മോങ്ങത്തിന്റെ വോളിബോള്‍ പെരുമയെ ഓര്‍ക്കുമ്പോള്‍


    ഒരു യുവത്വത്തിന്റെ നടപ്പും തുടിപ്പും എല്ലാ കാലഘട്ടത്തിലും ഓരോ നാടിന്റെയും സ്പന്ദനം ആയിരിക്കും. നീണ്ട ഒരു പതിറ്റാണ്ടിലധികം മോങ്ങത്തിലെ ഒരു കൂട്ടം യുവാക്കളുടെ തുടിപ്പും ആവേശവുമായിരുന്നു വോളിബോള്‍. 1990 - കളുടെ ആദ്യ വര്‍ഷങ്ങളില്‍‍ തുടങ്ങി 2000-കളുടെ പകുതി വരെയും മോങ്ങത്തിലെ വൈകുന്നെരങ്ങള്‍‍ക്ക് നീണ്ട ഹരവും, അഭിനിവേശവും പകര്‍‍ന്ന വോളിബോള്‍‍ കോര്‍‍ട്ടുകള്‍‍ ഇന്നത്തെ നമ്മുടെ യുവ തലമുറയ്ക്ക് അന്യം നിന്ന് പോയിരിക്കുന്നു. ആദ്യ കാലങ്ങളിള്‍‍ ചെപ്പങ്ങലായിലെ മര മില്ല് പരിസരത്ത് ആരംഭിച്ച വോളിബോള്‍‍ പിന്നീട് ചെറുപുത്തുര്‍ റോഡിനു അഭിമുഖമായുള്ള വയലില്‍‍ ആയിരുന്നു ഏറെ കാലം കളിച്ചിരുന്നത്. പ്രോഫെഷനലിസം ഒട്ടും ഇല്ലാതെ തുടങ്ങിയ അന്നത്തെ മോങ്ങത്തെ  വോളിബോള്‍ ടീം കാലക്രമേണ പ്രോഫെഷനലുകളെ വരെ വെല്ലുന്ന നിലവാരത്തിലെക്കുയര്‍‍ന്നു വന്ന കാഴ്ച്ചയായിരുന്നു പില്‍കാലത്ത് കണ്ടത്.
  വെറ്റിലപാറ, തോട്ടുമുക്കം, വടകര, മൂന്നിയ്യൂര്‍, എം.എസ്.പി തുടങ്ങിയ മലബാറിലെ മികച്ച ടീമുകളോട് വരെ മാറ്റുരച്ചു വിജയം കൊയ്ത പാരമ്പര്യം മോങ്ങത്തെ വോളിബോള്‍‍ ടീമിന് ഉണ്ടായിരുന്നു എന്ന വസ്തുത മോങ്ങത്തെ വോളിബോള്‍ ചരിതത്തിന്റെ നല്ല ഇന്നലെകളെയാണ് നമ്മെ ഓര്‍മ്മ പെടുത്തുന്നത്. കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടിപ്പിച്ചു ഒരു സ്റ്റേറ്റ് ലെവല്‍  വോളിബോള്‍ ടൂര്‍ണമെന്റ്  വരെ സംഘടിപിച്ചു മോങ്ങത്തിന്റെ യശസ്സുയര്‍ത്തിയ സംഭവം വരെ അന്നത്തെ വോളിബോള്‍ യുവാക്കളുടെ കൂട്ടയ്മയായിരുന്ന നാഷണല്‍ ക്ലബിന് അവകാശപെടാനുണ്ട്. കെ.എം.ബിച്ചു, ബി.മമുണ്ണി, സി.ഹനീഫ, കെ.എം.സലിം മാസ്റ്റര്‍ , പി.പി കുഞ്ഞിപ്പു, ബി.ബിച്ചാപ്പു,  വി.ഗഫൂര്‍, കെ.കുഞ്ഞലവി, ഫാക്റ്റ് ചന്ദ്രന്‍, എന്‍ . പി നസീം, അമ്പിളി കബീര്‍, ടി.പി മുഹമ്മദ്‌, ഫുഡ്‌ ലാന്‍ഡ്‌ കുഞ്ഞു, സി.കാസിം, പി.പി മുനീബ്, ഒസ്സാന്‍ അബുകാക്ക, ഫാക്റ്റ് കുഞ്ഞു, മുന്ഷീര്‍, പ്രിന്‍സ്, ഗോപി, ടി.പി സലിം, എന്‍ . പി സലാം, ബി.മാനു തുടങ്ങി ഒട്ടനവധി യുവാക്കള്‍ ഒരു കാലത്ത് നമ്മുടെ നാടിന്റെ കളികളത്തിലെ ആവേശമായിരുന്നു. വൈകീട്ട് 4 .30-ഓടെ ആരംഭിച്ചിരുന്ന വോളിബോള്‍ മഗ്‌രിബ് ബാങ്ക് വരെ നീണ്ടു നിന്നിരുന്നു, മിക്ക കളികളും ജയ പരാജയത്തിനു ആവേശം പകരാന്‍ ബെറ്റു വെച്ച് കിട്ടിയിരുന്ന സോഡാ കുപ്പിയില്‍ ആയിരുന്നു അവസനിച്ചിരുന്നത്. 
   കളിക്കാരില്‍ പലരും വിദേശത്തേക്ക് പോയതും, കളിക്കളത്തിന്റെ  അപര്യാപ്തതയും,ആ തലമുറയിലെ യുവാക്കളുടെ പ്രായാധിക്യവും,പുതു തലമുറയുടെ താല്‍പര്യക്കുറവും നമ്മുടെ വോളി ബോള്‍ പാരമ്പര്യത്തിനു ഏറ്റ തിരിച്ചടികളാണ്. വോളി ബോള്‍ ജീവ വായു ആയി എടുത്ത കെ.എം ബിച്ചുവിനെ പോലുള്ള ആളുകള്‍ സമീപ പ്രദേശങ്ങളായ ആലുങ്ങപോറ്റയിലും, മൊറയൂരും, അരിമ്പ്രയിലും ഈ കായിക വിനോദത്തിന്റെ കളി കളങ്ങളില്‍ ഇന്നും സജീവമായി ഉണ്ട്. മോങ്ങത്തെ യുവ തലമുറയില്‍ പെട്ട യുവാക്കളെ സംഘടിപിച്ചു മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കി മോങ്ങത്തെ വോളി ബോള്‍ യുവത്വത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള  പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. 
    നമ്മുടെ അയല്‍ പ്രദേശമായ അരിമ്പ്രയിലെ പഴയ തലമുറയിലെ ആളുകള്‍ പുതു തലമുറയ്ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കിയത് ഒന്ന് കൊണ്ട് മാത്രമാണ് അവിടെ ഇപ്പോഴും ഈ കായിക മത്സരം മരിക്കാതെ ആ നാടിന്റെ പ്രശസ്തിയുടെ ഭാഗമായി ഇന്നുള്ളത് എന്നത് നമ്മള്‍ കാണേണ്ട ചൂണ്ടു പലകയാണ്. നമ്മുടെ നാട്ടിലെ നല്ലവരായ വോളി ബോള്‍ പ്രേമികളും, ക്ലബ്‌ ഭാരവാഹികളും ഈ വിഷയത്തില്‍  മോങ്ങത്തെ  യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഈ ലേഖനം ചുരുക്കുന്നു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

നിഷാദ് അഭിനന്ദനം

Post a Comment