ചെറുപുത്തൂര്‍ സ്വയം ഭക്ഷ്യ സുരക്ഷാ ഗ്രാമം

മോങ്ങം ബ്യൂറോ
        മോങ്ങം: മോങ്ങത്തെ പയറും വാഴകുലയും എത്തിയങ്കിലെ എറണാകുളത്തും കോഴിക്കോടും പച്ചക്കറി മാര്‍ക്കറ്റില്‍ വില നിശ്ചയിച്ചിക്കൂ... ഒരു പഴയ കര്‍ഷകന്റെ കല്ലില്‍ കൊത്തിയ വാക്കുകളാണിത്. എഴുപതിലെ ഗള്‍ഫ് ജ്വരം പിടി പെടുന്നതിനു മുന്‍പ് പൂര്‍ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് മാത്രം അന്നത്തിനു വക കണ്ടെത്തിയിരുന്ന മോങ്ങത്തെയും മോങ്ങം കേന്ദ്രമായുള്ള ഇന്നത്തെ മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ പഞ്ചായത്ത് ദേശം ഉള്‍പെടുന്ന ഭൂപ്രദേശങ്ങളിലെ കഠിനാദ്ധ്വാനികളായ നമ്മുടെ പൂര്‍വ്വികര്‍ പാടത്തും പറമ്പിലും വിയര്‍പ്പൊഴുക്കി നൂറു മേനി കൊയ്തെടത്തപ്പോള്‍ അതു ഒരു നാടിന്റെ യശസ്സ് അന്ന് വാനോളം ഉയരുകയായിരുന്നു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റവും വിദ്ധ്യാഭ്യാസ മുന്നേറ്റവും നമുക്കിടയിലേക്ക് കയറി വന്നതോടെ മണ്ണെന്ന ഒരു വിശ്വസ്‌ത സുഹൃത്തിനെ നമ്മള്‍ കൈവിട്ട കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്.
    മണ്ണിലിറങ്ങുന്നത് അപരിഷ്‌കൃതമായി കണക്കാക്കുന്ന പുതു തലമുറക്ക് നേരെ പുഞ്ചിരിച്ച് കൊണ്ട് പാടത്തെ ചെളിയിലേക്ക് കാലെടുത്ത് വെച്ച് മാതൃകയാവുകയാണ് ചെറുപുത്തൂരിലെ ഒരു പറ്റം യുവാക്കളിന്ന്. സ്വയം ഭക്ഷ്യ സുരക്ഷാ ആശയവുമായി കാര്‍ഷിക രംഗത്തേക്ക് ഇറങ്ങി തിരിച്ചിരിക്കുന്ന ഇവരില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, പഴയകാല കര്‍ഷകരും, മുന്‍ പ്രവാസികളും, അദ്ധ്യാപകരും, വിദ്യാര്‍ഥികളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുമുണ്ട് ഈ ജനകീയ കൂട്ടായ്മയില്‍ എന്നതാണ് ഇതിന്റെ പ്രധാന പ്രതേകത. നാട്ടുകാര്‍ സ്നേഹപൂര്‍വ്വം “പച്ചക്കറി മാഷ്” എന്ന് വിളിക്കുന്ന കോടിത്തൊടിക അബ്ദുറഹമാന്‍ മാസ്റ്റെറും ചെറുപുത്തൂരിലെ പഴയകാല കര്‍ഷക കുടുംബാഗവും ഫുട്ബോള്‍ കളിക്കാരനുമായിരുന്ന കാരാട്ട് ബാപ്പുവുമാണ് ഈസംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്.    
       കാര്‍ഷികവൃത്തിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ കൂട്ടായ്മ ഇന്ന് ചെറുപുത്തൂരിന്റെ ഒരു ആവേശമായി മാറിയിരുക്കുന്നു. പ്രദേശത്ത് കൃഷിയിറക്കാതെ തരിശായി കിടന്നിരുന്ന വയലോലകളില്‍ വാഴയും വെള്ളരിക്കയും മറ്റും കൃഷിയിറക്കിയാണ് ഇവര്‍ ചരിത്രം മാറ്റി കുറിച്ച് മുന്നോട്ട് പോവുന്നത്. ഈ കാര്‍ഷിക കൂട്ടായ്മയുടെ ഒന്നാംഘട്ട വിളവെടുപ്പ് ഇന്നലെ ചെറുപുത്തൂര്‍ വയലേലകളില്‍ ഉത്സവ സമാനം വിപുലമായി ആഘോഷിച്ചു. മുന്‍ കാലങ്ങളില്‍ മോങ്ങത്ത് നിന്ന് പച്ചക്കറി കെട്ടുകളുമായി നീങ്ങിയിരുന്ന വണ്ടികളെ ഓര്‍മ്മപ്പേടുത്തുന്ന വിധത്തിലായിരുന്നു ഇത്. പുതിയ തലമുറ പറഞ്ഞ് കേട്ടിട്ടുള്ള മോങ്ങത്തിന്റെ ആ പഴയ കാര്‍ഷികപ്പൊലിമ വിളിച്ചോതുന്നതായിരുന്നു ഈ വിളവെടുപ്പ് ആഘോഷം. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒരു മെയ്യായ് അദ്ധ്വാനിക്കുന്ന ഈ പാടങ്ങളില്‍ നൂറ് മേനി കൊയ്‌തെടുക്കുമ്പോള്‍ അഭിനന്ദിക്കപെടേണ്ട ഈ കൂട്ടായ്‌മ പുതു സമൂഹത്തിനു അനുകരിക്കപെടേണ്ട ഒരു മാതൃകയാണെന്നതില്‍ സംശയമില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment