മോങ്ങം ഹിന്ദി വര്‍ക്കരിക്കുന്നു ഹെ...!

        മോങ്ങം: അന്യ സംസ്ഥാന തോഴിലാളികളുടെ ആധിക്യം മോങ്ങത്തെ എല്ലാ മേഖലകളിലും ഹിന്ദിവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. നാട്ടുകാരൊക്കെ അന്നം തേടാന്‍ അറേബ്യന്‍ മരുഭൂമികള്‍ തിരഞ്ഞെടുത്തപ്പോള്‍ ഒഴിവ് വന്ന തൊഴില്‍ മേഖലകളിലേക്ക് ആദ്യം കടന്ന് വന്നത് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടുകാരായിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ “അണ്ണന്‍‌മാരുടെ” ഒഴുക്ക് ഏതാണ്ട് അഞ്ച് വര്‍ഷത്തോളമായി കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടില്‍ വികസനവും തൊഴില്‍ സാധ്യതകളും വര്‍ധിച്ചതും “ചാപ്പാട്” നുള്ള അരിയും പച്ചക്കറി കോഴി അടക്കമുള്ള വിഭവങ്ങള്‍ക്ക് കേരളത്തില്‍ വന്‍ വില ഈടാക്കുമ്പോള്‍ തമിഴ്നാട്ടില്‍ “തലൈവിയും കലൈഞ്ചറും” മത്സരിച്ച് തുച്ചവിലക്ക് ജനങ്ങള്‍ക്കെത്തിക്കുന്നതും തമിഴ് തൊഴിലാളികളെ ഊരില്‍ നില്‍ക്കുന്നത് ലാഭകരമാക്കി. 
     തമിഴ് തൊഴിലാളികളുടെ പിന്‍‌വാങ്ങലില്‍ വന്ന ഒഴിവിലേക്ക് പിന്നീട്  പശ്ചിമ ബംഗാള്‍, ഒറീസ, ബീഹാര്‍, ജാര്‍കണ്ഡ്, സിക്കിം, നാഗാലാന്റ്, മേഘാലയ തുടങ്ങിയ ഇന്ത്യയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്ഥാനം പിടിച്ചത്. ബാര്‍ബര്‍ ഷോപ്പ് മുതല്‍ ചെങ്കല്‍ കോറിയും കെട്ടിട നിര്‍മാണ മേഖലയും അടക്കം കായിക അദ്ധ്വാനം കൂടിയതും കുറഞ്ഞതുമായ എല്ലാ ജോലികളിലും ഇന്ന് ഇവരുടെ ആധിപത്യമാണ്. തമിഴ്‌നാട്ടുകാരുമായി “പേശാന്‍ ” മലയാളത്തെ “ള” “ങ്ക” “ന്ത” കൂട്ടി ജൂസടിച്ച് പറഞ്ഞ് ഒപ്പിക്കാമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ തൊഴിലാളികളുമായി “ബോല്‍ത്താന്‍ ” രാഷ്ട്ര ഭാഷയായ ഹിന്ദി പഠിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഹിന്ദിക്കാരായ ഇവര്‍ക്ക് മലയാളം നാവിനു വഴങ്ങാന്‍ പ്രയാസമായതിനാല്‍ പലര്‍ക്കും അങ്ങോട്ട് മനസ്സിലാകുമെങ്കിലും ഇങ്ങോട്ട് പറയാ‍ന്‍ കഴിയുന്നില്ലത്രെ. എന്നാല്‍ നാട്ടുകാരെക്കാളുന്‍ നന്നായി മലയാളം പറയുന്ന ഹിന്ദിക്കാരും ഉണ്ടെങ്കിലും അത് ചുരുങ്ങിയ ശതമാനം മാത്രമാണ്. 
    കച്ചവട സ്ഥാപനങ്ങളിലെ സെയില്‍‌സ് മാന്‍‌മാര്‍ക്ക് മലയാളത്തിനു പുറമെ ഹിന്ദി കൂടി സംസാരിക്കാന്‍ പഠിക്കേണ്ടത് അനിവാര്യമാണ്. പലരും അത്യാവശ്യം സംഖ്യകളും കണക്കുകളും എഴുതിവെച്ച് ഉപയോഗിക്കുകയാണ്. ഏതോ പാന്‍‌മസാലയുടെ പേരാണെന്ന് ധരിച്ച “ചാര്‍സൊ ബീസും” “എക്സോ തീസും” സ്കൂള്‍ പഠനത്തിനു ശേഷം ഇപ്പോഴാണ് ഉപകാരത്തില്‍ വന്നതെന്ന് മോങ്ങത്തെ പ്രമുഖ “സബ്ജി” കച്ചവടക്കാരനായ പി.പി.നാസര്‍ “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ ഇവരെ ആകര്‍ഷിക്കുന്നതിനു വേണ്ടി ബോര്‍ഡുകളും ഓഫര്‍ ബാനറുകളും ഹിന്ദിയില്‍ തന്നെ സ്ഥാപിച്ച് തുടങ്ങിയത് നാട്ടിലെ ഹിന്ദി സംസ്ഥാന തൊഴിലാളികളുടെ ആധിക്യമാണ് വെക്തമാക്കുന്നത്. 
      നമ്മുടെ നാട്ടുകാര്‍ ജോലിയും തേടി അറബിയുടെ ആട്ടും തൂപും നൂലാമാലകളുമായി ഗള്‍ഫ് നാടുകളില്‍ അലയുമ്പോള്‍ ഇഖാമയും കഫാലത്തും നിത്താഖത്തിന്റെ ചുവപ്പും പച്ചയും ഇല്ലാതെ ജവാസാത്തിനെയും പേടിക്കാതെ നമ്മുടെ നാടിനെ ഗള്‍ഫാക്കി ജീവിതം കരുപിടിപ്പിക്കുകയാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍. നാട്ടിലേക്ക് വരാന്‍ കൊതിച്ചിട്ടും “എയര്‍ ഇന്ത്യാ മഹാരജന്റെ” കഴുത്തറുപ്പും എയര്‍പോര്‍ട്ട് ഏമാന്‍‌മാരുടെ ഞെക്കിപിഴിയന്‍ സ്വീകരണവും  പേടിച്ച് ഒന്നും രണ്ടും കൊല്ലം കൂടുമ്പോള്‍ മാത്രം പ്രവാസികള്‍ നാടണയുമ്പോള്‍ ഇവരാകട്ടെ മാസത്തിലും രണ്ട് മാസത്തിലൊരിക്കലുമായി കേന്ദ്രന്റെ തീവണ്ടിയില്‍ കയറി ഇടക്കിടക്ക് കുട്ടികളെ കണ്ട് വരുന്നു.
    തൊഴിലാളികള്‍ ഓരോ ഗ്രൂപ്പായി നിന്ന് മലയാളി “കഫീലന്‍‌മാരുടെ” കീഴില്‍ സബ്‌ കോണ്‍‌ട്രാക്ട് ജോലികള്‍ ചെയ്ത് വരികയാണ്. ജീവിതത്തില്‍ ഇന്ന് വരെ ഒരു ചട്ടി സിമന്റ് പോലും  ചുമരില്‍ തേച്ച് നോക്കാത്ത എന്നെ പോലുള്ളവര്‍ ഹിന്ദി തൊഴിലാളികളെ വെച്ച് വീട് തേപ്പ് പോലുള്ള കോണ്‍‌ട്രാക്ട് ജോലികള്‍ ചെയ്ത് വരികയാണന്ന് മോങ്ങത്തെ പ്രമുഖ “കൂലി കഫീലായ” എന്‍‌ .പി. ഹമീദ് “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. ഏറ്റെടുക്കുന്ന ജോലികള്‍ പരമാവധി വേഗതയിലും വൃത്തിയിലും ചെയ്യാന്‍ ഹിന്ദി തൊഴിലാളികള്‍ ആത്മാര്‍തഥ കാണിക്കാറുണ്ടെന്നു അദ്ധേഹം പറഞ്ഞു. എന്നാല്‍ ഭക്ഷണത്തെക്കാളേറെ പാന്‍ മസാലകളെ ആശ്രയിച്ച് ജീവിക്കുന്ന ഇവര്‍ക്ക് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ പാന്‍ മസാല നിരോധനം എങ്ങിനെ ബാധിക്കുമെന്ന്‍ കണ്ടറിയണമെന്ന് ഹമീദ് ബോലാ ഹെ....! 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment