അലിക്ക് വലം കയ്യായി ഒരു മോങ്ങത്ത്കാരന്‍

      മോങ്ങം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന നഗരവികസന-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായി മുസ്ലിം ലീഗിന്റെ മഞ്ഞളാം കുഴി അലി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ അതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഒരു മോങ്ങത്ത്കാരനെന്നതില്‍ നമ്മുടെ നാടിനും അഭിമാനിക്കാം. മഞ്ഞളാം കുഴി അലിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമായ മോങ്ങം ബംങ്കാളത്ത് ഹംസ എന്ന ചെറാട്ട് ഹംസയാണ് എന്തിനും വലം കയ്യായി നിയുക്ത മന്ത്രിക്ക് കൂട്ടായുള്ളത്. മന്ത്രി സ്ഥാനം പൂര്‍ണ്ണമായും പ്രഖ്യാപിക്കുന്നതിന് മുന്‍മ്പ് തന്നെ ഷൊര്‍ണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച മഞ്ഞളാംകുഴി അലിക്കൊപ്പം ജനശദാപ്‌തി എക്സ്പ്രസിലെ എ സി കോച്ചില്‍ തന്റെ ഗൌരവും വിടാത്ത മുഖവുമായി ഹംസയും ഉണ്ടായിരുന്നു. 
    പ്രവാസ ജീവിതത്തിനിടക്ക് ഉടലെടുത്ത അലിയുമായുള്ള സൌഹൃദ ബന്ധം പിന്നീട് നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സുദൃഢമായി ഇരുവരും തുടരുകയായിരുന്നു. സഹൃദത്തോടൊപ്പം ബിസ്‌നസ് സഹകാരിയുമായ ഹംസ ഉയര്‍ച്ചയിലും താഴ്ച്ചയിലും മഞ്ഞളാം കുഴി അലിയുടെ നിഴലായി എന്നും കൂടെ ഉണ്ടായിരുന്നു. അലിക്ക എവിടെയുണ്ടോ അവിടെ ചെറാട്ട് ഹംസയുമുണ്ട് എന്ന് വാക്കിനെ അന്വര്‍ത്ഥമാക്കി തന്റെ ബോസ് അലിക്ക സി.പി.എമ്മില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് കൂട്മാറിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇടത് ചിന്താഗതിക്കാരനായിരുന്ന ഹംസയും കൂടെ ചേര്‍ന്നു. പാര്‍ട്ടിയിലേക്ക് കടന്ന് വന്ന മഞ്ഞളാം കുഴി അലിക്ക് മോങ്ങത്ത് മുസ്ലിം ലീഗ് ഒരുക്കിയ സ്വീകരണ യോഗത്തില്‍ വെച്ചാണ് ഹംസ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഏറെ വിമര്‍ശനങ്ങള്‍ക്കും  മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും നീണ്ട കാത്തിരിപ്പിനും ശേഷം മഞ്ഞളാം കുഴി അലി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തിരക്കില്‍ നിന്നും കൂടുതല്‍ തിരക്കിലേക്ക് നീങ്ങുകയാണ് നമ്മുടെ നാട്ടുകാരന്‍ ചെറാട്ട് ഹംസക്കയും.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment