ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

    മോങ്ങം: നിര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍ ലോറി ഇടിച്ച് തെറിപ്പിച്ചു ഒരാള്‍ മരിക്കുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് ചോലയില്‍ മുഹമ്മദിന്റെ മകന്‍ ശറഫുദ്ധീന്‍ (26) ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ കൊട്ടപ്പുറം ചെറായി സുബ്രഹ്മണ്യന്‍ (32) ലോറി ഉടമ തമിഴ്നാട് ഓത്താമഗരി വടക്ക്തെരുവ് ശിവമണി (49) പരിക്കേറ്റു. ദേശീയ പാതയില്‍ മോങ്ങത്ത് വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്നും കൊട്ടപ്പുറത്തേക്ക് പോകുന്നതിനിടെ മോങ്ങത്ത് ഭക്ഷണം കഴിക്കുവാന്‍ നിര്‍ത്തിയതായിരുന്നത്രെ ഗുഡ്സ്. 
   റസീന ഹോട്ടലിനു മുന്‍‌വശം ശറഫുദ്ധീനും സുബ്രഹ്മണ്യനും ഗുഡ്സിനരികെ സംസാരിച്ച് നില്‍ക്കുന്നതിനിടെ തലശ്ശേരിയില്‍ നിന്ന് വാഴക്കുല ഇറക്കി തമിഴ്നാട്ടിലേക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി മക്കാട്ട് അസൈനാര്‍ ഹാജിയുടെ ഫര്‍ണിച്ചര്‍ കടയുടെ ഒരു ഭാഗവും തകര്‍ത്ത് സമീപത്തെ പാങ്ങോട്ട് പള്ളിയാളിയിലാണ് നിന്നത്. തൊട്ടടുത്ത ട്രാന്‍സ്ഫോര്‍മറിനു ഇടിക്കാത്തതിനാലും ജുമുഅ നിസ്കാരത്തിന്റെ സമയം ആയതിനാല്‍ റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്. അപകടം സംഭവിച്ച ഉടനെ തന്നെ ലോറി ഡ്രൈവര്‍ മതിയഴകന്‍ ഓടി പോയതായി ഉടമ പറഞ്ഞു. ഷറഫുദ്ധീന്റെ ഭാര്യ: റസീന, മക്കള്‍ : മുഹമ്മദ് നിദാല്‍ , ഫാത്തിമ നിദ, മാതാവ് പരേതയായ ആയിശക്കുട്ടി. 
   (സാങ്കേതികമായി ഉണ്ടായ അസൌകര്യം കാരണം "എന്റെ മോങ്ങം“ ന്യൂസ് ബോക്സില്‍  മൂന്ന് ദിവസം വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ വാര്‍ത്ത വൈകി പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment