്ഷണിക്കുന്ന കല്ല്യാണ സല്‍ക്കാരങ്ങളില്‍ പോലും പലപ്പോഴും പങ്കെടുക്കാന്‍ സാധിക്കാറില്ല. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ലേഖകന്‍ ഹജ്ജ് ക്യാമ്പിലെത്തി ഇദ്ധേഹത്തെ കണ്ടെങ്കിലും അഞ്ച് മിനുട്ട് പോലും സംസാരിക്കാനോ ഒരു ഫോട്ടോക്ക് നില്‍ക്കാനോ പോലും തിരക്കിനിടയില്‍ സാധിച്ചില്ല എന്നതാണ് വാസ്ഥവം.  
     കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എസ്.വൈ.എസ് സംസ്ഥാന സെക്രടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയിക്കുന്ന പൂക്കോട്ടുര്‍ ഹജ്ജ് ക്യാമ്പ് മുതല്‍ സുലൈമാന്‍ ഹാജിയുടെ ഒരു വര്‍ഷത്തെ ഹാജീ ഖിദ്‌മത്ത് ആരംഭിക്കുന്നതെങ്കില്‍ അവസാനത്തെ ഹാജിയും മടങ്ങി ക്യാമ്പ് അവസാനിച്ചതിന് ശേഷമാണ് അതവസാനിക്കുന്നത്. ക്യാമ്പിനകത്ത് സുലൈമാന്‍ ഹാജി സജീവമാണങ്കില്‍ പുറത്ത് ഹാജിമാര്‍ക്കും സന്ദര്‍കര്‍ക്കും ദഹമകറ്റാന്‍ നാരങ്ങ വെള്ളം വിതരണം ചെയ്യുന്ന മറ്റൊരു മോങ്ങത്ത്കാരനാണ് ചെരിക്കകാട് താമസിക്കും കൊല്ലടിക മൊയ്ദീന്‍ ഹാജി. നാലഞ്ച് വര്‍ഷമായി മൊയ്ദീന്‍ ഹാജി ഈ രംഗത്ത് സേവനം ചെയ്ത് വരുന്നു.  
    മോങ്ങത്തും കൊണ്ടോട്ടിയിലുമായി കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി.സുലൈമാന്‍ ഹാജി മോങ്ങത്തെ പള്ളി മദ്രസ പരിപാലന കമ്മിറ്റികളിലെ നിറ സാനിദ്ധ്യവും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്.  നിരവധി തവണ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച അദ്ധേഹം എല്ലാ വര്‍ഷവും ഉം‌റ നിര്‍വ്വഹിക്കാനും  പരിശുദ്ധ റമദാനില്‍ ഹറമില്‍ ഇഹ്ത്തിഖാഫിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്ന അപൂര്‍വ്വം ചില മോങ്ങത്ത്കാരില്‍ ഒരാളാണ്. ഒരു പക്ഷെ ഉം‌റക്കായി മാത്രം നാട്ടില്‍ നിന്നു ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്‌ത മോങ്ങത്ത്കാരന്‍ സി.ടി.സുലൈമാന്‍ ഹാജിയായിരിക്കുമന്നാണ് അദ്ധേഹത്തെ അടുത്തറിയുന്നവരുടെ അഭിപ്രായം. ഇനിയും ഒരുപാട് കാലം ഹാജിമാര്‍ക്കുള്ള സേവനവുമായി കര്‍മരംഗത്ത് സജീവമാകാന്‍ ഈ മോങ്ങത്തുകാരനാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ഭാവുകങ്ങളും നേരാം നമുക്ക് നമ്മുടെ സി.ടി.സുലൈമാനാജിക്ക്. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

സുലൈമാന്‍ ഹാജിയുടെയും , മൊയ്ദീന്‍ ഹാജിയുടെയും ഈ പ്രവര്‍ത്തനം പടച്ചവന്‍ സ്വാലിഹായ അമലായി സ്വീകരിച്ചു ,അതിനുള്ള പ്രതിഫലം നല്‍കട്ടെ

Post a Comment