അന്ന് മൂന്ന് ലക്ഷം ഇന്ന് മുപ്പത് ലക്ഷം (ബീരാന്‍ കുട്ടി ഹാജിയുടെ ആദ്യ ഹജ്ജ് അനുഭവങ്ങള്‍ -3)


          ജിദ്ദയിലും മക്കയിലുമൊന്നും ടാറിട്ട റോഡ് ഇല്ലെങ്കിലും ഗതാഗതത്തിനു അക്കാലത്തും ബസ് ഉണ്ടായിരുന്നു. ഒരു വലിയ കൂട് പോലെയുള്ള ബസ്സിനകത്ത് സീറ്റുകള്‍ക്ക് പകരം ബെഞ്ചായിരുന്നു ഇട്ടിരുന്നത്. ജിദ്ദയില്‍ നിന്നു മക്കയിലേക്കും മദീനയിലേക്കും തിരിച്ചുമെല്ലാം യാത്ര ചെയ്തിരുന്നത് ഈ ബസ്സിലായിരുന്നു. ഒരു കാറ്റടിച്ചാല്‍ മണല്‍ കൂനകള്‍ ഉണ്ടാവുന്ന മണല്‍ പാതയിലൂടെയായിരുന്നു ഈ ബസ്സിന്റെ യാത്രകളെല്ലാം. അറബി ഭാഷ സംസാരിക്കാന്‍ അറിയുന്നവര്‍ ആരും കൂടെ ഇല്ലാത്തതിനാല്‍ മറു നാട്ടുകാരോടുള്ള ആശയ വിനിമയം മിക്കവാരും ആംഗ്യം കാണിക്കലും ബാക്കി മലപ്പുറം മലയാളവും ആയിരുന്നുവെങ്കിലും കാര്യങ്ങളൊക്കെ മനസ്സിലാകുമായിരുന്നു എന്നും ബീരാന്‍ കുട്ടി ഹാജി പറഞ്ഞു. 
           അക്കാലത്ത് തന്നെ ഇവിടെ കുടുംബ സമേതം സ്ഥിര താമസക്കാരനായിരുന്നു മൊറയൂരിലെ ബങ്കാളത്ത് കുഞ്ഞീന്‍ ഹാജി. മുറുക്കാന്‍ വില്‍പ്പനയായിരുന്നു അന്ന് അദ്ധേഹത്തിനു ജോലിയെന്നും ബീരാന്‍ കുട്ടിഹാജി പറഞ്ഞു. പിന്നിട്ട് സൌദി പൌരത്വം ലഭിച്ച കുഞ്ഞീന്‍ ഹാജിയുടെ മകളാണ് ഇപ്പോള്‍ നിരവധി മലയാളികളുടെ സ്പോണ്‍സറായ സുലൈഖ അല്‍ മലബാരി. ഇന്ന് മുപ്പത് ലക്ഷത്തോളം പേര്‍ ഹജ്ജിനെത്തുന്നെങ്കില്‍ അക്കാലത്ത് ഏതാണ്ട് രണ്ട് മുതല്‍ മൂന്ന് ലക്ഷം പേര്‍ വരെ മാത്രമെ പങ്കെടുക്കുമെന്ന് ബീരാന്‍ കുട്ടി ഹാജി പറഞ്ഞു. അന്നത്തെ പരിമിതമായ യാത്രാ സൌകര്യങ്ങളും മറ്റും താരതമ്യം ചെയ്യുമ്പോള്‍ അത് ഇന്നെതിലും വലിയ ഹജ്ജായി പരിഗണിക്കേണ്ടിവരും. അന്നത്തെ സൌദി ഭരണാധികാരി ഇന്നത്തെ സൌദി അറേബ്യയുടെ ശില്‍പ്പിയുമായ അബ്ദുള്‍ അസീസ് അല്‍ സഹൂദ് രാജാവ് ഹജ്ജിന് വന്നപ്പോല്‍ അദ്ധേഹത്തെ അടുത്ത് പോയി കണ്ടതും ബീരാന്‍ കുട്ടി ഹാജി സ്മരിച്ചു. 
    ക‌അ‌ബയില്‍ അന്ന് നാല് മദ്‌ഹബിന്റെ ഇമാമുമാരും ഉണ്ടായിരുന്നതായും ഓരോ വക്ത് നിസ്കാരത്തിനും ഓരോ മദ്‌ഹബിന്റെ ഇമാമുമാര്‍ ആയിരുന്നു നേതൃത്വം നല്‍കിയിരുന്നതെന്നും അദ്ധേഹം പറഞ്ഞു. ഇരുപത്തി ആറാം വയസ്സില്‍ ഹജ്ജ് ചൈതെങ്കിലും പിന്നീട് ഒരു ഹജ്ജിന് പോരാന്‍ സമ്പത്തും ആരോഗ്യവും എല്ലാം ഉണ്ടെങ്കിലും ഇബ്രാഹിം നബിയുടെ വിളി കിട്ടാത്തതിനാലാവണം ഇക്കാലമത്രെയും വരാന്‍ കഴിയാതിരുന്നതെന്ന് അദ്ധേഹം പറഞ്ഞു. അറുപത്തിയൊന്ന് വര്‍ഷത്തെനപ്പുറത്തെ ആദ്യ ഹജ്ജ് അനുഭവങ്ങള്‍ തന്റെ എണ്‍പത്തി ഏഴാം വയസ്സിലും അയവിറക്കുമ്പോള്‍ ഓര്‍മകള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിറ്റിട്ടില്ലെന്ന് മോങ്ങം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ബീരാന്‍ കുട്ടി ഹാജിയുടെ ഓരോ വാക്കുകളിലും വെക്തമായിരുന്നു.      
     സംസാരിക്കാന്‍ ഇനിയും സമയമുണ്ടെങ്കില്‍ മുന്‍ കാല ചരിത്രങ്ങളെ കുറിച്ച് വെക്തമായി വിശദീകരിച്ച് പറഞ്ഞ് തരാന്‍ കഴിയുന്ന ഒരു മഹാ പ്രതിഭാശാലിയാണ് ബീരാന്‍ കുട്ടി ഹാജിയെന്ന് ഈ അഭിമുഖത്തിലൂടെ ഞങ്ങള്‍ക്ക് വെക്തമായി. ദീര്‍ഘ വീക്ഷണത്തോടെ ഒരു നാടിന്റെയും തന്റെ സമുദായത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ  ബങ്കാളത്ത് പോക്കര്‍ ഹാ‍ജി എന്ന ഒരു മഹാനായ പിതാവിന്റെ പുത്രനാണ് ബീരാന്‍ കുട്ടിഹാജി. മോങ്ങത്തെ ജുമുഅത്ത് പള്ളിയും അതിനോടനുബന്ധിച്ചുള്ള വിശാലമായ ഖബര്‍സ്ഥാനും ഇര്‍ഷാദ് സ്വിബിയാനും അന്‍‌വാറുല്‍ ഇസ്ലാം തുടങ്ങിയ മദ്രസകളും അടക്കം നാടിന്റെയും സമുദായത്തിന്റെയും പൊതു ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും അത് പരിപാലിച്ച് പോരുന്നതിലും ഈ കുടുംബം അന്നും ഇന്നും നിതാന്ത ജാഗ്രത കാണിക്കുന്നു എന്നത് എന്നും നമ്മള്‍ മോങ്ങത്തുക്കാര്‍ നന്ദിയോടെ സ്മരിക്കേണ്ടതാണ്. ഇരുപത് കൊല്ലത്തോളം മൊറയൂര്‍ പഞ്ചായത്തില്‍ മോങ്ങത്തെ പ്രധിനിതീകരിച്ച് അംഗമായിരുന്നു ബീരാന്‍ കുട്ടി ഹാജിയെങ്കില്‍, ഇന്ന് ജന സേവകനായി ആ ചുമതല മകന്‍ കുഞ്ഞുട്ടി വളരെ ഭംഗിയായി നിര്‍വ്വഹിച്ച് വരുന്നു. 
      മോങ്ങത്തിന്റെ പൂര്‍വ്വകാല ചരിത്രത്തെ കുറിച്ച് ഒരു പക്ഷെ വളരെ കൃത്യമായി പറഞ്ഞ് തരാന്‍ കഴിയുന്ന അപൂര്‍വ്വം ചില വെക്തിത്വങ്ങളിലൊന്നായ ബീരാന്‍ കുട്ടി ഹാജിയടക്കമുള്ള നാടിന്റെ കാരണവന്മാരുമായി എന്റെ മോങ്ങം ന്യൂസ് ബോക്സ് “മോങ്ങത്തിന്റെ പഴയ നാളുകള്‍“ എന്ന വിഷയത്തില്‍ ഒരു വിശാലമായ അഭിമുഖം തന്നെ നടത്തണം എന്ന് ഉദ്ധേശിക്കുന്നുണ്ട്.  ദിശാ ബോധത്തോടെ ഒരു നാടിന് ഐക്യത്തോടെ നേതൃത്വം നല്‍കാന്‍ അദ്ധേഹത്തിന് സര്‍വ്വ ശക്തന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ അനുഭവ കുറിപ്പ് ഞങ്ങള്‍ ഇവിടെ അവസാനിപ്പിക്കട്ടെ. 
(റിപ്പോര്‍ട്ട് തയ്യാറാക്കിയത് സി.ടി.അലവി ക്കുട്ടി: സഹായികള്‍ ഉമ്മര്‍.സി.കൂനേങ്ങല്‍, സി.കെ.എ.റഹ്‌മാന്‍ : ഫോട്ടോ ഷാജഹാന്‍ .കെ)    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment