പൂക്കോട്ടൂര്‍ പഞ്ചായത്ത് ബജറ്റ്: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ശുചിത്വത്തിനും മുന്‍ഗണന           വള്ളുവമ്പ്രം: ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഭവനനിര്‍മാണത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കി പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 6,73,22,302 രൂപയുടെ ബജറ്റ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അസീസ് അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 60 ലക്ഷം രൂപയും ആരോഗ്യ ശുചിത്വത്തിന് 15,25,000 രൂപയും ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം രൂപയും വകയിരുത്തി.
    ശുചിത്വത്തിനും രോഗപ്രതിരോധത്തിനും വേണ്ടി 'പനി എത്തും മുമ്പേ' പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 20 ഇന പരിപാടി സംഘടിപ്പിക്കും. ക്ഷീര വികസനത്തിന് മൂന്ന് ലക്ഷം രൂപയും കാര്‍ഷിക വികസനത്തിന് 17 ലക്ഷം രൂപയും സ്‌കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും കായിക സാംസ്‌കാരിക പദ്ധതികള്‍ക്ക് ആറ് ലക്ഷം രൂപയും പഞ്ചായത്ത് ലൈബ്രറി ശാക്തീകരണത്തിന് 2,50,000 രൂപയും പഞ്ചായത്ത് ഹെറിറ്റേജ് മ്യൂസിയത്തിന് ഒന്നര ലക്ഷം രൂപയും വകയിരുത്തി. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 13 ലക്ഷം രൂപയും വിദ്യാഭ്യാസത്തിന് 17,50,000 രൂപയും സാക്ഷരതാ പ്രവര്‍ത്തനത്തിന് രണ്ടുലക്ഷം രൂപയും കണ്ടെത്തും.
     പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ബഷീര്‍, എ. സക്കീന, എം. മുഹമ്മദ്, കെ. മുഹമ്മദ് മന്‍സൂര്‍, ടി.വി. ഇസ്മായില്‍, നാലകത്ത് അസൈന്‍, വിജയന്‍ വി, പൂക്കോടന്‍ വേലായുധന്‍, സുമയ്യ, കെ. സലീന എന്നിവര്‍ പ്രസംഗിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment