ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോവുക: സി.കെ.ഹംസ

        മോങ്ങം എ എം യു പി സ്കൂളില്‍ നിലവിലുള്ള മുസ്ലിം കലണ്ടര്‍ മാറ്റി ജനറല്‍ കലണ്ടറാക്കുവാനുള്ള തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള പി ടി എ പ്രസിഡന്റിന്റെയും എസ് കെ എസ് എസ് എഫ് പ്രതിനിധിയുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജണ്ടകളൊന്നുമില്ലെങ്കില്‍ കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജനറല്‍ കലണ്ടറിലേക്ക് മറ്റുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ച് പി ടി എ  പ്രസിഡന്റ് വിശദീകരിക്കുമ്പോള്‍ റമളാനില്‍ ക്ലാസ്സ് എത്രമണിക്ക് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. റമളാനില്‍ മുസ്ലിം കുട്ടികള്‍ക്ക് മദ്രസകളില്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ് ഉണ്ടാകുന്നത് കൊണ്ട് സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കുന്നത് വിഷമകരമാകും. നേരത്തെ ക്ലാസ്സ് തുടങ്ങതിരുന്നാല്‍ രണ്ട് മണിക്ക് ക്ലാസ്സ് എങ്ങിനെ അവസാനിപ്പിക്കുമെന്നുള്ള സംശയം  ദൂരീകരിക്കേണ്ടതുണ്ട്. 
      ജനാബ് സി.ഹംസ ചൂണ്ടിക്കാണിച്ച് ഉമ്മുല്‍ഖുറ, ലിറ്റില്‍ ഇന്ത്യ, എം ഐ സി, മ‌അദിന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മതപഠനത്തിനുള്ള സൌകര്യവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. അത് കൊണ്ട് ഈ സ്ഥാപനങ്ങള്‍ റമളാനില്‍ ക്ലാസ്സ് നടത്തുന്നതിനെ ഇതുമായി കൂട്ടിക്കുഴക്കുന്നതില്‍ അര്‍ത്ഥമില്ല. വെള്ളിയാഴ്ച്ചത്തെ അവധി നിലനിര്‍ത്തുന്നത് സ്വാഗതാര്‍ഹം തന്നെ. 
   പതിറ്റാണ്ടുകളായി മുസ്ലിം സമുദായം അനുഭവിച്ചുവരുന്ന മുസ്ലിം വിദ്ധ്യാഭ്യാസ കലണ്ടര്‍ എന്ന ആനുകൂല്യം മാറ്റേണ്ടതില്ല എന്ന സിദ്ധീഖിന്റെ കണ്ടെത്തലുകള്‍ ശരിയല്ല. സമൂഹത്തിന് ഉപകരിക്കുമെങ്കില്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ എന്തു കൊണ്ട് തയ്യാറായിക്കൂടാ.....? കുട്ടി നോമ്പെടുത്ത് സ്കൂളില്‍ വരുന്നത് ക്ഷീണം വരുത്തുമെന്നുള്ളത് മാത്രമാണ് ഈ വിഷയത്തില്‍ എസ് കെ എസ് എസ് എഫ് പ്രതിനിധി കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കുവാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലങ്ങളായി മുസ്ലിം കുട്ടികള്‍ റമളാന്‍ അവധി വിരുന്നു പോക്കിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നത് റമളനിലെ സ്കൂള്‍ പഠനത്തോടെ ഇല്ലാതകുമോ എന്നുള്ള ആശങ്കയും ഇതോടൊപ്പമുണ്ട് എന്നാണെന്റെ അഭിപ്രായം. 
     ആദ്യത്തെ ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തട്ടെ എന്നിട്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഇതെരീതിയില്‍ കൊണ്ട് പോകുവനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. ഒരു പൊതു കാര്യത്തെ കണ്ണടച്ച് എതിര്‍ക്കുന്നത് ഗുണം ചെയ്യില്ല എന്നാണ് എന്റെ പക്ഷം. ഈ വിഷയം നാട്ടിലെ പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിട്ട് വിവാദമാക്കാതെ അദ്ധ്യാപക രക്ഷാകര്‍ത്ത സമിതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment