ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു


           അറഫ: തമ്പ് നഗരത്തെ ശുഭ്രസാഗരമാക്കിയ ഹാജിമാര്‍ ഇന്ന് അറഫാ സമതലത്തില്‍ സംഗമിച്ചു. മിനായിലെ തമ്പുകള്‍വിട്ട് ഇന്ന് പ്രഭാതം മുതലാണ് തീര്‍ഥാടകര്‍ പതിനെട്ട് കിലോമീറ്റര്‍ അകലെയുള്ള അറഫാ സമതലത്തിലേക്ക് എത്തി ചേര്‍ന്നത്. എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരും സ്വദേശികളും ഉള്‍പ്പെടെ മൂന്ന് ദശലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജിലെ അനിവാര്യകര്‍മത്തില്‍ പങ്കാളികളാകാനായി ഇന്ന് അറഫയില്‍ സംഗമിച്ചത്. മോങ്ങത്ത് നിന്നുള്ള ഹാജിമാര്‍ എല്ലാവരും പത്ത് മണിക്ക് മുന്‍പായി തെന്നെ അറഫാ മൈതാനിയില്‍ എത്തി ച്ചേര്‍ന്നു.
   ശനിയാഴ്ച മധ്യാഹ്നത്തിന് മുമ്പായി ഹാജിമാര്‍ അറഫയില്‍ എത്തിയതോടെ ഹിജ്‌റ വര്‍ഷം 1432-ലെ വിശുദ്ധ ഹജ്ജ് പ്രധാനഘട്ടത്തിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച ഹാജിമാര്‍ മിനായില്‍ തമ്പടിച്ചതോടെയാണ് ഹജ്ജിന് ആരംഭം കുറിച്ചത്. വമ്പിച്ച തിരക്ക് മുന്‍കൂട്ടിക്കണ്ട് വ്യാഴാഴ്ച രാത്രി മുതലേ തീര്‍ഥാടകര്‍ മിനായില്‍ എത്തി ത്തുടങ്ങിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലൂടെ എത്തിയ ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാരില്‍ മിക്കവാറും പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചയ്ക്ക് മുമ്പായി മിനായിലെ ടെന്റുകളില്‍ എത്തിയിരുന്നു. 

    ഈ വര്‍ഷം ഹജ്ജ് ട്രെയിനില്‍ 72,000 പേര്‍ക്ക് യാത്ര ചെയ്യാം. ബുധനാഴ്ച വൈകിട്ട് അറഫയിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് മുസ്ദലിഫ വഴി മിനായിലേക്കായിരുന്നു ട്രെയിനിന്റെ ആദ്യ സര്‍വീസ്. ജിദ്ദ, ത്വായിഫ്, അല്‍ ലൈസ് തുടങ്ങിയ സമീപനഗര, ഗ്രാമങ്ങളില്‍ നിന്നുള്ളവരും ഇന്നലെമിനായിലെത്തി. 

    മക്കയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ മിനായിലേക്കുള്ള നടവഴികളിലും റോഡുകളിലും നടന്നും വാഹനങ്ങളിലൂടെയുമുള്ള തീര്‍ഥാടകപ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. രാത്രിയില്‍ അനുഭവപ്പെടുന്ന നേരിയ തണുപ്പ് ഒഴിച്ചാല്‍ മിതോഷ്ണ കാലാവസ്ഥയാണിവിടെ. ഹാജിമാര്‍ മിനായില്‍ എത്തിയതോടെ ഒട്ടേറെ ധര്‍മസ്ഥാപനങ്ങള്‍ ഭക്ഷണ വിതരണവും ആരംഭിച്ചു. 
     മോങ്ങത്ത് നിന്നു ഈ വര്‍ഷം ഹജ്ജിനെത്തിയ എല്ലാ ഹാജിമാരും സുഖകരമായി അറഫയില്‍ എത്തി ച്ചേര്‍ന്നു. മോങ്ങം മഹല്ല് കമ്മിറ്റി പ്രസിഡന്റ് ബങ്കാളത്ത് ബീരാന്‍ കുട്ടി ഹാജി ഉള്‍പെടെ ഇരുപതോളം പേര്‍ ഈ വര്‍ഷം ഹജ്ജിനായി നാട്ടില്‍ നിന്നും എത്തിയിട്ടുണ്ട്. ജിദ്ദയിലും മക്കയിലും മറ്റിടങ്ങളില്‍ നിന്നും നിരവധി മോങ്ങത്തുക്കാര്‍ ഹജ്ജിനു വേണ്ടി എത്തിയിട്ടുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment