ആദ്യ കളിയും അര‌അണയുടെ പന്തും (എഡിറ്ററോടൊപ്പം ബി.കുഞ്ഞു-1)

        തൊണ്ണൂറ്റിനാലില്‍ വിഭാവന ക്ലബ്ബ് സംഘടിപ്പിച്ച പ്രാദേശിക ഫുട്ബോള്‍ മത്സരം മോങ്ങം അങ്ങാടിയിലെ തായത്തിയില്‍ പാടത്ത് നടക്കുന്നു. പൂക്കോടന്‍ ഉമ്മര്‍ റഫറി എതിര്‍ ടീമിന്റെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി വന്ന പന്തെടുത്ത് ബി.നാണി എന്ന കളിക്കാരന്‍ മുന്നേറാന്‍ ശ്രമിക്കവെ ഓഫ് സൈഡ് ആണെന്ന് ലൈന്‍ റഫറി ഫ്ലാഗ് ഉയര്‍ത്തിയെങ്കിലും റഫറി കണ്ടില്ല. പത്ത് മിനുട്ട് കഴിഞ്ഞ് സമാനമായി വീണ്ടും അതേ കളിക്കാരന്‍ ഓഫ്സൈഡ് ആവര്‍ത്തിച്ചപ്പോഴും  ലൈന്‍ റഫറി വീണ്ടും ഫ്ലാഗ് ആഞ്ഞു വീശി. റഫറി ഉമ്മര്‍ അതും കണ്ടില്ലയെന്നതിനാല്‍ ക്ഷുഭിതനായ അദ്ധേഹം കയ്യിലുള്ള ഫ്ലാഗ് ഗ്രൌണ്ടിലേക്ക് വലിച്ചെറിഞ്ഞ് അവിടെ നിന്നും കയറിപ്പോകുന്നു..... ഈ സംഭവത്തിലെ ഓഫ് സൈഡായ കളിക്കാരന്‍ ബി.സകീര്‍ ഹുസൈന്‍ എന്ന നാണിയാണെങ്കില്‍ ഓഫ് സൈഡിനു ഫ്ലാഗുയത്തി വലിച്ചെറിഞ്ഞതോ നാണിയുടെ പിതാവ് കുഞ്ഞുക്കാക്ക എന്ന ബി.കുഞ്ഞുവുമായിരുന്നു.
   മോങ്ങത്തെ ആദ്യ കാല ഫുട്ബോള്‍ കളിക്കാരനും മോങ്ങത്തെ ആദ്യ പോസ്റ്റ് മാസ്റ്ററും, അറിയപെട്ട സ്പോര്‍ട്സ് കമ്പക്കാരനുമായ മോങ്ങം യംഗ്‌മെന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് ജനറല്‍ സെക്രടറിയുമായ ഫുട്ബോളിനെ രക്തത്തില്‍ ലയിപ്പിച്ച് കൊണ്ട് നടന്ന ബങ്കാളത്ത് മുഹമ്മദ് എന്ന ഒറിജിനല്‍ പേരില്‍ ആര്‍ക്കും അറിയാത്ത ബി.കുഞ്ഞു  തന്റെ ബാല്യകാല സ്മരണകളും മോങ്ങത്തിന്റെ ഫുട്ബോള്‍ ചരിത്രവും എന്റെ മോങ്ങം ന്യൂസ് ബോക്സ് വായനക്കാര്‍ക്കായി ഇവിടെ പങ്ക് വെക്കുകയാണ്. എന്റെ മോങ്ങം ചീഫ് എഡിറ്റര്‍ സി.ടി.അലവി കുട്ടിയും അസോസിയേറ്റ് എഡിറ്റര്‍ ഷാജഹാനും കുഞ്ഞുകാക്കയുടെ കൂടെ സഞ്ചരിക്കുന്നു ആ നല്ല കാലത്തേക്ക്....  
ഡ്രൈവര്‍ സി.കെ.മുഹമ്മദ് ഹാജി
    എന്റെ കുട്ടിക്കാലത്ത് നമ്മുടെ മോങ്ങത്ത് ഒരിടത്തും ഫുട്ബോള്‍ കളി ഉണ്ടായിരുന്നില്ല. സ്പോര്‍ട്സ് കമ്പക്കാരനായിരുന്ന ഞാന്‍ 1950ല്‍ മൊറയൂര്‍ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് മോങ്ങത്ത് കാല്‍‌പന്ത് കളി കൊണ്ട് വരുന്നത്. അന്നത്തെ എന്റെ കളി കൂട്ടുകാരായ സി.കെ.മുഹമ്മദ് (ഡ്രൈവര്‍ സി.കെ), സി.മുഹമ്മദ് മദനി, ചൌടിക്കല്‍ ഇബ്രാഹിം ഹാജി, കൈനോട്ട് ബാപ്പുട്ടി, ഉണ്യാലി മാഷ്, ആലികുട്ടി ഹാജി തുടങ്ങിയവരൊക്കെ കൂടി മോങ്ങത്ത് ഫുട് ബോള്‍ കളി തുടങ്ങാന്‍ തീരുമാനിക്കുകയും അതിനായി ഇപ്പോള്‍ ഫെഡറല്‍ ബാങ്ക് നിലകൊള്ളുന്ന സ്ഥലം ഗ്രൌണ്ടാക്കി മാറ്റുകയും ചെയ്തു. 
    അപ്പോഴാണ് ഒരു പ്രശ്‌നം പന്ത് വാങ്ങാന്‍ ഒന്നര രൂപക്ക് എന്ത് ചെയ്യും...? ആരുടെ കയ്യിലും കാശില്ല. കെട്ടി പന്ത് ഉണ്ടാക്കി കളിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് മൊറയൂര്‍ സ്കൂളില്‍ പഴയ പന്തുകള്‍ ലേലം ചെയ്യുന്നു എന്ന വിവരം അറിഞ്ഞത്. എല്ലാവരുടെ കയ്യില്‍ ഉള്ളതും തട്ടിക്കൂട്ടി ഞാനും സി.കെയും കൂടി ലേലത്തിന് പോയി. അവിടെ നിന്ന് “ആറ് അണക്ക്“ ഒരു പന്ത് ലേലത്തിലെടുത്ത് ലോക കപ്പ് കിട്ടിയ പോലെ ആവേശത്തില്‍ മോങ്ങേത്തേക്ക് കൊണ്ട് വന്നു. അന്ന് ആദ്യമായി ഒരു പന്ത് നമ്മുടെ നാടിന്റെ മണ്ണില്‍ ഉരുട്ടി ഞങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ ഞങ്ങള്‍ ഇടം പിടിച്ചു. 
    സി.കെ.മുഹമ്മദും, സി.മുഹമ്മദ് (മദനി), വി.കെ.മുഹമ്മദ്, കൈനോട്ട് ബാപ്പുട്ടി, ആലി കുട്ടിഹാജി, ഉണ്യാലി മാഷ്, കാവുട്ടി, കമ്മുണ്ണി, സഹീര്‍ മാഷ്, നൊട്ടന്‍ ഹസ്സന്‍ , അവറാന്‍ കുട്ടി മാഷ്, അനുജന്‍ മമ്മുണ്ണി, കോട്ടമ്മല്‍ ഇണ്ണ്യമ്മദ്, മൂത്തേടത്ത് മുഹമ്മദ് എന്ന ബാപ്പുട്ടി, സൈത് മാഷ്, സി.ടി.സുലൈമാന്‍ ഹാജി (മാഷും ഹാജി എന്നിവയെല്ലാം ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവാന്‍ എഴുതിയതാണ്) എന്നിവരൊക്കെയായിരുന്നു അന്ന് തനിക്കൊപ്പം മോങ്ങത്ത് പന്ത് കളിക്കാരായി ഉണ്ടായിരുന്നത്. മുസ്ലിയാരങ്ങാടി, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്കൊക്കെ സെവന്‍സ് കളിക്കാന്‍ ഞങ്ങളുടെ ടീം  യന്‍‌ഗ്മെന്‍സ് മോങ്ങം പോകാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ സഹീര്‍ മാഷിന്റെ പാണ്ടിക്കാടുള്ള മച്ചുനന്‍‌മാരായ “കുഞ്ഞിമാനും“ “തടിയനും“ എന്ന രണ്ട് കളിക്കാരെ കൊണ്ട് വരാറും ഉണ്ടായിരുന്നു.
ഫോട്ടോ:കെ.ഷാജഹാന്‍


(നാളെ:- ചാപ്പാന്‍ ബാപ്പുവിന്റെ കത്തിയും നാട്ടുക്കാരുടെ കൈ തരിപ്പും)
     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment