പനപ്പടിക്കല്‍ മോഷണ ശ്രമം

സി.എ.സലാം

                           മോങ്ങം: തുടര്‍ച്ചയായ രണ്ട് ദിവങ്ങളില്‍ അടുത്തടുത്ത വീടുകളില്‍ മോഷണം നടന്ന അരിമ്പ്ര റോഡില്‍ ഇന്നലെയും മോഷണ ശ്രമം നടന്നു. പനപ്പടിക്കല്‍ ഉണ്ണീരികുന്നുമ്മല്‍ താമസിക്കുന്ന ചാലിതൊടി മുഹമ്മദ് എന്ന കുഞ്ഞിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷ്ടാവെത്തിയത്. രാത്രി പതിനൊന്നര മണിയോടെ എന്തോ ശബ്ദം കേട്ടുണര്‍ന്ന കുഞ്ഞിയുടെ ചെറിയമകന്‍ ജനവാതിലിനു സമീപമുള്ള കള്ളനെ കണ്ട് ഒച്ചവെച്ചപ്പോള്‍ ഇറങ്ങിയോടിയ കള്ളന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപെട്ടു. തടിച്ച് ശരീര പ്രകൃതിയുള്ള കള്ളന്‍ കൂനേങ്ങല്‍ റോഡിലൂടെയാണ് രക്ഷപെട്ടത്. വിവരമറിഞ്ഞ് ഓടികൂടിയ അയല്‍‌വാസികള്‍ കീരിയാടന്‍ മുഹമ്മദലി എന്ന നാണി, കുണ്ടോട്ടി ബാവ എന്നിവരുടെ നേതൃത്തത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.                                                                                                       ഒരാഴ്ച് മുന്‍പ് പാലംതൊടുവില്‍ താമസിക്കുന്ന ബങ്കാളത്ത് കുഞ്ഞുവിന്റെ വീട്ടില്‍ ജനല്‍ കമ്പി വളച്ച് അകത്ത് കയറിയും തോപ്പില്‍ ലത്തീഫിന്റെ വീട്ടില്‍ നിന്നു ജനല്‍ വഴിയും മൊബൈല്‍ ഫൊണുകള്‍ മോഷണം നടന്നിരുന്നു.അതിനിടെ വീണ്ടും കള്ളനെ കണ്ടത് പ്രദേശവാസികളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാത്രികാല നിരീക്ഷണം ശക്തമാക്കാന്‍ പ്രദേശത്തെ യുവാക്കള്‍ തീരുമാനിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment