ചാപ്പാന്‍ ബാപ്പുവിന്റെ കത്തിയും നാട്ടുക്കാരുടെ കൈ തരിപ്പും (എഡിറ്ററോടൊപ്പം ബി.കുഞ്ഞു -2)

     മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തില്‍ കളിക്കാരല്ലെങ്കിലും ഒഴിച്ച് കൂടാന്‍ പറ്റാത്ത ചില പേരുകള്‍ ഉണ്ട്. അതില്‍ ചിലരാണ് ചാപ്പാന്‍ ബാപ്പു എന്ന മുഹമ്മിദശ കാക്കയും, കോടിതൊടി ബാപ്പുട്ടിയും, മഠത്തില്‍ അലവികുട്ടി ഹാജി, ഓളിക്കല്‍ കുഞ്ഞു എന്നിവരൊക്കെ. അന്ന് മുതല്‍ ഈ അടുത്ത കാലം വരെ ഗ്രൌണ്ടിനു പുറത്ത് ടീമിനു ഹരവും ആവേശവുമായി ഇഅവരൊക്കെ നേതൃത്വം നല്‍കിയിരുന്ന. മഞ്ചേരിയില്‍ നടന്ന ആവേശകരമായ കളിയില്‍ ഇസ്‌ഹാഖ് കുരിക്കളുടെ നേതൃത്വത്തിലുള്ള ടീമിനോട് ഒരു ഗോള് വഴങ്ങി നില്‍ക്കുന്ന സമയത്ത് അത് ഓഫ് സൈഡാണെന്ന് പറഞ്ഞ് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അടി തുടങ്ങിയപ്പോള്‍ ചാപ്പാന്‍ ബാപ്പു കത്തി ഊരി വീശിയതില്‍ പ്രകോപിതരായ കാണികള്‍ ജേഴ്സിയിലുള്ള കളിക്കാരായ ഞങ്ങളെ വളഞ്ഞിട്ട് തല്ലിയപ്പോള്‍ പലവഴിക്ക് മുങ്ങിയതും കാല്‍ നടയായി നാടുപിടിച്ചതും ഇന്നും ഇന്നലെയെന്ന പോലെ കുഞ്ഞുക്ക ഓര്‍ത്തെടുത്തു. പുറം നാടുകളിലെ ടീമുകളിലേക്ക് കളിക്കാന്‍ പോകുമ്പോള്‍ അന്ന് കിട്ടുന്ന പത്ത് രൂപ അക്കാലത്ത് വന്‍ സംഖ്യയാണെന്നും അദ്ധേഹം പറഞ്ഞു.
     ഫുട്ബോള്‍ മോങ്ങത്ത് വരുന്നതിന് മുമ്പ് “പടാളി“ എന്ന പേരില്‍ അറിയുന്ന പട കളിയായിരുന്നു ആകെ ഉണ്ടായിരുന്ന ഗെയിം. കളത്തില്‍ ഇറങ്ങി തന്റെ തുടയില്‍ അടിച്ച് ശബ്ദം ഉണ്ടാക്കി എതിരാളികളെ വെല്ലു വിളിച്ച് കളത്തിലിറക്കി മല്‍പ്പിടുത്തത്തിലൂടെ മറിച്ചിട്ട് വിജയിയാകുന്ന ഒന്നാണ് പടാളി എന്ന കളി. കല്ലിടുമ്പില്‍ അത്തനാലിക്ക, കുറുങ്ങാടന്‍ മുഹമ്മദ് (കൊടക്),  ആലി കുട്ടി ഹാജി, ചേപ്പം കലായില്‍ ബീരാന്‍ കുട്ടി ഹാജി, അത്താണിക്കല്‍ നെച്ചിയില്‍ മുഹമ്മദാജി, ഒസ്സാന്‍ മുഹമ്മദാജി, യു.പി.മുഹമ്മദ് മൊല്ലാക്ക തുടങ്ങിയ പ്രധാന കളിക്കാരെപ്പോലെ ചെറുപ്പക്കാരനായ ഞാനും ഉണ്ടായിരുന്നു.
      അക്കാലത്ത് പതിനൊന്നാം ക്ലാസ് (ഇന്റര്‍ മീഡിയറ്റ്) വരെ പഠിച്ച് പുറത്തിറങ്ങിയ ശേഷം കുറച്ച് കാലം ഫുട്ബോളും നഞ്ചിലേറ്റി നടക്കുകയും പിന്നീട് മോങ്ങത്ത് ആദ്യമായി ആരംഭിച്ച പോസ്റ്റ് ഓഫീസില്‍  പോസ്റ്റ് മാസ്റ്ററായി ജോലിയില്‍ പ്രവേശിക്കുകയും പതിനാറര കൊല്ലം ആ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ തൊണ്ടിപുറത്ത് കെട്ടിടത്തിലെ ഒരു റൂമില്‍ തുടങ്ങിയ മോങ്ങം പോസ്റ്റ് ഓഫീസ് പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം തായത്തിയില്‍ കെട്ടിടത്തില്‍ വേലായുധന്റെ ബാര്‍ബര്‍ ഷോപ്പിന്റെ അടുത്തേക്ക് മാറ്റുകയും ദീര്‍ഘകാലം അവിടെ തുടരുകയും ചെയ്തു. അന്ന് ടി.പി.മുഹമ്മദ്ക്കയായിരുന്നു ശിപായി. അതു വരെ സബ് പോസ്റ്റ് ഓഫീസായിരുന്ന മോങ്ങം ബ്രാഞ്ച് മൈന്‍ പോസ്റ്റ് ഓഫീസ് ആക്കിയതിന് ശേഷമാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയതെന്നും കുഞ്ഞുക്ക ഓര്‍ക്കുന്നു. 69 രൂപ മാസ ശമ്പളത്തിനു ജോലിയില്‍ കയറി പതിനാറര കൊല്ലം കഴിഞ്ഞ് വിദേശത്തേക്ക് പോകുന്നതിനു വേണ്ടി ആ ജോലി രാജി വെക്കുമ്പോള്‍ 130 രൂപയാണ് അവസാന ശമ്പളമെന്നും അദ്ധേഹം ഓര്‍ത്തെടുത്തു.
      77 ലെ ഗള്‍ഫ് ഒഴുക്കില്‍ ഏതൊരു മോങ്ങത്ത്കാരനെ പോലെയും കടല്‍ കടന്ന കുഞ്ഞുക്ക ഒമ്പത് കൊല്ലത്തെ പ്രവാസം അവസാനിപ്പിച്ച് 85ല്‍ തിരിച്ചെത്തുമ്പോഴേക്കും മോങ്ങത്തിന്റെ സാഹജര്യങ്ങളൊക്കെ പൂര്‍ണ്ണമായും മാറിയിരുന്നു. താനടക്കമുള്ള ഒന്നാം തലമുറയെ മാറ്റി നിര്‍ത്തി തന്റെ മകന്‍ സകീറും, ചേങ്ങോടന്‍ കബീര്‍, ഔട്ട് ഇസ്‌ഹാഖ്, ഷാഫി അടക്കമുള്ള രണ്ടാം തലമുറ ഫുട്ബോള്‍ രംഗം കയ്യടക്കിയിരുന്നു.  പ്രൊഫഷണലായി മോങ്ങത്തെ ഫുട്ബോള്‍ മെച്ചപെട്ടതും ഒരു ടീം എന്ന നിലക്ക് മോങ്ങം പല നാടുകളിലും അറിയപെട്ടതും അക്കാലഘട്ടങ്ങളിലാണ്. ആലുങ്ങപൊറ്റയിലും, അറവങ്കര, മൊറയൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മോങ്ങം ടീം നല്ലടീമായി വിജയം കൊയ്തെടുത്തത് 80 മുതല്‍ 90 വരെയുള്ള കാലത്തായിരുന്നു. പല വിജയങ്ങളും നാടിന് നേടിത്തരുന്നതില്‍ നമ്മുടെ നാട്ടുക്കാരായ കളിക്കാരുടെ ആത്മാര്‍ത്ഥ ശ്രമം പ്രതേകം എടുത്ത് പറയേണ്ടതാണ്. മോങ്ങവും തൊട്ടടുത്ത പ്രദേശമായ വള്ളുവമ്പ്രവും തമ്മില്‍ ഉടലെടുത്ത അല്ലറ ചില്ലറ അസ്വാരസ്യങ്ങള്‍ക്കും ഫുട്ബോള്‍ മത്സരമാണ് പ്രധാന കാരണം. പലയിടത്തും മോങ്ങത്തിന്റെയും വള്ളുവമ്പ്രത്തിന്റെയും കളി നടക്കുമ്പോള്‍ ലോറികളിലും മറ്റു നിരവധി വാഹനങ്ങളിലും എത്തുന്ന കാണികള്‍ ഗ്രൌണ്ട് നിറഞ്ഞ് നില്‍ക്കുന്നത് അക്കാലത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു.
  ഫോട്ടോ: കെ.ഷാജഹാന്‍
നാളെ:- മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ.... 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment