രോഗം വിതക്കുന്ന മദ്യം (ഭാഗം-1): ഇബ്രാഹിം സഖാഫി കോട്ടൂര്‍

        വര്‍ത്തമാന കാലം വിവിധ ലഹരികളുടെ പിടിയിലമരുകയാണ്. സ്വബോധം നഷ്ടപെട്ട് അലക്ഷ്യമായി ജീവിക്കാന്‍ നമുക്ക് ചോദന ലഭിക്കുന്നത് ലഹരികളില്‍കൂടിയാണ്. സ്പോര്‍ട്സും പാട്ടും വിനോദവും പലരുടെയും മസ്തിഷ്‌കത്തെ അവരറിയാതെ കൊന്ന് കൊണ്ടിരിക്കുന്നു. മദ്യവും മയക്ക് മരുന്നും കൊലപാതകിയാണെന്നറിഞ്ഞു മനുഷ്യന്‍ ഉപയോഗിക്കുന്നത് നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരുന്നു. പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നവര്‍ സ്വതത്തോടൊപ്പം സമൂഹത്തെയും നശിപ്പിക്കുയാണ്.  
       2015 ആകുമ്പോള്‍ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഉള്ളതിന്റെ മൂന്നിരട്ടി ലഹരി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് കണക്ക്. പൊതു ഖജനാവിലേക്ക് വിദേശ മദ്യമൊഴുക്കുന്ന പരകോടികളുടെ എക്കൌണ്ട് മദ്യമുക്ത രാജ്യമെന്ന ഭരണഘടനാ വാഗ്ദാനത്തെ വെറും സ്വപ്നമായി അവശേഷിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവമായ മനുഷ്യ സമ്പത്തിനെ എല്ലാ അര്‍ത്ഥത്തിലും ഗ്രസിക്കുന്ന ഈ വിപത്ത് മാത്രം അധികൃതരുടെ കണ്ണ് തുറക്കുമോ എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നിയമത്തിന്റെ ശക്തികൊണ്ട് സമൂഹത്തെ ഈ ശുദ്ധവിഷത്തില്‍ നിന്ന് രക്ഷിക്കാനാവില്ല എന്ന് ചുരുക്കം. 
        ഓരോ വ്യക്തിയുടെയും ജീവനും ആരോഗ്യവും വളരെ വിലപ്പെട്ടതാണ്. നാം ചോദിക്കാതെ തന്നെ സൃഷ്ടാവായ അള്ളാഹു നല്‍കിയ അനുഗ്രഹമാണല്ലോ അത്. നമ്മുടെ ആരോഗ്യത്തിനും രക്ഷക്കും അനുസൃതമായ നിയമങ്ങളാണ് സൃഷ്ടാവ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു വാഹനത്തിന്റെ നിര്‍മാതാവ് അതില്‍ ഒഴിക്കേണ്ട ഇന്ധനം നിര്‍ണയിക്കുന്നത് പോലെ മനുഷ്യന് ഭുജിക്കാന്‍ തരപ്പെട്ടത് സൃഷ്ടാവും വിവരിച്ചിരിക്കുന്നു. നിര്‍മാതാവ് അനുവതിച്ചതല്ലാത്ത ഇന്ധനം വാഹനത്തിലൊഴിച്ചാല്‍ അതിന്റെ എഞ്ചിന്‍ തകരാറിലാകുന്നത് പോലെ സൃഷ്ടി ദാതാവിന്റെ നിഷ്‌കര്‍ശങ്ങളെ മറി കടക്കുമ്പോള്‍ ശരീരത്തിന്റെ പാര്‍ട്സുകള്‍ക്ക് തകരാറ് സംഭവിക്കുന്നത് സ്വാഭാവികം.  
          മദ്യം പൈശാചികമാണ് അതിനെ വെടിയണമെന്ന് വിശുദ്ധ ഖുര്‍‌ആന്‍ ഉദ്ബോധിപ്പിക്കുന്നു. ലഹരി രോഗ ശമനിയല്ല രോഗമാണ് എന്ന് പ്രവാചകരും (സ) പഠിപ്പിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പഠനം ഈ തിരുവചനമുള്‍ക്കൊള്ളുന്ന സമഗ്രാശയത്തിന്റെ ചുരുളഴിയുകയാണ്. മദ്യം രോഗമാണ് എന്ന് പറഞ്ഞാല്‍ അതൊരു കേവലമായ രോഗ കാരണമല്ല. പ്രത്യുത മനുഷ്യ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ ഘടനകളെയും തകരാറിലാക്കാന്‍ മാത്രം വില്ലനാണ് ലഹരി. 
(തുടരും)
        

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment