“ലഹരി മുക്ത മോങ്ങം“ സ്വപ്നം യാഥാർത്ഥ്യമാകുമോ....?


         അങ്ങിനെ ലഹരിക്കെതിരിൽ ഒരു കൂട്ടായ്മ സൃഷ്ടിക്കാൻ നമ്മൾ മോങ്ങത്തുകാർക്ക് കഴിഞ്ഞിരിക്കുന്നു. പ്രഖ്യാപന സമ്മേളനം വൻ വിജയമായിരുന്നു. വ്യക്തമായ മാസ്റ്റർ പ്ലാനോടു കൂടി ഇനിയുള്ള കർമ്മ പരിപാടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ലഹരി ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണ്. കൂട്ടുകെട്ടിന് അതിൽ വലിയ പങ്കുണ്ട്. അത്തരം കൂട്ടുകെട്ടുകൾ നമ്മുടെ നാട്ടിൽ പല സ്ഥങ്ങളിലായി ഒത്തു കൂടൂന്നുണ്ട്. ടീനേജുകാർ ലഹരി നുണഞ്ഞു തുടങ്ങുന്നതും അതിൽ ചിലർ പിന്നീട് ലഹരി ഒഴിച്ചു കൂടാൻ പറ്റാത്തവരാകുന്നതു നാം കാണുന്നതാണ്. 
        വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുവനോ. ആരെയെങ്കിലും അനാവശ്യമായി വിമർശിക്കുവാനോ,  ഏതെങ്കിലും സാഹചര്യത്തെ  പർവ്വതീകരിച്ച് അനാവശ്യ ഫലങ്ങൾ സൃഷ്ടിക്കുവാനോ ഉള്ളതല്ല ലഹരി വിരുദ്ധ കൂട്ടായ്മ. വളർന്നു വരുന്ന തലമുറ മാന്യതയുടെ പ്രതീകമായി ലഹരി ഉപയോഗത്തെ കണ്ടു കൊണ്ടിരിക്കൂന്നു. സമൂഹത്തിൽ അത്യാവശ്യം മാന്യന്മാരായാൽ പോലും സുഹൃത്തിന്റെ കയ്യിൽ നിന്നോ സ്വന്തം പോക്കറ്റിൽ നിന്നോ ലഹരിപ്പൊതികൾ എടുത്ത് പരസ്യമായി ഉപയോഗിക്കുമ്പോൾ കേവലം ഒരു മിഠായി നുണയുന്ന ലാഘവത്തോടെ അതിനെ നിസാര വൽക്കരിക്കപ്പെടുന്നു. ചെറിയ ഒരു മറയോടു കൂടിയെങ്കിലും മദ്യക്കുപ്പികൾ പരസ്പരം കൈമാറുന്നു. ഒരുകാലത്ത് പുകവലി സ്റ്റാറ്റസിന്റെ പ്രതീകമായിരുന്നു പലർക്കും. കല്ല്യാണ സദസ്സുകളിൽ സിഗററ്റ് അനിവാര്യ ഘടകമായിരുന്നു. അങ്ങിനെ പുകവലി ശീലിച്ചവർ എത്രയോ പേർ നമുക്ക് മുന്നിലുണ്ട്. ഇന്നു പുകവലി വെറുകപ്പെട്ട ഒരു സ്വഭാവമായി എല്ലാവരും മനസ്സിലാക്കുന്നു. തല്‍ സ്ഥാനത്തേക്ക് ലഹരി വസ്‌ഥുക്കൾ കടന്നു വരുന്നു. 
     പ്രായോഗികമായ ബോധവൽക്കരണത്തോടെ ഒരു പ്രദേശത്തിന്റെ കൂട്ടായ്മയിലൂടെ ലഹരി ഉപയോഗം ഒരു വെറുക്കപ്പെട്ട സംഗതിയാണെന്നുള്ളത് സമൂഹത്തെ മനസ്സിലാക്കുകയും അതിനോട് ഒരു അകൽച്ചയുണ്ടാക്കുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ലഹരി വസ്‌ഥുക്കൾ നമ്മുടെ നാട്ടിൽ പണം കൊടുത്തോ അല്ലാതെയോ കിട്ടാത്ത അവസ്ഥയിലേക്ക് നാടിനെ എത്തിക്കുക. ധാരാളം അന്യദേശക്കാർ താമസിക്കുന്ന നമ്മുടെ നാട്ടിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നാട്ടുകാരെയും അല്ല്ലാത്തവരെയും കുറ്റ വിചാരണ ചെയ്യുക എന്നത് ഈ കൂട്ടായമയുടെ ലക്ഷ്യമല്ല. ക്രിയാത്മകമായ തുടർ പ്രവർത്തനങ്ങളിലൂടെ ഫലവത്തായ ബോധവൽക്കരണത്തിലൂടെ കൂട്ടായ്മ മുന്നോട്ട് പോകുമ്പോൾ അനാവശ്യ ശൂരത്തം പോരടിപ്പിക്കുന്നവരെ മാറ്റി നിർത്തുവാൻ ശ്രദ്ധിക്കുക. കാള പെറ്റന്നു കേൾക്കുമ്പോഴേക്ക് കയറെടുക്കുന്നവരുണ്ടാകാം.
        ഈ നാട് ലഹരി മുക്തമാണ് ഇവിടെ ഇതു നടക്കില്ല എന്ന ഓരോ മോങ്ങത്തുകാരനും പറയുന്ന അവസ്ഥയിലേക്ക് എത്തുകയെന്നതാണ് നമ്മുടെ സ്വപ്നം. ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തനം നല്ല രീതിയിൽ തുടരുകയാണെങ്കിൽ തീർച്ചയായും അതിനു സാധിക്കും. സംഘടനാ മതിലുകൾ മറന്നു ഒരു നമയുടെ പക്ഷം ചേരാൻ നമ്മൾ മോങ്ങത്തുകാർ കാണിക്കുന്ന ആവേശം തീർച്ചയായും അഭിമാനിക്കാൻ വക നൽകുന്നു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment