അവഗണനയുടെ നടുവില്‍ മോങ്ങം ബസ്റ്റോപ്പ്

     മോങ്ങം: കാലവര്‍ഷവും പുതിയ അദ്ധ്യയന വര്‍ഷവും പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും മോങ്ങം അങ്ങാടിയിലെ പഞ്ചായത്ത് ബസ് വൈറ്റിങ്ങ് ഷെഡ്ഡ് ശോചനീയാവസ്ഥയില്‍ തന്നെ. പൊട്ടി പൊളിഞ്ഞ മേല്‍കൂരയും പരസ്യങ്ങള്‍ പതിച്ച് വൃത്തികേടായ ചുമരുമായി നാടിന്റെ പ്രവേശന കവാടം ആരും ശ്രദ്ധിക്കാനില്ലാത്ത പ്രേതാലയമായിരിക്കുകയാണ്. മഞ്ചേരി മലപ്പുറം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബസ് കാത്ത്നില്‍ക്കുന്ന ഈ ഷെഡ് ഒന്ന് പുനരുദ്ധരിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇത്‌വരെയും കാര്യമായ നീക്കങ്ങള്‍ ഒന്നും തന്നെയില്ല. സ്കൂള്‍ തുറക്കുന്നതോടെ ദിനേനെ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഈ ഷെഡ്ഡിനെ ആശ്രയിക്കുന്നത്. 
      ജൂണ്‍ ആദ്യ വാരത്തോടെ കാലവര്‍ഷവും സ്കൂള്‍ തുറക്കലും ഒന്നിച്ച് വരികയാണ്. രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെയുള്ള ഓഫീസ് സമയത്ത് വന്‍ തിരക്കനുഭവപെടുന്ന ഇവിടെ ഒരു മഴ പെയ്താല്‍ ബസ് കാത്ത്നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നേരത്തെ ഇതിനോട് ചാരെ ഉണ്ടായിരുന്ന പഴയ കെട്ടിടത്തില്‍ കയറി നിന്നും മറ്റും തല്‍ക്കാലം മഴയില്‍ നിന്ന് രക്ഷപെടാമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് പൊളിച്ച് പുതിയ കെട്ടിടം അല്‍പ്പം ബാക്കിലേക്ക് മാറ്റി നിര്‍മിച്ചതിനാല്‍ അതിനുള്ള സൌകര്യം ഇല്ല. പുരുഷന്‍‌മാര്‍ ഏതെങ്കിലും കടത്തിണ്ണയില്‍ കയറി തല്‍ക്കാലം മഴ കൊള്ളാതെ നില്‍ക്കാമെങ്കിലും സ്ത്രീകള്‍ക്കും സ്കൂള്‍ കോളേജ് വിദ്ധ്യാര്‍ത്ഥിനികള്‍ക്കും പെയ്തിറങ്ങുന്ന മഴ മുഴുവനും പഞ്ചായത്തിനെയും ശപിച്ച് കൊള്ളുകയല്ലാതെ മറ്റ് നിര്‍വ്വാഹമില്ല. 
    ലക്ഷങ്ങളുടെയും കോടികളുടെയും ഫണ്ട് അനുവധിച്ച് നിരവധി വികസന പദ്ധതികള്‍ക്ക് ഗ്രാമ പഞ്ചായത്തുകള്‍ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിക്കുമ്പോള്‍ ഏതാനും ആയിരങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമാണ് അധികാരികളുടെ മൂക്കിന് താഴെ പല്ലിളിച്ച് നില്‍ക്കുന്നത്.   സാധാരണ ഒരു നാട്ടില്‍ ബസ്സില്‍ വന്നിറങ്ങുവര്‍ക്ക് സ്ഥലനാമം എഴുതിയ ബോര്‍ഡാണ് ആദ്യം കാണുന്നതെങ്കില്‍ മോങ്ങത്ത് ഈ സ്റ്റോപ്പില്‍ വന്നിറങ്ങുന്ന ആള്‍ കണികാണുന്നത് തന്നെ “മൂലക്കുരുവിന്റെ” സ്വീകരണ പോസ്റ്ററാണ്. പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കും  പോസ്റ്റര്‍ പതിക്കാനുള്ള ഇടം എന്നതിനപ്പുറം ഇത് നമ്മുടെ നാടിന്റെ പടിപ്പുരയാണന്നും ഇത് വൃത്തിയായി കൊണ്ട് നടക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ആരും ഓര്‍ക്കുന്നില്ല. മുകളില്‍ ഇട്ട ഷീറ്റുകള്‍ മാറ്റി ഒരു ബോര്‍ഡും വെച്ച് ചുമരൊന്ന് വൃത്തിയായി സൂക്ഷിക്കാന്‍ പഞ്ചായത്ത് സമയോചിതമായി ഇടപെട്ട് മഴക്കാലത്തിനു മുന്‍പ് തന്നെ നടപടി എടുക്കേണ്ടത് അനിവാര്യമാണ്. ഇനി അതിനുള്ള ഫണ്ട് പഞ്ചായത്തിന്റെ “തറവാട്ടില്‍” നിന്ന് കൊണ്ട്‌വരാന്‍ പ്രയാസമാണങ്കില്‍ സ്ഥലത്തെ ഏതെങ്കിലും സ്ഥാപനത്തിനു അവരുടെ പരസ്യത്തിനായി ഉപയോഗിക്കാന്‍ ബസ്സ്റ്റോപ്പിനെ വിട്ട് കൊടുത്ത് അതിന് പകരമായി പുന:രുദ്ധാരണം അവരെ കൊണ്ട് നടത്തിച്ച് പഞ്ചായത്തിന് മാനം കാക്കാവുന്നതെയൊള്ളൂ. അതിനിടെ ഈ ബസ്സ്റ്റോപ്പ് നിലവിലെ സ്ഥലത്ത് നിന്ന് അല്‍പ്പം കൂടി കിഴക്കോട്ട് മാറ്റി സ്ഥാപിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

its Better the writer to mind his language while writing such Articles.Also the editor should review such language before publishing.The words Like "Tharavad" and Mulakkuru all are not lokoing good and keep in mind that ladies and childrens are reading this.So its always better use language which will not corss the limits of our common culture

VK Shareef Mongam (Dubai)

Post a Comment