രോഗം വിതക്കുന്ന മദ്യം (ഭാഗം-2): ഇബ്രാഹിം സഖാഫി കോട്ടൂര്‍

          നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉല്‍‌പാദിപ്പിക്കുന്ന പട്ട ചാരായം മുതല്‍ വിദേശ നിര്‍മ്മിത ലഹരി ഉല്‍പ്പന്നങ്ങളും, ഹെറോയിന്‍ , കൊക്കെയിന്‍ , ഹശീശ്, തുടങ്ങിയ വിവിധ മയക്ക് മരുന്നുകളും ആധുനിക സമൂഹത്തെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയാണ്. മനുഷ്യ ശരീരത്തിലെ മര്‍മ്മ പ്രധാന ഭാഗമായ തലച്ചോറിനെ മന്ദീഭവിപ്പിക്കലാണ് ലഹരിയുടെ പ്രധാന ധര്‍മ്മം. 100 മില്ല്യണ്‍ നാഡീ കോശങ്ങളുടെ സങ്കേതമായ ബ്രൈയിന്‍ മനുഷ്യ ശരീരത്തിലെ അത്യത്ഭുതമാണ്.  വിവേചിക്കാനും, ചിന്തിക്കാനും, തീരുമാനമെടുക്കാനും, നമ്മെ സഹായിക്കുന്നത് മൂന്ന് പാര്‍ട്സുകളുള്ള തലച്ചോറിലെ ഏറ്റവും വലുതും മുകള്‍ ഭാഗവുമായ “സെറിബ്രല്‍ കോര്‍ടെക്സ്” ആണെത്രെ. സുഷംനാ നാഡി വഴി നമ്മുടെ ശരീര ഭാഗങ്ങളെ തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സൃഷ്ടിദാതാവ്. മില്യന്‍ കണക്കിന് വരുന്ന നാഡീ കോശങ്ങളുടെ സിഗ്‌നല്‍ കൈമാറ്റത്തിലൂടെയാണ് കാലില്‍ സംഭവിച്ച് മുറിവിനെ കുറിച്ച് തലച്ചോറ് നമ്മെ അറിയിക്കുന്നത്. ഈ സിഗ്‌നല്‍ കൈമാറ്റ പക്രിയ ഇല്ലായിരുന്നുവെങ്കില്‍ വിസര്‍ജ്ജനം പോലും നാം അറിയാതെ നടക്കുമായിരുന്നു. തലയോട്ടിക്കുള്ളില്‍ ഒരു പ്രതേക ദ്രാവകത്തില്‍ വളരെ ഭദ്രമായി അല്ലാഹു സംവിധാനിച്ച തലച്ചോറിന്റെ ഈ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളുടെ മന്ദീഭവിപ്പിക്കുന്ന ലഹരി ഉപഭോഗം മാപ്പര്‍ഹിക്കുന്നതാണോ..?
      ബ്രയിനിലെ നാഡീ കോശങ്ങളെ ബാധിക്കുന്നതിനാലാണ് കുടിയന് വിവേകം നഷ്ടപെടുന്നത്. മൃഗത്തെക്കാള്‍ അധ:പതിച്ച രീതിയിലേക്ക് തരം താഴുന്നത്. ശത്രുവിനെയും, മിത്രത്തെയും, ഭാര്യയെയും, ഉമ്മയെയും തിരിച്ചറിയാതെ കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും തിരികൊളുത്തുന്നത്. മദ്യത്തെ അല്ലാഹു കര്‍ശനമായി വിരോധിച്ചത് വെറുതെയല്ല എന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാകേണ്ടത്.
    ആന്തരികാവയവങ്ങളില്‍ സുപ്രധാനമായ മറ്റൊന്നാണ് ഹൃദയം. തലച്ചോറ് പോലെ തന്നെ വളരെ സുഭദ്രമായ രീതിയില്‍ സൃഷ്‌ടാവ് ഹൃദയത്തെ സംവിധാനിച്ചിട്ടുള്ളത്. വാരിയെല്ലുകള്‍ക്കും നെഞ്ചെല്ലിനും മദ്ധ്യേയാണ് അതിന്റെ സ്ഥാനം. ശരീരിരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുകയാണ് ഹാര്‍ട്ടിന്റെ പ്രധാന ധര്‍മ്മം. ഒരു മിനുട്ടിനുള്ളില്‍ അഞ്ച് ലിറ്റര്‍ രക്തമാണ് ഹൃദയം പമ്പ് ചെയ്യുന്നത്. ശരാശരി ഒരു ദിവസം 9800 മുതല്‍ 12600 ലിറ്റര്‍ വരെ  (നമ്മുടെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ ഏതാണ്ട് പത്ത് മുതല്‍ പന്ത്രണ്ട് ഇരട്ടിയോളം)   രക്തം തുടര്‍ച്ചയായി ഈ പം‌മ്പിങ്ങ് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഭാരിച്ച ജോലി ചെയ്യുന്ന ഹൃദയത്തിന്റെ തൂക്കമാവട്ടെ 250-300 ഗ്രാം മാത്രം. മദ്യ ഉപഭോഗം ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു എന്ന് മാത്രമല്ല ഒരു വേള അതിന്റെ പ്രവര്‍ത്തനം തന്നെ നിലക്കാന്‍ വരെ അത് കാരണമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
  രക്ത ശുദ്ധീകരണ പ്രക്രിയ നടത്തികൊണ്ടിരിക്കുന്ന വൃക്കകളേയും ലഹരി ഉപയോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്. രക്തത്തെ അരിച്ച് പെറുക്കി മാലിന്യം പുറത്തേക്ക് തള്ളാനായി ഓരോ വൃക്കയിലും 10 ലക്ഷം വീതം  നെഫ്രോണുകളാണ് സൃഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്. നൈമിഷിക സുഖത്തിന് വേണ്ടി ഈ സൃഷ്ടി സംവിധാനങ്ങളെ അട്ടിമറിക്കുന്നത് ഒരു തരത്തിലും ന്യായമല്ല.
     (തുടരും)
        
      

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment