Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

മോങ്ങം ചന്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍

      വീണ്ടും ഒരു ഇടക്കാലത്തിനു ശേഷം മോങ്ങം കാലി ചന്ത സജീവമാകുമ്പോള്‍ നഷ്ട  കാര്‍ഷിക പ്രതാപത്തിന്റെ ഓര്‍മ്മകളും പേറി ജീവിക്കുന്ന മോങ്ങത്തെ പഴയ മനസ്സുകള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടാകും.  മോങ്ങത്തിന്റെ എല്ലാ പുരോഗതിക്ക് മുമ്പിലെയും ചാലക ശക്തിയായി ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങളെ നോക്കി കണ്ട ബങ്കാളത്ത് പോക്കര്‍ഹാജി ഒരു നൂറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച   മോങ്ങം തിങ്കളാഴ്ച ചന്ത മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ചന്തകളില്‍ ഒന്നായിരുന്നു. 1970 കളുടെ മദ്ധ്യത്തോടു കൂടി മോങ്ങം വാഹന വ്യാപാര രംഗത്തേക്ക് മാറുകയും ആ ഖ്യാതിയില്‍ മോങ്ങം അറിയപ്പെടുകയും  പുതു തലമുറ വാഹന മേഖലയില്‍ ജീവിതോപാധി കണ്ടെത്തുകയും ചെയ്യുന്നതിന് മുമ്പ് കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മോങ്ങത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിത വഴിയില്‍ മോങ്ങം ചന്തയ്ക്കു നിര്‍ണ്ണായകമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. 

              ഒരു ഭാഗത്ത് കാലി ചന്തയും കുറച്ചു മാറി പച്ചകറി ചന്തയും ചന്ത പുരയിലെ ഉണക്കമത്സം, ഇറച്ചി, ചുണ്ണാമ്പ്, വിത്തുകള്‍, കത്തി, പിക്കാസ് കൈക്കോട്ട്, കൊട്ടകള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളും കത്തി മൂര്‍ച്ചം കൂട്ടല്‍,  അടക്കമുള്ള ഇതര കച്ചവടങ്ങളും  തിങ്കളാഴ്ച ദിവസങ്ങളെ മോങ്ങത്തെ ജന തിരക്ക് കൂട്ടിയിരുന്നു. മോങ്ങം കൂടാതെ പരിസര പ്രദേശങ്ങളായ നെടിയിരുപ്പ്‌, ഒഴുകൂര്‍, അരിമ്പ്ര, മൊറയൂര്‍, തൃപ്പനച്ചി, വളമംഗലം, വള്ളുവമ്പ്രം, പുല്ലാര, പൂക്കോട്ടൂര്‍, അറവങ്കര, അത്താണിക്കല്‍  തുടങ്ങിയ ഭാഗങ്ങളില്‍ നിന്നൊക്കെ വരുന്ന  ആളുകളായിരുന്നു കൂടുതലായി മോങ്ങം ചന്തയെ ആശ്രയിച്ചിരുന്നത്. 
   തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ദൈനം ദിനാവശ്യനള്‍ക്ക് ഉള്ളത് എടുത്തു മാറ്റി വെച്ചു ബാക്കി കൊണ്ട് വന്നു ചന്തയില്‍ കൊടുത്ത് മറ്റു സാധങ്ങള്‍ വാങ്ങുക എന്ന രീതിയിലായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. അടക്ക ,അണ്ടി , ഈന്ത് , പച്ചക്കറി, പഴം ഇങ്ങിനെ വ്യത്യസ്ത കാര്‍ഷിക വിഭവങ്ങള്‍ കാല ഭേദമനുസരിച്ച് കര്‍ഷകര്‍ കൊണ്ട് വരികയും വീട്ടാവശ്യങ്ങള്‍ക്കുള്ള മറ്റു സാധനങ്ങള്‍ വാങ്ങി പോവുകയും ചെയ്യുന്ന കാഴ്ച ഏതാണ്ട് ഇരു പത്തു വര്ഷം മുന്പ്‌ വരെ മോങ്ങത്തെ സ്ഥിരം കാഴ്ചയായിരുന്നു. അത് കൊണ്ട് തന്നെ തിങ്കളാഴ്ചകളില്‍ മോങ്ങം ഭാഗത്തേക്ക്‌ ഉള്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളിലും ജീപ്പുകളിലും അസാമാന്യ തിരക്കും ആയിരുന്നു .
         പച്ചകറി, ഉണക്ക മത്സ്യം, പല വ്യഞ്ജനങ്ങള്‍ , ഇറച്ചി , തുണി , മന്പാത്രങ്ങള്‍ , ഇത്തിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ,വിത്തുകള്‍ , തൈകള്‍ , ഒറ്റ മൂലി മരുന്നുകള്‍ തുടങ്ങി എല്ലാം ഒരേ സ്ഥലത്ത് ലഭിക്കുന്ന ആ സംവിധാനം സാമ്പത്തിക അഭിവൃദ്ധിയില്‍ നഷ്‌ടമായ ഒരു കൂട്ടായ്മയാണ്. വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ പരസ്പരം കണ്ട് മുട്ടുകയും ആ ലോഹ്യം പിന്നീട് മക്കളുടെ വിവാഹ ബന്ധങ്ങളില്‍ വരെ എത്തിയ ചരിത്രം പഴമക്കാര്‍ക്ക് പറയാനുണ്ട് 
     മോങ്ങം ചന്തയെ ചുറ്റി പറ്റി ജീവിതോപാധി കണ്ടെത്തുന്ന ഒരു പാട് പേര്‍ ഉണ്ടായിരുന്നു. മോങ്ങം ചന്ത യിലെ മാമ എന്ന വൃദ്ധയെ ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ചന്ത ദിവസം മോങ്ങത്തെ കച്ചവടക്കാര്‍ക്കും നല്ല കൊയ്ത്തായിരുന്നു. ചന്ത ദിവസം അന്നത്തെ ഏറ്റവും പ്രശസ്തമായ ചെമ്പന്‍ മമ്മത് കാക്കാന്റെ ചായ പീടികയില്‍ നിന്ന്  ഒരു ചായ കിട്ടാനുള്ള  കാലതാമസം  പറഞ്ഞു കേട്ടിട്ടുണ്ട്.  
         ഈ  അടുത്ത കാലം വരെ മോങ്ങത്തെ കച്ചവട സ്ഥാപനങ്ങള്‍  എല്ലാ തിങ്കള്‍ ആഴ്ച യ്ക്കും  പ്രത്യക ഒരുക്കം നടത്താറുണ്ട്‌  എന്നതും അരിമ്പ്ര, ഒഴുകൂര്‍ , വള മംഗലം ഭാഗത്ത്‌ നിന്നും ഇന്നും തിങ്കളാഴ്ച മാത്രം മോങ്ങത്തെക്ക് വരുന്ന ചിലരെങ്കിലും ഉണ്ട് എന്നതും ആ കാലത്തെ  ഇനിയും പാടെ കൈവിടാത്തവര്‍ ഉണ്ട് എന്നതിന്റെ തെളിവാണ്. 
    ചന്ത പുര  വര്‍ഷങ്ങളായി മോങ്ങത്തെ പ്രമുഖ കുടുംബത്തിന്റെ അധീനതയില്‍ ആയിരുന്നു. ഭൂമിയുടെ ക്രമാതീതമായ വിലകയറ്റവും അങ്ങാടിയില്‍ കണ്ണായ സ്ഥലത്ത് തുച്ചമായ ചന്ത വാടകയ്ക്ക് അത് നില നിര്‍ത്താനുള്ള പ്രയാസവും ആയിരിക്കാം ആ സ്ഥലം ഇന്ന് ഷോപ്പിംഗ്‌ കംപ്ലെക്സിനു വഴി മാറി കൊടുത്തത്, അതേ സമയം പഞ്ചായത്തിനു അനുയോജ്യമായ  ഒരു സ്ഥലം കണ്ടെത്തി ചന്ത നില നിര്‍ത്താന്‍ സാധിക്കുമായിരുന്നെങ്കിലും മറ്റെല്ലാ കാര്യങ്ങളില്‍ എന്ന പോലേ ഇതിലും അധികാരികളുടെ ആവശ്യം സാധാരണക്കാരന്റെ ആവശ്യം അല്ലാത്തത് കൊണ്ട് അതുണ്ടായില്ല.
      സ്ഥല പരിമിതി, പുല്ലു വൈക്കോല്‍ എന്നിവ  ലഭ്യമല്ലാതായത്, വൈറ്റ് കോളര്‍ ജോലിയോട് മാത്രം ഉളള  താല്പരം  തുടങ്ങിയവ കാലി വളര്‍ത്തലില്‍ നിന്ന് പുതു സമൂഹത്തെ മാറ്റിയപ്പോള്‍ കാലി ചന്തയുടെ പ്രസക്തി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇന്ന് കാലി ചന്ത എന്നത് ഇറച്ചി കച്ചവടക്കാര്‍ക്ക് കാലികളെ ലഭ്യമാക്കുന്ന ഒരു  ഷോ-റൂം മാത്രമായി മാറിയതിനാല്‍ കാലി ചന്തയുടെ തിരിച്ചു വരവ് മോങ്ങത്തിന്റെ സാമ്പത്തിക  സാമൂഹിക മേഖലയില്‍ ഒരു മാറ്റവും വരുത്തുകയില്ല എന്നത് കൊണ്ട് തന്നെ നമുക്ക് സന്തോഷിക്കാന്‍ അത് വക നല്‍കുന്നുമില്ല. എങ്കിലും ഒരു കാലത്ത് ഈ നാടിനു വെളിച്ചം നല്‍കി അണഞ്ഞ് പോയ ആ വഴി വിളക്ക് വീണ്ടും കത്തി തുടങ്ങുമ്പോള്‍ പഴയകാല ഓര്‍മകള്‍ ചികഞ്ഞെടുക്കാം ആ മങ്ങിയ വെളിച്ചത്തില്‍.
Repport: Ashraf Salwa & Alavi kutty C.T

പി.എം.കെ ഫൈസി മുമ്പെ നടന്ന കര്‍മ്മയോഗി ഡോ: ഹുസൈന്‍ രണ്ടത്താണി

    പ്രിയപ്പെട്ട പി.എം.കെ യുടെ വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്‍ത്ത കേട്ടയുടനെ ഓര്‍മകള്‍ മിന്നല്‍പിണര്‍ കണക്കേ മനസ്സിലൂടെ ഓടി മറയാന്‍ തുടങ്ങി. ആദ്യം പൊട്ടച്ചിറ അന്‍വരിയ്യയില്‍ ഉമര്‍ കല്ലൂരുമൊത്ത് കണ്ട ദിവസം. അന്‍വരിയ്യയിലെ സുന്നി ബുദ്ധി ജീവികളുടെ കൂട്ടായ്മ, അല്‍ ഇര്‍ഫാദിന്റെ പേറ്റുനോവനുഭവിച്ച് കൊണ്ട് ദിവസങ്ങള്‍ കല്ലായ് റോഡിലെ ലോഡ്ജിലിരുന്ന് നേരം പുലരുവോളമുള്ള ചര്‍ച്ചകള്‍. ഉമര്‍ കല്ലൂര്‍, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ബുഖൈര്‍, ടി.പി അബൂബക്കര്‍ തുടങ്ങിയവരുടെ വാദ വിവാദങ്ങള്‍.  പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യം. പി.എം.കെയുടെ അറുത്തു മുറിച്ച വാക്കുകള്‍, ഉമര്‍ കല്ലൂരിന്റെ തമാശകള്‍, വടക്കേകാട് സ്‌കൂളിലെ ഇസ്‌ലാമിക ടെക്‌സ്റ്റ് പുസ്തകത്തിന്റെ നിര്‍മിതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍, അല്‍ ഇര്‍ഫാദ് എഡിറ്റോറിയല്‍ കമ്മറ്റിയുടെ മാസത്തിലൊരിക്കലുള്ള പ്രൗഢമായ കൂട്ടങ്ങയ്മ; ഒന്നും വൃഥാവിലായിട്ടില്ല.
   ആതുരശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍വയ്പായി ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഖത്തറിലെ പ്രവര്‍ത്തകര്‍ ധനസഹായവുമായി വന്നതും സുന്നി പ്രസ്ഥാന രംഗത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങിയതും സംഭവം തന്നെയായിരുന്നു. പി.എം.കെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അന്ന് ഗള്‍ഫില്‍ മുഴപ്പാലയുടേയും ഉമര്‍ കല്ലൂരിന്റേയും നേതൃത്വത്തില്‍ സംഘടന ജാഗരൂകമായിരുന്നു. അത് പിന്നീട് ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റററാക്കി ദ‌അവാ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കിയതും പി.എം.കെ യുടെ  നേതൃത്വത്തില്‍ തന്നെ. ദഅവാ ടീം രൂപീകരിച്ച് കൊണ്ട് പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവര്‍ത്തനത്തിന്ന് അദ്ദേഹം നേതൃത്വം നല്കി.. അട്ടപ്പാടിയിലും കിള്ളിമലയുടെ താഴ്‌വാരത്തിലും വയനാട്ടിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് സംഘടനകളിലും പ്രസ്ഥാനങ്ങളിലെയും പ്രവര്‍ത്തിച്ചിരുന്ന പലരേയും പി.എം.കെ സുന്നീ പ്രസ്ഥാനവുമായി സഹകരിപ്പിച്ചു. 
    സുന്നികളുടെ ശബ്ദം മറ്റ് ജനവിഭാഗങ്ങളിലെത്തിക്കാനും മതേതര രംഗത്തേക്ക് സുന്നി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചത്. ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്ത് കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ഡോ.കെ.കെ.എന്‍ കുറുപ്പിനെപ്പോലുള്ളവര്‍ സുന്നീ പ്രസ്ഥാനവുമായി അടുക്കുന്നത് ആ വഴിക്കാണ്. ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമാക്കി നിരവധി പുസ്തകങ്ങള്‍ ഈ സംഘടന പ്രസിദ്ധീകരിച്ചു. പ്രൊഫസര്‍ കമാല്‍ പാഷ,  പ്രൊഫസര്‍ അഹമദ് കുട്ടി ശിവപുരം, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമായിരുന്നു. ദഅവാ പ്രവര്‍ത്തനം അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സ്ഥാപനത്തോടെ കൂടുതല്‍ സജീവമായി. പി.എം.കെക്ക് താങ്ങും തണലുമായി ആദ്യം വെങ്ങാട്ടെ ഹസ്സന്‍ മുസ്‌ലിയാരും പിന്നീട് ഗുരുവായ കൊമ്പം മുഹമ്മദ് മുസ്‌ലിയാരും രംഗത്ത് വന്നത് ഏറെ ആവേശമായി. അങ്ങനേയാണ് ഹോസ്പിറ്റല്‍ വിപുലീകരിച്ചതും ദഅവാ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ തുടങ്ങുകയും ചെയ്തത്. മതം സ്വീകരിച്ചു കൊണ്ട് വരുന്ന പലര്‍ക്കും അത്താണിയാവാനും സൊസൈറ്റിക്ക് സാധിച്ചു. 
   സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പി.എം.കെ വാചാലനായിരുന്നു. സ്ത്രീധന വിപത്തിനെതിരെയുള്ള പൂങ്കാവനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍‌കാന്‍ പി.എം.കെയും ഒപ്പമുണ്ടായിരുന്നു. മഖ്ബറകള്‍ക്ക് ചുറ്റും നടക്കുന്ന ദുരാചാരങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് മഖ്ബറകള്‍ക്ക് ചുറ്റും എന്നൊരു പുസ്തകം തന്നെ എഴുതി. ഖലീല്‍ തങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങളിലും പി.എം.കെ സജീവമായി. മഅദിന്‍ അക്കാദമിക് സമിതിയിലും സുന്നീ വിദ്യാഭ്യാസ ബോര്‍ഡിലും അംഗമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തിനെതിരെ ഒരു കാമ്പെയിന്‍ ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴില്‍ നടത്തണമെന്ന് പി.എം.കെ ചര്‍ച്ച ചെയ്തിരുന്നു.
    വിദ്യാഭ്യാസ രംഗത്ത് സ്വന്തം നാട്ടിനെ കൈപിടിച്ചുയര്‍ത്താനുള്ള ആവേശത്തോടെയാണ് മോങ്ങത്തെ ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്‌ളക്‌സ് സ്ഥാപിച്ചത്. ഊണും ഉറക്കുമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് കുടുംബ കാര്യങ്ങളും രോഗങ്ങളും പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പലപ്പോഴും പ്രസ്ഥാനത്തിനകത്ത് നിന്ന് എതിര്‍പ്പുകള്‍ വന്നെങ്കിലും എല്ലാം പുഷ്പ വൃഷ്ടിയിയായി തന്നെ പി.എം.കെ സ്വീകരിച്ചു. സ്വന്തക്കാര്‍ പലരും പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാക്കിയപ്പോഴും തന്റെ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ പി.എം.കെ എല്ലാം നിഷ്പ്രഭമാക്കുമായിരുന്നു. രോഗം തളര്‍ത്തിയപ്പോള്‍ മാത്രമാണ് കര്‍മ രംഗത്ത് നിന്ന് അല്പമെങ്കിലും വിശ്രമം കണ്ടെത്താന്‍ അദ്ദേഹം തയ്യാറായത്. ഹൃദ്രോഗം വന്നപ്പോള്‍ സര്‍ജറി വേണമെന്ന് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചെങ്കിലും തനിക്ക് വിശ്വാസപ്പെട്ട ചില ഡോക്ടര്‍മാരുടെ മരുന്നുകളും ആത്മീയ ചികിത്‌സകളും മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ മരണം മറ്റൊരു വഴിക്കാണ് പി.എം.കെയെ തേടിയെത്തിയത്. 
   പി.എം.കെ മരിക്കുമ്പോള്‍ 56 വയസ്സുണ്ടായിരുന്നു. 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്‌യദ്ദീന്‍ . മാതാവ് ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ. ഭാര്യ പൂക്കോട്ടുര്‍ കുറുത്തേടത്ത് ബാപ്പുവിന്റെ മകള്‍ നഫീസ. മക്കള്‍ മഅറൂഫ്, സുആദ, സുവൈബത്. സുഹൈല, ജസീല, ഹിഷാം അഹ്മദ്, സഈദ, മുബശ്ശിര്‍.
    മോങ്ങം ഇര്‍ശാദുസ്സിബ്‌യാന്‍ മദ്രസ, മോങ്ങം എ.എം.യുപി സ്‌കൂള്‍, കൊടുവള്ളി സിറാജുല്‍ ഹുദാ, പൊട്ടച്ചിറ അന്‍വരിയ്യാ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977ല്‍ ഫൈസി ബിരുദം നേടി. 1993ല്‍ ഈജിപ്തിലെ കൈറോ അല്‍ അസ്ഹറില്‍ നിന്ന് ഇസ്‌ലാമിക് ദഅവാ കോഴ്‌സ് പൂര്‍ത്തിയാക്കി. മുഹമ്മദ് മുല്ല, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, തൃപ്പനച്ചി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി.എച്ച് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വി.പി ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ വല്ലപ്പുഴ, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരാണ് പ്രധാന ഗുരുവര്യന്മാര്‍. വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍, വടക്കേ കാട്, കൊണ്ടോട്ടി ബുഖാരി ദ‌അവാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അല്‍ ഇര്‍ഫാദ് മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പി.എം.കെ മികവുറ്റ ലേഖകനും ഗ്രന്ഥകാരനുമാണ്. നാല്പതോളം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ ആത്മജ്ഞാന കൃതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. 
   കക്കിടിപ്പുറം ഉസ്താദ്, ഹിബതുല്ല തങ്ങള്‍ എന്നിവരുമായി പി.എം.കെ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. 1995ല്‍ മക്കയിലെ സയ്യിദ് അലവി മാലികിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം നേടി. മാലികിയുടെ സമ്മത പ്രകാരമാണ് അദ്ദേഹത്തിന്റെ മഫാഹീം എന്ന കൃതി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ മലയാളത്തിലാക്കിയത്.
    സുന്നീ പ്രസ്ഥാത്തിന് നവ ജാഗരണം നല്കിയ പി.എം.കെ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വരച്ചു കാണിച്ച വഴിയിലൂടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. ദഅവാ രംഗത്ത് പി.എം.കെയുടെ മാതൃക നമ്മുടെ കര്‍മ രംഗത്ത് ഉദ്ദീപനമായി വിളങ്ങട്ടെ. അല്ലാഹുവേ ആ ധന്യാത്മാവിന് നീ പാപമോചനവും അനുഗ്രഹവും നല്‌കേണമേ. 
(കടപ്പാട് സിറാജ് ദിനപത്രം)

ആദ്യമെ അബല പിന്നെ ഗര്‍ഭിണിയും : ചെറി സോളാര്‍

       ജനാധിപത്യ രാഷ്ട്രമായതിനാല്‍ നമ്മുടെ നാട്ടില്‍ ഏതു വിഷയത്തിനും അഭിപ്രായം സര്‍വ സാദാരണമാണ്. അത് പോലെത്തന്നെ സ്കൂള്‍ കലണ്ടര്‍ മാറ്റത്തിലും അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം മാത്രം . പക്ഷെ ഇന്ന് ഏതൊരു വിഷയവും വിവാദമാക്കുകയെന്നത് കേരളത്തിന്റെ പ്രത്യേകതയായിക്കാണുന്നു. വിഷയം പ്രാദേശികമോ, ദേശീയമോ, അന്തര്‍ ദേശീയമോ ആയിക്കൊള്ളട്ടെ വിവാദങ്ങളുണ്ടാക്കുന്നതിന്നു പകരം ആരോഗ്യകരമായ ചര്‍ച്ച ചെയ്യുന്നതെല്ലെ സമൂഹത്തിന് അഭികാമ്യം..? മോങ്ങം സ്കൂള്‍ കലണ്ടര്‍ വിഷയത്തെക്കുറിച്ച് വായിക്കാനിടയായി. ചര്‍ച്ചക്ക് പകരം ബാലിശമായ കാര്യങ്ങള്‍ നിരത്തി പരസ്പരം പോരടിക്കുന്നതിന്ന രീതിക്കു പകരം തങ്ങളുടെ കഴിവും സമയവും പുതു തലമുറയുടെ വിദ്ധ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ഫലപ്രധമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് ഉരിയാടേണ്ടത്.  
   ബഹുമാന്യനായ പി.ടി.എ പ്രസിഡന്റ് തന്റെ വാര്‍ത്താക്കുറിപ്പില്‍ നിരത്തിയ ന്യായവാദങ്ങള്‍  പ്രത്യക്ഷത്തില്‍ വളരെ ന്യായവും യുക്തവുമായി തോന്നമെങ്കിലും ബഹുമാന്യനായ പി.ടി.എ ഭാരവാഹികളോ, എതിര്‍ക്കുന്നവര്‍ എന്ന് പി.ടി.എ പ്രസിഡന്റ് ആരോപിക്കുന്ന വിദ്ധ്യാര്‍ത്ഥി സംഘടനയോ എതിര്‍പ്പുമായി വന്ന സഹോദരന്‍  അബൂബക്കര്‍ സി.ടിയോ അതിലടങ്ങിയിരിക്കുന്ന ഹിഡന്‍ അജണ്ടയെക്കുറിച്ചോ വിഷയത്തെക്കുറിച്ചുണ്ടാവേണ്ട ഗൌരവകരമായ കാര്യങ്ങള്‍ ഒരാവേഷത്തിന്റെ പുറത്ത് മറന്നു പോവുകയാണെന്നു തോന്നിപ്പോകുന്നു. വിദ്ദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച നേരിടാന്‍ സ്കൂള കലണ്ടര്‍ മാറ്റം ഒരു ഒറ്റമൂലിയല്ലെന്നുള്ള കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മത ന്യൂനപക്ഷങ്ങളുടെ പേരില്‍ നേടിയെടുത്ത സ്കൂള്‍ ഒരുകാലത്ത് സമുദായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കേന്ദ്രങ്ങളാകുമെന്ന പ്രതീക്ഷകളോടെ ഓത്തു പള്ളികള്‍ പരിവര്‍ത്തനം നടത്തി സ്കൂളുകളാക്കിയ നമ്മുടെ കാരണവന്മാര്‍ ആ കാലഘട്ടത്തിലും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. സമുദായ സ്നേഹികളായിരുന്ന നമ്മുടെ മണ്മറഞ്ഞ കാരണവന്‍മാരുടെ പിന്‍‌ഗാമികള്‍ വഴിവിട്ട ധനാഗമന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിദ്ധ്യാഭ്യാസ തകര്‍ച്ച ആരോപിച്ചവരുടെ മടിശീലയുടെ കനം നോക്കിയുള്ള അദ്ധ്യാപന നിയമനം ആരംഭിച്ചപ്പോള്‍ ഗുണമേന്മയുള്ള അദ്ധ്യാപകരും നമുക്ക് നഷ്ടപ്പെട്ടു. ഗുരു ശിഷ്യ ബന്ധവും പുതിയ തലത്തിലേക്കു മാറിത്തുടങ്ങി.  
          സാ‍മ്പത്തിക ഭദ്രതയില്ലാതിരുന്ന കാലത്ത് സമുദായ പുരോഗതിക്കു വേണ്ടി ഗവണ്മെന്റുകള്‍ ആവുന്നത് സഹായിക്കുകയും ചെയ്തപ്പോള്‍ ഭൌതിക സൌകര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നമ്മള്‍ കാ‍ലങ്ങള്‍ മാറിയിട്ടും മാറാതെ കിടക്കുന്ന നമ്മുടെ ചില ശീലങ്ങള്‍ നമ്മുടെ വിശ്വാസ ആചാരങ്ങള്‍ കൂടിയായപ്പോള്‍ ആദ്യമെ അബല പിന്നെ ഗര്‍ഭിണി കൂടിയായാലൊ എന്നപോലെ സങ്കുചിത - സംഘടന ചന്തകള്‍ക്കനുസരിച്ച് കുറച്ച് വിദ്ധ്യാഭ്യാസ കെട്ടിടങ്ങള്‍ കൂടിയുണ്ടാവുകയും ചെയ്തുവെന്നതാണ് സത്യം. വേണ്ടത്ര ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലോ സ്ഥിരമായി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനോ സാമ്പത്തിക നഷ്ടം വഹിച്ച് സമുദായ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തെയ്യാറുള്ള സംഘടനാ നേത്രുത്വമോ നമുക്കില്ലാതെ പോയി. അങ്ങിനെ അറിഞ്ഞോ അറിയാതെയോ സമുദായ സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളും ജനറല്‍ കലണ്ടറിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇരിക്കും കൊമ്പാണ് മുറിക്കുന്നതെന്ന് ആരും നിനച്ചിരിക്കില്ല. അതു കൊണ്ട് തന്നെയാണ് മുമ്പാരോ പറഞ്ഞപോലെ ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലുകള്‍ നമുക്ക് നേരെത്തന്നെയാണ് ചൂണ്ടുന്നത്. മാന്യരായ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ മോങ്ങം സ്കൂള്‍ കലണ്ടര്‍ മാറ്റത്തിന് നേരെയുള്ള ധീരമായ തീരുമാനം ശ്ലാഘനീയം തന്നെ. എങ്കിലും ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും നിലപാട് എടുക്കുമ്പോള്‍ പ്രത്യേകിച്ചും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാവുമ്പോള്‍ പ്രത്യേകിച്ചും ഒരു സമുദായ താല്പര്യത്തില്‍ ഊന്നിയ സംഘടന കൂടിയാവുമ്പോള്‍ സങ്കുചിത അതിര്‍വരമ്പുകള്‍ നോക്കാതെ ഒരെ മാനദണ്ഡത്തിലായിരിക്കണം സമര പരിപാടികള്‍. 
         ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രവാസ ജീവിതം സമ്മാനിച്ച അലച്ചിലുകളും അല്പം സമുദായ സ്നേഹികളുടെ പ്രയത്നങ്ങളും ഒത്തൊരുമിച്ചപ്പോള്‍ മലബാര്‍ മാപ്പിളമാരുടെ സാമ്പത്തിക സ്ഥിതിയില്‍ വന്ന മാറ്റം അവരുടെ ജീവിത രീതികളെ കുറെശെയായി സ്വാധീനിക്കാന്‍ തുടങ്ങിയതോടെ മലബാറിലെ മാപ്പിളമാരും ഏറനാടന്‍ മാപ്പിള മക്കളും എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുമായി മാറുന്നത് കണ്ട് ചിലര്‍ക്ക് വിറളിയെടുത്തു തുടങ്ങിയിരിക്കുന്ന സത്യം നാം മനസ്സിലാക്കണം. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകള്‍ അറം പറ്റിയപോലെ ചത്ത കുതിരയല്ല ഉറങ്ങിക്കിടക്കുന്ന സിംഹങ്ങള്‍ കുംഭകര്‍ണ്ണന്റെ നിദ്രയിലാണ്ടു കിടക്കുകയാണെന്നു തോന്നിപ്പോകുന്നു. ഉണ്ടായ പുരോഗതിയില്‍ ഊറ്റം കൊണ്ടും അതെല്ലാം ഞമ്മന്റെ കണക്കീലെഴുതാനും മത്സരിക്കുകയാണ് സമുദായ സംഘടനകള്‍. മറിച്ച് നമുക്കിനിയും ഒരുപാട് സഞ്ചരിക്കുവാനുണ്ടെന്ന വസ്ഥുത നാം മറന്നു കളയുന്നു. നമ്മുടെ കുട്ടി ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും നടന്നു നീങ്ങുമ്പോള്‍ മറ്റുള്ളവര്‍ ഭഹുദൂരം അതിവേഗം യാത്ര തുടരുകയാണ്. നിയമ നിര്‍മാണം നടത്തൂന്നവരുടെ ഹിഡന്‍ അജണ്ട പൊളിച്ച് മാറ്റണമെങ്കില്‍ നമുക്കും വേണ്ടെ കുറച്ച് ഐ.എ.എസ് , ഐ.പി.എസുകള്‍ കുറഞ്ഞ പക്ഷം അണ്ടര്‍ സെക്രട്ടറിമരെങ്കിലും...? മെല്ലെത്തിന്നാല്‍ മുള്ളും തിന്നാമെന്ന ആ പത പ്രയോഗവല്‍ക്കരിച്ച് കൊണ്ട് തനതായ മുസ്ലിം സാംസ്കാരിക പാരമ്പര്യം ഓരോന്നായി തകര്‍ത്തെറിയുന്നത് സമുദായ നേത്രുത്വമോ, പണ്ഡിതരോ കാണാതെ പോവുകയാണോ..........? അതോ കണ്ടിട്ടും.... മുട്ടുക ഇല്ലാത്തവന്‍ ചെറുവിരലില്ലാത്തവനെക്കുറിച്ചെന്തു പറയാനാണെല്ലേ...........? ഉദാഹരണത്തിന് വിവാഹ രജിസ്ട്രേഷനെ ക്കുറിച്ചൊന്നാലോചിച്ച് നോക്കൂ. ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്‍ കലണ്ടര്‍ മാറ്റം കാല ക്രമേണ വെള്ളീയാഴ്ച്ച അവധിയിലും തിരുത്തലുകള്‍ ഉണ്ടാകുമെന്നാണ് സത്യം. അതിന് രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള സ്കൂള്‍ എടുത്ത് പരിശോധിച്ചാല്‍ ബോധ്യമാകും. എന്തിനേറെ പറയുന്നു നമ്മുടെ കേരളത്തിലെ ഇക്കഴിഞ്ഞ പ്രധാന ചര്‍ച്ച തന്നെ സമുദായ സന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നല്ലോ. സമുദായ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഒന്ന് കര്‍ക്കശമായി ചോദിച്ചപ്പോള്‍ മഹാനായ സി.എച്ച് എം കോയയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ് കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകള്‍ വരെ ഒരുമിച്ച് ആടിയില്ലേ............? ചിന്തിക്കുക സമുദായത്തെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കുന്നതില്‍ ആരെല്ലാം പങ്കാളികളാവണം. 

ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോവുക: സി.കെ.ഹംസ

        മോങ്ങം എ എം യു പി സ്കൂളില്‍ നിലവിലുള്ള മുസ്ലിം കലണ്ടര്‍ മാറ്റി ജനറല്‍ കലണ്ടറാക്കുവാനുള്ള തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള പി ടി എ പ്രസിഡന്റിന്റെയും എസ് കെ എസ് എസ് എഫ് പ്രതിനിധിയുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജണ്ടകളൊന്നുമില്ലെങ്കില്‍ കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജനറല്‍ കലണ്ടറിലേക്ക് മറ്റുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ച് പി ടി എ  പ്രസിഡന്റ് വിശദീകരിക്കുമ്പോള്‍ റമളാനില്‍ ക്ലാസ്സ് എത്രമണിക്ക് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. റമളാനില്‍ മുസ്ലിം കുട്ടികള്‍ക്ക് മദ്രസകളില്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ് ഉണ്ടാകുന്നത് കൊണ്ട് സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കുന്നത് വിഷമകരമാകും. നേരത്തെ ക്ലാസ്സ് തുടങ്ങതിരുന്നാല്‍ രണ്ട് മണിക്ക് ക്ലാസ്സ് എങ്ങിനെ അവസാനിപ്പിക്കുമെന്നുള്ള സംശയം  ദൂരീകരിക്കേണ്ടതുണ്ട്. 
      ജനാബ് സി.ഹംസ ചൂണ്ടിക്കാണിച്ച് ഉമ്മുല്‍ഖുറ, ലിറ്റില്‍ ഇന്ത്യ, എം ഐ സി, മ‌അദിന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മതപഠനത്തിനുള്ള സൌകര്യവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. അത് കൊണ്ട് ഈ സ്ഥാപനങ്ങള്‍ റമളാനില്‍ ക്ലാസ്സ് നടത്തുന്നതിനെ ഇതുമായി കൂട്ടിക്കുഴക്കുന്നതില്‍ അര്‍ത്ഥമില്ല. വെള്ളിയാഴ്ച്ചത്തെ അവധി നിലനിര്‍ത്തുന്നത് സ്വാഗതാര്‍ഹം തന്നെ. 
   പതിറ്റാണ്ടുകളായി മുസ്ലിം സമുദായം അനുഭവിച്ചുവരുന്ന മുസ്ലിം വിദ്ധ്യാഭ്യാസ കലണ്ടര്‍ എന്ന ആനുകൂല്യം മാറ്റേണ്ടതില്ല എന്ന സിദ്ധീഖിന്റെ കണ്ടെത്തലുകള്‍ ശരിയല്ല. സമൂഹത്തിന് ഉപകരിക്കുമെങ്കില്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ എന്തു കൊണ്ട് തയ്യാറായിക്കൂടാ.....? കുട്ടി നോമ്പെടുത്ത് സ്കൂളില്‍ വരുന്നത് ക്ഷീണം വരുത്തുമെന്നുള്ളത് മാത്രമാണ് ഈ വിഷയത്തില്‍ എസ് കെ എസ് എസ് എഫ് പ്രതിനിധി കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കുവാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലങ്ങളായി മുസ്ലിം കുട്ടികള്‍ റമളാന്‍ അവധി വിരുന്നു പോക്കിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നത് റമളനിലെ സ്കൂള്‍ പഠനത്തോടെ ഇല്ലാതകുമോ എന്നുള്ള ആശങ്കയും ഇതോടൊപ്പമുണ്ട് എന്നാണെന്റെ അഭിപ്രായം. 
     ആദ്യത്തെ ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തട്ടെ എന്നിട്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഇതെരീതിയില്‍ കൊണ്ട് പോകുവനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. ഒരു പൊതു കാര്യത്തെ കണ്ണടച്ച് എതിര്‍ക്കുന്നത് ഗുണം ചെയ്യില്ല എന്നാണ് എന്റെ പക്ഷം. ഈ വിഷയം നാട്ടിലെ പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിട്ട് വിവാദമാക്കാതെ അദ്ധ്യാപക രക്ഷാകര്‍ത്ത സമിതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

സ്കൂള്‍ കലണ്ടര്‍ മാറ്റം സ്വാഗാതാര്‍ഹം: അബ്‌ദുള്‍ റസാഖ് ചെറുപുത്തൂര്‍


       വിദ്ധ്യാഭ്യാസത്തിന്റെ അനിവാര്യത ഈ ഹൈടെക് നവയുഗത്തില്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രക്ഷിതാക്കളില്‍ കാണുന്ന താല്പര്യവും കുട്ടികളില്‍ പുത്തന്‍ ഉണര്‍വേകുന്ന റിസല്‍റ്റും അതു നമ്മെ ബോധ്യപ്പെടുത്തുന്നു. തൃശൂരിലെ ഒരു പ്രമുഖ കോച്ചിങ് സെന്റര്‍ വിട്ടാല്‍ മലപ്പുറത്തെ ഹൈസ്കൂള്‍ വിട്ടതിന്നു തുല്ല്യമാണ്. നമ്മുടെ ഭക്ഷണം, വസ്ത്രം, വീട്, ലൈഫ് സ്റ്റൈല്‍ എല്ലാം മറിയപ്പോള്‍ അതുപോലെ കാലത്തിനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയമായ അനുയോജ്യമായ വിദ്ധ്യഭ്യാസവും അനിവാര്യമാണ്. ഇന്നത്തെ ഈ ഉണര്‍വിനു പിന്നില്‍ പരലല്‍ സ്കൂള്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേകിച്ച് മലപ്പുറത്ത് നിര്‍ണായക പങ്കുണ്ടെന്നുള്ളത് ഇവിടെ വിസ്മരിച്ചു കൂട. ഗവണ്മെന്റ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മക്കളെ തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ പഠിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കുള്ളത് ക്രിത്യമായി കിട്ടും എന്നുള്ള “കടമ കഴിക്കല്‍”  സ്ഥിതിയില്‍ നിന്നൊക്കെ കാലം ഒരുപാട് മാറിയിട്ടുണ്ട്.
           വിദ്ധ്യാഭ്യാസ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമകാലീക യുഗത്തില്‍ വിദ്ധ്യാ‍ഭ്യാസ കലണ്ടര്‍ മാറ്റത്തിനെതിരെ എന്തിനാണീ കോലാഹലം...? സ്കൂള്‍ തുറന്ന് ഒരു മാസമായാല്‍ ഒരു മാസം നീണ്ട് നിക്കുന്ന റംസാന്‍ അവധി, അവധി കഴിഞ്ഞ് പിന്നെ കുട്ടി വന്ന് ഒരു മാസമാകുമ്പോഴേക്കും പരീക്ഷ തുടങ്ങുന്നു. ആദ്യ ഭാഗം വീണ്ടും പഠിപ്പിക്കാനിരുന്നാല്‍ പരീക്ഷക്ക് മുമ്പ് പഠിപ്പിക്കേണ്ട പാഠഭാഗം തീരില്ല, ഇനി ആദ്യ ഭാഗം പഠിപ്പിക്കാതിരുന്നാലോ കുട്ടികള്‍ക്ക് ഒന്നും തന്നെ മനസ്സിലാകുകയുമില്ല. ഇതാണ് നിലവില്‍ നമ്മുടെ സ്കൂളിലുള്ള മുസ്ലിം കലണ്ടറിന്റെ യഥാര്‍ത്ത അവസ്ഥ. കേരളത്തില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന എത്ര സ്ഥപനം ഇപ്പോള്‍ കാണിക്കാനൊക്കും...? നമ്മള്‍ പുന:ചിന്തനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
     കേരളത്തിലെ ഒരു പ്രമുഖ മദ്രസാ ബോര്‍ഡ് സ്കൂളിനനുസരിച്ച് (ബോര്‍ഡിങ്ങ്) എന്ന പേരില്‍ സിലബസ് ഉണ്ടാക്കി മദ്രസകള്‍ നടത്തൂന്നു എന്നോര്‍ക്കണം. അതിന്റെ തലപ്പത്ത് മോങ്ങത്തുകാരായ ഉസ്താദുമാരുണ്ട്. പിന്നെ റമളാന്‍ മദ്രസ പ്രശ്‌നത്തില്‍ എത്ര പേര്‍ വരുന്നു എന്നത് ഇവിടെ വിലയിരുത്തുന്നില്ല. അതിനെ ഞായര്‍, വെള്ളി ദിവസങ്ങളിലേക്ക് കൂടുതല്‍ സമയമെടുത്ത് നടത്തിയാല്‍ തുല്ല്യ സമയം കിട്ടുകയും ചെയ്യും. നോമ്പെടുക്കുന്ന കുട്ടികളുടെ സൌകര്യത്തിനായി റമദാനില്‍ സ്കൂള്‍ 8 മണിക്ക് ആരംഭിക്കുകയും നേരത്തെ വിടുകയും വേണം. എല്ലാ വിഷയങ്ങളിലും പ്രശ്നമുണ്ടാക്കുന്നവരുണ്ടാകും അവര്‍ക്കതില്‍ പല നിശ്ചിപ്‌ത ലക്ഷ്യങ്ങളുമുണ്ടാകും. അവര്‍ക്ക് വിഷയത്തിന്റെ കാര്യ ഗൌരവം മനസിലാക്കിക്കൊടുത്ത് കലണ്ടര്‍ മാറ്റ തീരുമാനവുമായി ബന്ധപെട്ടവര്‍ മുന്നോട്ട് പോകണം. അല്ലാതെ ചിലരുടെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഇത് തടസ്സപെട്ട് പോയാല്‍ നമ്മുടെ മക്കളുടെ വിദ്ധ്യാഭ്യാസ ഭാവിയണ് വഴിയാധാരമാകുന്നതെന്ന് രക്ഷിതാക്കള്‍ ബോധവന്‍‌മാരാവേണ്ടതുണ്ട്. പരിസര പ്രദേശത്തെ അണ്‍ഐഡഡ് മേഖലയിലെ ഇസ്ലാമിക് സ്ഥപനത്തിലെ സിസ്റ്റമെങ്കിലും ഒന്നു നോക്കിക്കൂടെ. പണമുള്ളവരുടെ മക്കള്‍ ജനറല്‍ കലണ്ടറില്‍ പഠിക്കുമ്പോള്‍ പാവപ്പെട്ടവരുടെ കുട്ടികളയതു കൊണ്ട് അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതല്ലോ. 

കണ്‍കുളിര്‍ക്കുന്ന കാഴ്ച്ചകളുമായി മാവും പ്ലാവും പൂത്തുലഞ്ഞു

      മോങ്ങത്തെ ഒരു ചുമട്ട് തൊഴിലാളിയായ ചുണ്ടക്കാടന്‍ മൂസ തമാശയായി ചോദിക്കുന്ന കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് കേരളത്തിന്റെ മുഖ്യാഹാരം എന്ത്....? ഉത്തരം “ചക്കയും കഞ്ഞിയും“. തമാശ കലര്‍ന്നതാണെങ്കിലും അതിനു പിന്നിലും ഒരു സത്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ വിശപ്പടക്കിയ ആ വൃക്ഷങ്ങളൊക്കെ മുറിച്ച് ഇന്ന് നമ്മള്‍ വീടിനു ഉരുപ്പടിയാക്കി. അവയില്‍ അവശേഷിക്കുന്നവ നമുക്കായി വീണ്ടും പൂവിട്ടിരിക്കുന്നു. ഒരു കാലത്ത് നമ്മുടെ നാടിന്റെ സാമ്പത്തിക ഭദ്രതയുടെ സ‌മൃതിയുടെയും അടയാളങ്ങളായിരുന്ന ചക്ക മാങ്ങ കശുവണ്ടി എന്നിവയുടെ സീസണ്‍ ആരംഭിച്ചു. മോങ്ങത്തും പരിസര പ്രദേശങ്ങളിലും പ്ലാവും മാവും കശുമാവു (നാടന്‍ പ്രയോഗത്തില്‍ പിലാവും മൂച്ചിയും പറുങ്കൂച്ചിയും) മെല്ലാം കായ്‌കനികളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ഈ കാഴ്ച്ച പുതു തലമുറക്കൊരു പുതുമയുള്ള കാഴ്ച്ചയായിക്കൊള്ളണമെന്നില്ല. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ദശാബ്ധങ്ങള്‍ക്കപ്പുറത്തെ അവസ്ഥ പഴയ തലമുറക്ക് മറക്കുവാന്‍ സാധിക്കാത്ത ഒന്നാണ്. 
     വയറ് നിറച്ച് ചക്കയും കഞ്ഞിയും കുടിച്ച് മാസങ്ങളോളം ജീവിച്ചിരുന്ന പഴയകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കൂന്നത് ഇപ്പോഴും പഴയ തലമുറക്ക് ഒരു മധുര സ്മരണയാണ്. ചക്കകളില്‍ പ്രധാനമായും രണ്ടിനം ചക്കകളാണ് നമ്മുടെ നാടുകളില്‍ കണ്ടുവരുന്നത് പഴഞ്ചക്കയും വരിക്കച്ചക്കയും . വിശപ്പടക്കുവാന്‍ മാത്രമല്ല ഒരുകാലത്ത് ഒരുപാട് ആളുകള്‍ക്ക് തൊഴിലും വരുമാനവും വന്നിരുന്നത് ഈ സീസണിലാണ്. നമ്മുടെ നാട്ടില്‍ നിന്നും ആയിരക്കണക്കിന് ചക്കകളാണ് ദിവസേന കൊയമ്പത്തൂരിലേക്കും മറ്റും കയറ്റി അയച്ചിരുന്നത്. ഒരു കാലത്ത് മോങ്ങം ഫക്കീര്‍ പാപ്പയുടെ ജാറത്തിങ്ങല്‍ നടന്നിരുന്ന മോങ്ങം നേര്‍ച്ചയിലെ പ്രധാന വിഭവമായിരുന്നു ചക്കയും കഞ്ഞിയും. ഇന്നതെല്ലാം വെറും ഓര്‍മ്മ മത്രമായി അവശേഷിക്കുന്നു. 
    അതുപോലെത്തന്നെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വിവിധയിനം മാങ്ങകളും ലഭ്യമായിരുന്നു അക്കാലങ്ങളില്‍ . കപ്പല്‍ മാങ്ങ, കോമാങ്ങ, നാടന്‍ മാങ്ങ, ഒളൊര്‍ മാങ്ങ, ചുണ്ടന്‍ മാങ്ങ തുടങ്ങിയ ഇനങ്ങള്‍ അതില്‍ പ്രധാനപ്പെട്ടതായിരുന്നു. വൈകുന്നേരങ്ങളില്‍ പഴുത്ത കോമങ്ങ ചെത്തി മുളക് പുരട്ടിയതും കട്ടന്‍ ചായയും മിക്കവീടുകളിലേയും ഒരു പ്രധാന വിഭവമായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രകൃതിദത്തമായ നമ്മുടെ പറമ്പുകളിലുള്ള നാടന്‍ മാങ്ങകളെ കൈവടിഞ്ഞ് നമ്മള്‍ ഇന്ന് രാസ പഥാര്‍ത്ഥങ്ങള്‍ ഇട്ട് പഴുപ്പിച്ച നീലനെയും തിരഞ്ഞ് കടയിലേക്ക് പോകുന്നു എന്നതാണ് സത്യം. 
    എന്നത് വിദ്ധ്യാര്‍ത്ഥികളെല്ലാം അവരുടെ ഒരു വര്‍ഷത്തേക്കുള്ള പഠനാവശ്യങ്ങള്‍ക്കുള്ള പ്രധാന വരുമാനം കണ്ടെത്തിയിരുന്നത് കശുവണ്ടിയുടെ സീസണീലായിരുന്നു. ദൂരദിക്കുകളില്‍ പോയി അണ്ടിത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡും നിര്‍മിച്ച് മാസങ്ങളോളം അവിടെത്തന്നെ താമസിച്ച് അണ്ടി ശേഖരണത്തിലൂടെ കുടുംബത്തിലെ വരുമാന മാര്‍ഗം കണ്ടെത്തിയിരുന്ന ഒരു പാട് ആളുകള്‍ പഴയ കാല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നതെല്ലാം നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പുതു തലമുറയുടെ ഓര്‍മയില്‍ നിന്നു തന്നെ അന്ന്യം നിന്നു പോയിരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ നാടിന് വന്ന മാറ്റങ്ങളും റിയല്‍ എസ്സ്റ്റേറ്റും മറ്റു വികസന പ്രവര്‍ത്തനങ്ങളും വരുത്തിയമാറ്റങ്ങളിലും ഇത്തരം അനുഭവങ്ങളും കാഴ്ച്ചകളും പുതുതലമുറക്ക് ഇനി വെറും കേട്ടുകേള്‍വി മത്രമാകും വരും നാളുകളില്‍.   

കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം


     അന്നത്തെ രണ്ടാം പാദ സെമി മത്സരം തുടങ്ങി ഏകദേശം എട്ടാം മിനുട്ടില്‍ കഴിഞ്ഞപ്പോള്‍ സി.കെ.ബീരാന്റെ പാസ്സില്‍ ഞാനടിച്ച ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്ന സമയത്താണ് “ ആലുവ ലക്കിസ്റ്റാറാണ്”    എന്നും പറഞ്ഞു ടീമിനെ കൊണ്ട് വരുന്നത്. അപ്പോഴേക്കും ഞങ്ങളെ ഒക്കെ കയറ്റി ഇവരെ ഇറക്കുകയും അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഗോള്‍ മടക്കി പിന്നെ ഞങ്ങള്‍ കാണുന്നത് മോങ്ങത്തിന്റെ പോസ്റ്റിലേക്ക് തുടരെ തുടരെ നിറയൊഴിച്ചു കൊണ്ടിരിക്കുന്ന അരീക്കോടിന്റെ കളിക്കാരെയാണ്. നാല് ഗോള്‍ വഴങ്ങിയപ്പോള്‍ ഞാനും ഓളിക്കലും നാട്ടിലേക്ക് മടങ്ങി. നല്ല ഒരു ഫോമില്‍ നിന്ന ഞങ്ങളെ പെട്ടന്ന് പിന്‍‌വലിച്ച് ഇറക്കിയ ടീമിന്റെ ദുരവസ്ഥ കണ്ട്  ഗ്രൌണ്ടില്‍ നിന്നും കണ്ണീരോടെയാണ് ഞാന്‍ മടങ്ങിയത്. പിന്നെയാണറിഞ്ഞത്  പന്ത്രണ്ടെ ഒന്നിനു  മോങ്ങം അവിടെ മാനം കെട്ടു എന്ന്. 
   ഇതിനു മുമ്പോ ശേഷമോ മോങ്ങം ഇത്ര വലിയ ഒരു തോല്‍വി ഏറ്റു വാങ്ങിയിട്ടില്ല. എനിക്ക് അന്നും ഇന്നും തോന്നുന്നത് മോങ്ങത്തെ കുട്ടികള്‍ തന്നെ അന്ന് കളിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കപ്പും കൊണ്ടേ നമ്മള്‍ പോരുമായിരുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഇവിടുന്നു നാട്ടില്‍ ചെല്ലുമ്പോള്‍ പലരും അന്നത്തെ ആ ദയനീയ തോല്‍വിയെ പറ്റി പറയുമ്പോഴും ഞാനടിച്ച ആ ഗോളിനെ പുകഴ്ത്താന്‍ മറക്കാറില്ല. ടീമിനെ കൊണ്ട് വരുന്ന വിവരം രഹസ്യമാക്കി വെച്ചവര്‍ പറഞ്ഞ ഒരു വാക്കിനെ തമാശയാക്കി ആ തോല്‍‌വിക്ക് ശേഷം അന്ന് നാട്ടിലൊരു കളിയാക്കി പറച്ചിലുണ്ടായിരുന്നു  “മുണ്ടണ്ടണ്ണ്യാളെ ആലുവ ലക്കിസ്റ്റാറാണ്“ എന്ന്.
  അന്നത്തെ മോങ്ങത്ത് കാരുടെ പ്രധാന വിനോദം ഫുട്ബോള്‍ കളി കാണലായിരുന്നു വൈകുന്നേരമായാല്‍ കളിക്കാരും കാണികളും റെഡി ചെങ്ങര, തൃപ്പനച്ചി, പട്ടര്‍കടവ്, കോട്ടക്കല്‍ പുത്തൂര്‍, മഞ്ചേരി, കിഴിശ്ശേരി, കൊണ്ടോട്ടി, കോടങ്ങാട്, മൊറയൂര്‍, അത്താണിക്കല്‍ എന്നീ സ്ഥലങ്ങളിലൊക്കെ മോങ്ങം ടീം കളിക്കുകയും അതില്‍ പലതിലും ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ കളിക്കാര്‍ക്ക്‌ ആവേശം സ്വന്തം നാട്ടുകാരായ കാണികളായിരുന്നു. ആളുകള്‍ക്ക് കളികാണാന്‍ പോകാന്‍ സി.ടി.സുലൈമാനാജിയുടെ ലോറി ഫ്രീയായിട്ട് വിട്ടു തരലായിരുന്നു ഇവിടെ പ്രതേകം സ്മരിക്കേണ്ടതാണ്.
   കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലുള്ളപ്പോള്‍ മൊറയൂര്‍ ടൂര്‍ണമെന്റില്‍ മോങ്ങത്തിന്റെ ടീമുണ്ട് എന്ന് കേട്ടപ്പോള്‍ കളി കാണാന്‍ പോയി.. ആ ടീമില്‍ പേരിനു പോലും ഒരു മോങ്ങത്ത്കാരനെ ഞാന്‍ കണ്ടില്ല. അപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടവും ദേശ്യവുമാണ് തോന്നിയത്. മോങ്ങത്ത് ഇപ്പോള്‍ ഒരു  ഗ്രൌണ്ടില്ല എന്നത് ഒരു പരമാര്‍ഥമാണ് എങ്കിലും മോങ്ങത്ത് നല്ല കളിക്കാറുണ്ട്. അവരെ കോര്‍ത്തിണക്കി ഒരു നല്ല ടീമായി വാര്‍ത്തെടുക്കാനുള്ള ഒരു നേതൃത്വം ഇല്ല എന്നുല്ലാതാണ് സത്യം പണ്ട് ഓളിക്കല്‍ കുഞ്ഞു, അലവികുട്ടി ഹാജി, കൈനോട്ട് ബാപ്പുട്ടി കാക്ക, കോടിതൊടി ബാപ്പുട്ടിക്ക, സുലൈമാനാജി എന്നിവരെ പോലുള്ള ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് അന്ന് മോങ്ങത്ത് നല്ല ഒരു ടീമുണ്ടായി. നമുക്ക് ശ്രമിച്ചാല്‍ ഇനിയും നല്ലൊരു ടീമിനെ ഉണ്ടാക്കാന്‍ കഴിയും അതിനുള്ള കളിക്കാര്‍ നമ്മുടെ പുതു തലമുറയില്‍ ഉണ്ട്. സ്വാര്‍ത്ഥതയും രാഷ്ട്രീയവും കലരാതെ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് നിന്ന് ഒന്നു ശ്രമിച്ചാല്‍ വീണ്ടും പുനര്‍ ജനിക്കും മോങ്ങം ഫുട്ബോളിനൊരു സുവര്‍ണ്ണകാലം. 

ഫുട്ബോളിനെ നെഞ്ചിലേറ്റിയവര്‍ അന്നത്തെ മോങ്ങത്തുകാര്‍

        “ആലുവ ലക്കിസ്റ്റാര്‍“  ആ പേര്  കേള്‍ക്കാന്‍ പോലും ഇന്ന് ഞാന്‍ ഇഷ്ടപെടുന്നില്ല. കുഞ്ഞു കാക്ക എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് അദ്ദേഹത്തിന്റെ ഫുട്ബോള്‍ അനുഭവം പങ്കുവെച്ച കൂട്ടത്തില്‍ ആലുവ   ലക്കിസ്റ്റാറിനെ കുറിച്ചും പരാമര്‍ശിച്ചത് വായിക്കാന്‍ ഇടയായപ്പോഴാണ്  മോങ്ങം ഫുട്ബോള്‍ ചരിത്രത്തിലെ ആ കറുത്ത ദിനം വീണ്ടും ഓര്‍മയില്‍ വന്നത്.
     83ല്‍ അരവങ്കര ടൂര്‍ണ്ണമെന്റില്‍ മോങ്ങത്തിന്റെ സ്വന്തം ടീം മോങ്ങത്ത്കാരല്ലാത്ത ഒരാളെ പോലും കളത്തില്‍ ഇറക്കാതെ പടപൊരുതി ഇറക്കുമതി കളിക്കാരുമായി വന്ന പല വമ്പന്‍ ടീമുകളേയും തോല്പിച്ചു സെമി ഫൈനല്‍ വരെ എത്തി. സെമിയിലെ എതിരാളികള്‍ അരിമ്പ്രക്ക് വേണ്ടി കേരളാ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞ ഉബൈദുള്ള സലിം അന്‍സാരി എന്നീ പ്രഗല്‍ഭ കളിക്കാരടങ്ങുന്ന അരീക്കോടിന്റെ ഫുള്‍ ടീമിനെയാണ് അവര്‍ ഇറക്കിയത്. ഈ വമ്പന്‍ ടീമിനോട് എതിരിടാന്‍ ഒരു ഫുട്ബോള്‍ പോരിശയും പറയാനില്ലാത്ത മോങ്ങത്തിനു വേണ്ടി വിനീതനായ ഈ ഞാനും ഇ.കെ മുഹമ്മദും സി.കെ ബീരാനും ഫോര്‍വേര്‍ഡും പരേതനായ വി.കെ ആദമാന്‍ , ഹംസ മാസ്റര്‍  ഔട്ട് ഇസ്ഹാക്ക്  സലിം മാസ്റ്റര്‍ എന്നിവര്‍ ബാക്കും കൂനേങ്ങല്‍ മാമ്മോട്ടി ഗോളിയുമായിട്ടായിരുന്നു നമ്മുടെ ടീം ഇറങ്ങിയിരുന്നത്. അന്ന് രണ്ടു പാദങ്ങളായിട്ട് നടന്ന സെമി ഫൈനലിന്റെ ഒന്നാം പാദത്തില്‍ കളി തീരാന്‍ കേവലം പത്തു മിനുട്ട് ബാക്കിയിരിക്കെ വഴങ്ങിയ ഒരു ഗോളിന് നമ്മള്‍ തോറ്റു. 
    പിറ്റേന്നു നടന്ന രണ്ടാം പാദ മത്സരത്തില്‍ കിളിക്കോട്ട് ബാപ്പുട്ടി അടക്കമുള്ള ചിലരുടെ നിര്‍ദ്ധേശ പ്രകാരമായിരുന്നു ടീമിനെ കൊണ്ട് വരാന്‍ തീരുമാനിച്ചത്. കുഞ്ഞു കാക്ക പറഞ്ഞത് പോലെ ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല പുറത്തെ കളിക്കാരെ കൊണ്ടുവന്നത്. യഥാര്‍ത്തത്തില്‍ പുറത്തു നിന്നും കളിക്കാരെ കൊണ്ട് വരുന്നതിനു  ഓളിക്കലിനു എന്നും എതിര്‍പ്പായിരുന്നു. മോങ്ങത്തെ കുട്ടികള്‍ കളിച്ചിട്ട് ജയിക്കണം എന്നതായിരുന്നു കുഞ്ഞുവിന്റെ നിര്‍ദ്ദേശം. രണ്ടാം സെമി നടക്കുന്ന ദിവസം മോങ്ങത്തെ  ആബാല വൃദ്ധം ജനങ്ങളും കാല്‍നടയായും ബസ്സിനും മറ്റുമായി കളിക്കാര്‍ എത്തുന്നതിന്റെ മുമ്പേ തന്നെ ഗ്രൌണ്ടില്‍  എത്തിയിരുന്നു. കളിക്കാര്‍  ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആര്‍ത്തിരമ്പുന്ന മോങ്ങത്ത്കാരെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അന്നത്തെ മോങ്ങത്ത്കാര്‍ക്ക് ഫുട്ബോള്‍ എന്നാല്‍ ഒരു വികാരമായിരുന്നു ഏഴു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതു വയസ്സുള്ളവര്‍ വരെ അന്ന് മോങ്ങത്തിന്റെ കളി കാണാനുണ്ടായിരുന്നു.  ഗ്രൌണ്ടില്‍ മോങ്ങം എന്നാ ഒരൊറ്റ വിജാരവും ഫുട്ബോളെന്ന ഒരൊറ്റ വികാരവും മാത്രം മനസ്സില്‍ കരുതി ആര്‍ത്തു വിളിക്കുന്ന മോങ്ങത്ത്കാരായിന്നു എന്നും എനിക്ക് പ്രചോദനം. 
 (നാളെ:- കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം)
    

മോങ്ങം ഫുട്ബോള്‍: ഓര്‍മകളിലെ ആ നല്ല കാലം

     എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ കഴിഞ്ഞ ദിവസം ബി.കുഞ്ഞുവിന്റെ ഫുട്ബോള്‍ അനുഭവ ക്കുറിപ്പുകള്‍ വായിക്കുവാനിടയാ‍യി. മോങ്ങത്തെ ആദ്യകാല ഫുട്ബോള്‍ കളിക്കാരനും സ്പോര്‍ട്സ് പ്രേമിയുമായ കുഞ്ഞു മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തെ കുറിച്ച് ഒരുപാട് സംഭവങ്ങള്‍ അതിനകത്ത് പറഞ്ഞെങ്കിലും ചിലതൊക്കെ അറിയാതെ വിട്ടു പോയതായി തോന്നുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്. മോങ്ങത്തിന്റെ എക്കാലത്തെയും ഫുട്ബോള്‍ പ്ലെയര്‍മാരില്‍ ഏറ്റവും കണ്ണിങ്ങുള്ള ഫോര്‍വേര്‍ഡും ടോപ്പ് സ്കോററുമായിരുന്നു ചേങ്ങോടന്‍ കബീര്‍. എന്നാല്‍ കബീറിന്റെ വലം കയ്യായി ഏറ്റവും നല്ല വേഗത കൂടിയ ഫോര്‍വേര്‍ഡ് പ്ലെയര്‍ ഇ.കെ മുഹമ്മദ് (കുഞ്ഞാലസ്സന്‍ കാക്കാന്റെ മുഹമ്മദ്) ഇടം കയ്യായി ആരെയും ഫൌള്‍ ചെയ്യാത്ത  നിന്നിരുന്ന ക്ലാസിക് ഫുട്ബോളറെന്നറിയപ്പെട്ട ദുര്‍ഗ ബീരാനെന്ന സി.കെ.ബീരാനെയും അതു പോലെത്തന്നെ മോങ്ങത്തുകാരനല്ലെങ്കിലും നിരവധി കാലം മോങ്ങം  ഫുട്ബോളിന്റെ ഏറ്റവും നല്ല സ്റ്റോപ്പര്‍ ബാക്കായിരുന്ന ഉരുക്ക് മതില്‍ പാപ്പിനിപ്പാറ ഇബ്‌റാഹിമിനേയും നമ്മള്‍ മറക്കുവാനൊക്കുമോ..? 
   മോങ്ങത്തിന്റെ ഫുട്ബോളില്‍ ആദ്യകാലഘട്ടം കുഞ്ഞുവും സി.കെ ഡ്രൈവര്‍ മുഹമ്മദാജി എന്നിവരടക്കമുള്ളവരുടെ കാലഘട്ടമായിരുന്നെങ്കില്‍ അതിനു തൊട്ടു പിറകിലത്തെ ടീമില്  മോങ്ങത്ത് നല്ലൊരു ടീം രൂപീകരിച്ച് മുന്നോട്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു പരേതനായ പൂഴിക്കോടന്‍ മൊയ്തീന്‍ കുട്ടിയെന്ന ബാപ്പു. എന്റെ ജേഷ്ടന്‍ കൂടിയായ അദ്ധേഹമാണ് മോങ്ങത്ത് ആദ്യമായി ബൂട്ടണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയ കളിക്കാരന്‍ . ടീമിനെ കോഡിനേറ്റ് ചെയ്തു കൊണ്ടുനടക്കുന്നതില്‍ തല്‍‌പരനായ ബാപ്പു ഏറ്റവും മികച്ച ഒരു റഫറികൂടിയായിരുന്നു. അതുപോലത്തന്നെ പരേതനായ തോപ്പില്‍ മൊയ്തുപ്പ, തൊണ്ടിപ്പുറത്ത്  ബി.അലവി, ഹംസമാസ്റ്റര്‍, ഉണ്ണിമോയീന്‍ തുടങ്ങിയ കളിക്കാരും അക്കാലത്ത് മോങ്ങത്തേക്ക് നമ്മള്‍ കോണ്ട്‌ വരാറുള്ള ഗോളി കൊട്ടപ്പുറം ജമാലിനെയും നമ്മള്‍ സ്മരിക്കേണ്ടതാണ്.  കളികളത്തിനു പുറത്തു നിന്ന് മോങ്ങം ഫുട്ബോളിന് ഏറ്റവും നല്ല പ്രചോദനം നല്‍കിയ മഠത്തില്‍ അലവിക്കുട്ടിഹാജിയേയും ചാപ്പാന്‍ വാപ്പുവിനെയും ബാപ്പുട്ടിക്കയെയും അവിടെ സ്മരിച്ചത് വളരെ നന്നായി. അതോടൊപ്പം തന്നെ കൂട്ടി പറയേണ്ടതാണ് ഒരു കളി ക്കമ്പക്കാരനും  കാണിയുമായ ഹില്‍ടോപ്പിലെ സി.കെ.കുഞ്ഞീരായിന്‍ കാക്ക. 
   "ആലുവ ലക്കി സ്റ്റാര്‍" വിഷയത്തില്‍ അവര്‍ ബാന്റടിക്കാരായിരുന്നു എന്നുള്ള പരാമര്‍ശം ശരിയല്ല. അവര്‍ നല്ല കളിക്കാരായിരുന്നെന്നു അവരുടെ കളി നേരില്‍ കണ്ട ആര്‍ക്കും മനസ്സിലാകും  പക്ഷെ കളി തുടങ്ങിയതിന്നു ശേഷം എത്തിയ ഒരു ടീമിന് ഗ്രൌണ്ടുമായി പരിചയപ്പെടാന്‍ കഴിയാത്തതും ടീമിന്റെ ഏകോപനമില്ലായ്മയുമാണ് അന്നത്തെ ആ വന്‍ പരാജയത്തിന്റെ പ്രധാന കാരണം.  മാത്രമല്ല എതിര്‍ ടീമാകട്ടെ അന്നത്തെ കേരള ടീം താരങ്ങളായ റഹ്മത്തുള്ളയും സലീമും ഉബൈദുള്ളയും ഒക്കെ അടങ്ങുന്ന വന്‍ താരങ്ങളുമായിറങ്ങിയ അരീക്കോടിന്റെ ഫുള്‍ ടീമായിരുന്നു അരിമ്പ്രക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയിരുന്നത്. 
   പഴയ കാല അനുഭവങ്ങള്‍ കുഞ്ഞുകാക്ക അയവിറക്കിയപ്പോള്‍ മനസ്സ് പഴയകല മോങ്ങത്തേക്ക് തിരിച്ചു പോയപോലെ തോന്നി. ഇന്ന് മോങ്ങത്തിന് നല്ല ഒരു ഗ്രൌണ്ടും നല്ലൊരു ടീമും ഇല്ലാത്തതിന്ന് ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമാണെന്നതില്‍‍ സംശയമില്ല. മുണ്ടപ്പലത്ത് മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ടീമിനെ കളിയുടെ അവസാന മിനുട്ടുകളില്‍ ചടുലമായ നീക്കത്തിലൂടെ ഹാട്രിക് നേടി ടീമിന് സമനില വാങ്ങി തന്ന ഒരു “മൊട്ട തലയന്‍ “ ഉണ്ടായിരുന്നു. ഇ.കെ.മുഹമ്മദെന്ന സൂപ്പര്‍ ഫാസ്റ്റ് കളിക്കാരന്റെ ഏക്കാലത്തെയും ശ്രദ്ധേയമായ പെര്‍ഫോമെന്‍സായിരുന്നു ആ ഹാട്രിക്. മോങ്ങം ഫുട്ബോളിനെ സ്മരിക്കുമ്പോള്‍ മരിച്ചു പോയ സി.കെ ശുക്കൂറിനെ നമുക്കൊരിക്കലും മറക്കാനാവില്ല. അവന്റെ അനുജനും ഇപ്പോഴത്തെ മികച്ച കളിക്കാരനുമായ സി.കെ.വഹീബാണ് പഴയ കാല ഫുട്ബോള്‍ പ്ലെയര്‍ ചേങ്ങോടന്‍ കബീറിനോട് ഉപമിക്കാവുന്ന രീതിയിലുള്ള ചടുലതയുള്ള ഒരു കളിക്കാരന്‍ എന്ന് രണ്ട് കാലത്തെ കളികളും കണ്ട ഒരാള്‍ എന്ന നിലക്ക് എന്റെ അഭിപ്രയം. ഓത്തു പള്ളി ആലിഹസ്സാന്‍ക്കയുടെ മകന്‍ ഷബീബിനെയും കുഞ്ഞുകാക്കയുടെ നാണിയുടെ രണ്ടാമത്തെ മകന്‍ അനസ് മോനെയും നല്ല രീതിയില്‍ ഉപയോഗപെടുത്തിയാല്‍ മോങ്ങത്തിന് പ്രതീക്ഷ നല്‍കുന്ന കളിക്കാരാണ് എന്നാണെന്റെ അഭിപ്രായം. 

മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ.... (എഡിറ്ററോടൊപ്പം ബി.കുഞ്ഞു -3)

       അഭിമാനിക്കാവുന്ന വിജയ മുഹൂര്‍ത്തങ്ങള്‍ നിരവധി ഉണ്ടെങ്കിലും മോങ്ങത്തിന്റെ ചരിത്രത്തില്‍ അപമാനകരമായ ഒരു പരാജയം 83ല്‍ അറവങ്കര സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നായിരുന്നു. സെമി ഫൈനലിന്റെ ആദ്യ പാതത്തില്‍ അരീക്കോട്ടെ ഫുള്‍ ടീമുമായി എത്തിയ എതിര്‍ ടീമായ അരിമ്പ്രയോട് ഒരു ഗോളിന് പിന്നിലായതിനാല്‍ രണ്ടാം പാതത്തില്‍ അവരെ നേരിടാന്‍  പ്രശസ്ത ടീമായ “ലക്കിസ്റ്റാര്‍ ആലുവ“ യെ ഇറക്കാന്‍ തീരുമാനിക്കുകയും അതടിസ്ഥാനത്തില്‍ ടീം മാനേജ്മെന്റ് ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരം മഠത്തില്‍ അലവി കുട്ടി ഹാജി ലക്കിസ്റ്റാറിന്റെ കളിക്കാര്‍ കോഴിക്കോട്ടുണ്ട് എന്ന് അറിഞ്ഞ് അങ്ങോട്ട് പോവുകയും ചെയ്തു.  കളി തുടങ്ങിയപ്പോഴും ലക്കിസ്റ്റാര്‍ ടീം എത്താത്തതിനാല്‍ നാട്ടിലെ കുട്ടികള്‍ കളത്തിലിറങ്ങി പത്ത് മിനുട്ട് കളിച്ച് ചേങ്ങോടന്‍ കബീര്‍ ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്ത സമയത്താണ് അലവി കുട്ടി ഹാജി ടീമുമായി ഗ്രൌണ്ടില്‍ എത്തിയത്. മോങ്ങത്തിനു വേണ്ടി അക്കാലത്തെ സൂപ്പര്‍ ടീമായ ലക്കിസ്റ്റാര്‍ ആലുവയാണ് എന്നറിഞ്ഞ് കാണികളാല്‍ നിറഞ്ഞ് കവിഞ്ഞ ഗ്രൌണ്ടില്‍ അത് വരെ കളിച്ച കളിക്കാരുടെ ജേഴ്സിയും ഊരി ഉടുപ്പിച്ച് ഒന്നു വ്യായാമ പോലും ചെയ്യാതെ ഇറങ്ങിയ നമ്മുടെ ലക്കിസ്റ്റാറുകള്‍ ഒരു ഗോള്‍ നമ്മുടെ കളിക്കാര്‍ അടിച്ച് സമനില പിടിച്ച കളിയില്‍ “പന്ത്രണ്ട് ഗോളുകള്‍“ വഴങ്ങി മാനം കെട്ടത് ഇന്നും ആ തലമുറക്ക് മറക്കാന്‍ കഴിയാത്തതാണെന്നു കുഞ്ഞുക്ക പറഞ്ഞു. കളിക്കാരെയെല്ല ബാന്റടിക്കാരെ തട്ടി കൂട്ടി അലവി കുട്ടി ഹാജിയെ ആരോ പറ്റിച്ചതാണെന്നും അതല്ല നേരിട്ട് കളിയിലേക്ക് ഇറങ്ങിയപ്പോള്‍ കളിക്കാര്‍ക്ക് ഏകോപനമില്ലായ്മയാണ് തോല്‍‌‌വിക്ക് കാരണമെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ആ പരാജയത്തെ കളിയാക്കി “മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ....” എന്നൊരു ചൊല്ല് തന്നെ അക്കാലത്ത് പ്രചരിച്ചിരുന്നു.
       ഒരു അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റ് നടത്തണമെന്ന വി.കെ.മുഹമ്മദാജിക്കും വെണ്ണക്കോടന്‍ കുഞ്ഞിമാനും ഉദിച്ച ഒരു ആശയത്തില്‍ നിന്നാണ് രണ്ടായിരമാണ്ടോടെ മോങ്ങത്തിന്റെ മൂന്നാം ഫുട്ബോള്‍ യുഗം ആരംഭിക്കുന്നത്. സി.മുഹമ്മദ് മദനി പ്രസിഡന്റും ഞാന്‍ സെക്രടറിയും സലീം മാസ്റ്റര്‍ വര്‍ക്കിങ്ങ് സെക്രടറിയും കുവൈത്ത് അലവിക്കുട്ടി കണ്‍‌വീനറും വി.കെ. ട്രഷറുമായി യാസ് ക്ലബ്ബ് പുനരുജ്ജീവിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  ഫുട്ബോളില്‍ താല്‍പര്യമുള്ള നൂറ് പേര്‍ ആയിരം രൂ‍പ നിരക്കില്‍ ഷെയര്‍ എടുത്ത് കളിക്ക് മൂലധനം കണ്ടെത്തി കരുത്തരാ‍യ ടീമുകളെ അണിനിരത്തി നടത്തിയ ടൂര്‍ണ്ണമെന്റ് വന്‍ വിജയമാകുകയും അഞ്ചേക്കാല്‍ ലക്ഷം ലാഭം കൈവരിക്കുകയും ചെയ്തു. ലാഭം കിട്ടിയ പണം കൊണ്ട് ഒരു ഗ്രൌണ്ട് വാങ്ങാന്‍ ഉദ്ധേശിച്ചുവെങ്കിലും ഗ്രൌണ്ട് വിലയായ പത്ത് ലക്ഷം കയ്യിലില്ലാത്തതിനാല്‍ അടുത്ത വര്‍ഷം ഒരു കളിക്കൂടി നടത്തിയതിന് ശേഷം ഗ്രൌണ്ട് വാങ്ങാമെന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ രണ്ട് കളികളും ചിലവ് കൂടിയതിനാലും നാട്ടിലെ തന്നെ ചില തിരിപ്പന്മാരുടെ കുത്തിതിരുപ്പിനാലും നഷ്ടത്തില്‍ കലാശിക്കുകയും ചെയ്തു എന്നും കുഞ്ഞുക്ക രോക്ഷത്തോടെ പ്രതികരിച്ചു. അതില്‍ ബാക്കിയുള്ള പണം കൊണ്ട് മോങ്ങത്ത് പള്ളി കുളത്തിനു സമീപം കിളിക്കോട്ട് ബാപ്പുട്ടി സൌജന്യമായി തന്ന സ്ഥലത്ത് ഒരു ഓഫീസ് കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ആ കെട്ടിടത്തില്‍ പഞ്ചായത്ത് അനുവധിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി രണ്ട് വര്‍ഷമായി വാടകയില്ലാതെ പ്രവര്‍ത്തിച്ച് വരുന്നു വെന്നും കുഞ്ഞു പറഞ്ഞു.
     നല്ലൊരു ഗ്രൌണ്ട് ഇല്ലാത്തതാണ് നമ്മുടെ നാട്ടില്‍ ഫുട്ബോള്‍ വളരാത്തതെന്നും കഴിവുള്ള നിരവധി പേര്‍ പുതിയ തലമുറയിലുണ്ടെന്നും കുഞ്ഞുക്ക പറഞ്ഞു. തന്റെ സ്പോര്‍ട്സ് കമ്പം മകന്‍ നാണിയിലൂടെ പേരകുട്ടികളായ ഷിബുവിലും അനസിലും എത്തിയിട്ടുണ്ടെന്നും അവരടക്കമുള്ള പേര കുട്ടികളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും കുഞ്ഞുക്ക പറഞ്ഞു. കളിച്ചും കളിപ്പിച്ചും നടന്ന് യവ്വനം വാര്‍ദ്ധക്യത്തിനു വഴിമാറിയപ്പോള്‍ ഇപ്പോള്‍ ചില കൃഷിയും മറ്റുമാ‍യി വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ഉം‌റ നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തിയ ബി.കുഞ്ഞു ജിദ്ദയില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സ് പ്രതിനിധികളുമായി നടത്തിയ സംഭാഷണത്തിലാണ് തന്റെ ബാല്യകാല സ്മരണകളും മോങ്ങത്തിന്റെ ഫുട്ബോള്‍ ചരിത്രവും എന്റെ മോങ്ങം വായനക്കാര്‍ക്കായി പങ്ക് വെച്ചത്. അടുത്ത ദിവസം മദീന സന്ദര്‍ശനത്തിന് പോകുന്ന ബി.കുഞ്ഞു ഫെബ്രുവരി 22ന് നാട്ടിലേക്ക് തിരിക്കും.
(അവസാനിച്ചു)

ചാപ്പാന്‍ ബാപ്പുവിന്റെ കത്തിയും നാട്ടുക്കാരുടെ കൈ തരിപ്പും (എഡിറ്ററോടൊപ്പം ബി.കുഞ്ഞു -2)

     മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തില്‍ കളിക്കാരല്ലെങ്കിലും ഒഴിച്ച് കൂടാന്‍ പറ്റാത്ത ചില പേരുകള്‍ ഉണ്ട്. അതില്‍ ചിലരാണ് ചാപ്പാന്‍ ബാപ്പു എന്ന മുഹമ്മിദശ കാക്കയും, കോടിതൊടി ബാപ്പുട്ടിയും, മഠത്തില്‍ അലവികുട്ടി ഹാജി, ഓളിക്കല്‍ കുഞ്ഞു എന്നിവരൊക്കെ. അന്ന് മുതല്‍ ഈ അടുത്ത കാലം വരെ ഗ്രൌണ്ടിനു പുറത്ത് ടീമിനു ഹരവും ആവേശവുമായി ഇഅവരൊക്കെ നേതൃത്വം നല്‍കിയിരുന്ന. മഞ്ചേരിയില്‍ നടന്ന ആവേശകരമായ കളിയില്‍ ഇസ്‌ഹാഖ് കുരിക്കളുടെ നേതൃത്വത്തിലുള്ള ടീമിനോട് ഒരു ഗോള് വഴങ്ങി നില്‍ക്കുന്ന സമയത്ത് അത് ഓഫ് സൈഡാണെന്ന് പറഞ്ഞ് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അടി തുടങ്ങിയപ്പോള്‍ ചാപ്പാന്‍ ബാപ്പു കത്തി ഊരി വീശിയതില്‍ പ്രകോപിതരായ കാണികള്‍ ജേഴ്സിയിലുള്ള കളിക്കാരായ ഞങ്ങളെ വളഞ്ഞിട്ട് തല്ലിയപ്പോള്‍ പലവഴിക്ക് മുങ്ങിയതും കാല്‍ നടയായി നാടുപിടിച്ചതും ഇന്നും ഇന്നലെയെന്ന പോലെ കുഞ്ഞുക്ക ഓര്‍ത്തെടുത്തു. പുറം നാടുകളിലെ ടീമുകളിലേക്ക് കളിക്കാന്‍ പോകുമ്പോള്‍ അന്ന് കിട്ടുന്ന പത്ത് രൂപ അക്കാലത്ത് വന്‍ സംഖ്യയാണെന്നും അദ്ധേഹം പറഞ്ഞു.
     ഫുട്ബോള്‍ മോങ്ങത്ത് വരുന്നതിന് മുമ്പ് “പടാളി“ എന്ന പേരില്‍ അറിയുന്ന പട കളിയായിരുന്നു ആകെ ഉണ്ടായിരുന്ന ഗെയിം. കളത്തില്‍ ഇറങ്ങി തന്റെ തുടയില്‍ അടിച്ച് ശബ്ദം ഉണ്ടാക്കി എതിരാളികളെ വെല്ലു വിളിച്ച് കളത്തിലിറക്കി മല്‍പ്പിടുത്തത്തിലൂടെ മറിച്ചിട്ട് വിജയിയാകുന്ന ഒന്നാണ് പടാളി എന്ന കളി. കല്ലിടുമ്പില്‍ അത്തനാലിക്ക, കുറുങ്ങാടന്‍ മുഹമ്മദ് (കൊടക്),  ആലി കുട്ടി ഹാജി, ചേപ്പം കലായില്‍ ബീരാന്‍ കുട്ടി ഹാജി, അത്താണിക്കല്‍ നെച്ചിയില്‍ മുഹമ്മദാജി, ഒസ്സാന്‍ മുഹമ്മദാജി, യു.പി.മുഹമ്മദ് മൊല്ലാക്ക തുടങ്ങിയ പ്രധാന കളിക്കാരെപ്പോലെ ചെറുപ്പക്കാരനായ ഞാനും ഉണ്ടായിരുന്നു.
      അക്കാലത്ത് പതിനൊന്നാം ക്ലാസ് (ഇന്റര്‍ മീഡിയറ്റ്) വരെ പഠിച്ച് പുറത്തിറങ്ങിയ ശേഷം കുറച്ച് കാലം ഫുട്ബോളും നഞ്ചിലേറ്റി നടക്കുകയും പിന്നീട് മോങ്ങത്ത് ആദ്യമായി ആരംഭിച്ച പോസ്റ്റ് ഓഫീസില്‍  പോസ്റ്റ് മാസ്റ്ററായി ജോലിയില്‍ പ്രവേശിക്കുകയും പതിനാറര കൊല്ലം ആ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ തൊണ്ടിപുറത്ത് കെട്ടിടത്തിലെ ഒരു റൂമില്‍ തുടങ്ങിയ മോങ്ങം പോസ്റ്റ് ഓഫീസ് പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം തായത്തിയില്‍ കെട്ടിടത്തില്‍ വേലായുധന്റെ ബാര്‍ബര്‍ ഷോപ്പിന്റെ അടുത്തേക്ക് മാറ്റുകയും ദീര്‍ഘകാലം അവിടെ തുടരുകയും ചെയ്തു. അന്ന് ടി.പി.മുഹമ്മദ്ക്കയായിരുന്നു ശിപായി. അതു വരെ സബ് പോസ്റ്റ് ഓഫീസായിരുന്ന മോങ്ങം ബ്രാഞ്ച് മൈന്‍ പോസ്റ്റ് ഓഫീസ് ആക്കിയതിന് ശേഷമാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയതെന്നും കുഞ്ഞുക്ക ഓര്‍ക്കുന്നു. 69 രൂപ മാസ ശമ്പളത്തിനു ജോലിയില്‍ കയറി പതിനാറര കൊല്ലം കഴിഞ്ഞ് വിദേശത്തേക്ക് പോകുന്നതിനു വേണ്ടി ആ ജോലി രാജി വെക്കുമ്പോള്‍ 130 രൂപയാണ് അവസാന ശമ്പളമെന്നും അദ്ധേഹം ഓര്‍ത്തെടുത്തു.
      77 ലെ ഗള്‍ഫ് ഒഴുക്കില്‍ ഏതൊരു മോങ്ങത്ത്കാരനെ പോലെയും കടല്‍ കടന്ന കുഞ്ഞുക്ക ഒമ്പത് കൊല്ലത്തെ പ്രവാസം അവസാനിപ്പിച്ച് 85ല്‍ തിരിച്ചെത്തുമ്പോഴേക്കും മോങ്ങത്തിന്റെ സാഹജര്യങ്ങളൊക്കെ പൂര്‍ണ്ണമായും മാറിയിരുന്നു. താനടക്കമുള്ള ഒന്നാം തലമുറയെ മാറ്റി നിര്‍ത്തി തന്റെ മകന്‍ സകീറും, ചേങ്ങോടന്‍ കബീര്‍, ഔട്ട് ഇസ്‌ഹാഖ്, ഷാഫി അടക്കമുള്ള രണ്ടാം തലമുറ ഫുട്ബോള്‍ രംഗം കയ്യടക്കിയിരുന്നു.  പ്രൊഫഷണലായി മോങ്ങത്തെ ഫുട്ബോള്‍ മെച്ചപെട്ടതും ഒരു ടീം എന്ന നിലക്ക് മോങ്ങം പല നാടുകളിലും അറിയപെട്ടതും അക്കാലഘട്ടങ്ങളിലാണ്. ആലുങ്ങപൊറ്റയിലും, അറവങ്കര, മൊറയൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മോങ്ങം ടീം നല്ലടീമായി വിജയം കൊയ്തെടുത്തത് 80 മുതല്‍ 90 വരെയുള്ള കാലത്തായിരുന്നു. പല വിജയങ്ങളും നാടിന് നേടിത്തരുന്നതില്‍ നമ്മുടെ നാട്ടുക്കാരായ കളിക്കാരുടെ ആത്മാര്‍ത്ഥ ശ്രമം പ്രതേകം എടുത്ത് പറയേണ്ടതാണ്. മോങ്ങവും തൊട്ടടുത്ത പ്രദേശമായ വള്ളുവമ്പ്രവും തമ്മില്‍ ഉടലെടുത്ത അല്ലറ ചില്ലറ അസ്വാരസ്യങ്ങള്‍ക്കും ഫുട്ബോള്‍ മത്സരമാണ് പ്രധാന കാരണം. പലയിടത്തും മോങ്ങത്തിന്റെയും വള്ളുവമ്പ്രത്തിന്റെയും കളി നടക്കുമ്പോള്‍ ലോറികളിലും മറ്റു നിരവധി വാഹനങ്ങളിലും എത്തുന്ന കാണികള്‍ ഗ്രൌണ്ട് നിറഞ്ഞ് നില്‍ക്കുന്നത് അക്കാലത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു.
  ഫോട്ടോ: കെ.ഷാജഹാന്‍
നാളെ:- മുണ്ടണ്ടണ്ണ്യാളേ.... ആലുവ ലക്കിസ്റ്റാറാ.... 

തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍: യാത്രയായത് പ്രയാസപെടുന്നവരുടെ അത്താണി

        മോങ്ങം:  വിവിധ പ്രശ്നങ്ങളാല്‍ പ്രയാസപെടുന്നവരുടെ ആശ്രയവും അത്താണിയുമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍.  ആധികളും വ്യാധികളും പ്രശ്‌നങ്ങളും ഇറക്കിവെക്കാനും പരിഹാരമായി മുഹമ്മദ് മുസ്ലിയാരെ ഒന്നു കാണാനും ഒരു ആശ്വാസ വചനം കിട്ടാനുമായി കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും  ദിനേനെ നൂറുകണക്കിന് ആളുകളായിരുന്നു ജാതി മത ഭേതമില്ലാതെ  ദിനേനെ തൃപനച്ചി പാലക്കാട് ആനപ്പാലം എന്ന സ്ഥലത്തെത്തിയിരുന്നത്. പ്രഭാതം മുതല്‍  എത്തുന്ന ജനങ്ങള്‍ ഉസ്താദിനെ കാത്ത് മസ്ജിദു ലിവാഇന്റെ പരിസരത്ത് നിലയുറപ്പിക്കുന്ന കാഴ്ച്ച അത് വഴി കടന്ന് പോകുന്നവരുടെ സ്ഥിരം കാഴ്ച്ചയായിരുന്നു. ചിലപ്പോഴൊന്നും പള്ളിയില്‍ നിന്നും പുറത്തിറങ്ങാതെ നില്‍ക്കുന്ന ഉസ്താദിനെ കാത്ത് മണിക്കൂറുകളോളം കാത്ത് നിന്നാലും കണാന്‍ കഴിയാതെ മടങ്ങേണ്ടിയും വന്നേക്കം. കണ്ടാലും പറയുന്ന എല്ലാ ആവലാതിക്കൊന്നും ചിലപ്പോള്‍ മറുപടി കിട്ടികൊള്ളണമെന്നില്ല താനും.        അനുകൂലമായി വല്ല പ്രതികരണം കിട്ടിയാല്‍ അത് മതി അവിടെ ആശ്രയം തേടിയെത്തിയവര്‍ക്ക് ആശ്വാസമേകാന്‍ .
      മുഹമ്മദ് മുസ്ലിയാര്‍ ചെറുപ്പം തൊട്ടേ മോങ്ങവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വെക്തിയായിരുന്നു. ഞങ്ങള്‍ ദര്‍സില്‍ മോങ്ങം പഴയ പള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു മുഹമ്മദ് മുസ്ലിയാരെന്ന് പ്രമുഖ പണ്ഡിതന്‍ വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. ആ കാലഘട്ടങ്ങളിലെ നാട്ടിലെ കാരണവര്‍മാരുമായും പണ്ഡിതന്മാരുമായും നല്ലൊരു ബന്ധമായിരുന്നു മുഹമ്മദ് മുസ്ലിയാര്‍ക്ക്. മുഹമ്മദ് മുസ്ലിയാരുടെ ഒരു ആശ്വാസ വാക്ക് കൊണ്ട് മനം നിറഞ്ഞ പതിനായിരങ്ങള്‍ ജനാസ ഒരു നോക്ക് കാണാനും മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുക്കാനും കൊടിമരത്തിങ്ങലേക്ക് ഒഴുകിയത് ആ മഹാനുഭാനോടുള്ള ആദരവിന്റെ പ്രകടമായ തെളിവായിരുന്നു. 
         എല്ലാ വിഭാഗം ജനങ്ങളുടെയും ആധരവ് പിടിച്ച് പറ്റിയ അദ്ധേഹത്തിന്റെ സ്വന്തക്കാരെന്ന് നടിച്ച് ചില വ്യവസായ താല്പര്യമുള്ള വെക്തികള്‍ ആ പേരിനെ ദുരുപയോഗം ചെയ്തതുമായി ബന്ധപെട്ട് ചില വിമര്‍ശനങ്ങള്‍ ഇടക്കാലത്ത് ഉണ്ടായതൊഴിച്ചാല്‍ പൊതുവെ വിമര്‍ശനാതീധനായി ഭൌതിക താല്പര്യങ്ങളില്ലാതെ ജീവിച്ച ഒരു സൂഫി വര്യനായിരുന്നു  മുഹമ്മദ് മുസ്ലിയാര്‍.  
      ജന നേതാക്കളും സാധാരണക്കാരും പണ്ഡിതരും പാമരരും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ഏതാണ്ട് മുപ്പത് തവണയായിട്ടാണ് മയ്യിത്ത് നിസ്കാരം പൂര്‍ത്തീകരിച്ചത് എന്നത് തന്നെ അവിടെ ഒത്ത് ചേര്‍ന്ന ജന സാഗരത്തിന്റെ കണക്ക് വിളിച്ചോതുന്നു. രണ്ട് യാസീന്‍ സൂറത്ത് ഓതിയതിന് ശേഷം ഒരു നിസ്കാരം എന്ന കണക്കില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച നിസ്ക്കാരം വൈകുന്നേരം മൂന്ന് മണി വരെ നീണ്ട് നിന്നു. 

മോങ്ങത്തിന്റെ വാഹന പുരാണം


             വണ്ടിക്കച്ചവടത്തിന്റെ പ്രതാപം മോങ്ങത്തുകാര്‍ക്ക്‌ ഇന്ന്‌ ഒരോര്‍മ മാത്രമാണ്‌. പക്ഷേ പുറം നാട്ടുകാര്‍ ഇന്നും മോങ്ങത്തെ ഓര്‍മിക്കുന്നത്‌ പഴയ കാല പ്രതാപത്തിന്റെ പേരിലാണെന്നു മാത്രം. ഒരിക്കല്‍ ഇന്ത്യയിലേറ്റവും കൂടുതല്‍ മഹീന്ദ്ര ജീപ്പുകള്‍ വിറ്റഴിഞ്ഞ സ്ഥലം ഇവിടെയാണെന്ന്‌ മോങ്ങം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ പറഞ്ഞാലും ബോധ്യപ്പെടാത്ത സത്യമായി അവശേഷിക്കുന്നു. മലപ്പുറത്ത്‌ നിന്നും 14 കിലോമീറ്റര്‍ അകലെ കിടക്കുന്ന മോങ്ങം ഒരു പഞ്ചായത്ത്‌ ആസ്ഥാനം പോലുമല്ല. മൊറയൂര്‍ പഞ്ചായത്തിലെ അഞ്ച്‌ ,ആറ്‌ വാര്‍ഡുകളിലായി കിടക്കുന്ന ഈ കൊച്ചുസ്ഥലത്തിന്റെ വാഹന പുരാണം ഇന്ന്‌ പ്രസിദ്ധമാണ്‌. എണ്ണമറ്റ വാഹനങ്ങള്‍ ഓടിമറയുമ്പോയും മോങ്ങത്തെ റോഡിനിരുവശവും പാടങ്ങളില്‍ ഇന്നും പച്ചക്കറി വിളയുന്നു. 
     വില്‍പന നികുതിയിലെ വിത്യാസം മുന്നില്‍ കണ്ടാണ്‌ മോങ്ങത്തെ ചിലര്‍ ജീപ്പ്‌ കച്ചവടത്തിനു തുടക്കമിട്ടത്‌. ജില്ലയില്‍ ഗള്‍ഫ്‌ പണം ഒഴുകിയെത്തിയ കാലത്ത്‌ പണവുമായി കാത്ത്‌ നിന്ന്‌ വലിയിരു വിഭാഗം ജനങ്ങള്‍ക്ക്‌ ബുക്ക്‌ ചെയ്താലും വാഹങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.ഇന്നത്തെ പോലെ നാടിന്റെ എല്ലാ സ്ഥലത്തും വാഹന കമ്പനിക്കാര്‍ക്ക്‌ ഡീലര്‍മാരുമില്ല. അത്തരകാര്‍ക്ക്‌ ബോംബെയില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും വാഹനം എത്തിച്ച്‌ കൊടുത്താല്‍ വേണ്ടത്ര കമ്മീഷന്‍ കിട്ടുമെന്നായതോടെ ഡീലര്‍മാരുടെ എണ്ണം കൂടി.        
          മോങ്ങം ജീപ്പ്‌ കച്ചവടം വേര്‌ പിടിക്കുന്നത്‌ 1970 കളുടെ തുടക്കത്തിലാണ്‌. അടുത്ത പത്ത്‌ വര്‍ഷം കൊണ്ട്‌ ഈ രംഗത്ത്‌ വലിയൊരു തള്ളിക്കയറ്റം തന്നെയുണ്ടയി.. ലാഭകരമായ ബിസിനസിലേക്ക്‌ കൂടുതല്‍ പേര്‍ ഓടിയെത്തുന്ന മലപ്പുറം ശൈലി മോങ്ങത്തും പ്രകടമായെന്ന്‌ നാട്ടുകാര്‍ ഇതേ പറ്റി പറയുന്നത്‌. എണ്‍പതുകളായിരുന്നു വണ്ടിക്കച്ചവടം കത്തിനിന്ന കാലം. മലപ്പൂറം ജില്ലയില്‍ നിന്നു മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നു പോലും ജീപ്പു വാങ്ങാന്‍ ആളുകള്‍ മോങ്ങത്തെത്തി. കുരുമുളകില്‍ നിന്നുള്ള വരുമാനം കണക്കറ്റതായപ്പോള്‍ വാഹനം വാങ്ങല്‍ വയനാട്ടുകാരുടെ സ്ഥിരം ശൈലി ആയിരുന്നു. ഒരിക്കല്‍ പണവുമായി വന്നപ്പോള്‍ ഡീലറെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ സിനിമാ തീയേറ്ററിലാണെന്നറിഞ്ഞു. നേരെ തീയേറ്ററില്‍ ചെന്ന്‌ ഡീലറെ പൊക്കി.പിന്നീട്‌ വാഹനവുമായാണ്‌ വയനാട്ടുകാരന്‍ മടങ്ങിയതത്രെ. ബോംബെയില്‍ നിന്നും കൊണ്ട്‌ വരുന്ന വാഹനങ്ങള്‍ ഒന്നു വൃത്തിയാക്കാന്‍ പോലും സമയം കിട്ടാറില്ല. അതിനകം ആവശ്യക്കാര്‍ സ്ഥലം കാലിയാക്കിയിരിക്കും.
        വര്‍ദ്ധിച്ചു വരുന്ന കച്ചവടം മനസ്സിലാക്കി മഹീന്ദ്രജീപ്പുകള്‍ക്ക്‌ ജില്ലയില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ ഔദ്യോഗിക ഡീലര്‍ എത്തിയതോടെയാണ്‌ മോങ്ങത്തെ ബിസിനസിനു നേരിയ തിരിച്ചടി ഏല്‍ക്കുന്നത്‌. മുപ്പത്‌ കൊല്ലം കൊണ്ട്‌ ഈ രംഗത്ത്‌ ചുവടുറപ്പിച്ചവര്‍ ആയിരക്കണക്കിലേറെ വരും. ബിസിനസ്‌ തണുത്തെങ്കിലും ഏതെങ്കിലുമൊരു രീതിയില്‍ അവരൊക്കെ ഇന്നും ഈ രംഗത്ത്‌ പിടിച്ചു നില്‍ക്കുന്നു. പണ്ട്‌ ദിവസവും പത്ത്‌ കാറെങ്കിലും വിലപന നടതിയിരുന്ന മോങ്ങത്ത്‌ നിന്നും ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ഒരു കാര്‍ പോലും വില്‍പന നടക്കുന്നില്ലെന്നാണ്‌ ഡീലര്‍മാര്‍ പറയുന്നത്.എങ്കിലും ഇന്ത്യയില്‍ എവിടെയെങ്കിലും പുതിയൊരു മോഡല്‍ കാറോ ജീപ്പോ മാര്‍കറ്റിലിറങ്ങുന്നുണ്ടെങ്കില്‍ അതിലൊന്ന്‌ ഇന്നുമാദ്യം മോങ്ങത്തെ നിരത്തിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. 
      മലയാള മനോരമ സ്പെഷ്യല്‍ സപ്ലിമന്റ്‌ (മലപ്പുറം പെരുമ) യില്‍ വന്ന (2000
ഒക്ടോബര്‍ 6) എന്‍.വി കൃഷ്ണദാസ്‌ എഴുതിയ ലേഖനം. 

രോഗം വിതക്കുന്ന മദ്യം (ഭാഗം-3): ഇബ്രാഹിം സഖാഫി കോട്ടൂര്‍

     ശരീരത്തില്‍ നിരവധി ധര്‍മങ്ങള്‍ നടത്തുന്ന ലിവറാണ് മദ്യം പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ആന്തരികാവയവം. ശരീരത്തിലെ വിഷ നിവാരണിയായ കരളിലൂടെ ഒരു മിനുട്ടില്‍ ഒന്നേക്കാല്‍ ലിറ്റര്‍ രക്തമാണ് പ്രവഹിക്കുന്നത്. ശരീരത്തിന് ആവശ്യമായ ദഹന സ്രവങ്ങളും, പിത്തരസവും ഉല്‍‌പാദിപ്പിക്കുന്നത് ഈ അവയവമാണ്. ശരീരത്തിനാവശ്യമായ കൊളസ്ട്രോള്‍ ഉല്‍‌പാദിപ്പിക്കുന്നതും കരള്‍ തന്നെ. രക്തത്തിലെ ഗ്ലൂകോസ് നില തുലനം ചെയ്യുന്നതും, കൂടുതലായി ഉണ്ടാകുന്ന ഗ്ലൂകോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി മാറ്റുന്നതുമെല്ലാം ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധിയായ കരളാണ്. ഇങ്ങനെ സുപ്രധാന ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഈ വിഷ്ടാവയവത്തെ ലഹരി കൊണ്ട് നശിപ്പിക്കുന്നത് എത്ര വലിയ ക്രൂരതയാണ്...? ഒരാള്‍ സ്വതത്തോട് ചെയ്യുന്ന ക്രൂരത, കരളിന്, സിറോസിസ്, ഫാറ്റിലിവര്‍, ആള്‍ക്കഹോളിക് എപ്പറ്റെസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മധ്യത്തിലൂടെ ഉണ്ടാകാമെന്ന് വൈദ്യശാസ്ത്രം വിലയിത്തുന്നു. ന്യൂമോണിയ, ക്ഷയം, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങി നിരവധിയാണ് മദ്യത്തിന്റെ സംഭാവന. ആന്തരികവും ബാഹ്യവുമായ ശരീര ഘടനയെ താളം തെറ്റിക്കുകയും മനുഷ്യന്റെ തിരിച്ചറിവെന്ന പ്രത്യേകതയെ നശിപ്പിക്കുകയും ചെയ്യുന്ന മദ്യം സാമാന്യ ബുദ്ധിയുള്ളവന് ഉപയോഗിക്കാനാകുമോ..?  
         “മദ്യം ഔഷധമല്ല രോഗമാണ്” എന്ന പ്രവാചക തിരുവചനത്തിന്റെ ചുരുളഴിക്കുകയല്ലേ ആധുനിക വൈദ്യശാസ്ത്രം ചെയ്തിട്ടുള്ളത്. മത തത്വശാസ്ത്രം മുതല്‍ ആധുനിക വൈദ്യ ശാസ്ത്രം വരെ ഒരു പോലെ വിളിച്ച് പറയുന്നു “മദ്യം വിഷമാണ്” എന്ന്. ഇനിയും കണ്ണ് തുറന്നില്ലങ്കില്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും.... തീര്‍ച്ച. 
         പരലോക വിശ്വാസിയുടെ കാഴ്ച്ചപ്പാടില്‍  മദ്യം വിതക്കുന്ന വിപത്തുകള്‍ ഇതില്‍ അവസാനിക്കുന്നില്ല. മദ്യപാനിക്ക് നരകമാണ് നാളേക്ക് ഒരുക്കിയിരിക്കുന്നത്. അവിടെ അവന് ലഭിക്കുന്ന ഒരു പാനീയമുണ്ട്. അത് നബി (സ) പരിചയപെടുത്തിയതാണ് ഏറ്റവും മലിനമായ പാനീയം. നരകവാസികളുടെ ശരീരം വെന്ത് അതില്‍ നിന്നൊലിക്കുന്ന ചീഞ്ചലമാണത്. നരകത്തില്‍ അത്രയും മലിനമായത് മോന്തണമെന്നുണ്ടോ...?   എങ്കില്‍ ഇവിടെ മദ്യപാനി ആയാല്‍ മതി. 
         ഇനി സ്വ മനസാക്ഷിയോട് ചോദിക്കൂ എന്താണ് മദ്യത്തിലൂടെ നിനക്കും ലഭിക്കാന്‍ പോകുന്നത്, ഭൌതികമായും പാരത്രികമായും ദുരിതങ്ങള്‍ മാത്രം. ഇനിയും വേണോ പ്രിയ സുഹൃത്തേ ഈ വിഷകുപ്പി നമുക്ക്...?
(അവസാനിച്ചു)

രോഗം വിതക്കുന്ന മദ്യം (ഭാഗം-2): ഇബ്രാഹിം സഖാഫി കോട്ടൂര്‍

          നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉല്‍‌പാദിപ്പിക്കുന്ന പട്ട ചാരായം മുതല്‍ വിദേശ നിര്‍മ്മിത ലഹരി ഉല്‍പ്പന്നങ്ങളും, ഹെറോയിന്‍ , കൊക്കെയിന്‍ , ഹശീശ്, തുടങ്ങിയ വിവിധ മയക്ക് മരുന്നുകളും ആധുനിക സമൂഹത്തെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയാണ്. മനുഷ്യ ശരീരത്തിലെ മര്‍മ്മ പ്രധാന ഭാഗമായ തലച്ചോറിനെ മന്ദീഭവിപ്പിക്കലാണ് ലഹരിയുടെ പ്രധാന ധര്‍മ്മം. 100 മില്ല്യണ്‍ നാഡീ കോശങ്ങളുടെ സങ്കേതമായ ബ്രൈയിന്‍ മനുഷ്യ ശരീരത്തിലെ അത്യത്ഭുതമാണ്.  വിവേചിക്കാനും, ചിന്തിക്കാനും, തീരുമാനമെടുക്കാനും, നമ്മെ സഹായിക്കുന്നത് മൂന്ന് പാര്‍ട്സുകളുള്ള തലച്ചോറിലെ ഏറ്റവും വലുതും മുകള്‍ ഭാഗവുമായ “സെറിബ്രല്‍ കോര്‍ടെക്സ്” ആണെത്രെ. സുഷംനാ നാഡി വഴി നമ്മുടെ ശരീര ഭാഗങ്ങളെ തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സൃഷ്ടിദാതാവ്. മില്യന്‍ കണക്കിന് വരുന്ന നാഡീ കോശങ്ങളുടെ സിഗ്‌നല്‍ കൈമാറ്റത്തിലൂടെയാണ് കാലില്‍ സംഭവിച്ച് മുറിവിനെ കുറിച്ച് തലച്ചോറ് നമ്മെ അറിയിക്കുന്നത്. ഈ സിഗ്‌നല്‍ കൈമാറ്റ പക്രിയ ഇല്ലായിരുന്നുവെങ്കില്‍ വിസര്‍ജ്ജനം പോലും നാം അറിയാതെ നടക്കുമായിരുന്നു. തലയോട്ടിക്കുള്ളില്‍ ഒരു പ്രതേക ദ്രാവകത്തില്‍ വളരെ ഭദ്രമായി അല്ലാഹു സംവിധാനിച്ച തലച്ചോറിന്റെ ഈ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളുടെ മന്ദീഭവിപ്പിക്കുന്ന ലഹരി ഉപഭോഗം മാപ്പര്‍ഹിക്കുന്നതാണോ..?
      ബ്രയിനിലെ നാഡീ കോശങ്ങളെ ബാധിക്കുന്നതിനാലാണ് കുടിയന് വിവേകം നഷ്ടപെടുന്നത്. മൃഗത്തെക്കാള്‍ അധ:പതിച്ച രീതിയിലേക്ക് തരം താഴുന്നത്. ശത്രുവിനെയും, മിത്രത്തെയും, ഭാര്യയെയും, ഉമ്മയെയും തിരിച്ചറിയാതെ കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും തിരികൊളുത്തുന്നത്. മദ്യത്തെ അല്ലാഹു കര്‍ശനമായി വിരോധിച്ചത് വെറുതെയല്ല എന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാകേണ്ടത്.
    ആന്തരികാവയവങ്ങളില്‍ സുപ്രധാനമായ മറ്റൊന്നാണ് ഹൃദയം. തലച്ചോറ് പോലെ തന്നെ വളരെ സുഭദ്രമായ രീതിയില്‍ സൃഷ്‌ടാവ് ഹൃദയത്തെ സംവിധാനിച്ചിട്ടുള്ളത്. വാരിയെല്ലുകള്‍ക്കും നെഞ്ചെല്ലിനും മദ്ധ്യേയാണ് അതിന്റെ സ്ഥാനം. ശരീരിരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുകയാണ് ഹാര്‍ട്ടിന്റെ പ്രധാന ധര്‍മ്മം. ഒരു മിനുട്ടിനുള്ളില്‍ അഞ്ച് ലിറ്റര്‍ രക്തമാണ് ഹൃദയം പമ്പ് ചെയ്യുന്നത്. ശരാശരി ഒരു ദിവസം 9800 മുതല്‍ 12600 ലിറ്റര്‍ വരെ  (നമ്മുടെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ ഏതാണ്ട് പത്ത് മുതല്‍ പന്ത്രണ്ട് ഇരട്ടിയോളം)   രക്തം തുടര്‍ച്ചയായി ഈ പം‌മ്പിങ്ങ് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഭാരിച്ച ജോലി ചെയ്യുന്ന ഹൃദയത്തിന്റെ തൂക്കമാവട്ടെ 250-300 ഗ്രാം മാത്രം. മദ്യ ഉപഭോഗം ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു എന്ന് മാത്രമല്ല ഒരു വേള അതിന്റെ പ്രവര്‍ത്തനം തന്നെ നിലക്കാന്‍ വരെ അത് കാരണമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
  രക്ത ശുദ്ധീകരണ പ്രക്രിയ നടത്തികൊണ്ടിരിക്കുന്ന വൃക്കകളേയും ലഹരി ഉപയോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്. രക്തത്തെ അരിച്ച് പെറുക്കി മാലിന്യം പുറത്തേക്ക് തള്ളാനായി ഓരോ വൃക്കയിലും 10 ലക്ഷം വീതം  നെഫ്രോണുകളാണ് സൃഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്. നൈമിഷിക സുഖത്തിന് വേണ്ടി ഈ സൃഷ്ടി സംവിധാനങ്ങളെ അട്ടിമറിക്കുന്നത് ഒരു തരത്തിലും ന്യായമല്ല.
     (തുടരും)
        
      

രോഗം വിതക്കുന്ന മദ്യം (ഭാഗം-1): ഇബ്രാഹിം സഖാഫി കോട്ടൂര്‍

        വര്‍ത്തമാന കാലം വിവിധ ലഹരികളുടെ പിടിയിലമരുകയാണ്. സ്വബോധം നഷ്ടപെട്ട് അലക്ഷ്യമായി ജീവിക്കാന്‍ നമുക്ക് ചോദന ലഭിക്കുന്നത് ലഹരികളില്‍കൂടിയാണ്. സ്പോര്‍ട്സും പാട്ടും വിനോദവും പലരുടെയും മസ്തിഷ്‌കത്തെ അവരറിയാതെ കൊന്ന് കൊണ്ടിരിക്കുന്നു. മദ്യവും മയക്ക് മരുന്നും കൊലപാതകിയാണെന്നറിഞ്ഞു മനുഷ്യന്‍ ഉപയോഗിക്കുന്നത് നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരുന്നു. പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നവര്‍ സ്വതത്തോടൊപ്പം സമൂഹത്തെയും നശിപ്പിക്കുയാണ്.  
       2015 ആകുമ്പോള്‍ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഉള്ളതിന്റെ മൂന്നിരട്ടി ലഹരി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് കണക്ക്. പൊതു ഖജനാവിലേക്ക് വിദേശ മദ്യമൊഴുക്കുന്ന പരകോടികളുടെ എക്കൌണ്ട് മദ്യമുക്ത രാജ്യമെന്ന ഭരണഘടനാ വാഗ്ദാനത്തെ വെറും സ്വപ്നമായി അവശേഷിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവമായ മനുഷ്യ സമ്പത്തിനെ എല്ലാ അര്‍ത്ഥത്തിലും ഗ്രസിക്കുന്ന ഈ വിപത്ത് മാത്രം അധികൃതരുടെ കണ്ണ് തുറക്കുമോ എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നിയമത്തിന്റെ ശക്തികൊണ്ട് സമൂഹത്തെ ഈ ശുദ്ധവിഷത്തില്‍ നിന്ന് രക്ഷിക്കാനാവില്ല എന്ന് ചുരുക്കം. 
        ഓരോ വ്യക്തിയുടെയും ജീവനും ആരോഗ്യവും വളരെ വിലപ്പെട്ടതാണ്. നാം ചോദിക്കാതെ തന്നെ സൃഷ്ടാവായ അള്ളാഹു നല്‍കിയ അനുഗ്രഹമാണല്ലോ അത്. നമ്മുടെ ആരോഗ്യത്തിനും രക്ഷക്കും അനുസൃതമായ നിയമങ്ങളാണ് സൃഷ്ടാവ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു വാഹനത്തിന്റെ നിര്‍മാതാവ് അതില്‍ ഒഴിക്കേണ്ട ഇന്ധനം നിര്‍ണയിക്കുന്നത് പോലെ മനുഷ്യന് ഭുജിക്കാന്‍ തരപ്പെട്ടത് സൃഷ്ടാവും വിവരിച്ചിരിക്കുന്നു. നിര്‍മാതാവ് അനുവതിച്ചതല്ലാത്ത ഇന്ധനം വാഹനത്തിലൊഴിച്ചാല്‍ അതിന്റെ എഞ്ചിന്‍ തകരാറിലാകുന്നത് പോലെ സൃഷ്ടി ദാതാവിന്റെ നിഷ്‌കര്‍ശങ്ങളെ മറി കടക്കുമ്പോള്‍ ശരീരത്തിന്റെ പാര്‍ട്സുകള്‍ക്ക് തകരാറ് സംഭവിക്കുന്നത് സ്വാഭാവികം.  
          മദ്യം പൈശാചികമാണ് അതിനെ വെടിയണമെന്ന് വിശുദ്ധ ഖുര്‍‌ആന്‍ ഉദ്ബോധിപ്പിക്കുന്നു. ലഹരി രോഗ ശമനിയല്ല രോഗമാണ് എന്ന് പ്രവാചകരും (സ) പഠിപ്പിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പഠനം ഈ തിരുവചനമുള്‍ക്കൊള്ളുന്ന സമഗ്രാശയത്തിന്റെ ചുരുളഴിയുകയാണ്. മദ്യം രോഗമാണ് എന്ന് പറഞ്ഞാല്‍ അതൊരു കേവലമായ രോഗ കാരണമല്ല. പ്രത്യുത മനുഷ്യ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ ഘടനകളെയും തകരാറിലാക്കാന്‍ മാത്രം വില്ലനാണ് ലഹരി. 
(തുടരും)
        

വേണം നമുക്കും ഈ ആര്‍ജ്ജവം : കെ ഉസ്മാന്‍

          മോങ്ങം ചരിത്ര പ്രധാനമായ ഒരു ദൌത്യത്തിന്റെ കര്‍മ്മ പാതയിലാണിപ്പോള്‍, ഈ ശ്രമം ലക്ഷ്യം കണ്ടാല്‍ നമ്മള്‍ നമ്മുടെ ഈ തലമുറയും വരാനിക്കുന്ന തലമുറകളും നാടിന്റെ ഈ പൊതു കൂട്ടായ്മയെ എന്നും നന്ദിയോടെ സ്മരിക്കുകയും മറ്റുള്ള നാടുകള്‍ക്കും നാട്ടുകാര്‍ക്കും നമ്മുടെ മോങ്ങം ഒരു മാതൃകയുമാകും എന്ന കാര്യത്തില്‍ സംശയമില്ല. അത്രയും ഭയാനകമായ രിതിയിലാണ് ലഹരിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്നത് നമ്മുടെ ഈ കൊച്ചു പ്രദേശം. പ്രാദേശിക കൂട്ടായ്മകളും ജാഗ്രതാ സിമതികളും കര്‍മ്മ മണ്ഡലത്തില്‍ സജീവമാകുന്നതോടൊപ്പം തന്നെ പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത് കര്‍ശനമായ നിയമ നടപടികള്‍ കൂടി സ്വീകരിക്കേണ്ടത് ഈ പദ്ധതി വിജയത്തിന് അനിവാര്യമാണ്. 
   കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൂക്കോട്ടൂര്‍ പഞ്ചായത്തിലെ നാല് സ്ഥലങ്ങളില്‍ നിന്നായി പഞ്ചായത്ത് അധികൃതര്‍ പിടിച്ചെടുത്ത പാന്‍പരാഗ് അടക്കമുള്ള ലഹരി വസ്തുക്കളുടെ തൂക്കം പതിനൊന്നു കിലോയോളമാണ്. അതും വെള്ളുവമ്പ്രം , ഹാഫ് വെള്ളുവമ്പ്രം , അറവങ്കര, ന്യൂബസാര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. പഞ്ചായത്ത് നിരോധിച്ച ലഹരി വസ്തുക്കള്‍ വില്പന നടത്തിയ കടകള്‍ക്കെതിരെ മുവ്വായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഇത് ആവര്‍ത്തിച്ചാല്‍ കടയുടെ ലൈസന്‍സ് കട്ട് ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി. മാത്രമല്ല ഈ വിഷയത്തില്‍ പിടിക്കപെടുന്നവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യാന്‍ വരില്ല എന്ന് പഞ്ചായത്തിലെ ഏതാണ്ടെല്ലാ സംഘടകളില്‍ നിന്നും ഉറപ്പ് വാങ്ങാനും പൂക്കോട്ടൂര്‍ പഞ്ചായത്ത് അധികൃതര്‍ നേരത്തെ തന്നെ കഴിഞ്ഞു എന്നത് ഈ വിശയത്തില്‍ അവരുടെ തന്ത്ര പ്രധാനമായ ചുവട് വെപ്പായിരുന്നു. പഞ്ചായത്ത് അധികാരികളുടെ ഇത്തരം ധീരമായ ഈ നടപടി പ്രശംസനീയമാണ്. നമുക്കും വേണ്ടത് ഈ ആര്‍ജ്ജവമാണ്. മോങ്ങത്തെ ലഹരി മുക്ത പ്രദേശമാക്കുമ്പോള്‍ എല്ലാവരും ഇതിന്നു വേണ്ടി പ്രയത്നിച്ചാല്‍ മത്രമെ അത് ലക്ഷ്യം കാണുകയുള്ളു. 
         നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെന്നുള്ള കാര്യം സത്യമാണ്. രഹസ്യമായി മദ്യപിക്കുന്നവരെയും പരസ്യമായി ഹാന്‍സ് വെക്കുന്നവരെയും നമുക്കിടയില്‍ നാം കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതിനെതിരെ നല്ല രീതിയിലുള്ള ഉപദേശങ്ങളും നേര്‍വഴി കാണിച്ച് കൊടുക്കുവാനും നമുക്ക്  സാധിക്കണം. കേന്‍സറിന്റെ കൂട്ടത്തില്‍ പെരുകുന്ന കാന്‍സര്‍ വായില്‍ രൂപപ്പെടുന്നതാണ്. ഹാന്‍സിന്റെ കുത്തഴിഞ്ഞ വരവാണ് ഇതിന് കാരണമാകുന്നതെന്നുള്ള  ആരോഗ്യ വകുപ്പ് നല്‍കുന്ന ഞെട്ടിപ്പിക്കുന്ന   സത്യമാണെന്നുള്ളത് നാം മനസ്സിലാക്കണം. കരളിനെ ഇല്ലയ്മ ചെയ്യുന്ന മദ്യപാനം അടക്കമുള്ള എല്ലാ ലഹരി വസ്തുക്കളും നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചു നീക്കുവാന്‍ കക്ഷി രാഷ്ട്രീയ ജാതി-മത ഭേതമന്ന്യേ എല്ലാവരും ഒന്നിക്കുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാ വിധ ആശംസകളും.  
( “എന്റെ മോങ്ങം” മോങ്ങം ബ്യൂറോ കണ്‍‌വീനറും ഈ സൈറ്റിന്റെ പ്രധാന റിപ്പോര്‍ട്ടറുമാണ് ലേഖകന കര്‍ത്താവ് )

“ലഹരി മുക്ത മോങ്ങം“ സ്വപ്നം യാഥാർത്ഥ്യമാകുമോ....?


         അങ്ങിനെ ലഹരിക്കെതിരിൽ ഒരു കൂട്ടായ്മ സൃഷ്ടിക്കാൻ നമ്മൾ മോങ്ങത്തുകാർക്ക് കഴിഞ്ഞിരിക്കുന്നു. പ്രഖ്യാപന സമ്മേളനം വൻ വിജയമായിരുന്നു. വ്യക്തമായ മാസ്റ്റർ പ്ലാനോടു കൂടി ഇനിയുള്ള കർമ്മ പരിപാടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ലഹരി ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണ്. കൂട്ടുകെട്ടിന് അതിൽ വലിയ പങ്കുണ്ട്. അത്തരം കൂട്ടുകെട്ടുകൾ നമ്മുടെ നാട്ടിൽ പല സ്ഥങ്ങളിലായി ഒത്തു കൂടൂന്നുണ്ട്. ടീനേജുകാർ ലഹരി നുണഞ്ഞു തുടങ്ങുന്നതും അതിൽ ചിലർ പിന്നീട് ലഹരി ഒഴിച്ചു കൂടാൻ പറ്റാത്തവരാകുന്നതു നാം കാണുന്നതാണ്. 
        വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുവനോ. ആരെയെങ്കിലും അനാവശ്യമായി വിമർശിക്കുവാനോ,  ഏതെങ്കിലും സാഹചര്യത്തെ  പർവ്വതീകരിച്ച് അനാവശ്യ ഫലങ്ങൾ സൃഷ്ടിക്കുവാനോ ഉള്ളതല്ല ലഹരി വിരുദ്ധ കൂട്ടായ്മ. വളർന്നു വരുന്ന തലമുറ മാന്യതയുടെ പ്രതീകമായി ലഹരി ഉപയോഗത്തെ കണ്ടു കൊണ്ടിരിക്കൂന്നു. സമൂഹത്തിൽ അത്യാവശ്യം മാന്യന്മാരായാൽ പോലും സുഹൃത്തിന്റെ കയ്യിൽ നിന്നോ സ്വന്തം പോക്കറ്റിൽ നിന്നോ ലഹരിപ്പൊതികൾ എടുത്ത് പരസ്യമായി ഉപയോഗിക്കുമ്പോൾ കേവലം ഒരു മിഠായി നുണയുന്ന ലാഘവത്തോടെ അതിനെ നിസാര വൽക്കരിക്കപ്പെടുന്നു. ചെറിയ ഒരു മറയോടു കൂടിയെങ്കിലും മദ്യക്കുപ്പികൾ പരസ്പരം കൈമാറുന്നു. ഒരുകാലത്ത് പുകവലി സ്റ്റാറ്റസിന്റെ പ്രതീകമായിരുന്നു പലർക്കും. കല്ല്യാണ സദസ്സുകളിൽ സിഗററ്റ് അനിവാര്യ ഘടകമായിരുന്നു. അങ്ങിനെ പുകവലി ശീലിച്ചവർ എത്രയോ പേർ നമുക്ക് മുന്നിലുണ്ട്. ഇന്നു പുകവലി വെറുകപ്പെട്ട ഒരു സ്വഭാവമായി എല്ലാവരും മനസ്സിലാക്കുന്നു. തല്‍ സ്ഥാനത്തേക്ക് ലഹരി വസ്‌ഥുക്കൾ കടന്നു വരുന്നു. 
     പ്രായോഗികമായ ബോധവൽക്കരണത്തോടെ ഒരു പ്രദേശത്തിന്റെ കൂട്ടായ്മയിലൂടെ ലഹരി ഉപയോഗം ഒരു വെറുക്കപ്പെട്ട സംഗതിയാണെന്നുള്ളത് സമൂഹത്തെ മനസ്സിലാക്കുകയും അതിനോട് ഒരു അകൽച്ചയുണ്ടാക്കുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ലഹരി വസ്‌ഥുക്കൾ നമ്മുടെ നാട്ടിൽ പണം കൊടുത്തോ അല്ലാതെയോ കിട്ടാത്ത അവസ്ഥയിലേക്ക് നാടിനെ എത്തിക്കുക. ധാരാളം അന്യദേശക്കാർ താമസിക്കുന്ന നമ്മുടെ നാട്ടിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നാട്ടുകാരെയും അല്ല്ലാത്തവരെയും കുറ്റ വിചാരണ ചെയ്യുക എന്നത് ഈ കൂട്ടായമയുടെ ലക്ഷ്യമല്ല. ക്രിയാത്മകമായ തുടർ പ്രവർത്തനങ്ങളിലൂടെ ഫലവത്തായ ബോധവൽക്കരണത്തിലൂടെ കൂട്ടായ്മ മുന്നോട്ട് പോകുമ്പോൾ അനാവശ്യ ശൂരത്തം പോരടിപ്പിക്കുന്നവരെ മാറ്റി നിർത്തുവാൻ ശ്രദ്ധിക്കുക. കാള പെറ്റന്നു കേൾക്കുമ്പോഴേക്ക് കയറെടുക്കുന്നവരുണ്ടാകാം.
        ഈ നാട് ലഹരി മുക്തമാണ് ഇവിടെ ഇതു നടക്കില്ല എന്ന ഓരോ മോങ്ങത്തുകാരനും പറയുന്ന അവസ്ഥയിലേക്ക് എത്തുകയെന്നതാണ് നമ്മുടെ സ്വപ്നം. ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തനം നല്ല രീതിയിൽ തുടരുകയാണെങ്കിൽ തീർച്ചയായും അതിനു സാധിക്കും. സംഘടനാ മതിലുകൾ മറന്നു ഒരു നമയുടെ പക്ഷം ചേരാൻ നമ്മൾ മോങ്ങത്തുകാർ കാണിക്കുന്ന ആവേശം തീർച്ചയായും അഭിമാനിക്കാൻ വക നൽകുന്നു.  

മദ്യം തിന്മകളുടെ മാതാവ്:(ഭാഗം 2) പി.പി.മുഹമ്മദ് കുട്ടി മദനി

          നബി(സ) വീണ്ടും പറയുന്നു: “മദ്യം സേവിക്കുന്നത് വൻ പാപങ്ങളിൽ പെട്ടതാകുന്നു. മദ്യം സേവിക്കുന്നവൻ നമസ്കാരം ഉപേക്ഷിക്കും, മാതാപിതാക്കളെയും അടുത്ത ബന്ധമുള്ള കുടുംബാംഗങ്ങളെയും തിരിച്ചറിയുകയില്ല“. എല്ലാം സ്വന്തം ഭാര്യമാരായി കണക്കാക്കി പ്രവർത്തിക്കും. മരുന്നിനു പോലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഒരിക്കൽ താരിഖ് ഇബ്നു സുവൈദ് നബി(സ) യോട് കള്ള് കൊണ്ട് ചികിത്സ നടത്തിക്കൂടെയെന്നുള്ള ചോദ്യത്തിന് നബി(സ) പറഞ്ഞു: “അതു മരുന്നല്ല നേരെ മറിച്ച് രോഗമാകുന്നു“. ബാർ അറ്റാച്ച്ഡ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതുവരെ സൂക്ഷിക്കണമെന്നാണല്ലോ പ്രവാചകൻ പഠിപ്പിക്കുന്നത്. “അള്ളാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ കള്ള് വിളമ്പുന്ന ടൈനിംഗ് ടേബിളിൽ ഇരിക്കരുത് (ഭക്ഷണം കഴികരുത്).
       ഒരിക്കൽ നബി(സ) 15 കാര്യങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇപ്രകാരം പറഞ്ഞു. അവ പ്രവർത്തിച്ചാൽ ലോകത്ത് പല അനിഷ്ട സംഭവങ്ങളും അപകടങ്ങളും ഉണ്ടാകും. പൊതു മുതൽ തോന്നിയ പോലെ കൈകാര്യം ചെയ്യുകയും , അമാനത്ത് (വിശ്വസിച്ചേൽപ്പിച്ച വസ്‌ഥു) സ്വന്തം സമ്പാധ്യമാക്കുകയും സക്കാത്ത് (കൊടുക്കാതെ) കടമാക്കപ്പെടുകയും മതപരമായ ലക്ഷ്യത്തിനല്ലാതെ (ഭൌതിക ലക്ഷ്യങ്ങൾക്കായി) അറിവ് നേടുകയും, പുരുഷൻ സ്ത്രീയെ അനു സരിച്ച് നടക്കുകയും, മാതാവിനെ ധിക്കരികുകയും, ചങ്ങാതിയെ അടുപ്പിക്കുകയും പിതാവിനെ അകറ്റുകയും, പള്ളികലിൽ ശബ്ദ കോലാഹലങ്ങൾ ഉയർത്തുകയും, ഗോത്രത്തിന്ന് അവരിൽ ദുശിച്ചവൻ തലവനായി വരികയും, ജനങ്ങളുടെ നേതാവ് അവരിൽ കൊള്ളരുതാത്തവനായി വരികയും, ഒരാൾ അയാളുടെ ദ്രോഹം ഭയപ്പെട്ടതിന്റെ പേരിൽ ബഹുമാനിക്കപ്പെടുകയും, നർത്തകികളും സംഗീതോപകരണങ്ങളും രംഗത്ത് വരികയും, പലതരം ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കപ്പെടുകയും, പിൻകാമികള്‍ മുൻകാമികളെ ശപിക്കപെടുകയും ചെയ്താൽ  തിർച്ചയായും തീ കാറ്റും, ഭുമി കുലുക്കവും, ഭൂമി പിളർപ്പും, രൂപ മാറ്റവും, ചരൽ മഴയും നിങ്ങൾ പ്രതീക്ഷിച്ച് കൊള്ളുക. ചരടറ്റ മാലയെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തുടരെയുള്ള പലതും സംഭവിക്കും .
       മദ്യമെന്ന ഈ തിന്മ നാട്ടിൽ നിന്നും നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മോങ്ങത്തെ എല്ലാ വിഭാഗമാളുകളും ജാതി മത കക്ഷി ഭേതമന്യെ ഒരു കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്. അതിന്റെ പ്രഖ്യാപന സമ്മേളനം ഈ നവമ്പർ 20 ന് മോങ്ങത്ത് വെച്ച് നടത്തപ്പെട്ടു. മോങ്ങത്തെ മൂന്ന് പള്ളികളിലേയും ഇമാമുമാർ ഈ വിഷയത്തെപ്പറ്റി ഉൽബോധനം നടത്തി. വിവിധ ബോധവൽക്കരണ പരിപാടികൾക്ക് ഈ സംഘടന രൂപം നൽകിയിട്ടുണ്ട്. എല്ലാവരും ഈ തിന്മകെതിരെ സഹകരിക്കുക. അള്ളാഹു വിജയിപ്പിക്കട്ടെ.... അള്ളാഹുവേ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കേണമേ....ആമീൻ.