ഗള്‍ഫില്‍ ഇന്നും നാട്ടില്‍ നാളെയും ബലി പെരുന്നാള്‍


     ജിദ്ദ: വീണ്ടും ഒരു ബലിപെരുന്നാള്‍. അചഞ്ചലമായ ആത്മധൈര്യവും അതുല്യമായ ദൈവാര്‍പ്പണവുമായി അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കിടന്ന ഒരു സമൂഹത്തെ കൈപിടിച്ചുയര്‍ത്താനായി കടന്നുവന്ന പ്രവാചകന്‍ ഇബ്‌റാഹിം നബി (അ)യുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും പകരുന്നത്. അല്ലാഹു അക്ബറിന്റെ മാസ്മര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയൊലികളായി ആരവം മുഴക്കുകയാണെവിടെയും. സൗദിയിലും ഒമാന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തിലും ഒമാനിലും നാളെ (തിങ്കള്‍) ബലിപെരുന്നാള്‍ ആഘോഷിക്കും.
      ഇന്ന് രാവിലെ ആറു മണിയോടെ മിക്ക പള്ളികളിലും പെരുന്നാള്‍ നിസ്‌കാരം നടന്നു. സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവും കിരീടാവകാശി നായിഫ് രാജകുമാരനും എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. 
        ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇന്ന് ദുല്‍ ഹജ്ജ് 9 ആയദിനാല്‍ അറഫാ നോമ്പാണ്. നാളത്തെ പെരുന്നാള്‍ ആഘോഷം വിപുലമാക്കാന്‍ മോങ്ങത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മോങ്ങം വലിയ ജുമുഅത്ത് പള്ളിയില്‍ രാവിലെ 8.30നും മസ്ജിദുല്‍ അമാന്റെ കീഴിലുള്ള ഈദ് ഗാഹില്‍ 7.30നും, ഉമ്മുല്‍ ഖുറാ സുന്നി മസ്ജിദില്‍ 8 മണിക്കും, ചെറുപുത്തൂര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ 8.45നും, ചെറുപുത്തൂര്‍ മസ്ജിദുല്‍ ഹുദാ കീഴില്‍ ചെറുപുത്തൂര്‍ സ്കൂളില്‍ വെച്ച് നടക്കുന്ന ഈദ് ഗാഹില്‍ 7.45നും പെരുന്നാള്‍ നമസ്കാരം നടക്കും 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment