മിസ്റ്റര്‍ സൗദിയായ മോങ്ങത്തുകാരന്‍ : ഹായിലിലെ ജിം മുസ്തഫ

     ഹായില്‍: സൗദി അറേബ്യയിലെ പ്രകൃതി രമണീയമായ ഹായില്‍ പട്ടണത്തില്‍ വിവിധ രാജ്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ഒരു മലയാളിയാണ് മോങ്ങം സ്വദേശിയായ ജിം മുസ്തഫ. ഹായിലിലെ പ്രസിദ്ധ കായിക പരിശീലന കേന്ദ്രമായ രിത്താജ് സ്പോര്‍ട്സ് ക്ലബ്ബിലെ ജിംനേഷ്യം വിഭാഗത്തിലെ ഏക പരിശീലകനായ മുസ്തഫ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മോങ്ങത്തെ പരേതനായ പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജിയുടെ മകനായ മുസ്തഫ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഹായിലിലെ ജിം പരിശീലകനായി നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവാണ്. ഹായിലിലെ സ്വദേശികള്‍ക്ക് പുറമെ ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, സുഡാന്‍ , ഈജിപ്‌ത്, സിറിയ തുടങ്ങി വിവിധ ദേശക്കാരായ മുന്നൂറോളം പേര്‍ക്ക് ഇപ്പോള്‍ ജിം പരീശിലിപ്പിക്കുന്ന മുസ്തഫാക്ക് ഒരു പതിറ്റാണ്ടിനിടയില്‍ ആയിരത്തില്‍ പരം ശിഷ്യ ഗണങ്ങളാണ് ഉള്ളത്.
     ഇപ്പോള്‍ 98 കിലോ തൂക്കമുള്ള മുപ്പത്തിയഞ്ച്കാരനായ മുസ്തഫ തന്റെ പതിനെട്ടാം വയ്സ്സ് മുതല്‍ ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഹായിലില്‍ വെച്ച് നാഷണല്‍ ലവലില്‍ നടന്ന മിസ്റ്റര്‍ സൗദി മത്സരത്തില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇതര രാജ്യക്കാരായ നാല്‍‌പ്പതില്‍ പരം ബോഡി ബില്‍ഡേഴ്സുമായി നടത്തിയ വാശിയേറിയ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മുസ്തഫ ഹായിലിന്റെ അഭിമാന താരമായി ഉയര്‍ന്നു. ആ മത്സരത്തില്‍ ദമാമില്‍ നിന്നെത്തിയ സിറിയക്കാരനും മക്കയില്‍ നിന്നെത്തിയ ഈജ്പ്ഷ്യനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. 2010 ഡിസംബര്‍ 26ന് കൊടുവള്ളിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കോഴിക്കോടായി രണ്ടാം സ്ഥാനവും, 2011 ജനുവരി 12ന് കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി  മൂന്നാം സ്ഥാനവും നേടിയ മുസ്തഫ അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകുന്നതോടെ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മോങ്ങത്തെ ക്രിക്കറ്റ് കളിക്കാരില്‍   ആദ്യ ബാച്ചില്‍  പെട്ട മുസ്തഫ മോങ്ങം ദര്‍ശന ക്ലബ്ബിന്റെ സ്പോര്‍ട്സ് കണ്‍‌വീനറായി രണ്ട് വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെറുപ്പ കാലം തൊട്ടേ പ്രാദേശിക പഞ്ചഗുസ്തി മത്സരങ്ങളുടെ സ്ഥിരം ജേതാവാണ് പുളിയക്കോടന്‍ മുസ്തഫ. 
    നടുവേദന ഇല്ലാതാക്കാന്‍ പ്രതേക വ്യായമവും തൂക്കം കുറക്കാനും ഗ്യാരണ്ടിയോട് കൂടിയ പരിശീലനവും ഇവിടെ നല്‍കിവരുന്നത് പ്രവാസി മലയാളികള്‍ക്ക് ഒട്ടേറെ ഗുണകരമാണെന്ന് മുസ്തഫ “എന്റെ മോങ്ങം” സ്യൂസ് ബോക്സിനോട് പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക മലയാളികള്‍ക്കും സ്വദേശികള്‍ക്കും സുപരിചിതനാണ് എന്നതിനാല്‍ ഹായിലുമായി ബന്ധപെട്ട എന്താവശ്യങ്ങള്‍ക്കും മോങ്ങത്തുകാരുടെ പ്രധാന അത്താണിയാണ് മുസ്തഫ. ഹായില്‍ വിസ വ്യാപകമായിരുന്ന സമയത്ത് ആളുകള്‍ക്ക് ഇഖാമ ഉണ്ടാക്കാനും പുതുക്കാനും സ്പോണ്‍സറെ കാണേണ്ട വിവിധ ആവശ്യങ്ങള്‍ക്കും അവിടെ എത്തുന്നവര്‍ക്ക് മുസ്തഫയായിരുന്നു എന്നും ആശ്രയം. വിവിധ പ്രശ്‌നങ്ങളുമായി വരുന്നവരെ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ശിഷ്യഗണങ്ങളില്‍ പെട്ട സ്വദേശികളുമായി ബന്ധപെട്ട് കഴിയുന്നത്ര പരിഹാരം കാണാന്‍ ശ്രമിക്കുന്ന മുസ്ഥഫ നിശ്ബ്ദനായ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. ഹായിലിലെ വിവിധ സര്‍ക്കാര്‍ ഉദ്ധ്യോഗ തലങ്ങളിലും മറ്റും ഉള്ള നിരവധി സ്വദേശികളുടെ ബോഡി ബില്‍ഡിങ്ങ് ഉസ്താദായ മുസ്തഫയെ സ്വദേശികള്‍ക്കിടയില്‍ “അബൂ ഷാദിന്‍ “ എന്നാണറിയപെടുന്നത്.    
   പാങ്ങോട്ട് പള്ളിയാളിക്കടുത്ത് താമസിക്കുന്ന മുസ്തഫ തന്റെ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി അടുത്ത മാസം അവസാനത്തോടെ അവധിക്ക് നാട്ടില്‍ പോകാന്‍ നില്‍ക്കുകയാണ്. മോങ്ങത്തെ ഒരു കാലഘട്ടത്തിലെ സജീവ സാനിദ്ധ്യമായിരുന്ന പിതാവ് പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജി വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മുസ്തഫാക്കന്ന് അഞ്ച് വയസ്സേ ആയിട്ടൊള്ളൂ. തന്നെയും മൂന്ന് വയ്സ്സിനു മാത്രം മൂത്ത ജേഷടന്‍ ബഷീറിനെയും മൂന്ന് സഹോദരിമാരെയും കൊണ്ട് അന്ന് പകച്ച് നിന്ന ഉമ്മ വളരെ കഷ്ടപെട്ടാണ് ജീവിതത്തിന്റെ അക്കരപറ്റിയതെന്ന് അനാഥത്തിന്റെ നിഴല്‍ ചെറുപ്പം തൊട്ടേ പിന്തുടര്‍ന്ന മുസ്തഫ ഇന്നും സ്മരിക്കുന്നു. സഹോദര്‍ ബഷീറും ഹായിലില്‍ തന്നെ സ്വന്തം ബിസ്‌നസുമായി പോകുന്നുണ്ട്. മോങ്ങം വട്ടോളിമുക്കിലെ കുടുക്കന്‍ മൊയ്ദീന്‍ ഹാജിയുടെ മകള്‍ സമീറയാണ് ഈ മസില്‍ പവറുകാരനെ മെരുക്കിയെടുക്കാന്‍ വിധിക്കപെട്ട സഹധര്‍മിണി. രണ്ട് മക്കളുണ്ട് അഞ്ച് വയസ്സുകാരന്‍ ഷാദിന്‍  മോനും ഒരു വയ്സ്സുകാരി ഷിസ മോളും.  

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment