ദേശാഭിമാ‍നി അക്ഷരമുറ്റം ക്വിസ്: സംസ്ഥാനത്ത് ദില്‍‌ഷാദക്ക് ഒന്നാം സ്ഥാനം

        കണ്ണൂര്‍ : മോങ്ങത്തിന്റെ അഭിമാനമായി ഫാത്തിമാ ദിത്ഷാദ വീണ്ടും സംസ്ഥാന തല ക്വിസ് മത്സരത്തില്‍ വിജയിയായി. ദേശാഭിമാനി ദിന പത്രം സംസ്ഥാന വ്യാപകമായി നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിലാണ്  മലപ്പുറം ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത് ദില്‍‌ഷാദ ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടി നാടിനും തന്റെ സ്കൂളിനും മലപ്പുറം ജില്ലക്കും അഭിമാനമായത്. സംസ്ഥാനത്ത് ആകമാനം 20 ലക്ഷം കുട്ടികള്‍ മാറ്റുരച്ച മത്സരത്തില്‍ വിവിധ ഘട്ടങ്ങളില്‍ വിജയിച്ച് മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി 15000 രൂപയും സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയാണ്  ദില്‍‌ഷാദ സംസ്ഥാന തലത്തില്‍ എത്തി വിജയത്തിന്റെ വെന്നികൊടി പാറിച്ചത്. 
      കണ്ണൂരില്‍ വെച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ സി.പി.ഐ.എം സംസ്ഥാന സെക്രടറി പിണറായി വിജയനില്‍ നിന്നും സംസ്ഥാന തല വിജയികള്‍ക്കുള്ള 25000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ദില്‍‌ഷാദയും കൂട്ടുകാരി സുരയ്യയും ഏറ്റ് വാങ്ങി. ചടങ്ങില്‍ ഇ.പി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണമൂര്‍ത്തി, കഥാകൃത്ത് ടി.പത്മനാഭന്‍ , ഡോക്‍ടര്‍ പി.ഇഖ്ബാല്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആനന്ദ് സിങ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള, കോഴിക്കോട് ദേശാഭിമാനി യൂണിറ്റ് മാനേജര്‍ എ.കെ.പത്മനാഭന്‍ എന്നിവര്‍ വിജയികളെ അനുമോദിച്ച് പ്രസംഗിച്ചു.  
     മോങ്ങം കൂനേങ്ങല്‍ സി.എം.അലി മാസ്റ്ററ്ററുടെയും സഫിയ ടീച്ചറുടെയും മകളായ ദില്‍‌ഷാദ പുല്ലാനൂര്‍ ഗവ: വെക്കേഷണല്‍ ഹെയര്‍ സെകണ്ടറി സ്കൂള്‍ പത്താം തരം വിദ്ധ്യാര്‍ത്ഥിനിയാണ് ദിത്ഷാദ ഫാത്തിമ. പരന്ന വായനയിലൂടെ നേടിയ അറിവുകളുമായി വിവിധ മത്സരങ്ങളില്‍ ജില്ലയിലും സംസ്ഥാനത്തും നിരവധി സമ്മാനങ്ങള്‍ നേടിയ ദില്‍‌ഷാദയെ “എന്റെ മോങ്ങം“ ഇതിനു മുമ്പ് ഒരിക്കല്‍ വായനക്കാര്‍ക്ക് പരിചയപെടുത്തിയതാണ്. 
      സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി 10001 രൂ‍പയും ട്രോഫിയും സമ്മാനം കരസ്ഥമാക്കിയ ദില്‍‌ഷാദ അതിന്റെ സംസ്ഥാന തല മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ്. അതില്‍ വിജയിച്ചാല്‍ 15000 രൂപയും സംസ്ഥാനത്തെ മൊത്തം പുരാവസ്തുക്കളും നേരിട്ട് കാണാന്‍ ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന ഒരു സൌജന്യ ടൂറിനുള്ള അവസരവും ദില്‍‌ഷാദയെ തേടി എത്തിയേക്കാം. പത്താം തരത്തിലെ തന്റെ പഠന തിരക്കിനിടക്കും പുതിയ പുതിയ അറിവുകള്‍ നേടാന്‍ വായനയുടെ വിശാലമായ ലോകത്ത് സഞ്ചരിക്കുന്ന ദില്‍‌ഷാദ ഫാത്തിമ എന്നും മത്സര പരീക്ഷകളുടെയും ക്വിസ് മത്സരങ്ങളുടെയും തിരക്കിലാണ്.   ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ വിജയിച്ച ദിഷാദക്കും കൂട്ടുകാരി സുരയ്യക്കും അടുത്ത ആഴ്ച്ച ദേശാഭിമാനി മലപ്പുറം ബ്യൂറോ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment