Showing posts with label സ്‌പോര്‍ട്സ്. Show all posts
Showing posts with label സ്‌പോര്‍ട്സ്. Show all posts

പഞ്ചായത്ത് കേരളൊത്സവം അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

                  മോങ്ങം : മൊറയൂര്‍ പഞ്ചായത്ത് കേരളൊത്സവം ഈ മാസം അതി വിപുലമായി സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തിലെ കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 13 ‌- 14 തിയ്യതികളില്‍ അരിമ്പ്ര ഹൈസ്കൂള്‍ ഗ്രൌണ്ടിലും കലാകായിക മത്സരങ്ങള്‍ 21 ന് മൊറയൂര്‍ ജി എം എല്‍ പി സ്കൂളിലും സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 10 ന് മുമ്പായി   അപേക്ഷകള്‍ നല്‍കണമെന്ന് സംഘാടക സമിതി അറിയിച്ചു. അപേക്ഷകള്‍ നല്‍കുന്നതിന്നും മറ്റു വിശദ വിവരങ്ങള്‍ക്കും 9388230385 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സുഫൈദും-അര്‍ഷദും: വിഷന്‍ ഇന്ത്യാ ഫുട്ബോള്‍: കിരീടമണിഞ്ഞ ജില്ലാ ടിമില്‍ മോങ്ങത്തിന്റെ പ്രതീക്ഷകളും

              മോങ്ങം: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വിഷന്‍ ഇന്ത്യാ സംസ്ഥാന തല അണ്ടര്‍ 15 ടൂര്‍ണ്ണമെന്റില്‍ മലപ്പുറം കിരീടമണിഞ്ഞപ്പോള്‍ ജില്ലാ ടീമിന്റെ കരുത്തരായ പടയാളികളില്‍ രണ്ട് മോങ്ങത്തുകാരും. പൂക്കോടന്‍ സുഫൈദലിയും, സി.ടി.മുഹമ്മദ് അര്‍ഷദുമാണ് മോങ്ങത്തെ കാല്‍ പന്തുകളിക്ക് പുത്തന്‍ പ്രതീക്ഷയയുടെ കൈത്തിരിയുമായി വരുന്ന ആ പുതുകുരുന്നുകള്‍.  മോങ്ങം പാറക്കാട് മാടാലമ്മല്‍ പൂക്കോടന്‍ അബൂബക്കറിന്റെ മകനും  മലപ്പുറം എം എസ് പി സ്കൂളിലെ  വിദ്ധ്യാര്‍ത്ഥിയായ സുഫൈദലി ജില്ലാ ടീമിന്റെ ക്യാപ്റ്റനും കരുത്തനായ സ്റ്റോപ്പര്‍ ബാക്കുമാണ്. മോങ്ങം കുയിലം കുന്ന് ചാലിതൊടി അബ്ദുള്‍ കരീമിന്റെ മകനും മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെകണ്ടറി സ്കൂള്‍ വിദ്ധ്യാര്‍ത്ഥിയുമായ സി.ടി.മുഹമ്മദ് അര്‍ഷദ് പ്രതിരോധ നിരയിലെ ഉരുക്ക് മതിലാണ്.
        കാസര്‍കോഡ് ജില്ലയിലെ നിലേശ്വരത്ത് നടന്ന വാശിയേറിയ മത്സരത്തില്‍ കേരളത്തിലെ കരുത്തരായ 14 ജില്ലാ ടീമുകള്‍ മാറ്റുച്ചു. ഫൈനലില്‍ നിലവിലുള്ള ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ടൈബ്രേക്കറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് മലപ്പുറം കിരീടം പിടിച്ചെടുത്തത്. നിശ്ചിത സമയ കളിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനാലാണ് ടൈബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തിയത്. ടൈബ്രേക്കറില്‍ മലപ്പുറത്തിന് വേണ്ടി ജിതിന്‍, സുഫൈദലി, അല്‍ത്താഫ് റിഷി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ തിരുവന്തപുരത്തിന്റെ ഏക ആശ്വാസഗോള്‍ പ്രകാശിന്റെ വകയായിരുന്നു.

    മികച്ച ടീമായി തൃശ്ശൂരിനെയും, മികച്ച ഗോള്‍കീപ്പറായി മലപ്പുറത്തിന്റെ റമീസിനെയും ടോപ്പ് സ്‌കോററായി തിരുവനന്തപുരത്തിന്റെ അനീഷിനെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാര്‍ക്കുള്ള ചീഫ്മിനിസ്റ്റേഴ്‌സ് ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.


മോങ്ങത്തിന്റെ അഭിമാനമുയര്‍ത്തി സുഫൈദ് ഉയരങ്ങളിലേക്ക്


       മോങ്ങം : രാജ്യത്തെ 250 സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ മഹീന്ദ്ര യൂത്ത് ഫുട്ബോള്‍ ചാലഞ്ചില്‍ അംഗീകാരം നേടി നാടിന്റെയും മലപ്പുറം ജില്ലയുടെ തന്നെ  യശസ്സ് വാ‍നോളം ഉയര്‍ത്തി സുഫൈദ് അഭിമാന താരമായി മോങ്ങം പാറക്കാട് മാടാലമ്മല്‍ പൂക്കോടന്‍ അബൂബക്കറിന്റെ മകനും  മലപ്പുറം എം എസ് പി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥിയായ സുഫൈദ് അലി ടൂര്‍ണ്ണമെന്റിലെ മികച്ച പ്രതിരോധ നിര താരമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാം‌ഗ്ലൂരില്‍ നടക്കുന്ന ക്യാമ്പിലേക്കും സുഫൈദിനേയും എം എസ് പി യിലെ തന്നെ സാജിദ്ഖാനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സ്കോട്ടിഷ് ക്ലബ്ബായ കെല്‍റ്റിക്കുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റായതിനാല്‍ ക്യാമ്പ് നടത്തുന്നത് കെല്‍റ്റിക് പരിശീലകരാണ്. ക്യാമ്പില്‍ മികച്ച പ്രകടനം നടത്തുന്ന നാലു കളിക്കാരെ കെല്‍റ്റിക് ആസ്ഥാനമായ ഗ്ലാസ്ഗോയില്‍ പത്തു ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുപ്പിക്കും . ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തത് കെല്‍റ്റിക് ക്ലബ്ബ് പരിശീലകരാണെന്നതിനാല്‍ സുഫൈദിന്റെ നേട്ടത്തിന് തിളക്കമേറെയാണ്.  
         ഡല്‍ഹി, മുംബൈ, കേരളം , ഗോവ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാ‍ണ് മഹീന്ദ്രയും കെല്‍റ്റിയും ചേര്‍ന്ന് യൂത്ത് ഫൊട്ബോള്‍ ചാലഞ്ച് എന്ന പേരില്‍ ഫുട്ബോള്‍ മേളകള്‍ നടത്തിയത്. ഓരോ മേഖലയിലെ ചാമ്പ്യന്മാരെയും ഉള്‍പ്പെടുത്തി ബാംഗ്ലൂരില്‍ നടത്തിയ ഇന്‍സിറ്റി ഫുട്ബോള്‍ ചാലഞ്ചില്‍ നിന്നാണ് സുഫൈദിനെ മികച്ച പ്രതിരോധ നിര താരമായി തിരഞ്ഞെടുത്തത്. കെല്‍റ്റിക്ക് ക്ലബ്ബിന്റെ മികച്ച പരിശീലകര്‍ തന്നെ നേത്രുത്വം നല്‍കുന്ന ക്യാമ്പായതിനാല്‍ സുഫൈദ് അലിക്ക് കെല്‍റ്റിക്കില്‍ നടക്കുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് കരുതുന്നു.

ദര്‍ശന ക്ലബ്ബ് പനാല്‍റ്റി ഷൂട്ടൌട്ട് സംഘടിപ്പിച്ചു

         മോങ്ങം: ദര്‍ശന ക്ലബ്ബ് വിഷു ദിനത്തോടനുബന്ധിച്ച് മോങ്ങം അങ്ങാടിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ട് മത്സരം സംഘടിപ്പിച്ചു. ആവേശ‌കരമായ മല്‍‌സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.   ഓരോര്‍ത്തര്‍ക്കും മൂന്ന് വീതം പെനാല്‍റ്റി കിക്ക് അനുവധിച്ചിരുന്നുവെങ്കിലും മോങ്ങത്തിന്റെ കരുത്തനായ ഗോള്‍ കീപ്പര്‍ പി.കുഞ്ഞാലി ജാഗ്രതയോടെ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ആര്‍ക്കും തന്നെ മൂന്ന് ഗോള്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 
     തുടര്‍ന്ന് രണ്ട് വീതം ഗോള്‍ സ്കോര്‍ ചെയ്ത ഏഴ് പേരില്‍ നിന്ന് ഫൈനല്‍ റൌണ്ടില്‍ എത്തിയത് രണ്ട് പേര്‍ മാത്രം ഇന്ത്യന്‍ ആര്‍മി കൂനേങ്ങല്‍ അബ്ദു റഷീദും  ചാളക്കണ്ടി ജാഫറും. ഫൈനലില്‍ അനുവധിച്ച രണ്ട് കിക്കും ഗോളാക്കി  ഇന്ത്യന്‍ ആര്‍മി റഷീദ് കൂനേങ്ങല്‍ ഒന്നാമതെത്തി. ഒരു ഗോള്‍ സ്കോര്‍ ചെയ്ത് ജാഫര്‍ രണ്ടമതെത്തി. വിജയികള്‍ക്ക് സി മുഹമ്മദ് കുട്ടി കൂനേങ്ങലും ബി മുഹമ്മദലിയും ട്രോഫികള്‍ വതരണം ചെയ്തു. എന്റെ മോങ്ങം ന്യൂസ് ബോക്സ്, തോഷിബാ ഇലക്ട്രോണിക്സ്, സി ഡി റോം, ന്യൂ സഫാരി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

സൌഹൃദ കൂട്ടായ്മയായി ദര്‍ശന ഇസ്തിറാഹ സംഗമം നടത്തി

          ജിദ്ദ: പ്രവാസത്തിന്റെ പിരി മുറുക്കത്തിന് ആശ്വാസമേകാന്‍ ദര്‍ശന ക്ലബ്ബ് ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി ഇസ്തിറാഹ സംഗമം സംഘടിപ്പിച്ചു. ജിദ്ദ അല്‍ വലീദി  ഇസ്തിറാഹയില്‍ വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക് ആരംഭിച്ച സംഗമം പുലര്‍ച്ച മൂന്ന് മണി വരെ നീണ്ട് നിന്നു. മോങ്ങം ദര്‍ശന കുടുംബത്തിലെ അംഗങ്ങള്‍ സൌഹൃദ കൂട്ടായ്മ നിലനിര്‍ത്താനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഇസ്തിറാഹ സംഗമത്തില്‍ സി.കെ.കുട്ട്യാപ്പു മുഖ്യാതിഥിയായിരുന്നു. ദര്‍ശന ക്ലബ്ബ് നടത്തുന്ന കായിക വിനോദത്തോടൊപ്പം പ്രവാസത്തിന്റെ വിരസതയകറ്റുന്നതും സൌഹൃദ കൂട്ടായ്മയുടെ ഇഴകള്‍ നൈതെടുക്കുന്നതുമാണ്. 
    വിശാലമായ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ പഴയ അടവും തടവും പുറത്തെടുത്ത് നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ബി.ബഷീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ റുവൈസ് സെവന്‍സിനെ ചേങ്ങോടന്‍ കബീറിന്റെ നേതൃത്വത്തില്‍ അണി നിരന്ന ബവാദി സ്റ്റാര്‍സ് 4-3ന് പരാജയപെടുത്തി കളിയില്‍ ജേതാക്കളായി. മുന്‍ കഴിഞ്ഞ രണ്ട് സംഗമത്തിലും കളികളത്തിലെ നിറ സാനിദ്ധ്യങ്ങളായിരുന്ന ബി.നാണി, ഗഫൂര്‍ വാളപ്ര, ഉമ്മര്‍ കൂനേങ്ങല്‍ എന്നിവര്‍ നാട്ടിലായതിനാല്‍ അവരുടെ അഭാവം കളിയില്‍ മുഴച്ച് നിന്നു. സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ് സി.കെ.പി.മത്സരം നിയന്ത്രിച്ചു.  
      സംഗമത്തിന് സമാപനം കുറിച്ച് നടന്ന “ഇറച്ചിയും പൂളയും“ തീറ്റ മത്സരത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപെട്ട പ്രകടനം കാഴ്ച്ചവെച്ചു. നസീറ ബഷീര്‍,ജുബി മുത്തു,മാളു നാസര്‍, സുനീറ അഷ്‌റഫ് എന്നിവര്‍ ഭക്ഷണമൊരുക്കി സംഗമത്തിന്റെ ഭാഗമായി. ദര്‍ശന ജിദ്ദ കമ്മിറ്റി സെക്രടറി ഷാജഹാനും വൈസ് പ്രസിഡന്റ് സി.ടി.അലവി കുട്ടിയും പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.   

കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം


     അന്നത്തെ രണ്ടാം പാദ സെമി മത്സരം തുടങ്ങി ഏകദേശം എട്ടാം മിനുട്ടില്‍ കഴിഞ്ഞപ്പോള്‍ സി.കെ.ബീരാന്റെ പാസ്സില്‍ ഞാനടിച്ച ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്ന സമയത്താണ് “ ആലുവ ലക്കിസ്റ്റാറാണ്”    എന്നും പറഞ്ഞു ടീമിനെ കൊണ്ട് വരുന്നത്. അപ്പോഴേക്കും ഞങ്ങളെ ഒക്കെ കയറ്റി ഇവരെ ഇറക്കുകയും അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഗോള്‍ മടക്കി പിന്നെ ഞങ്ങള്‍ കാണുന്നത് മോങ്ങത്തിന്റെ പോസ്റ്റിലേക്ക് തുടരെ തുടരെ നിറയൊഴിച്ചു കൊണ്ടിരിക്കുന്ന അരീക്കോടിന്റെ കളിക്കാരെയാണ്. നാല് ഗോള്‍ വഴങ്ങിയപ്പോള്‍ ഞാനും ഓളിക്കലും നാട്ടിലേക്ക് മടങ്ങി. നല്ല ഒരു ഫോമില്‍ നിന്ന ഞങ്ങളെ പെട്ടന്ന് പിന്‍‌വലിച്ച് ഇറക്കിയ ടീമിന്റെ ദുരവസ്ഥ കണ്ട്  ഗ്രൌണ്ടില്‍ നിന്നും കണ്ണീരോടെയാണ് ഞാന്‍ മടങ്ങിയത്. പിന്നെയാണറിഞ്ഞത്  പന്ത്രണ്ടെ ഒന്നിനു  മോങ്ങം അവിടെ മാനം കെട്ടു എന്ന്. 
   ഇതിനു മുമ്പോ ശേഷമോ മോങ്ങം ഇത്ര വലിയ ഒരു തോല്‍വി ഏറ്റു വാങ്ങിയിട്ടില്ല. എനിക്ക് അന്നും ഇന്നും തോന്നുന്നത് മോങ്ങത്തെ കുട്ടികള്‍ തന്നെ അന്ന് കളിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കപ്പും കൊണ്ടേ നമ്മള്‍ പോരുമായിരുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഇവിടുന്നു നാട്ടില്‍ ചെല്ലുമ്പോള്‍ പലരും അന്നത്തെ ആ ദയനീയ തോല്‍വിയെ പറ്റി പറയുമ്പോഴും ഞാനടിച്ച ആ ഗോളിനെ പുകഴ്ത്താന്‍ മറക്കാറില്ല. ടീമിനെ കൊണ്ട് വരുന്ന വിവരം രഹസ്യമാക്കി വെച്ചവര്‍ പറഞ്ഞ ഒരു വാക്കിനെ തമാശയാക്കി ആ തോല്‍‌വിക്ക് ശേഷം അന്ന് നാട്ടിലൊരു കളിയാക്കി പറച്ചിലുണ്ടായിരുന്നു  “മുണ്ടണ്ടണ്ണ്യാളെ ആലുവ ലക്കിസ്റ്റാറാണ്“ എന്ന്.
  അന്നത്തെ മോങ്ങത്ത് കാരുടെ പ്രധാന വിനോദം ഫുട്ബോള്‍ കളി കാണലായിരുന്നു വൈകുന്നേരമായാല്‍ കളിക്കാരും കാണികളും റെഡി ചെങ്ങര, തൃപ്പനച്ചി, പട്ടര്‍കടവ്, കോട്ടക്കല്‍ പുത്തൂര്‍, മഞ്ചേരി, കിഴിശ്ശേരി, കൊണ്ടോട്ടി, കോടങ്ങാട്, മൊറയൂര്‍, അത്താണിക്കല്‍ എന്നീ സ്ഥലങ്ങളിലൊക്കെ മോങ്ങം ടീം കളിക്കുകയും അതില്‍ പലതിലും ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ കളിക്കാര്‍ക്ക്‌ ആവേശം സ്വന്തം നാട്ടുകാരായ കാണികളായിരുന്നു. ആളുകള്‍ക്ക് കളികാണാന്‍ പോകാന്‍ സി.ടി.സുലൈമാനാജിയുടെ ലോറി ഫ്രീയായിട്ട് വിട്ടു തരലായിരുന്നു ഇവിടെ പ്രതേകം സ്മരിക്കേണ്ടതാണ്.
   കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലുള്ളപ്പോള്‍ മൊറയൂര്‍ ടൂര്‍ണമെന്റില്‍ മോങ്ങത്തിന്റെ ടീമുണ്ട് എന്ന് കേട്ടപ്പോള്‍ കളി കാണാന്‍ പോയി.. ആ ടീമില്‍ പേരിനു പോലും ഒരു മോങ്ങത്ത്കാരനെ ഞാന്‍ കണ്ടില്ല. അപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടവും ദേശ്യവുമാണ് തോന്നിയത്. മോങ്ങത്ത് ഇപ്പോള്‍ ഒരു  ഗ്രൌണ്ടില്ല എന്നത് ഒരു പരമാര്‍ഥമാണ് എങ്കിലും മോങ്ങത്ത് നല്ല കളിക്കാറുണ്ട്. അവരെ കോര്‍ത്തിണക്കി ഒരു നല്ല ടീമായി വാര്‍ത്തെടുക്കാനുള്ള ഒരു നേതൃത്വം ഇല്ല എന്നുല്ലാതാണ് സത്യം പണ്ട് ഓളിക്കല്‍ കുഞ്ഞു, അലവികുട്ടി ഹാജി, കൈനോട്ട് ബാപ്പുട്ടി കാക്ക, കോടിതൊടി ബാപ്പുട്ടിക്ക, സുലൈമാനാജി എന്നിവരെ പോലുള്ള ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് അന്ന് മോങ്ങത്ത് നല്ല ഒരു ടീമുണ്ടായി. നമുക്ക് ശ്രമിച്ചാല്‍ ഇനിയും നല്ലൊരു ടീമിനെ ഉണ്ടാക്കാന്‍ കഴിയും അതിനുള്ള കളിക്കാര്‍ നമ്മുടെ പുതു തലമുറയില്‍ ഉണ്ട്. സ്വാര്‍ത്ഥതയും രാഷ്ട്രീയവും കലരാതെ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് നിന്ന് ഒന്നു ശ്രമിച്ചാല്‍ വീണ്ടും പുനര്‍ ജനിക്കും മോങ്ങം ഫുട്ബോളിനൊരു സുവര്‍ണ്ണകാലം. 

ഫുട്ബോളിനെ നെഞ്ചിലേറ്റിയവര്‍ അന്നത്തെ മോങ്ങത്തുകാര്‍

        “ആലുവ ലക്കിസ്റ്റാര്‍“  ആ പേര്  കേള്‍ക്കാന്‍ പോലും ഇന്ന് ഞാന്‍ ഇഷ്ടപെടുന്നില്ല. കുഞ്ഞു കാക്ക എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് അദ്ദേഹത്തിന്റെ ഫുട്ബോള്‍ അനുഭവം പങ്കുവെച്ച കൂട്ടത്തില്‍ ആലുവ   ലക്കിസ്റ്റാറിനെ കുറിച്ചും പരാമര്‍ശിച്ചത് വായിക്കാന്‍ ഇടയായപ്പോഴാണ്  മോങ്ങം ഫുട്ബോള്‍ ചരിത്രത്തിലെ ആ കറുത്ത ദിനം വീണ്ടും ഓര്‍മയില്‍ വന്നത്.
     83ല്‍ അരവങ്കര ടൂര്‍ണ്ണമെന്റില്‍ മോങ്ങത്തിന്റെ സ്വന്തം ടീം മോങ്ങത്ത്കാരല്ലാത്ത ഒരാളെ പോലും കളത്തില്‍ ഇറക്കാതെ പടപൊരുതി ഇറക്കുമതി കളിക്കാരുമായി വന്ന പല വമ്പന്‍ ടീമുകളേയും തോല്പിച്ചു സെമി ഫൈനല്‍ വരെ എത്തി. സെമിയിലെ എതിരാളികള്‍ അരിമ്പ്രക്ക് വേണ്ടി കേരളാ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞ ഉബൈദുള്ള സലിം അന്‍സാരി എന്നീ പ്രഗല്‍ഭ കളിക്കാരടങ്ങുന്ന അരീക്കോടിന്റെ ഫുള്‍ ടീമിനെയാണ് അവര്‍ ഇറക്കിയത്. ഈ വമ്പന്‍ ടീമിനോട് എതിരിടാന്‍ ഒരു ഫുട്ബോള്‍ പോരിശയും പറയാനില്ലാത്ത മോങ്ങത്തിനു വേണ്ടി വിനീതനായ ഈ ഞാനും ഇ.കെ മുഹമ്മദും സി.കെ ബീരാനും ഫോര്‍വേര്‍ഡും പരേതനായ വി.കെ ആദമാന്‍ , ഹംസ മാസ്റര്‍  ഔട്ട് ഇസ്ഹാക്ക്  സലിം മാസ്റ്റര്‍ എന്നിവര്‍ ബാക്കും കൂനേങ്ങല്‍ മാമ്മോട്ടി ഗോളിയുമായിട്ടായിരുന്നു നമ്മുടെ ടീം ഇറങ്ങിയിരുന്നത്. അന്ന് രണ്ടു പാദങ്ങളായിട്ട് നടന്ന സെമി ഫൈനലിന്റെ ഒന്നാം പാദത്തില്‍ കളി തീരാന്‍ കേവലം പത്തു മിനുട്ട് ബാക്കിയിരിക്കെ വഴങ്ങിയ ഒരു ഗോളിന് നമ്മള്‍ തോറ്റു. 
    പിറ്റേന്നു നടന്ന രണ്ടാം പാദ മത്സരത്തില്‍ കിളിക്കോട്ട് ബാപ്പുട്ടി അടക്കമുള്ള ചിലരുടെ നിര്‍ദ്ധേശ പ്രകാരമായിരുന്നു ടീമിനെ കൊണ്ട് വരാന്‍ തീരുമാനിച്ചത്. കുഞ്ഞു കാക്ക പറഞ്ഞത് പോലെ ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല പുറത്തെ കളിക്കാരെ കൊണ്ടുവന്നത്. യഥാര്‍ത്തത്തില്‍ പുറത്തു നിന്നും കളിക്കാരെ കൊണ്ട് വരുന്നതിനു  ഓളിക്കലിനു എന്നും എതിര്‍പ്പായിരുന്നു. മോങ്ങത്തെ കുട്ടികള്‍ കളിച്ചിട്ട് ജയിക്കണം എന്നതായിരുന്നു കുഞ്ഞുവിന്റെ നിര്‍ദ്ദേശം. രണ്ടാം സെമി നടക്കുന്ന ദിവസം മോങ്ങത്തെ  ആബാല വൃദ്ധം ജനങ്ങളും കാല്‍നടയായും ബസ്സിനും മറ്റുമായി കളിക്കാര്‍ എത്തുന്നതിന്റെ മുമ്പേ തന്നെ ഗ്രൌണ്ടില്‍  എത്തിയിരുന്നു. കളിക്കാര്‍  ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആര്‍ത്തിരമ്പുന്ന മോങ്ങത്ത്കാരെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അന്നത്തെ മോങ്ങത്ത്കാര്‍ക്ക് ഫുട്ബോള്‍ എന്നാല്‍ ഒരു വികാരമായിരുന്നു ഏഴു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതു വയസ്സുള്ളവര്‍ വരെ അന്ന് മോങ്ങത്തിന്റെ കളി കാണാനുണ്ടായിരുന്നു.  ഗ്രൌണ്ടില്‍ മോങ്ങം എന്നാ ഒരൊറ്റ വിജാരവും ഫുട്ബോളെന്ന ഒരൊറ്റ വികാരവും മാത്രം മനസ്സില്‍ കരുതി ആര്‍ത്തു വിളിക്കുന്ന മോങ്ങത്ത്കാരായിന്നു എന്നും എനിക്ക് പ്രചോദനം. 
 (നാളെ:- കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം)
    

മോങ്ങം ഫുട്ബോള്‍: ഓര്‍മകളിലെ ആ നല്ല കാലം

     എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ കഴിഞ്ഞ ദിവസം ബി.കുഞ്ഞുവിന്റെ ഫുട്ബോള്‍ അനുഭവ ക്കുറിപ്പുകള്‍ വായിക്കുവാനിടയാ‍യി. മോങ്ങത്തെ ആദ്യകാല ഫുട്ബോള്‍ കളിക്കാരനും സ്പോര്‍ട്സ് പ്രേമിയുമായ കുഞ്ഞു മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തെ കുറിച്ച് ഒരുപാട് സംഭവങ്ങള്‍ അതിനകത്ത് പറഞ്ഞെങ്കിലും ചിലതൊക്കെ അറിയാതെ വിട്ടു പോയതായി തോന്നുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്. മോങ്ങത്തിന്റെ എക്കാലത്തെയും ഫുട്ബോള്‍ പ്ലെയര്‍മാരില്‍ ഏറ്റവും കണ്ണിങ്ങുള്ള ഫോര്‍വേര്‍ഡും ടോപ്പ് സ്കോററുമായിരുന്നു ചേങ്ങോടന്‍ കബീര്‍. എന്നാല്‍ കബീറിന്റെ വലം കയ്യായി ഏറ്റവും നല്ല വേഗത കൂടിയ ഫോര്‍വേര്‍ഡ് പ്ലെയര്‍ ഇ.കെ മുഹമ്മദ് (കുഞ്ഞാലസ്സന്‍ കാക്കാന്റെ മുഹമ്മദ്) ഇടം കയ്യായി ആരെയും ഫൌള്‍ ചെയ്യാത്ത  നിന്നിരുന്ന ക്ലാസിക് ഫുട്ബോളറെന്നറിയപ്പെട്ട ദുര്‍ഗ ബീരാനെന്ന സി.കെ.ബീരാനെയും അതു പോലെത്തന്നെ മോങ്ങത്തുകാരനല്ലെങ്കിലും നിരവധി കാലം മോങ്ങം  ഫുട്ബോളിന്റെ ഏറ്റവും നല്ല സ്റ്റോപ്പര്‍ ബാക്കായിരുന്ന ഉരുക്ക് മതില്‍ പാപ്പിനിപ്പാറ ഇബ്‌റാഹിമിനേയും നമ്മള്‍ മറക്കുവാനൊക്കുമോ..? 
   മോങ്ങത്തിന്റെ ഫുട്ബോളില്‍ ആദ്യകാലഘട്ടം കുഞ്ഞുവും സി.കെ ഡ്രൈവര്‍ മുഹമ്മദാജി എന്നിവരടക്കമുള്ളവരുടെ കാലഘട്ടമായിരുന്നെങ്കില്‍ അതിനു തൊട്ടു പിറകിലത്തെ ടീമില്  മോങ്ങത്ത് നല്ലൊരു ടീം രൂപീകരിച്ച് മുന്നോട്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു പരേതനായ പൂഴിക്കോടന്‍ മൊയ്തീന്‍ കുട്ടിയെന്ന ബാപ്പു. എന്റെ ജേഷ്ടന്‍ കൂടിയായ അദ്ധേഹമാണ് മോങ്ങത്ത് ആദ്യമായി ബൂട്ടണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയ കളിക്കാരന്‍ . ടീമിനെ കോഡിനേറ്റ് ചെയ്തു കൊണ്ടുനടക്കുന്നതില്‍ തല്‍‌പരനായ ബാപ്പു ഏറ്റവും മികച്ച ഒരു റഫറികൂടിയായിരുന്നു. അതുപോലത്തന്നെ പരേതനായ തോപ്പില്‍ മൊയ്തുപ്പ, തൊണ്ടിപ്പുറത്ത്  ബി.അലവി, ഹംസമാസ്റ്റര്‍, ഉണ്ണിമോയീന്‍ തുടങ്ങിയ കളിക്കാരും അക്കാലത്ത് മോങ്ങത്തേക്ക് നമ്മള്‍ കോണ്ട്‌ വരാറുള്ള ഗോളി കൊട്ടപ്പുറം ജമാലിനെയും നമ്മള്‍ സ്മരിക്കേണ്ടതാണ്.  കളികളത്തിനു പുറത്തു നിന്ന് മോങ്ങം ഫുട്ബോളിന് ഏറ്റവും നല്ല പ്രചോദനം നല്‍കിയ മഠത്തില്‍ അലവിക്കുട്ടിഹാജിയേയും ചാപ്പാന്‍ വാപ്പുവിനെയും ബാപ്പുട്ടിക്കയെയും അവിടെ സ്മരിച്ചത് വളരെ നന്നായി. അതോടൊപ്പം തന്നെ കൂട്ടി പറയേണ്ടതാണ് ഒരു കളി ക്കമ്പക്കാരനും  കാണിയുമായ ഹില്‍ടോപ്പിലെ സി.കെ.കുഞ്ഞീരായിന്‍ കാക്ക. 
   "ആലുവ ലക്കി സ്റ്റാര്‍" വിഷയത്തില്‍ അവര്‍ ബാന്റടിക്കാരായിരുന്നു എന്നുള്ള പരാമര്‍ശം ശരിയല്ല. അവര്‍ നല്ല കളിക്കാരായിരുന്നെന്നു അവരുടെ കളി നേരില്‍ കണ്ട ആര്‍ക്കും മനസ്സിലാകും  പക്ഷെ കളി തുടങ്ങിയതിന്നു ശേഷം എത്തിയ ഒരു ടീമിന് ഗ്രൌണ്ടുമായി പരിചയപ്പെടാന്‍ കഴിയാത്തതും ടീമിന്റെ ഏകോപനമില്ലായ്മയുമാണ് അന്നത്തെ ആ വന്‍ പരാജയത്തിന്റെ പ്രധാന കാരണം.  മാത്രമല്ല എതിര്‍ ടീമാകട്ടെ അന്നത്തെ കേരള ടീം താരങ്ങളായ റഹ്മത്തുള്ളയും സലീമും ഉബൈദുള്ളയും ഒക്കെ അടങ്ങുന്ന വന്‍ താരങ്ങളുമായിറങ്ങിയ അരീക്കോടിന്റെ ഫുള്‍ ടീമായിരുന്നു അരിമ്പ്രക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയിരുന്നത്. 
   പഴയ കാല അനുഭവങ്ങള്‍ കുഞ്ഞുകാക്ക അയവിറക്കിയപ്പോള്‍ മനസ്സ് പഴയകല മോങ്ങത്തേക്ക് തിരിച്ചു പോയപോലെ തോന്നി. ഇന്ന് മോങ്ങത്തിന് നല്ല ഒരു ഗ്രൌണ്ടും നല്ലൊരു ടീമും ഇല്ലാത്തതിന്ന് ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമാണെന്നതില്‍‍ സംശയമില്ല. മുണ്ടപ്പലത്ത് മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ടീമിനെ കളിയുടെ അവസാന മിനുട്ടുകളില്‍ ചടുലമായ നീക്കത്തിലൂടെ ഹാട്രിക് നേടി ടീമിന് സമനില വാങ്ങി തന്ന ഒരു “മൊട്ട തലയന്‍ “ ഉണ്ടായിരുന്നു. ഇ.കെ.മുഹമ്മദെന്ന സൂപ്പര്‍ ഫാസ്റ്റ് കളിക്കാരന്റെ ഏക്കാലത്തെയും ശ്രദ്ധേയമായ പെര്‍ഫോമെന്‍സായിരുന്നു ആ ഹാട്രിക്. മോങ്ങം ഫുട്ബോളിനെ സ്മരിക്കുമ്പോള്‍ മരിച്ചു പോയ സി.കെ ശുക്കൂറിനെ നമുക്കൊരിക്കലും മറക്കാനാവില്ല. അവന്റെ അനുജനും ഇപ്പോഴത്തെ മികച്ച കളിക്കാരനുമായ സി.കെ.വഹീബാണ് പഴയ കാല ഫുട്ബോള്‍ പ്ലെയര്‍ ചേങ്ങോടന്‍ കബീറിനോട് ഉപമിക്കാവുന്ന രീതിയിലുള്ള ചടുലതയുള്ള ഒരു കളിക്കാരന്‍ എന്ന് രണ്ട് കാലത്തെ കളികളും കണ്ട ഒരാള്‍ എന്ന നിലക്ക് എന്റെ അഭിപ്രയം. ഓത്തു പള്ളി ആലിഹസ്സാന്‍ക്കയുടെ മകന്‍ ഷബീബിനെയും കുഞ്ഞുകാക്കയുടെ നാണിയുടെ രണ്ടാമത്തെ മകന്‍ അനസ് മോനെയും നല്ല രീതിയില്‍ ഉപയോഗപെടുത്തിയാല്‍ മോങ്ങത്തിന് പ്രതീക്ഷ നല്‍കുന്ന കളിക്കാരാണ് എന്നാണെന്റെ അഭിപ്രായം. 

ദര്‍ശന ലീഗ് ഫുട്ബോള്‍: ബുള്‍ഡോസ് ജേതാക്കള്‍


                   മോങ്ങം: ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ദര്‍ശന ടാസ്കേര്‍സിനെ പരാജയപ്പെടുത്തി ദര്‍ശന ബുള്‍ഡേര്‍സ് ചമ്പ്യന്മാരായി. സി.ടി.സുഫൈര്‍ഖാന്റെ  നേതൃത്വത്തില്‍ സീനിയര്‍ താരങ്ങളായ ഉമര്‍ കൂനേങ്ങല്‍, കെ.അബ്ദുറഹിമാന്‍ എന്ന ആപ്പാപ്പ തുടങ്ങിയവരുമായിറങ്ങിയ ബുള്‍ഡോസ് സ്പോര്‍ട്സ് കണ്‍‌വീനര്‍ ശിഹാബ് കൂനേങ്ങലിന്റെ  നേതൃത്വത്തിലിറങ്ങിയ റഷീദ്, ഫൈസല്‍  തുടങ്ങിയവര്‍ അണി നിരന്ന കരുത്തരായ  ടസ്കേര്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് പിന്നിലാക്കിയത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 1 - 1 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞതിനാലാണ്   പെനാല്‍റ്റിയിലൂടെ വിജയികളെ കണ്ടെത്തിയത്. 
       പ്രസിഡന്റ് ഫൈസല്‍  നെല്ലേങ്ങലിന്റെ നേത്രുത്വത്തില്‍ നാസര്‍, അഷ്‌റഫ് സി എന്നിവരുമായി ഇറങ്ങിയ ദര്‍ശന ടൈഗേര്‍സ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സുബൈര്‍.സി.കെ.പിയുടെ നേത്രുത്വത്തില്‍ സാബിത്ത്, യാസിര്‍ തുടങ്ങിയ യുവ നിരയുമായെത്തിയ ദര്‍ശന യോയോ ബോയ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളിയിലെ മികച്ച കളിക്കാരനായി ഷെഫിന്‍ പനപ്പടിയേയും മികച്ച ഗോള്‍ കീപ്പറായി ഷബീബ് തടപ്പറമ്പിലിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ദര്‍ശന ക്ലബ്ബ് സെക്രട്ടറി റഹീം സി.കെ വിതരണം ചൈതു.

കാശ്മീര്‍ വോളി ബോള്‍ ബ്രദേഴ്സ് അരിമ്പ്ര എ ടീം ജേതാക്കളായി

               മോങ്ങം : ആലുങ്ങപ്പൊറ്റ കാശ്മീര്‍ ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് ഏകദിന ഫ്ലഡ് ലൈറ്റ് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ബ്രദേഴ്സ് അരിമ്പ്ര  എ ടീം ജേതാക്കളായി. ആവേശമുറ്റിയ മത്സരാന്ത്യത്തില്‍ ഫൈനലിലെത്തിയ ബ്രദേഴ്സ് അരിമ്പ്രയുടെത്തന്നെ ബി ടീമിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് എ ടീം ട്രോഫി സ്വന്തമാക്കിയത്. ശനിയാഴ്ച്ച രാത്രി 7 .30 ആരംഭിച്ച മത്സരങ്ങള്‍ രാത്രി 2.30 നാണ് സമാപിച്ചത്. 
    ശക്തരായ പത്തോളം ടീമുകള്‍ മാറ്റുരച്ച അത്യന്തം വാശിയേറിയ മത്സരങ്ങള്‍ നേരില്‍ വീക്ഷിക്കുന്നതിന്ന് വന്‍ ജനാവലിയാണ് ആലുങ്ങപ്പൊറ്റ കാശ്മീര്‍ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്. മത്സരത്തിലെ വിജയികള്‍ക്ക് മോങ്ങത്തെ പഴയകാല വോളി ബോള്‍ പ്ലെയറും പൊതു പ്രവര്‍ത്തകനുമായ സലീം മാസ്റ്ററും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം മഠത്തില്‍ സാദിഖലിയും ട്രോഫികള്‍ സമ്മാനിച്ചു. സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായ മത്സരം കാണാന്‍ തുടക്കം മുതല്‍ അര്‍ദ്ധരാത്രി 2.30നു സമാപിക്കുമ്പോഴും വന്‍ ജനാവലി കളികാണാന്‍ ഗ്രൌണ്ടില്‍ ഉണ്ടായിരുന്നു എന്നത് പ്രതേകം എടുത്ത് പറയേണ്ടതാണ്. 

അഖിലേന്ത്യാ വടംവലി മത്സരം നാളെ മൊറയൂരില്‍

      മോങ്ങം : മൊറയൂര്‍ റോയല്‍ റെയിന്‍ബോ ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വടംവലി മത്സരം  നാളെ (ഞായറാഴ്ച്ച) നടക്കും. വൈകീട്ട് ആറുമുതല്‍ മൊറയൂര്‍ പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ 24-ലധികം ടീമുകള്‍ പങ്കെടുക്കും. ഗുണ്ടല്‍പേട്ട്, കോയമ്പത്തൂര്‍, മധുര, ഗോവ എന്നിവിടങ്ങളില്‍നിന്ന് ടീമുകളെത്തും. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്ന 12 ടീമുകള്‍ക്ക് പ്രൈസ്മണിയും മറ്റ് സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗാലറി സൗകര്യത്തോടെ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

മൊറയൂര്‍ സെവന്‍സ്: പൂക്കോട്ടൂര്‍ ജേതാക്കള്‍

     മൊറയൂര്‍:  ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് കൊണ്ടോട്ടി വിന്നേഴ്സ് ഗോള്‍ഡ് കപ്പിനും റണ്ണേഴ്സ് സില്‍‌വര്‍ കപ്പിനും വേണ്ടി സംഘടിപ്പിക്കുന്ന ആറാമത് മൊറയൂര്‍ റോയല്‍ റെയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ന്യൂ ഫ്രണ്ട്സ് പൂക്കോട്ടൂര്‍ ജേതാക്കളായി. ആവേശം അണമുറ്റിയ ഫൈനലില്‍ ഏക പക്ഷീയമായ ഒരു ഗോളിന് ന്യൂ കാസില്‍ കൊട്ടപ്പുറത്തെയാണ് പൂക്കോട്ടൂര്‍ പരാജയപെടുത്തിയത്. 

മൊറയൂര്‍ സെവന്‍സ്: വള്ളുവമ്പ്രത്തിനു ജയം

    മൊറയൂര്‍ : മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഫ്രന്റ്സ് വെള്ളുവമ്പ്രത്തിന് ജയം. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വെള്ളുവമ്പ്രം മെഡിഗാര്‍ഡ് അരീക്കോടിനെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ക്കു തന്നെ അരീക്കോട് മികച്ച കളിയാണ് കഴ്ച്ച വെച്ചത്. ആദ്യ പകുതിയില്‍ അരീക്കോട്  വെള്ളുവമ്പ്രത്തിനെതിരെ ഒരു ഗോള്‍ സ്കോര്‍ ചെയ്തതോടെ വെള്ളുവമ്പ്രം ഒന്നു കൂടി ഉണര്‍ന്നു കളിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1 - 1 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞു. 
          രണ്ടാം പകുതിയില്‍ വെള്ളുവമ്പ്രത്തിന്റെ കളിക്കാര്‍ ഗ്രൌണ്ടില്‍ നിറഞ്ഞാടുന്ന കാഴ്ച്ചയായിരുന്നു കാ‍ണാന്‍ കഴിഞ്ഞത്. തുടരെത്തുടരെയുള്ള ആക്രമണങ്ങളില്‍ രണ്ട് ഷോട്ടുകള്‍ കൂടി ഗോളിയേയും മറികടന്ന് പോസ്റ്റിനുള്ളില്‍ പതിച്ചതോടെ  റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന്റെ  ആദ്യ സെമിയില്‍ 3 -1 എന്ന സ്കോറില്‍ ഫ്രന്റ്സ് വെള്ളുവമ്പ്രം മുന്നിട്ട് നിന്നു. വെള്ളുവമ്പ്രത്തിന്റെ കളി കാണാന്‍ ആര്‍ത്തിരമ്പുന്ന ജനസാഗരങ്ങള്‍ ഗാലറിയും നിറഞ്ഞു കവിഞ്ഞ് ഗ്രൌണ്ടിന്റെ ത്രോലൈനുകളീല്‍ നിന്നു കൊണ്ടാണ് കളിയുടെ ആദ്യാവസാനം വരെ കളി വീക്ഷിച്ചിരുന്നത് .  

സിഡീസ് റോം ജില്ലാതല ക്രിക്കറ്റ്: കാസ്ക് ചീനിക്കല്‍ ജേതാക്കള്‍

          മോങ്ങം :   സിഡീസ് റോം ബോയ്സ് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസ്ക് ചീനിക്കല്‍ ചാമ്പ്യന്മാരായി തടപ്പറമ്പ് ഉമ്മുല്‍ഖുറ മൈതാനിയില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ജെ സി ടി ഇരുംമ്പുഴിയെ 2 റണ്‍സിനു തോല്‍പ്പിച്ചാണ്  കാസ്ക് ചീനിക്കല്‍ ട്രോഫി സ്വന്തമാക്കിയത്.  ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഇരുമ്പുഴിയുടെ പ്രസാദിനെയും മാന്‍ ഓഫ് ദ മാച്ചായി കാസ്കിന്റെ  ആരിഫിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സിഡിസ് റോം വിന്നേഴ്സ് ട്രോഫിയും ഇ ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ വിന്നേഴ്സ് കേശ് അവാര്‍ഡും  പി.വി ഫ്രൂട്സ് മോങ്ങം റണ്ണേഴ്സ ട്രോഫിയും നല്‍കി. എന്റെ മോങ്ങം അസോസിയേറ്റ് എഡിറ്റര്‍  ഉമ്മര്‍ കൂനേങ്ങല്‍ വിജയികള്‍ക്കുള്ള  ട്രോഫികള്‍ വിതരണം ചെയ്തു.   സമ്മാനദാന ചടങ്ങില്‍‍  സിദ്ദീക്ക് മൂച്ചിക്കുണ്ടില്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ പനപ്പടി സ്വാഗതവും ശിഹാബ് കൂനേങ്ങല്‍ നന്ദിയും പറഞ്ഞു.  

ദര്‍ശന ഫുട്ബോള്‍: മേലങ്ങാടി ചാമ്പ്യന്മാരായി

     മോങ്ങം: മോങ്ങം ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച  മൂന്നാമത് ജില്ലാതല അണ്ടര്‍ 20 ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മേലങ്ങാടി സെവന്‍സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജീവന്‍ രക്ഷാ നടുക്കരയെയാണ് മേലങ്ങാടി സെവന്‍സ് പരാജയപ്പെടുത്തിയത്. രാവിലെ 8 ‌.30 തടപ്പറമ്പ് ഉമ്മുല്‍ഖുറാ സ്കൂളില്‍ വെച്ച് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം 7 മണിക്കാണ് സമാപിച്ചത്.
      മത്സരത്തിലെ വിജയികള്‍ക്ക് നീതി ഇലക്ട്രിക്കല്‍‌‌സ് വിന്നേഴ്സ് കാശ് അവാര്‍ഡും സ്റ്റുഡിയോ അല്‍മദീന വിന്നേഴ്സ് ട്രോഫിയും ചെരിക്കക്കാട് നന്മ സ്റ്റോര്‍ റണ്ണേഴ്സ്   കാശ് അവാര്‍ഡും സഫാരി വെറൈറ്റി സെന്റര്‍ റണ്ണേഴ്സ് ട്രോഫിയും നല്‍കി. വിജയികള്‍ക്ക് കെ.അബ്ദുറഹ്‌മാന്‍ ആപാപ്പ, ഉമ്മര്‍.സി.കൂനേങ്ങല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ തുടങ്ങി

        മൊറയൂര്‍: ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് കൊണ്ടോട്ടി വിന്നേഴ്സ് ഗോള്‍ഡ് കപ്പിനും റണ്ണേഴ്സ് സില്‍‌വര്‍ കപ്പിനും വേണ്ടി സംഘടിപ്പിക്കുന്ന ആറാമത് മൊറയൂര്‍ റോയല്‍ റെയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ഇന്നലെ നടന്ന പ്രൌഡ ഗംഭീരമായ ഉല്‍ഘാടന മത്സരത്തില്‍ എഫ്.സി.ചെന്നൈ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഓസ്കാര്‍ കാക്കതടത്തെ തോല്‍പ്പിച്ചു. ആവേശത്തിന്റെ തീപ്പൊരി പാറിയ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത എഫ്.സി.ചെന്നൈ തുടരെ നടത്തിയ മുന്നേറ്റത്തില്‍ തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ സ്കോര്‍ ചെയ്തു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഓസ്ക്കാര്‍ കാക്കതടം ആശ്വാസ ഗോള്‍ നേടി പരാജയ ഭാരം കുറച്ചു. 
    വമ്പിച്ച കരിമരുന്ന് പ്രയോഗത്തോടെയും ബാന്റ് വാദ്യങ്ങളോടെയും വര്‍ണശഭളമായ ചടങ്ങുകളോടെയാണ് ഉത്ഘാടനം നടന്നത്. ഉത്ഘാടന മത്സരം കാണാനെത്തിയ വന്‍ ജന ബാഹുല്യത്തെ ഉള്‍കൊള്ളാനാകാതെ മൊറയൂര്‍ പഞ്ചായത്ത് ഫ്ലെഡ് ലിറ്റ് മിനി സ്റ്റേഡിയം വീര്‍പ്പ് മുട്ടി. രണ്ടാം ദിവസമായ ഇന്ന് എഫ്.സി.കൊച്ചിന്‍ ഫ്രന്റ്സ് മമ്പാടും തമ്മില്‍ ഏറ്റ്മുട്ടും.  

ദര്‍ശന ഷട്ടില്‍: മോര്‍ണിങ്ങ് പ്ലെയേസ് ജേതാക്കള്‍

    മോങ്ങം: മൊബൈല്‍ സിറ്റി മോങ്ങം വിന്നേഴ്സ് ട്രോഫിക്കും ടോപ്പ് ഇന്‍ സിറ്റി റണ്ണേഴ്സ് സമ്മാനത്തിനും വേണ്ടി ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച നാലാമത് ഫ്ലെഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ചെറാട്ട് ഫൈസല്‍ ബാബുവും ഷിബും നയിച്ച മോര്‍ണിങ്ങ് പ്ലെയേസ് ജേതാക്കളായി. ആനം കുന്നത്ത് മിനി ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ആദ്യന്ത്യം ആവ് മത്സരത്തില്‍ പതിനെട്ട് ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് അബ്ദുറഹ്‌മാന്‍ കൊല്ലൊടിക സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 

പ്രായം മറന്ന് അല്‍ മജാല്‍ പുത്തന്‍ വീര്യവുമായി ചാണ്ടി

             
      പ്രായം ഹാഫ് സെഞ്ച്വറിയോളമായെങ്കിലും പന്ത് കണ്ടാല്‍ ചേങ്ങോടന്‍ കബീര്‍ ഹാജി ഇപ്പോഴും പതിനഞ്ചാം വയസ്സിലെ ആ ദാസപ്പന്‍ കബീറാണ്. എണ്‍പതുകളില്‍ മോങ്ങം ടൌണ്‍ ടീമിന്റെ ഉരുക്ക് മതിലായ സ്റ്റോപ്പര്‍ കബീര്‍ അവസരം കിട്ടിയാല്‍ ഒട്ടും സമയം പാഴാക്കാതെ എതിരാളിക്കിട്ട് പണി കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അതിനാല്‍ തന്നെ സ്റ്റോപ്പറാണെങ്കിലും ഡിഫന്‍സില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത കബീര്‍ കളത്തിലിറങ്ങിയ ഏതാണ്ടെല്ലാ കളികളിലും ഒരു ഗോളെങ്കിലും തന്റെ ടീ‍മിന് വേണ്ടില്‍ ആ കറുത്ത കാലില്‍ നിന്ന് തൊടുത്ത് വിടാറുണ്ട്. പ്രവാസ ജീവിതം ഫുട്ബോളുമായി അല്‍‌പം അകന്നെങ്കിലും പഴയ വീറും വാശിയും ചടുലതയും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കബീര്‍ ചേങ്ങോടന്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍  പ്രകടമാക്കിയത്. 
         കബീറിന്റെ അന്നത്തെ സഹ കളിക്കാരന്‍ ബി.നാണിയും ഒട്ടും മോശമല്ലാത്ത ഫോമില്‍ തന്നെ കൂടെ ഉണ്ടായിരുന്നു. രണ്ടാം നിരയില്‍ നിന്ന് തൊണ്ണൂറുകളില്‍ മോങ്ങത്തിന് വേണ്ടി ജേഴ്സിയണിഞ്ഞ വാളപ്ര ഗഫൂറും ഓത്ത് പള്ളി ബാവയും കൂടി പുതിയ തലമുറയുടെ കൂടെ കളത്തില്‍ ഇറങ്ങിയപ്പോള്‍ അത് തലമുറകളുടെ സംഗമ വേദികൂടിയായി. കൌമാരത്തിലെ പൊടിമീശക്കാരനായി ഗള്‍ഫിലേക്ക് കടന്ന കോടാലി അബ്ദു‌റഹ്‌മാന്‍ കുട്ടിയെന്ന മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിക്ക് ബാല്യത്തില്‍ നഷ്‌ടപെട്ട് കുട്ടിക്കാലം തിരിച്ച് കിട്ടിയ ദിനമായിരുന്നു ഈ കളിക്കളത്തില്‍. ഗ്രൌണ്ടും ഇസ്തിറാഹയും കണ്ട് മടങ്ങാം എന്ന് കരുതി അവിടെ എത്തിയ അല്‍ മജാല്‍ മറ്റുള്ളവരൊക്കെ ഗ്രൌണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് കളത്തിലിറങ്ങുകയായിരുന്നു. കളിയുടെ ആദ്യ മിനുട്ടുകളില്‍ ഗോള്‍ വലയം കാത്ത് അല്‍ മജാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധ നിരയിലേക്ക് മാറിയപ്പോള്‍ വിസ്മയമകരമായ പ്രകടനമാണ് പുറത്തെടുത്തത്. 
     ഏറ്റവും സീനിയറായ പ്രവാസി  അല്‍ മജാല്‍ കളിയിലെ മുതിര്‍ന്ന താരമായും കഴിഞ്ഞ രണ്ട് മാസം മുമ്പ് ഗള്‍ഫിലെത്തിയ ചാണ്ടിച്ചന്‍ എന്ന അപര നാമത്തില്‍ അറിയ പെടുന്ന പോര്‍ട്ടര്‍ ഹമീദിന്റെ മകന്‍ സി.ഉമര്‍ പുതു തലമുറയെ പ്രതിനിധീകരിച്ചും കളി കളത്തില്‍ നിറഞ്ഞാടി. പതിനൊന്ന് മണിക്കാരംഭിച്ച കളി ഒരു മണിയോടെ സമാപിച്ചു. തുടര്‍ന്ന് ദര്‍ശന ക്ലബ്ബിന്റെ ഔദ്യോഗിക പാചകക്കാരന്‍ എം.പി.ശിഹാബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ദമ്മ്‌ ബിരിയാണി വട്ടമിട്ട് ഇരുന്ന് കഴിച്ച് അവിടെ കൂടിയവര്‍ അതൊരു സ്നേഹ സംഗമമാക്കി. 
     ഫ്ലാറ്റ് ജീവിതത്തിന്റെ മതില്‍ കെട്ടില്‍ നിന്നും വിശാലമായ ഇസ്താറയില്‍ പാറി പറന്ന് നടന്ന കുട്ടികള്‍ ഓടിയും ചാടിയും കളിച്ചുല്ലസിച്ച് ഈ ദിനം ആസ്വാധകരമാക്കിയപ്പോള്‍ കുട്ടികളെയും കെട്ടിയോന്‍‌മാരെയും കളിക്കാന്‍ വിട്ട് കിട്ടിയ അവസരം സൊറ പറഞ്ഞ് തീര്‍ത്ത കുട്ടികളുടെ ഉമ്മമാര്‍ രാത്രി മൂന്ന് മണിയോടെ സംഗമം അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞതിലും അപ്പുറം പറയാനിരിക്കുന്നു എന്ന ഭാവത്തില്‍ ബാക്കി അടുത്ത സംഗമത്തില്‍ പറയാമെന്നും പറഞ്ഞാണ് അവിടെ നിന്നും പിരിഞ്ഞത്.   

 

ആവേശം അലയടിച്ച ദർശന ഫുട്ബോൾ സമനിലയില്‍


       ജിദ്ദ: പ്രവാസത്തിന്റെ യാന്ത്രിക ജീവിത വിരസതക്ക് കുളിർമയേകി മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ക്ലബ്ബ് ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സൌഹൃദ ഫുട്ബോൾ മത്സരം സമനിലയില്‍ അവസാനിച്ചു. മോങ്ങത്തിന്റെ പ്രവാസികളായ പഴയകാല ഫുട്ബോൾ കളിക്കാരും പുതു തലമുറയിലെ കളിക്കാരും പ്രായം മറന്ന് നിറഞ്ഞാടിയപ്പോൾ അല്‍ വലീദി ഇസ്തിറാഹ ഗ്രൌണ്ടിൽ ആദ്യാവസാനം ആവേശം അലയടിച്ച ഇലവന്‍സ് മത്സരത്തില്‍ ചേങ്ങോടന്‍ കബീര്‍ നയിച്ച ടൌണ്‍ ടീം മോങ്ങവും വാളപ്ര ഗഫൂര്‍ നേതൃത്വം നല്‍കിയ യംഗ്‌മെന്‍സ് മോങ്ങവും വീറും വാശിയുമുറ്റിയ കളിയാണ് പുറത്തെടുത്തത്. 
          വാളപ്ര ഗഫൂറും ഷാജഹാനും നേതൃത്വം നൽകിയ യംഗ്‌മെന്‍സ് മോങ്ങം ടീമില്‍ അൽമജാൽ അബ്ദുറഹിമാൻ ഹാജി, ഇബ്‍റാഹിം വെണ്ണക്കോടന്‍ , ഷിഹാബ് ചുണ്ടക്കാടൻ , അബ്ദുറഹിമാൻ ബാപ്പുട്ടി, ഉമർ ചാണ്ടി, യാസിർ സി.കെ, മൻസൂർ സി.കെ, നഹാസ് ചോക്കാട്, നിസാര്‍ മേല്‍മുറി എന്നിവരെ അണി നിരത്തിയപ്പോൾ കബീർ ചേങ്ങോടനും ഉമർ കൂനേങ്ങലും നെത്രുത്വം നൽകിയ ടൌണ്‍ ടീം മോങ്ങത്തില്‍ ഓത്ത്പള്ളി ബാവ, ബി.നാണി, അഷ്‍റഫ് പനപ്പടി, ഷിഹാബ് എം.പി, മുസ്തഫ സി.കെ, നാസർ സി.കെ.പി, സലീം സി.കെ.പി, നാണി കൂനേങ്ങൽ, സമദ് സി.കെ.പി, സലീൽ മണ്ണാത്തിക്കല്ല് എന്നിവരടങ്ങുന്ന  ശക്തമായ ടീമുമായാണ് കളത്തിലേക്കിറങ്ങിയത്. 
      കളിയുടെ ആദ്യ പകുതിയിൽ ഗഫൂറിന്റെ നേത്രുത്വത്തിലുള്ള യംഗ്‌മെന്‍സ് ടീമിന് തുടക്കം അല്‍പ്പം ചുവട് പിഴച്ചു. ആ താളപ്പിഴവിനെ മുതലെടുത്ത് കളിയുടെ പതിനാലാം മിനുട്ടിൽ ടൌണ്‍ ടീമിന്റെ മുസ്തഫ സി.കെ തൊടുത്ത് വിട്ട അസ്ത്രം യഗ്‌മന്‍സിന്റെ ഗോളി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി പ്രായം മറന്ന് പാറി തട്ടി തെറിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജായപെട്ട്  വല ചലിപ്പിച്ചതോടെ (1-0) ന് ടൌണ്‍ ടീം മുന്നിട്ടു നിന്നു. തുടർന്ന് മൂന്നു മിനുട്ടിനകം യംഗ്‌മെന്‍സിന്റെ നഹാസിന്റെ കാലില്‍ നിന്ന് ഒരു സെൽഫ് ഗോളു കൂടി പിറന്നതോടെ (2-0) കളി ഒഴുക്കൻ മട്ടിലായി. ഇരുപത്തി ആറാം മിനുട്ടിൽ ശിഹാബ് ചുണ്ടക്കാടന്റെ അത്യുജ്ജ്വല ഫോമിൽ ഒരു ഗോൾ ടൌണ്‍ ടീമിന്റ് കരുത്തനായ ഗോളി ഉമ്മര്‍ കൂനേങ്ങലിനെ മറി കിടന്ന് ഗോള്‍ വലയം കടന്നതോടെ കളിയുടെ ആദ്യ പകുതിയി ബി ടീം (2-1) ന് മുന്നിട്ടു നിന്നു. 
           രണ്ടാം പകുതിയിൽ തുടക്കത്തിലെ പിഴവുകൾ പരിഹരിക്കുന്നതിന്ന് യംഗ്‌മെന്‍സ് ടീം കളിക്കാരുടെ പൊസിഷനിൽ ചില അഴിച്ചു പണി നടത്തിയതോടെ ഷജഹാൻ, ഉമർ ചാണ്ടി, ഷിഹാബ് ചുണ്ടക്കാടൻ , യാസിർ എന്നിവരടങ്ങുന്ന ഫോർവേഡിന്റെ തുടരെത്തുടരെയുള്ള മുന്നേറ്റത്തിൽ ടൌണ്‍ ടീമിന്റെ വന്‍‌മതിലിനെയും ഗോളിയേയും മറികടന്ന് ശിഹാബ് ചുണ്ടക്കാടന്‍   തുടരെ തുടരെ രണ്ടു തവണ (2-3) ഗോൾ  വല ചലിപ്പിച്ചു ഹാട്രിക്ക് നേടി. തുടർന്ന് സലീലും സലീമും (3-4)  ടൌണ്‍ ടീമിന് വേണ്ടി ഓരോ ഗോൾ വീതവും യംഗ്‌മെന്‍സിന്റെ ഗഫൂർ വാളപ്ര, മൻസൂർ സി.കെ.പി എന്നിവരുടെ ഷോട്ടുകളും ലക്ഷ്യം കണ്ടതോടെ കളി (5 - 4) ന് യംഗ്‌മെന്‍സ് ടീം മുന്നിട്ടു നിന്നു. തുടർന്നുള്ള വാശിയേറിയ പോരാട്ടത്തിൽ പന്തുമായി ശരവേഗത്തില്‍ മുന്നേറിയ ഷാജഹാനെ പനാല്‍റ്റി കോര്‍ട്ടിനു അടുത്ത് വെച്ച് ഫൌൾ ചെയ്തു വീഴ്ത്തിയ ശിഹാബ് എം.പിക്ക് റഫറി ബഷീർ ബാബു മഞ്ഞക്കാർഡ് വിധിച്ചു. കളിയുടെ അവസാന മിനുട്ടിൽ സകല പ്രതിരോധ മതിലുകളെയും തകര്‍ത്ത് മുന്നേറിയ കബീർ ചേങ്ങോടൻ തൊടുത്തുവിട്ട ഷോട്ട് യംഗ്‌മെന്‍സിന്റെ ഗോളിയേയും മറികടന്ന് പോസ്റ്റിൽ പതിച്ചതോടെ (5-5)എന്ന സ്കോറിൽ കളി അവസാനിക്കുകയായിരുന്നു. 
          മത്സരത്തിൽ മൂന്നു ഗോളുകളടിച്ച ശിഹാബ് ചുണ്ടാക്കാടനായി തിരഞ്ഞെടുത്തു. ടി.പി.സംഷുദ്ധീനും സി. ബഷീര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. ബി.ബഷീര്‍ ബാബുവും, സി.ടി.അലവി കുട്ടിയും മത്സരം നിയന്ത്രിച്ചു.

ജില്ലാ തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തുടങ്ങി

       മോങ്ങം: സീഡീസ് റോം‌ ബോയ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാ തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തടപ്പറമ്പ് ഉമ്മുല്‍ഖുറാ മൈതാനിയില്‍ ആരംഭിച്ചു. ടൂര്‍ണ്ണമെന്റ് ശിഹാബ് കൂനേങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ മോങ്ങം  സീഡീസ് റോം‌ വിന്നേര്‍സ് ട്രോഫിയും, ഇ-ടെക് കമ്പ്യുടേര്‍സ് വിന്നേഴ്സ് ക്യാഷ് അവാര്‍ഡും, കിവീസ് ഫ്രൂട്സ് റണ്ണേര്‍സ് ട്രോഫിയും, ചിത്രാലയ ആര്‍ട്സ് സ്റ്റിക്കര്‍ &കട്ടിംഗ് റണ്ണേര്‍സ് ക്യാഷ് അവാര്‍ഡും സമ്മനിക്കും.