ക്ഷേത്രം - പള്ളി അക്രമണം: സമാധാന റാലി നടത്തി

          മോങ്ങം: മൊറയൂര്‍ ശിവക്ഷേത്ര തീവെപ്പിലും ഹില്‍ടോപ്പ് പള്ളിക്ക് നേരെ ഉണ്ടായ കല്ലേറിലും പ്രതിഷേധിച്ച് പ്രദേശത്തെ എല്ലാ ജന വിഭാഗങ്ങളും ഒന്നിച്ച് സര്‍വ്വ കക്ഷി സമാധാന റാലി നടത്തി. വിവിധ രാഷ്ട്രീയ മത സാംസ്കാരിക സംഘടനയിലെ അംഗങ്ങളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി മൊറയൂരില്‍ ആരംഭിച്ചു ഹില്‍ടോപ്പില്‍ സമാപിച്ചു.
    അമ്പലങ്ങളും മസ്ജിദുകളും അടക്കമുള്ള എല്ലാ ആരാധനാലയങ്ങളും നാടിന്റെ പൊതു സമ്പത്താണെന്നും അതിനെതിരെ തിരിയുന്നവര്‍ നാടിന്റെ ശത്രുക്കളാണെന്നും പ്രഖ്യാപിക്കുന്നു മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. തയ്യില്‍ അബു, പി.സി.രാജന്‍ , ഇ. പ്രദീപ്, കമ്മദ്, ആനത്താന്‍ അബ്ദുസലാം, പി.പി.ഹംസ, ഷാഹു ഹാജി, കോമു മാസ്റ്റര്‍, സി.കെ.മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി.
       മത മൈത്രി തകര്‍ക്കാനുള്ള ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ ശ്രമമാണ് ക്ഷേത്രത്തിനും പള്ളിക്കും നേരെ ഉണ്ടായ അക്രമത്തിനു പിന്നിലെന്നും അന്വേഷണം ഊര്‍ജിത പെടുത്തി കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ജനങ്ങള്‍ സമാധാനം മുറുകെ പിടിക്കണെമെന്നും സര്‍വ്വ കക്ഷി യോഗത്തില്‍ പ്രസംഗിച്ചവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.  തീ പിടുത്തം ഉണ്ടായ മൊറയൂര്‍ മഹാ ശിവ ക്ഷേത്രത്തില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സന്ദര്‍ശനം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment