യവ്വനം തുളുമ്പുന്നു ആ ഹജ്ജ് ഓര്‍മകളില്‍ (ബീരാന്‍ കുട്ടി ഹാജിയുടെ ആദ്യ ഹജ്ജ് അനുഭവങ്ങള്‍ -1‌)

        1950: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് കഷ്ടിച്ച് മൂന്ന് വര്‍ഷം ആകുന്നൊള്ളൂ. മോങ്ങത്തെ പൌര പ്രമുഖനായ ബങ്കാളത്ത് പോക്കര്‍ ഹാജിയുടെ മകന്‍ ഇരുപത്തിയാറുകാരന്‍ ബീരാന്‍ കുട്ടിക്ക് ഒരു മോഹം. ഹജ്ജിനൊന്നു പോകണം, ആയിടെ ഹജ്ജ് നിര്‍വഹിച്ച് വന്ന വള്ളുവമ്പ്രത്തെ മുഹമ്മദ് മുസ്ലിയാരുമായി സംസാരിച്ചതിനാലാണ് ബീരാന്‍ കുട്ടി എന്ന ആ ചെറുപ്പക്കാരന്റെ മനസ്സിലേക്ക് ഹജ്ജിനു പോകാനുള്ള ആഗ്രഹം മുളപൊട്ടുന്നത്.  ആവശ്യം ബാപ്പാനെ അറിയിച്ചു. അത്ര ചെറുപ്പക്കാരൊന്നും ഹജ്ജിന് പോകാത്ത അക്കാലത്ത് പോക്കര്‍ ഹാജി മകന്റെ ആവശ്യം കേട്ട് ഒന്നു ആശ്ചര്യപെട്ടുവെങ്കിലും കൂടെ പോക്കരാജിയുടെ സഹോദര പുത്രന്‍ കോട്ടമ്മല്‍ മുഹമ്മദിനെയും (കോട്ടമ്മല്‍ മുഹമ്മദാജി)  കൂടെ കൂട്ടാന്‍ പറഞ്ഞു മകന്റെ ആഗ്രഹത്തിന് പച്ചകൊടി കാണിച്ചു. അങ്ങിനെ ജേഷ്‌ടനോടും നാട്ടുകാരായ കോല്‍ക്കാരന്‍ അയമുട്ടി ഹാജി, പന്തലാഞ്ചീരി അലവി ഹാജി, ഒസ്സാന്‍ മുഹമ്മദാജി, കോടി തൊടിക മമ്മോട്ടി ഹാജി എന്നിവരടങ്ങുന്ന പതിനൊന്നങ്ങ സംഘത്തില്‍ ബീരാന്‍ കുട്ടി എന്ന ഇന്നത്തെ നമ്മുടെ ചേപ്പം കലായില്‍ ബീരാന്‍ കുട്ടി ഹാജി തന്റെ ആദ്യ ഹജ്ജിനായി മക്കയിലേക്ക് പുറപ്പെടുന്നത്.  
      ഇരുപത്തിയാറാം വയസ്സില്‍ നിര്‍വ്വഹിച്ച ആദ്യ ഹജ്ജിനു ശേഷം നീണ്ട അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ  എണ്‍പത്തി ഏഴാമത്തെ വയസ്സില്‍ രണ്ടാമത്തെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ പ്രായത്തിന്റെ അവശതകള്‍ ശരീരത്തിനുണ്ടങ്കിലും അന്നത്തെ ഹജ്ജ് അനുഭവങ്ങള്‍ അദ്ധേഹം പങ്കുവെച്ചപ്പോള്‍ മനസ്സും ഓര്‍മ്മകളും ഇന്നും പഴയ ഇരുപത്തിയാറുകാരന്റേത് തന്നെയെന്ന് ബീരാന്‍ കൂട്ടി ഹാജിയുടെ ഓരോ വാക്കുകളും അടിവരയിടുന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം എന്റെ മോങ്ങം പ്രതിനിധികളായ ചീഫ് എഡിറ്റര്‍ സി.ടി.അലവി കുട്ടി, അസോസിയേറ്റ് എഡിറ്റര്‍മാരായ ഉമ്മര്‍.സി.കൂനേങ്ങല്‍, സി.കെ.എ.റഹ്‌മാന്‍ എന്നിവരുമായി ബീരാന്‍ കുട്ടി ഹാജി തന്റെ ആദ്യ ഹജ്ജ് അനുഭവങ്ങള്‍ പങ്ക് വെച്ചപ്പോള്‍ അത് പുതു തലമുറക്ക് ഒരു മുതല്‍ കൂട്ടാവും എന്നതിനാലാണ് ഇവിടെ കുറിക്കാന്‍ ശ്രമിക്കുന്നത്. 
       ഇന്ന് ലക്ഷങ്ങള്‍ ഹജ്ജിനായി ചിലവ് വരുന്നെങ്കില്‍ ബീരാന്‍ കുട്ടി ഹാജിക്ക് തന്റെ ആദ്യ ഹജ്ജിന് 1500 രൂപയാണ് ആവിശ്യം വന്നത്. അത് 400 രൂപ ബോംബെയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള കപ്പല്‍ യാത്രാ ചിലവും ബാക്കി കയ്യില്‍ കരുതാനുള്ള തുകയും. അതില്‍ തന്നെ ഹജ്ജ് കഴിഞ്ഞ് മടങ്ങി പോകുമ്പോള്‍ അത്യാവിശ്യം വാച്ചും സ്വര്‍ണവും അടക്കമുള്ള സാധനങ്ങള്‍ വാങ്ങി കഴിഞ്ഞിട്ടും ഏതാണ്ട് 400 രൂപയോളം ബാക്കിയായിരുന്നത്രെ. ഇന്ന് ഒരു റിയാലിന് പതിനാല് രൂപയോളം ഇന്ത്യന്‍ കറന്‍സി ലഭിക്കുമെങ്കില്‍ അക്കാലത്ത് ഇന്ത്യയുടെ നൂറ് രൂപ കൊടുത്താല്‍  94 മുതല്‍ 98 റിയാല്‍ വരെ മാത്രമെ കിട്ടുകയൊള്ളു..!!!. പാക്കിസ്ഥാന്റെ കറന്‍സിക്ക് 117 റിയാലോളം ലഭിക്കുമത്രെ. അക്കാലത്ത് കറന്‍സി നോട്ടുകള്‍ സൌദി അറബ്യയില്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണ്ണ വില പവന്‍ 30 റിയാലും നാട്ടില്‍ 50 രൂപയുമായിരുന്നു വെന്ന് അല്‍പ്പം പോലും സംശയങ്ങളില്ലാതെ ബീരാന്‍ കുട്ടി ഹാജി ഓര്‍മിച്ചെടുത്തു. 
  (തുടരും)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment