Showing posts with label കൗതുക വാര്‍ത്തകള്‍. Show all posts
Showing posts with label കൗതുക വാര്‍ത്തകള്‍. Show all posts

മോങ്ങത്തിന്റെ വാഹന പുരാണം


             വണ്ടിക്കച്ചവടത്തിന്റെ പ്രതാപം മോങ്ങത്തുകാര്‍ക്ക്‌ ഇന്ന്‌ ഒരോര്‍മ മാത്രമാണ്‌. പക്ഷേ പുറം നാട്ടുകാര്‍ ഇന്നും മോങ്ങത്തെ ഓര്‍മിക്കുന്നത്‌ പഴയ കാല പ്രതാപത്തിന്റെ പേരിലാണെന്നു മാത്രം. ഒരിക്കല്‍ ഇന്ത്യയിലേറ്റവും കൂടുതല്‍ മഹീന്ദ്ര ജീപ്പുകള്‍ വിറ്റഴിഞ്ഞ സ്ഥലം ഇവിടെയാണെന്ന്‌ മോങ്ങം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ പറഞ്ഞാലും ബോധ്യപ്പെടാത്ത സത്യമായി അവശേഷിക്കുന്നു. മലപ്പുറത്ത്‌ നിന്നും 14 കിലോമീറ്റര്‍ അകലെ കിടക്കുന്ന മോങ്ങം ഒരു പഞ്ചായത്ത്‌ ആസ്ഥാനം പോലുമല്ല. മൊറയൂര്‍ പഞ്ചായത്തിലെ അഞ്ച്‌ ,ആറ്‌ വാര്‍ഡുകളിലായി കിടക്കുന്ന ഈ കൊച്ചുസ്ഥലത്തിന്റെ വാഹന പുരാണം ഇന്ന്‌ പ്രസിദ്ധമാണ്‌. എണ്ണമറ്റ വാഹനങ്ങള്‍ ഓടിമറയുമ്പോയും മോങ്ങത്തെ റോഡിനിരുവശവും പാടങ്ങളില്‍ ഇന്നും പച്ചക്കറി വിളയുന്നു. 
     വില്‍പന നികുതിയിലെ വിത്യാസം മുന്നില്‍ കണ്ടാണ്‌ മോങ്ങത്തെ ചിലര്‍ ജീപ്പ്‌ കച്ചവടത്തിനു തുടക്കമിട്ടത്‌. ജില്ലയില്‍ ഗള്‍ഫ്‌ പണം ഒഴുകിയെത്തിയ കാലത്ത്‌ പണവുമായി കാത്ത്‌ നിന്ന്‌ വലിയിരു വിഭാഗം ജനങ്ങള്‍ക്ക്‌ ബുക്ക്‌ ചെയ്താലും വാഹങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.ഇന്നത്തെ പോലെ നാടിന്റെ എല്ലാ സ്ഥലത്തും വാഹന കമ്പനിക്കാര്‍ക്ക്‌ ഡീലര്‍മാരുമില്ല. അത്തരകാര്‍ക്ക്‌ ബോംബെയില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും വാഹനം എത്തിച്ച്‌ കൊടുത്താല്‍ വേണ്ടത്ര കമ്മീഷന്‍ കിട്ടുമെന്നായതോടെ ഡീലര്‍മാരുടെ എണ്ണം കൂടി.        
          മോങ്ങം ജീപ്പ്‌ കച്ചവടം വേര്‌ പിടിക്കുന്നത്‌ 1970 കളുടെ തുടക്കത്തിലാണ്‌. അടുത്ത പത്ത്‌ വര്‍ഷം കൊണ്ട്‌ ഈ രംഗത്ത്‌ വലിയൊരു തള്ളിക്കയറ്റം തന്നെയുണ്ടയി.. ലാഭകരമായ ബിസിനസിലേക്ക്‌ കൂടുതല്‍ പേര്‍ ഓടിയെത്തുന്ന മലപ്പുറം ശൈലി മോങ്ങത്തും പ്രകടമായെന്ന്‌ നാട്ടുകാര്‍ ഇതേ പറ്റി പറയുന്നത്‌. എണ്‍പതുകളായിരുന്നു വണ്ടിക്കച്ചവടം കത്തിനിന്ന കാലം. മലപ്പൂറം ജില്ലയില്‍ നിന്നു മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നു പോലും ജീപ്പു വാങ്ങാന്‍ ആളുകള്‍ മോങ്ങത്തെത്തി. കുരുമുളകില്‍ നിന്നുള്ള വരുമാനം കണക്കറ്റതായപ്പോള്‍ വാഹനം വാങ്ങല്‍ വയനാട്ടുകാരുടെ സ്ഥിരം ശൈലി ആയിരുന്നു. ഒരിക്കല്‍ പണവുമായി വന്നപ്പോള്‍ ഡീലറെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ സിനിമാ തീയേറ്ററിലാണെന്നറിഞ്ഞു. നേരെ തീയേറ്ററില്‍ ചെന്ന്‌ ഡീലറെ പൊക്കി.പിന്നീട്‌ വാഹനവുമായാണ്‌ വയനാട്ടുകാരന്‍ മടങ്ങിയതത്രെ. ബോംബെയില്‍ നിന്നും കൊണ്ട്‌ വരുന്ന വാഹനങ്ങള്‍ ഒന്നു വൃത്തിയാക്കാന്‍ പോലും സമയം കിട്ടാറില്ല. അതിനകം ആവശ്യക്കാര്‍ സ്ഥലം കാലിയാക്കിയിരിക്കും.
        വര്‍ദ്ധിച്ചു വരുന്ന കച്ചവടം മനസ്സിലാക്കി മഹീന്ദ്രജീപ്പുകള്‍ക്ക്‌ ജില്ലയില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ ഔദ്യോഗിക ഡീലര്‍ എത്തിയതോടെയാണ്‌ മോങ്ങത്തെ ബിസിനസിനു നേരിയ തിരിച്ചടി ഏല്‍ക്കുന്നത്‌. മുപ്പത്‌ കൊല്ലം കൊണ്ട്‌ ഈ രംഗത്ത്‌ ചുവടുറപ്പിച്ചവര്‍ ആയിരക്കണക്കിലേറെ വരും. ബിസിനസ്‌ തണുത്തെങ്കിലും ഏതെങ്കിലുമൊരു രീതിയില്‍ അവരൊക്കെ ഇന്നും ഈ രംഗത്ത്‌ പിടിച്ചു നില്‍ക്കുന്നു. പണ്ട്‌ ദിവസവും പത്ത്‌ കാറെങ്കിലും വിലപന നടതിയിരുന്ന മോങ്ങത്ത്‌ നിന്നും ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ഒരു കാര്‍ പോലും വില്‍പന നടക്കുന്നില്ലെന്നാണ്‌ ഡീലര്‍മാര്‍ പറയുന്നത്.എങ്കിലും ഇന്ത്യയില്‍ എവിടെയെങ്കിലും പുതിയൊരു മോഡല്‍ കാറോ ജീപ്പോ മാര്‍കറ്റിലിറങ്ങുന്നുണ്ടെങ്കില്‍ അതിലൊന്ന്‌ ഇന്നുമാദ്യം മോങ്ങത്തെ നിരത്തിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. 
      മലയാള മനോരമ സ്പെഷ്യല്‍ സപ്ലിമന്റ്‌ (മലപ്പുറം പെരുമ) യില്‍ വന്ന (2000
ഒക്ടോബര്‍ 6) എന്‍.വി കൃഷ്ണദാസ്‌ എഴുതിയ ലേഖനം. 

പ്രായം മറന്ന് അല്‍ മജാല്‍ പുത്തന്‍ വീര്യവുമായി ചാണ്ടി

             
      പ്രായം ഹാഫ് സെഞ്ച്വറിയോളമായെങ്കിലും പന്ത് കണ്ടാല്‍ ചേങ്ങോടന്‍ കബീര്‍ ഹാജി ഇപ്പോഴും പതിനഞ്ചാം വയസ്സിലെ ആ ദാസപ്പന്‍ കബീറാണ്. എണ്‍പതുകളില്‍ മോങ്ങം ടൌണ്‍ ടീമിന്റെ ഉരുക്ക് മതിലായ സ്റ്റോപ്പര്‍ കബീര്‍ അവസരം കിട്ടിയാല്‍ ഒട്ടും സമയം പാഴാക്കാതെ എതിരാളിക്കിട്ട് പണി കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അതിനാല്‍ തന്നെ സ്റ്റോപ്പറാണെങ്കിലും ഡിഫന്‍സില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത കബീര്‍ കളത്തിലിറങ്ങിയ ഏതാണ്ടെല്ലാ കളികളിലും ഒരു ഗോളെങ്കിലും തന്റെ ടീ‍മിന് വേണ്ടില്‍ ആ കറുത്ത കാലില്‍ നിന്ന് തൊടുത്ത് വിടാറുണ്ട്. പ്രവാസ ജീവിതം ഫുട്ബോളുമായി അല്‍‌പം അകന്നെങ്കിലും പഴയ വീറും വാശിയും ചടുലതയും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കബീര്‍ ചേങ്ങോടന്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍  പ്രകടമാക്കിയത്. 
         കബീറിന്റെ അന്നത്തെ സഹ കളിക്കാരന്‍ ബി.നാണിയും ഒട്ടും മോശമല്ലാത്ത ഫോമില്‍ തന്നെ കൂടെ ഉണ്ടായിരുന്നു. രണ്ടാം നിരയില്‍ നിന്ന് തൊണ്ണൂറുകളില്‍ മോങ്ങത്തിന് വേണ്ടി ജേഴ്സിയണിഞ്ഞ വാളപ്ര ഗഫൂറും ഓത്ത് പള്ളി ബാവയും കൂടി പുതിയ തലമുറയുടെ കൂടെ കളത്തില്‍ ഇറങ്ങിയപ്പോള്‍ അത് തലമുറകളുടെ സംഗമ വേദികൂടിയായി. കൌമാരത്തിലെ പൊടിമീശക്കാരനായി ഗള്‍ഫിലേക്ക് കടന്ന കോടാലി അബ്ദു‌റഹ്‌മാന്‍ കുട്ടിയെന്ന മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിക്ക് ബാല്യത്തില്‍ നഷ്‌ടപെട്ട് കുട്ടിക്കാലം തിരിച്ച് കിട്ടിയ ദിനമായിരുന്നു ഈ കളിക്കളത്തില്‍. ഗ്രൌണ്ടും ഇസ്തിറാഹയും കണ്ട് മടങ്ങാം എന്ന് കരുതി അവിടെ എത്തിയ അല്‍ മജാല്‍ മറ്റുള്ളവരൊക്കെ ഗ്രൌണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് കളത്തിലിറങ്ങുകയായിരുന്നു. കളിയുടെ ആദ്യ മിനുട്ടുകളില്‍ ഗോള്‍ വലയം കാത്ത് അല്‍ മജാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധ നിരയിലേക്ക് മാറിയപ്പോള്‍ വിസ്മയമകരമായ പ്രകടനമാണ് പുറത്തെടുത്തത്. 
     ഏറ്റവും സീനിയറായ പ്രവാസി  അല്‍ മജാല്‍ കളിയിലെ മുതിര്‍ന്ന താരമായും കഴിഞ്ഞ രണ്ട് മാസം മുമ്പ് ഗള്‍ഫിലെത്തിയ ചാണ്ടിച്ചന്‍ എന്ന അപര നാമത്തില്‍ അറിയ പെടുന്ന പോര്‍ട്ടര്‍ ഹമീദിന്റെ മകന്‍ സി.ഉമര്‍ പുതു തലമുറയെ പ്രതിനിധീകരിച്ചും കളി കളത്തില്‍ നിറഞ്ഞാടി. പതിനൊന്ന് മണിക്കാരംഭിച്ച കളി ഒരു മണിയോടെ സമാപിച്ചു. തുടര്‍ന്ന് ദര്‍ശന ക്ലബ്ബിന്റെ ഔദ്യോഗിക പാചകക്കാരന്‍ എം.പി.ശിഹാബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ദമ്മ്‌ ബിരിയാണി വട്ടമിട്ട് ഇരുന്ന് കഴിച്ച് അവിടെ കൂടിയവര്‍ അതൊരു സ്നേഹ സംഗമമാക്കി. 
     ഫ്ലാറ്റ് ജീവിതത്തിന്റെ മതില്‍ കെട്ടില്‍ നിന്നും വിശാലമായ ഇസ്താറയില്‍ പാറി പറന്ന് നടന്ന കുട്ടികള്‍ ഓടിയും ചാടിയും കളിച്ചുല്ലസിച്ച് ഈ ദിനം ആസ്വാധകരമാക്കിയപ്പോള്‍ കുട്ടികളെയും കെട്ടിയോന്‍‌മാരെയും കളിക്കാന്‍ വിട്ട് കിട്ടിയ അവസരം സൊറ പറഞ്ഞ് തീര്‍ത്ത കുട്ടികളുടെ ഉമ്മമാര്‍ രാത്രി മൂന്ന് മണിയോടെ സംഗമം അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞതിലും അപ്പുറം പറയാനിരിക്കുന്നു എന്ന ഭാവത്തില്‍ ബാക്കി അടുത്ത സംഗമത്തില്‍ പറയാമെന്നും പറഞ്ഞാണ് അവിടെ നിന്നും പിരിഞ്ഞത്.   

 

സഹപാഠിക്ക് ചികിത്സാ സഹായം നല്‍കി

     മോങ്ങം : സഹപാഠിക്ക് ചികിത്സാ സഹായമേകി കുരുന്നുകള്‍ സമൂഹത്തിനു മാതൃകയായി. മൊറയൂര്‍ വി.എച്ച്.എം. ഹെയര്‍ സെക്ന്ററി സ്കൂളിലെ ഒമ്പതാം തരത്തില്‍ പഠിക്കുന്ന മോങ്ങം ചെരിക്കക്കാട് സി.കെ.അജ്മലിനാണ് സ്കൂളിലെ മുഴുവന്‍ വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായധനം എത്തിച്ചത്. ശ്വാസകോശ വാല്‍‌വിനുണ്ടായ അണുബാധയെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ഏതാണ്ട് ഇരുപത് ദിവസ്ത്തോളമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൂട്ടുകാരന് വേണ്ടി അവര്‍ സമാഹരിച്ച എഴുപതിനായിരത്തോളം രൂപയുടെ ചികിത്സാ സഹായം അജ്മലിന്റെ ബന്ധുക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ കൈമാറി. ഭീമമായ ചികിത്സാ ചിലവുകള്‍ക്കിടയില്‍ അജ്മലിന്റെ കുടുംബത്തിന് വലിയ ഒരു ആശ്വാസം തന്നെയാണ് സഹപാഠികളുടെ ഈ സ്വാന്തന സഹായം. 
     ജിദ്ദയില്‍ ജോലി ചെയ്യുന്ന സി.കെ.മുഹമ്മദിന്റെ മകനായ അജ്മലിന് കാര്യമായ അസുഖം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ഒരു വേദന തുടങ്ങി അന്ന് തന്നെ അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. മകന്റെ അസുഖ വിവരം അറിഞ്ഞ് പിതാവ് പിറ്റേന്ന് തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. അജ്മല്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.   

കോഴിയും പ്രാവും തത്തയുമായി : ഗള്‍ഫിലും ഗ്രാമീണന്‍ അല്‍ബ്യൂട്ടി

                
     
                  ജിദ്ദ:  വര്‍ഷങ്ങളായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന മോങ്ങം സ്വദേശി നൊട്ടന്‍ അലവി കുട്ടിക്ക് ഇത് ലോകത്തെ തന്നെ പ്രധാന മെട്രോ സിറ്റിയാണെന്ന ഭാവമൊന്നുമില്ല. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നാല്‍ ആര്‍ക്കും അങ്ങിനെ തോന്നുകയും ഇല്ല. അലവി കുട്ടി എന്ന നൊട്ടന്‍ അല്‍ബ്യൂട്ടിയുടെ ഇവിടത്തെ ജീവിതം അങ്ങിനെയാണ്. അലവി കുട്ടിയുടെ ദിന രാത്രങ്ങള്‍ കടന്ന് പോവുന്നത് തികച്ചും ഗ്രാമീണ രീതിയില്‍ . ബഗ്‌ദാദിയ്യയില്‍ അദ്ധേഹം താമസിക്കുന്ന വില്ലയുടെ പാശ്ചാതലവും തനി ഗ്രാമീണത നിറഞ്ഞ് നില്‍ക്കുന്നതാണ്. വില്ലയുടെ മുന്നിലായി വലിയമുറ്റം, മുറ്റത്തിന്റെ കോണുകളികളിലായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വലിയ വാളന്‍ പുളി തൂങ്ങിയാടുന്ന പുളി മരവും മറ്റു തണല്‍ മരങ്ങളും, കൂടാതെ മൂന്ന് കോഴിക്കൂട്, നാല് പ്രാവിന്‍‌കൂട്, തത്തക്കൂട്. തുടങ്ങി വിശേഷങ്ങള്‍ അനവധി. ആദ്യമായി ഈ കോമ്പൌണ്ടിലേക്ക് കടന്ന് ചെല്ലുന്ന ആരും ഒന്ന് അന്താളിച്ച്പോവും. “ക്കൊക്കര..ക്കോ...“ എന്ന നീട്ടി കൂവലുമായി നാടന്‍ പൂവന്‍ കോഴികളും പിടക്കോഴികളും, കുറുകി കുറുകി മുറ്റത്താകെ പാഞ്ഞ് നടക്കുന്ന പ്രാക്കളും ആകെയൊരു “നാടന്‍ ഗള്‍‌ഫ് ലുക്ക് “.
          ജിദ്ദയില്‍ ബാബ് മക്കയിലെ അറിയപെടുന്ന എ ടു ഇസഡ് ഗുദറവാത്ത് ഷോപ്പിലെ ജീവനക്കാനായ അലവി ക്കുട്ടിയുടെ ഒഴിവ് സമയം തന്റെ വളര്‍ത്തു മക്കളായ കോഴികളക്കും പ്രാവുകള്‍ക്കും തീറ്റകൊടുത്തും അവയെ പരിപാലിച്ചും അവരോട് ഇടപഴകിയും ചിലവഴിക്കുന്നു.  ഇപ്പോള്‍ പന്ത്രണ്ടോളം കോഴികളും പത്ത് ജോടി പ്രാവുകളും അലവി ക്കുട്ടി വളര്‍ത്തുന്നുണ്ട്. അദ്ധേഹം ജോലിചെയ്യുന്ന ഷോപ്പിനടുത്തുള്ള കടയില്‍ നിന്നു കൊണ്ട് വന്ന ഒരു ജോഡി കോഴികളും അവയുടെ സന്താന പരമ്പരകളുമാണ് ഇപ്പോഴുള്ളത്.  ഒരു ജോടി പ്രാവിനെ ഒരിക്കല്‍ വാളപ്പറ ഗഫൂര്‍ കൊണ്ട് വന്നതാണ് അതിപ്പോള്‍ വംശവര്‍ദ്ദനവിലൂടെ പത്ത് ജോടിയായി. അലവി കുട്ടിയുടെ കൈവശമുള്ള പ്രാവുകള്‍ അത്യാവിശ്യം മുന്തിയ ഇനം തന്നെയാണ്. ജോഡിക്ക് അഞ്ഞൂറ് മുതല്‍ രണ്ടായിരം റിയാല്‍ വരെ വില വരുന്ന ഇനത്തില്‍ പെട്ടതാണന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 
                   അരിമ്പ്ര മാനു കൊണ്ട് വന്ന ഒരു തത്തയുമുണ്ടായിരുന്നു ഇവര്‍ക്ക് കൂട്ടായ് . കൂട് തുറന്നാല്‍ നേരെ റൂമിലെക്ക് പാറി വന്ന് സഹ മുറിയനായ പന്തലാഞ്ചീരി അലവി കുട്ടിയുടെ കം‌മ്പ്യൂട്ടറിന്റെ മുകളില്‍ വന്നിരിന്ന നന്നായി ഇണഞ്ഞിയ ആ തത്തയെ ഒരു മാസത്തോളമായി കാണാനില്ല. എങ്ങോട്ടെങ്കിലും പാറിപ്പോയോ അതോ ആരുടെയെങ്കിലും കയ്യില്‍ പെട്ടോ എന്നറിയില്ല. ആ തത്തയുടെ വിയോഗം ഒരു നൊമ്പരമായി ഇന്നും മനസ്സിലുണ്ട്. അവന്‍ തിരിച്ചു വരും എന്ന ശുഭ പ്രതീക്ഷയിലാണ് രണ്ട് അലവി കുട്ടിമാരും.  രണ്ട് പിടക്കോഴികളിപ്പോള്‍ അടയിരിക്കുന്നുണ്ട് ഒരാഴ്ച്ച കഴിയുന്നതോടെ പതിനാല് കോഴിക്കുഞ്ഞുങ്ങള്‍ കൂടി ഉണ്ടാവും. ഇവിടത്തെ സ്ഥിരം അന്തേവാസികളായ കോഴികള്‍ക്കും പ്രാവുകള്‍ക്കും പുറമെ പുറത്ത് നിന്നു വരുന്ന പ്രാവുകളും മുറ്റത്തെ പുളിമരത്തില്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന തത്തകളും മറ്റു കിളികളും ഏതാനും ജമണ്ഡന്‍ പൂച്ചകളും അടക്കം വലിയ ഒരു ടീം തന്നെ ഭക്ഷണത്തിനായി ഈ വില്ലയെ ആശ്രയിക്കാറുണ്ട്.
       ഇവിടെത്തെ കൊഴികളിലൊന്നിനെയും ഇതു വരെ കറിക്കത്തിക്ക് ഇരയാക്കിയിട്ടില്ല. ഇത് ഒരു ഹോബിയായി തുടങ്ങിയതെങ്കിലും ഇന്നിത് ജീവിത്തിന്റെ ഭാഗമായാണ് അലവി കുട്ടി കാണുന്നത്. കൂടെ താമസിക്കുന്ന ചിറ്റങ്ങാടന്‍ അബ്ദുറഷീദും, പന്തലാഞ്ചീരി അലവി കുട്ടിയും നന്നായി സഹകരിക്കുന്നത് വലിയ അനുഗ്രഹമാണ്. ഇടക്കിടെ ഗസ്റ്റായി വരുന്ന ഓത്ത്പള്ളി ബാവയും, കമ്പത്ത് റഹീസും, വാളപ്ര ഗഫൂറും നാ‍ടന്‍ മുട്ടകള്‍ അടിച്ച് മാറ്റാറുണ്ടെന്നും അലവിക്കറിയാം. ഇവക്ക് വേണ്ട ഭക്ഷണാവിശ്യത്തിനയി ശമ്പളത്തിന്റെ ചെറിയൊരു ഭാഗം നീക്കി വെക്കണമെങ്കിലും ഞങ്ങള്‍ക്കിവിടെ നാട്ടിലെ ഗാര്‍ഹിക അന്തരീക്ഷം ലഭിക്കുന്നു. രാവിലെ എണീക്കാന്‍ അലാറം വെക്കേണ്ട ആവശ്യമൊന്നുമില്ല സുബഹീ ബാങ്കിന്റെ സമയം ആവുന്നതോടെ പൂവന്‍‌കോഴികള്‍ കൂവുന്നതോടെ എല്ലാവരും എഴുന്നേല്‍ക്കും. അങ്ങിനെ ഈമണലാരുണ്ണ്യത്തിലും നമ്മുടെ ആ പഴയ പരമ്പരാഗത രീതിയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കാവുന്നു, നൊട്ടന്‍ അല്‍ബ്യൂട്ടിയും പന്തലാഞ്ചീരിയും ഒറ്റ സ്വരത്തില്‍ പറയുന്നു. 

“ഭക്ഷണം വിശ്രമം സിന്ദാബാദ്

     മോങ്ങം: “ഭക്ഷണം വിശ്രമം സിന്ദാബാദ് ” പാര്‍ട്ടി ഏതായാലും ഈ മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകന്‍‌മാര്‍ക്കിടയില്‍ അഭിപ്രായ വെത്യാസം ഇല്ല. മോങ്ങത്ത് തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും നല്ല ഭക്ഷണം തയ്യാറാക്കിയാ‍ണ് ഇടതു വലതുമുന്നണികള്‍ തങ്ങളുടെ പ്രവര്‍ത്തകരെ പ്രവത്തനരംഗത്ത് പിടിച്ച് നിര്‍ത്തിയത്. രാത്രി പൂളയും ഇറച്ചിയും, ഉച്ചക്ക് നെയ്ച്ചോറും കോഴിയും, തേങ്ങാച്ചോറും ഇറച്ചിയും തുടങ്ങിയ വിഭവങ്ങളാണ് ഇരു മുന്നണികളും പ്രവര്‍ത്തകര്‍ക്കായി വിളംബിയത്. ചില പ്രവര്‍ത്തകര്‍ ഭക്ഷണം മറന്ന് കഴിയുന്നത്ര വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ അഹോരാ‍ത്രം പരിശ്രമിച്ചപ്പോള്‍ ചിലര്‍ ഭക്ഷണ കാര്യത്തില്‍ മാത്രം മുഴുകുന്നതും കാണാമായിരുന്നു. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് കണ്‍വെന്‍ഷനുകള്‍ സംഘടിച്ചപ്പോഴും ഇത്പോലെ വിഭവ സമ്രദമായ ഭക്ഷണം തയ്യാറാക്കിയിരുന്നു.
     ആദ്യ കാലങ്ങളില്‍ വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് ലഘു പാനീയങ്ങള്‍ വിതരണം ചെ‌യ്‌തിരുന്നു. മുസ്‌ലിം ലീഗ് ഗോതമ്പ് പായസ (കുലാവി)വും ഇടത് മുന്നണി അവിലും വെള്ളവും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും ബൂത്തിന് സമീപം വോട്ടര്‍മാര്‍ക്ക് ഭക്ഷണ വസ്‌തുക്കള്‍ വിതരണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന വിലക്കുള്ളതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തകന്‍‌മാര്‍ക്ക് മാത്രമാണ് ഭക്ഷണമൊരുക്കുന്നത്.
       ഇപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ് ഏത് പാര്‍ട്ടിക്കും പ്രവര്‍ത്തനം ഉഷാറാകണമെങ്കില്‍ ആദ്യ ഭക്ഷണം റെഡിയാക്കണം. മുമ്പത്തെ പോലെ ആത്‌മാര്‍ത്ഥതയൊന്നും ഇപ്പോഴത്തെ പ്രവര്‍ത്തകന്‍‌മാര്‍ക്കില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ക്ക് നേതാക്കന്‍മാരാകാന്‍ ജയ് വിളിച്ച് നടക്കാന്‍ ഇപ്പോള്‍ ആളെ കിട്ടില്ലെന്നാണ് ഒരു സജീവ പ്രവര്‍ത്തകന്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പരഞ്ഞത്.

ചാലഞ്ചേഴ്‌സിലെ കൂടോത്രം ഗള്‍ഫിലേക്ക് തിരിച്ചയച്ചു

            ജിദ്ദ: നൂറ്റി ഇരുപത്തിഒന്ന് കോടി ജനങ്ങള്‍ക്ക് ആവേശമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയപ്പോള്‍ ആടീമിലെ ഏക മലയാളി സാന്നിദ്ദ്യമായിരുന്നു ശ്രീശാന്ത്, എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഇഷ്ട താരത്തിന്റെ ഫോട്ടോ മോങ്ങം ചാലഞ്ചേഴ്സ് ക്ലബ്ബില്‍ പതിച്ചത് കാരണം പൊല്ലാപിലായിരിക്കയാണ് മോങ്ങം സ്വദേശി പന്തലാഞ്ചീരി അലവിക്കുട്ടി. അലവിക്കുട്ടി പറയുന്നത് ഇങ്ങിനെയാണ്, ഞാന്‍ കഴിഞ്ഞ പ്രാവശ്യം അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ ഇന്ത്യ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ താരങ്ങളുടെ ഫോട്ടോയും ക്ലബ്ബില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ശ്രീശാന്തിന്റെ പോസ്റ്റര്‍ മാത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ആ ഒരു ഫോട്ടോ കൂടി അതിലുള്‍പ്പെടുത്തി എന്ന്മാത്രം. അതിത്ര പൊല്ലാപ്പിലാവുമെന്ന് ഞാന്‍ കരുതിയില്ല.
                   ശ്രീശാന്തിന്റെ ഫോട്ടോ ക്ലബ്ബില്‍ പതിച്ചതിനെ തുടര്‍ന്ന് ഒരുപാട് അനിഷ്ട സംഭവങ്ങള്‍ ക്ലബ്ബില്‍ നടന്നുവെന്നാരോപിച്ച് താന്‍ പതിച്ച പോസ്റ്ററില്‍ കൂടോത്രം ആരോപിച്ച് കൊണ്ട് അതിപ്പോള്‍ ജിദ്ദയിലുള്ള അലവികുട്ടിക്ക് തെന്നെ തിരിച്ചയച്ചിരിക്കുകയാണ് ചാലഞ്ചേ‌ഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍ . ഇപ്പോള്‍ ക്ലബ്ബ് സെക്രടറിയായ ചേങ്ങോടന്‍ നവാസ് ശ്രീശാന്തിന്റെ ആ ഫോട്ടോയും അതിന്റെ കൂടെ കാര്യകാരണങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു എഴുത്തും കൂടി വെച്ചാണ് ആ കൂടോത്രം ചെയ്‌തവര്‍ക്ക് തന്നെ തിരിച്ചയച്ചത്. 
നവാസിന്റെ കത്ത് 
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
     ഈ പോസ്റ്റര്‍ ക്ലബ്ബില്‍ പതിച്ചതിനു ശേഷം വാടക 150 രൂപ വര്‍ദ്ധിപ്പിച്ചതും, ക്ലബ്ബിലെ കസേരയുടെ കാലൊടിഞ്ഞതും ട്യൂബ് ലൈറ്റ് ഫ്യൂസായതും, ബേക്കറിയില്‍ നിന്നു ജ്യൂസ് കൊണ്ട്‌ വന്ന പത്ത് ഗ്ലാസുകള്‍ പൊട്ടി തകര്‍ന്നതും തുടങ്ങി ക്ലബ്ബില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണമായ ഈ ദുശ്ശകുനത്തെ ഞങ്ങള്‍ കടല്‍ കടത്തുകയാണന്നും എഴുതിയ കത്തില്‍ ഞങ്ങളോട് ഇത്തരത്തില്‍ ഒരു ചതി നീ ചെയ്യുമെന്ന് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ലന്നും ദയവായി ഇത്തരം ചതി പ്രയോഗം ചെയ്യരുതെന്നും അലവിക്കുട്ടിയോട് കത്തില്‍ നവാസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
         ഈ കത്തിലുന്നയിച്ച ആരോപണം പാടെ തള്ളികളയാനും അലവിക്കുട്ടി തയ്യാറല്ല. കാരണം ഈ പോസ്റ്റര്‍ ക്ലബ്ബില്‍ നിന്ന് പറിച്ച് ഇങ്ങോട്ടയക്കാന്‍ വേണ്ടി നവാസ് കയ്യില്‍ വെച്ചിരുന്ന രണ്ട് ദിവസത്തിനിടെയാണ് സ്‌കൂളിലെ ഉച്ചക്കഞ്ഞി വിവാദത്തില്‍ നവാസിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെതെന്നും, ഇത് തനിക്ക് തരാന്‍ വേണ്ടി മുഹമ്മദലി എന്ന ചെറിയാപ്പുന്റെ കൈവശം കിട്ടിയ ഉടനെതന്നെ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നു വന്ന ഫോണ്‍ കോളില്‍ വിമാനം അഞ്ച് മണിക്കൂര്‍ വൈകുമെന്ന അറിയിപ്പു വന്നതും, ഇവിടെ എത്തിയ ചെറിയാപ്പുവിനെ സ്വീകരിച്ച് വരുന്ന വഴിയില്‍ വാളപ്ര ഗഫൂറും കമ്പത്ത് റഹീസും ചെറിയാപ്പുവും കാറിന്റെ ടയര്‍ പഞ്ചറായി സൗദി പോലീസിന്റെ സഹായത്തോടെ ഒന്നര കിലോമീര്‍ വാഹനം തള്ളിയതും, റൂമിലെത്തിയപ്പോള്‍ തക്കോല്‍ നഷ്‌ടപ്പെട്ടതിനാല്‍  പൂട്ട് പൊളിക്കേണ്ടി വന്നതും തുടങ്ങി ഈ പോസ്റ്റര്‍ ജിദ്ദയില്‍ എത്തിയ പിറ്റേന്ന് ഇവിടെ ശക്തമായ മഴ പെയ്‌ത് ജിദ്ദയില്‍ ശക്തമായ വെള്ളപൊക്കം ഉണ്ടായപ്പോള്‍ റൂമിലൊക്കെ വെള്ളം കയറിയതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ പോസ്റ്ററിനു എന്തോ കുഴപ്പമില്ലേ എന്ന് പന്തലാഞ്ചേരി അലവിക്കുട്ടിക്ക് സംശയം ഇല്ലാതില്ല. ഏതായാലും ആ ഫോട്ടോ ഇപ്പോള്‍ അവിടെനിന്നു ഇങ്ങോട്ട് അയച്ചതിനാല്‍ ഇന്നലെ നവാസിന്റെ വീട്ടില്‍ കള്ളന്‍ കയറിയതിന്റെ പഴി കൂടി ഈ പോസ്റ്ററിനും എനിക്കും കേള്‍ക്കണ്ടല്ലോ എന്ന ആശ്വാസത്തിലാണിപ്പോള്‍ പന്തലാഞ്ചീരി അലവിക്കുട്ടി.
          ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടക്ക് ശ്രീശാന്തിന്റെ വിവാദ ചിത്രം ഈ ലേഖകനെ ഏല്‍പ്പിക്കാന്‍ പന്തലാഞ്ചേരി ശ്രമിച്ചങ്കെലും വിശ്വാസമില്ലങ്കിലും വെറുതെ പുലിവാല്‍ പിടിക്കെണ്ടല്ലോ എന്ന് കരുതി സ്നേഹപൂര്‍വ്വം അത് ഞങ്ങള്‍ നിരസിക്കുകയായിരുന്നു.

ഉബൈദ് മോങ്ങത്ത് കല്ല്യാണ വീട്ടില്‍ സാദിഖ് ആനകയത്ത് മരണ വീട്ടില്‍

               
             മോങ്ങം: കല്ല്യാണ വീട്ടിലേക്ക് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി കടന്ന് വന്നപ്പോള്‍ അവിടെ കൂടിയവരിലൊക്കെ ആശ്ചര്യം. മോങ്ങം ചെരിക്കകാട് അലവിയുടെ മകന്‍ നൌഷാദിന്റെ കല്ല്യാണത്തിനാണ് മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉബൈദുള്ള എത്തിയത്. അല്‍പ്പ സമയം കല്ല്യാണ വീട്ടില്‍ ചിലവഴിച്ച ഉബൈദുള്ള അവിടെ കൂടിയവരോടൊക്കെ വോട്ട് അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്.
          ആനകയത്തുകാരനായ ഉബൈദുള്ള ഇന്നലെ മോങ്ങത്തെ കല്ല്യാണം കൂടിയപ്പോള്‍ മോങ്ങത്തുകാരനായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി ആനകയത്തടുത്തൊരു മരണവീട്ടിലായിരുന്നു. കല്ല്യാണ വീട് പോലെ മരണ വീട്ടില്‍ വോട്ട് ചോദിക്കാനൊന്നും പറ്റിയില്ലങ്കിലും സാനിദ്ധ്യം അറിയിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍ . 
       ഞാറാഴ്ച്ചകളില്‍ മണ്ഡലങ്ങളിലെ കല്ല്യാണ വീടുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനു നെട്ടോട്ടമോടുന്നത്. കൂടുതല്‍ പേരോട് കുറഞ്ഞ സമയം കൊണ്ട് നേരിട്ട് കണ്ട് വോട്ട് ചോദിക്കാമെന്നതാണ് ഇതിന്റെ നേട്ടം. ജില്ലയില്‍ ഇതിനകം ഏറ്റവും കൂടുതല്‍ കല്ല്യാണ വിട്ടില്‍ പോയ സ്ഥാനാര്‍ത്ഥി വണ്ടുരിലെ അനില്‍ കുമാറാണ് എന്നാണ് മധ്യമങ്ങളുടെ കണക്ക്. “നീ ക്ഷണിക്കാന്‍ മറന്നാലും ഞാന്‍ വരാന്‍ മറക്കൂല” എന്ന പോളിസിയുമായണത്രെ സ്ഥാനാര്‍ത്തികള്‍ ചിരിച്ച് കോണ്ട് കല്ല്യാണ പന്തലിലേക്ക് കയറി വരുന്നത്.    

ചക്കകാലം തുടങ്ങി മോങ്ങത്ത് നിന്ന് ആദ്യ ചക്ക ജിദ്ദയിലെത്തി



          ജിദ്ദ: ചക്കയുടെയും മാങ്ങയുടെയും കാലം തുടങ്ങുമ്പോള്‍ നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അതെന്നും നൊമ്പരപെടുത്തുന്ന ഒരു സ്വപനമായി മനസ്സില്‍ അവശേഷിക്കുന്നു. പട്ടിണിയുടെയും വറുതിയുടെയും കാലത്ത് നമ്മുടെ നാടിനെ വയര്‍ നിറച്ചൂട്ടിയ ചക്ക എന്ന സര്‍വ്വോപകാരിയും മായരഹിതവുമായ ഭക്ഷണം ഇന്ന് മോങ്ങത്തിന്റെ തീന്‍ മേശയില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന വിഭവമായി മാറിയിരിക്കുന്നു. കെമിക്കലുകളും രാസവളങ്ങളും കീടനാശിനിയും ഒന്നും ഉപയോഗിക്കാതെ നല്ല വിളവ് തരുന്ന ചക്ക ശരീരത്തിനു ആവിശ്യമായ നാരുകള്‍ അടങ്ങിയ ഒരു ഉത്തമ പോഷകാഹാരം കൂടിയാണന്ന് പുതിയ തലമുറക്കറിവുണ്ടാവില്ല.
               മൂപ്പെത്തുന്നതിനു മുന്‍പ് പറിച്ചെടുക്കുന്ന ഇടിച്ചക്ക മുതരയും കൂട്ടി ഉണ്ടാക്കുന്ന ഉപ്പേരി പരുവത്തിലുള്ള വിഭവം കഴിച്ചവര്‍ക്ക് മറക്കാന്‍ പറ്റാത്ത രുചിയേകുന്ന ഒന്നാണ്. മൂത്ത ചക്കകൊണ്ടുണ്ടാക്കുന്ന തേങ്ങയും ജീരകവും അരച്ച ചക്ക കൂട്ടാനും വാഴയിലയില്‍ വിളമ്പി ചുട്ട മുളക് കൊണ്ടരച്ച ചമന്തി (മോങ്ങം ഭാഷയില്‍ പറഞ്ഞാല്‍ പ്പുമ്മള്) രുചി ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. കുറച്ചുകൂടി കഴിഞ്ഞാല്‍ അതൊന്നു പഴുത്താല്‍ ഇന്നു നമ്മള്‍ കിലോക്ക് നൂറും ഇരുനൂറും കൊടുത്ത് വാങ്ങി കഴികുന്ന ഏതൊരു പഴത്തേക്കാളും ഗുണവും രുചിയും ഉള്ളതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിനു പുറമെ അടുത്തകാലത്തായി ചക്ക പൊരിച്ച് ബേക്കറി വിഭങ്ങളില്‍ ഉള്‍പെട്ടതും ചക്കപുരാണത്തില്‍ പറയേണ്ടത് തന്നെയാണ്.
                      മുന്‍ കാലങ്ങളിലൊന്നും കറിവെക്കാന്‍ ഇന്നത്തെ പോലെ നിത്യവും മീനും ഇറച്ചിയും കോഴിയും ഒന്നും വാങ്ങാന്‍ കഴിയാതിരുന്ന നമ്മുടെ നാട്ടുകാര്‍ക്ക് അന്നത്തെ പ്രധാന കറികളില്‍ ഒന്ന് “പിലാകോഴി” എന്ന ഓമനപേരില്‍ അറിയ പെട്ടിരുന്ന “ചക്കകുരുചാറ്” ആയിരുന്നു. അവശേഷിക്കുന്ന മടലും മറ്റുള്ളതും വീട്ടിലെ കന്നുക്കാലികള്‍ക്കു ഭക്ഷണമാകുകയും ബാക്കി വരുന്ന വിളഞ്ഞില്‍ സൂക്ഷിച്ച് വെച്ച് പെരുന്നാളനും മറ്റും മൈലാഞ്ചി ഡിസൈനിങ്ങിനു ഉരുക്കി ഉപയോഗിക്കുന്നതോടെ ചക്ക സര്‍വ്വോപകാരി എന്ന ഗുണവിശേഷത്തെ നൂറു ശതമാനം അടിവരയിടുന്നു. ചക്ക ക്കൂട്ടാനും കഞ്ഞിയും മോങ്ങം നേര്‍ച്ചയുടെ പ്രധാന അന്നദാന വിഭവമായിരുന്നു എന്നതും, ചക്കയും കഞ്ഞിയും നമ്മുടെ ദേശീയ ഭക്ഷണമാണെന്ന് മോങ്ങത്തെ ഒരു രസികനായ ഒരു ചുമട്ട് തൊഴിലാളി കരാട്ടെ മൂസ പറഞ്ഞതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.           
     ഇപ്പോഴത്തെ കൂട്ടികള്‍ക്ക് ചക്കയെ ഭക്ഷണമെന്ന രീതിയില്‍ പരിചയപെടുത്താതിനു വീട്ടമ്മമാരെയാണ് ഞാന്‍ കുറ്റപെടുത്തുകയെന്നാണ് മോങ്ങത്തെ ആദ്യകാല ചക്ക കച്ചവടക്കാരനായിരുന്ന കോഴിപറമ്പില്‍ കുട്ട്യേലി ഹാജിയുടെ മകന്‍ സൈതലവി മക്ക ഈ വിഷയത്തോടു പ്രതികരിച്ചത്. ഫാസ്റ്റ് ഫുഡിന്റെ ഈ യുഗത്തില്‍ കയ്യിലും കത്തിയിലും വിളഞ്ഞില്‍ ആകുമെന്ന മടിയാണ് ഇപ്പോഴത്തെ സ്ത്രീകള്‍ ചക്കക്ക് അയിത്തം കല്‍പ്പിക്കുന്നതെന്നും ആര്‍ക്കും വേണ്ടാതെ ചക്ക പഴുത്ത് വീണ് ചീഞ്ഞളിഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ഇന്ന് നാട്ടില്‍ പ്ലാവുകള്‍ക്കടിയില്‍ കാണുന്നതെന്നും സൈതലവി പറഞ്ഞു. 
    മോങ്ങത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമായിരുന്ന ചക്ക കിഴക്കേതലക്കല്‍ പാങ്ങോട്ട് പള്ളിയാളിയുടെ അടുത്ത് കൂട്ടിയിട്ട് തമിഴ് നാട്ടിലേക്ക് പൊകുന്ന ലോറിയില്‍ കയറ്റി അയച്ചിരുന്നതും ചക്കകാലത്ത് നമ്മുടെ നാടിന്റെ ഒരു പതിവ് കാഴ്‌ച്ചയായിരുന്നു. ആദ്യകാല ചക്ക കച്ചവടക്കാരയിരുന്ന സി.കെ.അഹമ്മദ് കുട്ടി മൊല്ലാക്ക, സി.കെ.മൊയ്‌ദീന്‍ കുട്ടി കുയിലം കുന്ന് തുടങ്ങിയവരൊക്കെ മരണപെടുകയും കോഴിപറമ്പില്‍ കുട്ട്യാലി ഹാജി അസുഖമായി കിടപ്പിലായതും ഈ മേഖലയില്‍ മോങ്ങത്തിന്റെ പ്രധാപം നഷ്‌ടപെടുത്തി.
        ചക്ക കച്ചവടവുമായി ബന്ധപെട്ട് താനും സുഹൃത്ത് കുയിലം കുന്നുമ്മല്‍ സൈതലവിയെയും ഒഴുകൂരില്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്നവരാണ് എന്ന് തെറ്റിധരിച്ച വീട്ടുകാര്‍ “അവള്‍ കുളിക്കാന്‍ പോയതാണ് നിങ്ങള്‍ കയറി ഇരിക്കൂ” എന്ന് പറഞ്ഞതും ഓര്‍ത്ത് ചിരിക്കുകയാണ് സി.കെ.അഹമ്മദ് കുട്ടി മൊല്ലാക്കയുടെ ഇളയ മകന്‍ ജിദ്ദയില്‍ അലുമിനിയം ഫാബ്രികേഷന്‍ ബിസിനസ് നടത്തുന്ന  അബ്ദുള്‍ കരീം ചെരിക്കക്കാടും സുഹൃത്ത് സൈതലവിയും .
        ചക്കയുമായി ബന്ധപെട്ട് “മോങ്ങത്തുകാരന്‍ കൊയമ്പത്തൂര്‍ക്ക് ചക്ക കയറ്റിയ പോലെ” എന്നൊരു ചൊല്ല് തന്നെയുണ്ട്. വറുതിയുടെ അക്കാലത്ത് കൂലി പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉമ്മ മുറ്റത്തെ പ്ലാവില്‍ നിന്നുള്ള ചക്ക കൊണ്ടുള്ള കൂട്ടാനും കഞ്ഞിയും സ്ഥിരമായി വിളമ്പിയപ്പോള്‍ ചക്ക മടുത്ത് ഇനിയും ഈ ചക്ക ഇവിടെ ഉണ്ടായാല്‍ ഉമ്മ ഇതു തന്നെ ഉണ്ടാക്കി തരും എന്ന്‍ മനസ്സിലാക്കിയ യുവാവ് ഒരു ഒഴിവ് ദിവസം പ്ലാവില്‍ കയറി എല്ലാ ചക്കകളും വെട്ടി കയറില്‍ കെട്ടി ഇറക്കി ചക്കക്ക് നല്ല ഡിമാന്റൂള്ള കോയമ്പത്തൂരിലേക്ക് കയറ്റി നല്ല വിലക്ക് വില്‍ക്കുകയും,  ചക്കക്കൂട്ടാന്‍ തിന്നു മടുത്ത അദ്ധേഹംവിറ്റ് കിട്ടിയ കാശുമായി കോയമ്പത്തൂരിലെ ഏറ്റവും മുന്തിയ ഹോട്ടലില്‍ പോയി സ്പെഷല്‍ ഊണിനു ഓര്‍ഡര്‍ ചെയ്യുകയുണ്ടായത്രെ. സപ്ലെയര്‍ ഊണിനുള്ള ഇല വിരിച്ച് വിഭവങ്ങള്‍ ഒന്നായി അതില്‍ നിരത്തിയപ്പോള്‍ നമുടെ നാട്ടുകാരന് കണ്ണു തള്ളി പോയി. സ്‌പെഷല്‍ ഊണിനുള്ള വിഭവങ്ങള്‍ നോക്കുമ്പോള്‍ ചക്ക പൊരിച്ചതും, ചക്കകൊണ്ട് അച്ചാറും, ചക്ക തോരനും, ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു പുഴുക്കും, രണ്ട് പഴുത്ത ചക്ക ചുളയും, പഴുത്ത ചക്കകെണ്ടുണ്ടാക്കിയ പായസവും, ചക്ക ചുളകൊണ്ടും കുരു കൊണ്ടും ഉള്ള രണ്ട് തരം കറികളും അടക്കം “തമിഴ്‌നാട്ടിലെ വില കൂടിയ വിഭവങ്ങള്‍ ” നിരത്തിയപ്പോള്‍ രോക്ഷാകുലനായ യുവാവ് ഇനി വല്ലതും കൊണ്ട് വരാനുണ്ടോ എന്നു ചോദിക്കുകയും, “ഇനി സോറ് ഇരിക്കപ്പാ” എന്ന തമിഴന്‍ സപ്ലയറുടെ മറുപടി കേട്ടപ്പോള്‍ “ചോറും ചക്ക കൊണ്ടാണങ്കില്‍ നീ തന്നെ ശാപ്പിട്ടോ” എന്ന് ഉത്തരം പറഞ്ഞതും മോങ്ങവും ചക്കയുമായി ബന്ധപെട്ട് കേള്‍ക്കുന്ന ഒരു കഥയാണ്.        
      നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നശിച്ച് പോവുകയാണങ്കിലും പ്രവാസി മലയാളികള്‍ക്ക് എന്നും ഒരു കൊതിയൂറുന്ന വിഭവമാണ് ചക്ക. നാട്ടില്‍ അഞ്ചോ പത്തോ രൂപക്ക് വിറ്റ് തമിഴ് നാട്ടിലേക്ക് കയറ്റുന്ന ചക്കക്ക് കിലോക്ക് ഏഴ് റിയാലാണ് ഗള്‍ഫിലെ വില. കഴിഞ്ഞ വര്‍ഷം നമ്മുടെ നാട്ടുകാരുടെ ആസ്ഥാനമായ ശറഫിയ്യ മോങ്ങം ഹൗസില്‍ ഏതാണ്ട് നൂറ് റിയാല്‍ (ആയിരത്തി ഇരുനൂറ് രൂപ) മുടക്കി ഒരു ചക്ക വാങ്ങി തിന്നാണ് ചക്കുംപുറം ഹുസൈന്റെ നേതൃത്വത്തില്‍ ചക്ക കമ്പം തീര്‍ത്തത്.
          നാട്ടില്‍ ഇപ്പോള്‍ ചക്ക സീസണ്‍ ആരംഭിക്കുന്നെള്ളങ്കിലും മോങ്ങത്ത് നിന്നു ഈ വര്‍ഷത്തെ ആദ്യ ചക്ക കഴിഞ്ഞദിവസം ജിദ്ദയില്‍ എത്തി. മോങ്ങം ചെരിക്കകാട് സി.കെ.ജംഷീറാണ് തന്റെ കന്നി ഗള്‍ഫ് യാത്രയില്‍ പിതൃ സഹോദരന്‍ ഹംസയുടെ പുരയിടത്തിലെ തേന്‍ വരിക്ക പ്ലാവില്‍ ആദ്യമായി ഉണ്ടായ ചക്കയുമായി ബന്ധുക്കളക്കും സുഹൃത്തുക്കളക്കും സമ്മാനിക്കാനായി ജിദ്ദയില്‍ വിമാനമിറങ്ങിയത്. ജിദ്ദാ വിമാനത്താവളത്തില്‍ ആദ്യചക്കക്ക് ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ട് ദിവസം മുമ്പെത്തിയെങ്കിലും ഇന്നലെ പഴുത്ത് പാകമായപ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളും ഹംസയുടെ റൂമില്‍ ഒത്ത് കൂടി ചക്ക തിന്നു ഓര്‍മകള്‍ അയവിറക്കി. വള്ളുവമ്പ്രത്തെ മുന്‍ ഫുട്ബോള്‍ താരം അബൂബക്കര്‍ എന്ന കുഞ്ഞിപോക്കര്‍ മാട്ടപറമ്പില്‍ ചക്കമുറിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. “എന്റെ മോങ്ങം” ചീഫ് എഡിറ്റര്‍ സി.ടി.അലവികുട്ടി, അബ്ദുള്‍ കരീം ചെരിക്കകാട്, സൈതലവി കുയിലം കുന്ന്, നാസര്‍ നെല്ലിക്കുത്ത്, സി.കെ.യു.അഷ്‌റഫ്, സി.കെ.ബഷീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




മോങ്ങത്തിന്റെ അബുട്ടി

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
ഇത് അബുട്ടി.വെറും അബുട്ടി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് മോങ്ങത്തിന്റെ സ്വന്തം കുരിക്കള്‍ അബുട്ടി എന്നതാവും ഉചിതം.ഒരു സാധാരണ ചുമട്ടു തൊഴിലാളിയായി മാത്രമല്ല അബുട്ടിയെ മോങ്ങത്തുകാര്‍ കാണുന്നത്.പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അബുട്ടിക്ക് അന്താരാഷ്ട്ര വിശയങ്ങളില്‍ വെക്തമായ ചില നിലപാടുകള്‍ ഉണ്ട്.അത് ആരുടെ മുമ്പിലും വെട്ടി തുറന്ന പറയുകയും ചെയ്യും അതാണ് നമ്മുടെ കുരിക്കള്‍ അബുട്ടി.ഇറാഖിന്റെയും സദ്ധാമിന്റെയും കടുത്ത പക്ഷക്കാരനായ അബൂട്ടിയാണ് ഇറാഖ് യുദ്ധകാലങ്ങളില്‍ സദ്ധാമിന്റെ നിലപാടുകള്‍ മോങ്ങത്ത് പ്രഖ്യാപിചിരുന്നത്. ദിവസവും എല്ലാ പത്രങ്ങളിലെയും അന്താരാഷ്ട്ര വാര്‍ത്തകള്‍ മാത്രം വായിക്കുന്ന അബുട്ടി ഒരു 22 കാരറ്റ് അമേരിക്കന്‍ വിരോധിയാണ്. സദ്ധാം ഹുസൈന്റെ മരണം ഉള്‍കൊള്ളാന്‍ ഇന്നും അബുട്ടിയുടെ മനസ്സ് തയ്യാറല്ല. മോങ്ങത്തെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയാണങ്കിലും നിത്യവും ഫറോക്ക് പുഴയിലെ മീന്‍ പിടുത്തമാണ് അബുട്ടിയുടെ ഹോബി. മിക്ക ദിവസങ്ങളിലും കോമ്പലകളില്‍ കോര്‍ത്ത വലിയ മീനുകളുമായി വരുന്ന അബുട്ടി മോങ്ങത്തെ ഒരു പ്രഭാത കാഴ്‌ച്ചയാണ്. കടലില്‍ കക്ക പറിക്കുമ്പോള്‍ ജല കന്യകയെ കണ്ടതടക്കം ഒരു പാട് കഥകളുമായി വരുന്ന കുരിക്കള്‍ അബുട്ടി എല്ലാ മോങ്ങത്തുകാര്‍ക്കും സുപരിചിതനാണ്.

സുനീര്‍ വിവാഹം ഇന്റര്‍നെറ്റ് സംഗമമായി

സുനീറിന്റെ വിവാഹം ഇന്റര്‍നെറ്റ് സംഗമമായി
ബൈലക്സ് ഫ്രണ്ട്സ് സുനീറിനോടൊപ്പം
 മോങ്ങം: മംഗളാശംസകളുമായി കാണാത്ത സുഹൃത്തിനെ തേടി അവരെത്തിയപ്പോള്‍ അറവങ്കര മെട്രോ ഓഡിറ്റോറിയം ഇന്നലെ അപൂര്‍വ്വ കൂടിച്ചേരലിനു സാക്ഷിയായി. മോങ്ങം സി.കെ.സുനീര്‍ഷായുടെ വിവാഹ ചടങ്ങ് ഇന്റര്‍നെറ്റ് സൗഹാര്‍ദത്തിന്റെ സംഗമ വേദികൂടിയായിരുന്നു. ബൈലെക്സ് മെസഞ്ചറില്‍ ‘മോങ്ങം’ എന്ന അപരനാമത്തില്‍ മാത്രം അറിയുന്ന സുനീര്‍ഷായുടെ വിവാഹത്തിനെത്തിയ ഐ ഡി കള്‍ വര്‍ഷങ്ങളോളമായി ഇണപിരിയാത്ത സൗഹൃദത്തിനുടമകളാണെങ്കിലും പലരും നേര്‍ക്കു നേര്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. എ.പി.എം തിരൂര്‍ (റിയാദ്), അഷ്‌റഫ്.സി.കെ.ആര്‍ (ദുബായ്), ഷമീര്‍ കാക്കു ചെറുതിരുത്തി(തൃശൂര്‍ ), മുനവ്വര്‍ മുന്നാബായ് (തൃപ്പൂണിത്തറ), ബാബുലാല്‍ (ബഹറൈന്‍ ), എവര്‍ശൈന്‍ ഇഖ്ബാല്‍ (ജിദ്ദ), സലാം മെമ്മെറിലൂസ് (ദമാം), പരിപ്പ അഷ്‌റഫ് (ബങ്കുലുരു), ദീനാസ് എന്നിവരാണ് സൗഹാര്‍ദത്തിന് അതിര്‍ വരമ്പുകളില്ലന്ന് തെളിയിച്ച് നവദമ്പതികള്‍ക്ക് ആശംസകളുമായെത്തിയത്.