വേനല്‍ മഴ ആശ്വാസം: അങ്ങാടി ചളികളം

              മോങ്ങം : രണ്ട് ദിവസമായി മോങ്ങത്തും പരിസര പ്രദേശങ്ങളിലും നല്ല രീതിയില്‍ വേനല്‍ മഴ ലഭിച്ചു. ഭൂമിയെ തണുപ്പിക്കുന്ന രീതിയിലുള്ള മഴയാണ് ലഭിച്ചത്. ശക്തമായ വേനല്‍ ചൂടില്‍ ഏതാനും നാളുകളായി ഉറക്കമില്ലാത്ത രാത്രികളാ‍യിരുന്നു മോങ്ങം നിവാസികള്‍ക്ക്. കടുത്ത ചൂട് ജന ജീവിതത്തെത്തന്നെ സാരമായി ബാധിച്ചിരുന്നു. വേനല്‍ മഴ ലഭിക്കാത്തതു മൂലം കടുത്ത കുടി വെള്ള ക്ഷാമം മോങ്ങത്തും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. കിണറുകളില്‍ വെള്ളം വറ്റിയതു കാരണം കിണറുകള്‍ക്ക് ആഴം കൂട്ടിയും കുഴല്‍കിണര്‍ കുഴിച്ചുമാണ് പ്രശ്നം നേരിയ തോതില്‍ പരിഹരിച്ചിരുന്നത്. 
    അതിനിടെ ശക്തമായ മഴയില്‍ മോങ്ങം അരിമ്പ്ര റോഡിലൂടെ മണ്ണ് ഒലിച്ച് വന്ന് അങ്ങാടിയില്‍ കുന്നു കൂടിയത് വാഹനങ്ങള്‍ക്കും വഴി യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അരിമ്പ്ര റോഡ് ജംഗ്ഷന്‍ ചളികളമായി മാറിയ അവസ്ഥയാണ്. ഓവുചാലുകളെല്ലാം മണ്ണ് നിറഞ്ഞ് അടഞ്ഞ നിലയിലായതിനാല്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ജൂണോടെ കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പായി ഓവുചാലിലെ മണ്ണ് നീക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വശളാകുമെന്നാണ് വേനല്‍ മഴ നല്‍കുന്ന മുന്നറിയുപ്പ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment