സുഫൈദും-അര്‍ഷദും: വിഷന്‍ ഇന്ത്യാ ഫുട്ബോള്‍: കിരീടമണിഞ്ഞ ജില്ലാ ടിമില്‍ മോങ്ങത്തിന്റെ പ്രതീക്ഷകളും

              മോങ്ങം: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വിഷന്‍ ഇന്ത്യാ സംസ്ഥാന തല അണ്ടര്‍ 15 ടൂര്‍ണ്ണമെന്റില്‍ മലപ്പുറം കിരീടമണിഞ്ഞപ്പോള്‍ ജില്ലാ ടീമിന്റെ കരുത്തരായ പടയാളികളില്‍ രണ്ട് മോങ്ങത്തുകാരും. പൂക്കോടന്‍ സുഫൈദലിയും, സി.ടി.മുഹമ്മദ് അര്‍ഷദുമാണ് മോങ്ങത്തെ കാല്‍ പന്തുകളിക്ക് പുത്തന്‍ പ്രതീക്ഷയയുടെ കൈത്തിരിയുമായി വരുന്ന ആ പുതുകുരുന്നുകള്‍.  മോങ്ങം പാറക്കാട് മാടാലമ്മല്‍ പൂക്കോടന്‍ അബൂബക്കറിന്റെ മകനും  മലപ്പുറം എം എസ് പി സ്കൂളിലെ  വിദ്ധ്യാര്‍ത്ഥിയായ സുഫൈദലി ജില്ലാ ടീമിന്റെ ക്യാപ്റ്റനും കരുത്തനായ സ്റ്റോപ്പര്‍ ബാക്കുമാണ്. മോങ്ങം കുയിലം കുന്ന് ചാലിതൊടി അബ്ദുള്‍ കരീമിന്റെ മകനും മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെകണ്ടറി സ്കൂള്‍ വിദ്ധ്യാര്‍ത്ഥിയുമായ സി.ടി.മുഹമ്മദ് അര്‍ഷദ് പ്രതിരോധ നിരയിലെ ഉരുക്ക് മതിലാണ്.
        കാസര്‍കോഡ് ജില്ലയിലെ നിലേശ്വരത്ത് നടന്ന വാശിയേറിയ മത്സരത്തില്‍ കേരളത്തിലെ കരുത്തരായ 14 ജില്ലാ ടീമുകള്‍ മാറ്റുച്ചു. ഫൈനലില്‍ നിലവിലുള്ള ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ടൈബ്രേക്കറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് മലപ്പുറം കിരീടം പിടിച്ചെടുത്തത്. നിശ്ചിത സമയ കളിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനാലാണ് ടൈബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തിയത്. ടൈബ്രേക്കറില്‍ മലപ്പുറത്തിന് വേണ്ടി ജിതിന്‍, സുഫൈദലി, അല്‍ത്താഫ് റിഷി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ തിരുവന്തപുരത്തിന്റെ ഏക ആശ്വാസഗോള്‍ പ്രകാശിന്റെ വകയായിരുന്നു.

    മികച്ച ടീമായി തൃശ്ശൂരിനെയും, മികച്ച ഗോള്‍കീപ്പറായി മലപ്പുറത്തിന്റെ റമീസിനെയും ടോപ്പ് സ്‌കോററായി തിരുവനന്തപുരത്തിന്റെ അനീഷിനെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാര്‍ക്കുള്ള ചീഫ്മിനിസ്റ്റേഴ്‌സ് ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment