ഹില്‍ടോപ്പില്‍ കണ്ടൈനര്‍ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

      മോങ്ങം: ബാങ്ക്ലൂരില്‍ നിന്ന് ഇന്നോവ കാറുകളുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടൈനര്‍ ലോറി ഹില്‍ടോപ്പ് വളവില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശുകാരായ ഡ്രൈവര്‍ മധുര പ്രസാദ് സഹായി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ക്യാബിനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവരെ രക്ഷപെടുത്താന്‍ ഒന്നര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിലൂടെയാണ് സാധിച്ചത്. മലപ്പുറത്ത് നിന്നെത്തിയ ഫെയര്‍ ഫോഴ്സും പോലീസും സമീപ സ്ഥലവാസികളായ നാട്ടുകാരും പാട് പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.  
     മരണത്തോട് മല്ലടിക്കുന്ന വേദനയാല്‍ ഡ്രൈവറുടെ നിലവിളി ഏവരെയും കരളലിയിപ്പിക്കുന്നതായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കണ്ടൈനര്‍ ആല്‍ മരത്തിലും പരസ്യ ബോര്‍ഡിലും ഇടിച്ച് നിന്നില്ലാരുന്നുവെങ്കില്‍ ഭാരവും വലിപ്പവും കൂടിയ കണ്ടൈനര്‍ താഴേക്ക് മറിഞ്ഞ് അത് ഒരു വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. 
     കണ്ടൈനര്‍ ടാങ്കര്‍ തുടങ്ങി നീളം കൂടിയ  വാഹനങ്ങള്‍ക്ക് എന്നും പേടി സ്വപനമാണ് കൊടും വളവോട് കൂടിയ ഹില്‍ടോപ്പ് ഇറക്കം. കഴിഞ്ഞ മാസം വിമാനത്തിന്റെ ഇന്ധനവുമായി പോകുന്ന ടാങ്കര്‍ മറിഞ്ഞതടക്കം നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന പരിസരവാസികള്‍ ദുരന്തങ്ങള്‍ തലനാരിഴക്ക് വഴിമാറിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദുരന്ത ഭീഷണിയുടെ ആശങ്ക അവരിലെപ്പെഴും ബാക്കിയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment