വേനല്‍ ചൂടില്‍ വെന്തുരുകി മോങ്ങം

            മോങ്ങം:  ഈ വര്‍ഷം വേനല്‍ മഴ ലഭിക്കാത്തതു മൂലം മീന മാസത്തിലെ അതി ശക്തമായ ചൂടാണ് മോങ്ങത്തും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. രാവിലെ തന്നെ വെയിലിന്റെ ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അവസ്ഥയാണുള്ളത്. നട്ടുച്ച നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുവാന്‍ കഴിയാത്തതും രാത്രി ഫേനോ എ സിയോ ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാത്ത രീതിയില്‍ വേനല്‍ ചൂടില്‍ ഉരുകിയൊലിക്കുകയാണ് നമ്മുടെ നാട്. വേനല്‍ ചൂട് കൂടിയതോടെ കിണറുകളിലെ വെള്ളം ഏതാണ്ട് വറ്റിയതു കാരണം കുടിവെള്ള ക്ഷാമം മോങ്ങത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി. ജലനിധി പോലെയുള്ള പല സംരംഭങ്ങളും ഇന്ന് നമ്മുടെ നാട്ടിലുണ്ടെങ്കിലും ആ കിണറുകളിലും വെള്ളം കുറവായതു കാരണം മോങ്ങത്തെ പലപ്രദേശങ്ങളിലും ഇടവിട്ടാണ് കുടി വെള്ളം സപ്ലെ ചെയ്യുന്നത്. 
   കഴിഞ്ഞ ആഴ്ച്ചയില്‍ ജില്ലയില്‍ പൊതുവെ  34 മുതല്‍ 36 ഡിഗ്രിവരെ ചൂട് രേഖപെടുത്തി. ശക്തമായ ചൂടില്‍ പൂക്കള്‍ കരിഞ്ഞതിനാല്‍ കശുവണ്ടി മാമ്പഴം  തുടങ്ങിയ  വേണ്ടത്ര ഉണ്ടായിട്ടില്ല. വയറിളക്കം ചൂട് കുരു മുതലയവ കുട്ടികളില്‍ കൂടുതലായി കണ്ടു വരുന്നുണ്ട്. തൊഴില്‍ മേഖലകളിലും ചൂട് നല്ലവണ്ണം ബാധിച്ചിട്ടുണ്ട്. വേനല്‍ ചൂട് കൂടിയത് കാരണം പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികളില്‍ സമയമാറ്റം വരുത്തിയും വീടിന്റെ വാര്‍പ്പ് പോലെയുള്ള ജോലികള്‍ രാത്രികളിലുമാണ് ചെയ്തു തീര്‍ക്കുന്നത്. തടപ്പറമ്പ് അരിമ്പ്ര പോലെയുള്ള മലമ്പ്രദേശങ്ങളിലെല്ലാം താമസിക്കുന്നവര്‍ കാട്ടു തീ ഭയക്കുകയാണ്. കാലവര്‍ഷം എത്തുവാന്‍ മാസങ്ങളെടുക്കും എന്നിരിക്കെ വേനല്‍ മഴ്ക്കു വേണ്ടി മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ കേഴുകയാണ്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment