ഹജ്ജ് 2012 അപേക്ഷ ക്ഷണിച്ചു

          കൊണ്ടോട്ടി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചതായി സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. അപേക്ഷാ ഫോറവും മറ്റു ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മറ്റിയുടെ www.hajcommittee.com, www.keralahajcommittee.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 

      ഹജ്ജ് അപേക്ഷാ ഫോറങ്ങള്‍ സൗജന്യമാണ്. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, സംസ്ഥാനത്തെ 14 ജില്ലാ കലക്ട്രേറ്റുകളിലെ ന്യൂനപക്ഷ സെല്ല്, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മറ്റി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ഫോറം ലഭിക്കുന്നതാണ്. ഫോറം ലഭിക്കുന്നതിന് അപേക്ഷകരുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പി ഹാജരാക്കണം. കൂടാതെ ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും(ലീഗല്‍ സൈസില്‍) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

    കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. അതോടൊപ്പം റിസര്‍വ്വ് കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്യാത്തവരരായിരിക്കണം. ഒരു കവറിലെ മുഴുവന്‍ പേരും തുടര്‍ച്ചയായി 3 വര്‍ഷം അപേക്ഷിച്ചവരുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. എന്നാല്‍ അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ല.

     ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ഒരു ശാഖയില്‍ നിന്നും 32175017712 എന്ന അക്കൗണ്ടില്‍ 200 രൂപ വീതം പ്രൊസസിംഗ് ചാര്‍ജ്ജ് അടക്കേണ്ടതാണ്. അപേക്ഷകള്‍ ഹജ്ജ് കമ്മറ്റി ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാല്‍/കൊറിയര്‍ മാര്‍ഗ്ഗം അയക്കേണ്ടതാണ്. 2012 ഏപ്രില്‍ 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്ക വിധം അയക്കേണ്ടതാണ് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പി.ടി.എ.റഹീം എം.എല്‍. എ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment