നന്മ ചൊരിഞ്ഞ ഗുരുക്കള്‍ക്ക് ചെറുപുത്തൂരിന്റെ കണ്ണുനീര്‍

         മോങ്ങം:കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ട കാവോട്ട് കോട്ട ഉണ്ണിയ്യ ടീച്ചറും ഓടക്കല്‍ അബ്ദുള്ള കുട്ടി മാസ്റ്ററുടേയും വേര്‍പാട് ഒരു നാടിന്റെ നൊമ്പരമാവുന്നു. വാര്‍ദക്യ സഹചമായ കാരണങ്ങള്‍ കൊണ്ടാണങ്കില്‍ കൂടിയും ഇവരുടെ വിയോഗം ഏതാണ്ട് ഒന്നിച്ചെന്നപോലെ വന്നത് ചെറുപുത്തൂരിന് താങ്ങാവുന്നതിലും അധികമായിരുന്നു. നാടിന്റെയും പരിസര പ്രദേശങ്ങളുടേയും വിദ്യഭ്യാസ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ച ശേഷമാണ് ഇരുവരും ദൈവ സന്നിധിയിലേക്ക് യാത്രയായത്. ഒരുകാലത്ത് വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കമായിരുന്ന ഈ മേഖലയില്‍ ഇവരെപോലെ ചുരുക്കം ചിലരാണ് വിദ്യ അഭ്യസിച്ചിരുന്നത്. 
ഉണ്ണിയ്യ ടീച്ചര്‍
    ഉണ്ണിയ്യ ടീച്ചര്‍ മുസ്ലിയാരങ്ങാടി സ്വദേശി സൈതലവിയുടേയും കുഞ്ഞിക്കതിയയുടേയും മകളായിരുന്നു. കാവോട്ട് ടിപി ആലിഹാജി എന്ന ഹജിയാര്‍ക്കാക്കയുടെ   മകന്‍ ടിപി അബ്ദുല്‍ ഖയ്യൂമിന്റെ ജീവിത സഖിയായിട്ടാണ് ചെറുവത്തൂരിലെത്തിയത്. ഹാജിയാര്‍കാക്കയുടെ പിതാവിന്റെ കാലംതൊട്ടേ ചെറുപുത്തൂര്‍ക്കാര്‍ക്ക് മത വിദ്ദ്യഭ്യാസം നല്‍കാന്‍ സ്ഥാപിച്ച ഒരു ഓത്ത്പള്ളിയായിരുന്നു പില്‍കാലത്ത് ചെറുത്തൂര്‍ സ്കൂളായി മാറിയത്. മരുമകളുടെ പഠന താല്പര്യം കണ്ടറിഞ്ഞ ഹാജ്യാര്‍കാക്കയും ഭര്‍ത്താവ് ഖയ്യൂം സാഹിബും പുതുപെണ്ണിനെ അദ്ധ്യാപന ട്രൈനിങ്ങിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു ഇവര്‍ ടിടിസി ട്രൈനിങ്ങ് പൂര്‍ത്തിയാക്കിയത്. പലപ്പോഴും കാല്‍ നടയായിട്ടാണ് കോളേജില്‍ പോയിരുന്നത് എന്ന് പറഞ്ഞാല്‍ ഈ തലമുറ അതെത്ര വിശ്വസിക്കുമെന്നറിയില്ല.1945ല്‍ ചെറുവത്തൂരില്‍ എ എം യം എല്‍ പി ല്‍ ഔദ്ദ്യോഗിക ജീവിതം ആരംഭിച്ച ഉണ്ണിയ ടീച്ചര്‍ മോങ്ങം ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് അദ്ധ്യാപന സേവനത്തിനിറങ്ങിയ ആദ്യ വനിതയായിരുന്നു. പഠിപ്പിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ ചുറ്റുപാടുകളും സാഹചര്യങ്ങളും മനസ്സിലാക്കി മനസ്സിലേക്ക് ഇറങ്ങി ചെന്ന അദ്ധ്യാപന രീതിയായിരുന്നു ടീച്ചറുടെതെന്ന് ശിഷ്യഗണങ്ങള്‍ അനുസ്മരിക്കുന്നു. 
    കേവലം ഒരു അദ്ധ്യാപിക എന്നതിലുപരി പ്രദേശത്തിന്റെ സാമൂഹിക നവോദ്ധാനത്തിന് ഉണ്ണിയ ടീച്ചറുടെ പങ്ക് വിലമതിക്കാനാവത്തതാണ്.  വിദ്യാഭ്യാസത്തെ വേണ്ടത്ര ഗൌരവമായി സമീപിക്കാത്ത ഒരു ഉള്‍പ്രദേശത്തെ കുട്ടികളെ സ്ഥിരമായി ക്ലാസിലെത്തിക്കുകയെന്നത് ശ്രമകരമായരു ദൌത്യമായിരുന്നു. സ്കൂളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നവരെ വീടുകളില്‍ പോയി കണ്ടെത്തി ഉപദേശിച്ചും ശാസിച്ചും സ്നേഹരൂപേണെയും ടീച്ചര്‍ സ്കൂളിലെത്തിക്കുമായിരുന്നു. അസുഖങ്ങളും പകര്‍ച്ച വ്യാദികളും പിടിപെട്ടാലും അടുത്തൊന്നും ആശുപത്രികളില്ലാത്തതിനാല്‍ നാട്ടുചികിത്സയും മറ്റുമായി കഴിയുന്നവരെ കണ്ടെത്തി വേണ്ടത്ര വാഹന സൌകര്യമൊന്നും ഇല്ലങ്കിലും മഞ്ചേരിയിലേക്കെത്തിച്ച് ചികിത്സിപ്പിക്കുന്നതില്‍ എന്ത് ബുദ്ധിമുട്ടുകള്‍ സഹിച്ചാലും ടീച്ചര്‍ നേതൃത്വം നല്‍കുമായിരുന്നു. അപസ്മാര രോഗി എന്ന സമൂഹം വിധി എഴുതി തള്ളിയ ഒരു കുട്ടിയെ ടീച്ചര്‍ സ്വൊന്തം ഉത്തരവാധിത്വത്തില്‍ ചികിത്സക്ക് വിധേയമാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നതും ഇന്ന് രണ്ട് മൂന്ന് കുട്ടികളുടെ മാതാവായി ആ പെണ്‍ കുട്ടി അന്തസ്സായി കുടുംബ ജീവിതം നയിക്കുന്ന അനുഭവം അവരുടെ സഹോദരന്‍ തെന്നെ നേരിട്ട് “എന്റെ മോങ്ങം” പ്രതിനിധിയോട് പറഞ്ഞു. 
    പിന്നില്‍ നിന്ന് ആക്ഞാപിക്കലല്ല മുന്നില്‍ നിന്ന് നേതൃത്വം നല്‍കുക അതായിരുന്നു ടീച്ചറുടെ ഒരു രീതി.  25 വര്‍ഷത്തെ പ്രധാന അദ്ധ്യാപികാ സേവനമടക്കം 36 വര്‍ഷത്തെ സേവനത്തിന്‍ ശേഷം 1981ല്‍ ഉണ്ണിയ ടീച്ചര്‍ പെന്‍ഷനാവുന്നത്. പ്രധാന അദ്ധ്യാപികാ‍യയതിനു ശേഷമാണ് ടീച്ചര്‍ സാരി ധരിക്കാന്‍ തുടങ്ങിയതെന്നും അത് വരെ പരമ്പരാഗത മുസ്ലിം സ്ത്രീ വേഷമായ തുണിയും പെണ്‍ കുപ്പായവുമായിരുന്നു ടീച്ചറും ധരിച്ചിരുന്നതെന്ന് അറിയുമ്പോള്‍ തന്നെ ഈ ധൌത്യം ഏറ്റെടുത്ത ആ കാലഘട്ടത്തെ അവസ്ഥയെ കുറിച്ചുള്ള ഒരു ചിത്ര നമ്മുടെ മനസ്സില്‍ തെളിയും. ഉണ്ണിയ ടീച്ചറുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്മ നിറഞ്ഞ നിറ പിന്തുണയുമായി ഭര്‍ത്താവ് ടി.പി.ഖയ്യൂം സാഹിബിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നത് സ്മരിക്കാതെ ഈ അനുസ്മരണം പൂര്‍ത്തിയാവില്ല.  
അബ്ദുല്ല മാസ്റ്റര്‍
     ഓടക്കല്‍ അബ്ദുല്ല മാസ്റ്റര്‍ കൊണ്ടോട്ടി പഴയങ്ങാടി സ്വദേശി ഹസ്സന്‍ മുസ്ലിയാരുടെ മകനാണ്.ചെറുപുത്തൂരിലെ ടി.പി ആലി ഹാജിയുടെ മകള്‍ ടിപി മറിയത്തെ (ചെറുവത്തൂര്‍ എ എം എല്‍ പി സ്കൂള്‍ റിട്ടയര്‍ ടീച്ചര്‍) വിവാഹം കഴിച്ചതിന്ന് ശേഷമാണ് അദ്ധേഹം ചെറുവത്തൂരില്‍  സ്ഥിര താമസമാക്കുന്നത്. മലപ്പുറത്ത് നിന്ന് ട്രൈനിങ്ങ പൂര്‍ത്തീകരിച്ച അദ്ധേഹവും കാല്‍നടയാ‍യിട്ടായിരുന്നു പലപ്പോഴും ട്രൈനിങ്ങിനും ജോലി ചെയതിരുന്ന കരിപ്പൂരിലേക്കും സഞ്ചരിച്ചിരുന്നത്. ഏതൊരു ചെറുപുത്തൂര്‍കാരെന്റെയും മനസ്സിനകത്തേക്ക് പുഞ്ചിരിയുമായി കയറിച്ചെന്ന ഒരാളായിരുന്നു അബ്ദുല്ല മാസ്റ്റര്‍. നാട്ടിലെ പള്ളികള്‍ക്കും മദ്രസകള്‍ക്കും മറ്റു  പൊതു രംഗത്തുള്ള സംഘടകള്‍ക്കും എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ് സാമ്പത്തിക സഹായം ചെയ്യുന്ന ആളായിരുന്നു അദ്ധേഹം. 
     ചെറുപുത്തൂരിന്റെ ഓരോ മണ്‍ തരികള്‍ക്കും സുപരിചിതനായിരുന്നു അബ്ദുള്ള കുട്ടി മാഷെന്ന ശാന്ത പ്രകൃതക്കാരനായ ആ തൂവെള്ള ധാരിയെ. 1951 മുതല്‍ 86 വരെയുള്ള 35 വര്‍ഷത്തെ സ്തുദ്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഒരു ചിത്രകാരന്‍ കൂടിയായ അബ്ദുള്ള കുട്ടിമാസ്റ്റര്‍ റിട്ടയര്‍ ചെയ്ത് കരിപ്പൂര്‍ എം.ഐ.എല്‍.പി  സ്‌കൂളിന്റെ പടിയിറങ്ങിയത്.  ഒരു നാടിന്റെ വിദ്യാഭ്യാസ സിപ്ലവത്തിനു മുന്‍പേ നടന്ന് വഴികാട്ടിയായ ഇരുവരുടെയും വിയോഗം പുതു തലമുറക്ക് തീര്‍ത്താല്‍ തീരാത്ത നഷ്‌ടമാണെന്നതില്‍ സംശയമില്ല. 
    ഇരുവരുടെയും നിര്യാണത്തില്‍ ഇന്നലെ എ.എം.എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുപുത്തൂര്‍ പൌരാവലി അനുശോചിച്ചു.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബാലക്രഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ.ചെറിഅഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. കമറുദ്ദീന്‍ , ടി.പി അഹമ്മദ്, ഹുസൈന്‍ മാസ്റ്റര്‍, ശശി കെ.സി, എന്‍ . കുഞ്ഞഹമ്മദ് മാസ്റ്റര്‍ , ടി.പി സ്വാലിഹ് ഹുസൈന്‍ , ടി.കെ കുഞ്ഞുമുഹമ്മദ്, മഹ്ബൂബ് സി, അബ്ദുറഹിമാന്‍ മാസ്റ്റര്‍, അയ്യപ്പന്‍ കുട്ടി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ചടങ്ങില്‍ വെച്ച് ചെറുപുത്തൂര്‍ നൊട്ടന്‍ മുക്ക് റോഡ് ഉണ്ണിയ ടീച്ചറുടെ നാമധേയത്തില്‍ നാടിനു സമര്‍പ്പിച്ചു.  ജിദ്ദയില്‍ ശറഫിയ്യയില്‍ ഇന്നലെ ഇഷാ നമസ്കാരന്തരം നടന്ന മയ്യിത്ത് നിസ്കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. 
(സി.കെ.നജുമുദ്ധീന്‍ , കെ.ചെറിഅഹമ്മദ് എന്നിവരുടെ സഹായത്തോടെ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സി.ടി.അലവി കുട്ടി മോങ്ങം)

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

നല്ല വിവരണം

Post a Comment