മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ.... (എഡിറ്ററോടൊപ്പം ബി.കുഞ്ഞു -3)

       അഭിമാനിക്കാവുന്ന വിജയ മുഹൂര്‍ത്തങ്ങള്‍ നിരവധി ഉണ്ടെങ്കിലും മോങ്ങത്തിന്റെ ചരിത്രത്തില്‍ അപമാനകരമായ ഒരു പരാജയം 83ല്‍ അറവങ്കര സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നായിരുന്നു. സെമി ഫൈനലിന്റെ ആദ്യ പാതത്തില്‍ അരീക്കോട്ടെ ഫുള്‍ ടീമുമായി എത്തിയ എതിര്‍ ടീമായ അരിമ്പ്രയോട് ഒരു ഗോളിന് പിന്നിലായതിനാല്‍ രണ്ടാം പാതത്തില്‍ അവരെ നേരിടാന്‍  പ്രശസ്ത ടീമായ “ലക്കിസ്റ്റാര്‍ ആലുവ“ യെ ഇറക്കാന്‍ തീരുമാനിക്കുകയും അതടിസ്ഥാനത്തില്‍ ടീം മാനേജ്മെന്റ് ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരം മഠത്തില്‍ അലവി കുട്ടി ഹാജി ലക്കിസ്റ്റാറിന്റെ കളിക്കാര്‍ കോഴിക്കോട്ടുണ്ട് എന്ന് അറിഞ്ഞ് അങ്ങോട്ട് പോവുകയും ചെയ്തു.  കളി തുടങ്ങിയപ്പോഴും ലക്കിസ്റ്റാര്‍ ടീം എത്താത്തതിനാല്‍ നാട്ടിലെ കുട്ടികള്‍ കളത്തിലിറങ്ങി പത്ത് മിനുട്ട് കളിച്ച് ചേങ്ങോടന്‍ കബീര്‍ ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്ത സമയത്താണ് അലവി കുട്ടി ഹാജി ടീമുമായി ഗ്രൌണ്ടില്‍ എത്തിയത്. മോങ്ങത്തിനു വേണ്ടി അക്കാലത്തെ സൂപ്പര്‍ ടീമായ ലക്കിസ്റ്റാര്‍ ആലുവയാണ് എന്നറിഞ്ഞ് കാണികളാല്‍ നിറഞ്ഞ് കവിഞ്ഞ ഗ്രൌണ്ടില്‍ അത് വരെ കളിച്ച കളിക്കാരുടെ ജേഴ്സിയും ഊരി ഉടുപ്പിച്ച് ഒന്നു വ്യായാമ പോലും ചെയ്യാതെ ഇറങ്ങിയ നമ്മുടെ ലക്കിസ്റ്റാറുകള്‍ ഒരു ഗോള്‍ നമ്മുടെ കളിക്കാര്‍ അടിച്ച് സമനില പിടിച്ച കളിയില്‍ “പന്ത്രണ്ട് ഗോളുകള്‍“ വഴങ്ങി മാനം കെട്ടത് ഇന്നും ആ തലമുറക്ക് മറക്കാന്‍ കഴിയാത്തതാണെന്നു കുഞ്ഞുക്ക പറഞ്ഞു. കളിക്കാരെയെല്ല ബാന്റടിക്കാരെ തട്ടി കൂട്ടി അലവി കുട്ടി ഹാജിയെ ആരോ പറ്റിച്ചതാണെന്നും അതല്ല നേരിട്ട് കളിയിലേക്ക് ഇറങ്ങിയപ്പോള്‍ കളിക്കാര്‍ക്ക് ഏകോപനമില്ലായ്മയാണ് തോല്‍‌‌വിക്ക് കാരണമെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ആ പരാജയത്തെ കളിയാക്കി “മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ....” എന്നൊരു ചൊല്ല് തന്നെ അക്കാലത്ത് പ്രചരിച്ചിരുന്നു.
       ഒരു അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റ് നടത്തണമെന്ന വി.കെ.മുഹമ്മദാജിക്കും വെണ്ണക്കോടന്‍ കുഞ്ഞിമാനും ഉദിച്ച ഒരു ആശയത്തില്‍ നിന്നാണ് രണ്ടായിരമാണ്ടോടെ മോങ്ങത്തിന്റെ മൂന്നാം ഫുട്ബോള്‍ യുഗം ആരംഭിക്കുന്നത്. സി.മുഹമ്മദ് മദനി പ്രസിഡന്റും ഞാന്‍ സെക്രടറിയും സലീം മാസ്റ്റര്‍ വര്‍ക്കിങ്ങ് സെക്രടറിയും കുവൈത്ത് അലവിക്കുട്ടി കണ്‍‌വീനറും വി.കെ. ട്രഷറുമായി യാസ് ക്ലബ്ബ് പുനരുജ്ജീവിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  ഫുട്ബോളില്‍ താല്‍പര്യമുള്ള നൂറ് പേര്‍ ആയിരം രൂ‍പ നിരക്കില്‍ ഷെയര്‍ എടുത്ത് കളിക്ക് മൂലധനം കണ്ടെത്തി കരുത്തരാ‍യ ടീമുകളെ അണിനിരത്തി നടത്തിയ ടൂര്‍ണ്ണമെന്റ് വന്‍ വിജയമാകുകയും അഞ്ചേക്കാല്‍ ലക്ഷം ലാഭം കൈവരിക്കുകയും ചെയ്തു. ലാഭം കിട്ടിയ പണം കൊണ്ട് ഒരു ഗ്രൌണ്ട് വാങ്ങാന്‍ ഉദ്ധേശിച്ചുവെങ്കിലും ഗ്രൌണ്ട് വിലയായ പത്ത് ലക്ഷം കയ്യിലില്ലാത്തതിനാല്‍ അടുത്ത വര്‍ഷം ഒരു കളിക്കൂടി നടത്തിയതിന് ശേഷം ഗ്രൌണ്ട് വാങ്ങാമെന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ രണ്ട് കളികളും ചിലവ് കൂടിയതിനാലും നാട്ടിലെ തന്നെ ചില തിരിപ്പന്മാരുടെ കുത്തിതിരുപ്പിനാലും നഷ്ടത്തില്‍ കലാശിക്കുകയും ചെയ്തു എന്നും കുഞ്ഞുക്ക രോക്ഷത്തോടെ പ്രതികരിച്ചു. അതില്‍ ബാക്കിയുള്ള പണം കൊണ്ട് മോങ്ങത്ത് പള്ളി കുളത്തിനു സമീപം കിളിക്കോട്ട് ബാപ്പുട്ടി സൌജന്യമായി തന്ന സ്ഥലത്ത് ഒരു ഓഫീസ് കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ആ കെട്ടിടത്തില്‍ പഞ്ചായത്ത് അനുവധിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി രണ്ട് വര്‍ഷമായി വാടകയില്ലാതെ പ്രവര്‍ത്തിച്ച് വരുന്നു വെന്നും കുഞ്ഞു പറഞ്ഞു.
     നല്ലൊരു ഗ്രൌണ്ട് ഇല്ലാത്തതാണ് നമ്മുടെ നാട്ടില്‍ ഫുട്ബോള്‍ വളരാത്തതെന്നും കഴിവുള്ള നിരവധി പേര്‍ പുതിയ തലമുറയിലുണ്ടെന്നും കുഞ്ഞുക്ക പറഞ്ഞു. തന്റെ സ്പോര്‍ട്സ് കമ്പം മകന്‍ നാണിയിലൂടെ പേരകുട്ടികളായ ഷിബുവിലും അനസിലും എത്തിയിട്ടുണ്ടെന്നും അവരടക്കമുള്ള പേര കുട്ടികളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും കുഞ്ഞുക്ക പറഞ്ഞു. കളിച്ചും കളിപ്പിച്ചും നടന്ന് യവ്വനം വാര്‍ദ്ധക്യത്തിനു വഴിമാറിയപ്പോള്‍ ഇപ്പോള്‍ ചില കൃഷിയും മറ്റുമാ‍യി വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ഉം‌റ നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തിയ ബി.കുഞ്ഞു ജിദ്ദയില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സ് പ്രതിനിധികളുമായി നടത്തിയ സംഭാഷണത്തിലാണ് തന്റെ ബാല്യകാല സ്മരണകളും മോങ്ങത്തിന്റെ ഫുട്ബോള്‍ ചരിത്രവും എന്റെ മോങ്ങം വായനക്കാര്‍ക്കായി പങ്ക് വെച്ചത്. അടുത്ത ദിവസം മദീന സന്ദര്‍ശനത്തിന് പോകുന്ന ബി.കുഞ്ഞു ഫെബ്രുവരി 22ന് നാട്ടിലേക്ക് തിരിക്കും.
(അവസാനിച്ചു)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment